ചരിത്രമേറെ പറയാനുള്ള കണ്ണൂരിന് ഒരു ചരിത്രാനുഭവം കൂടി നല്‍കി ഭാരതീയവിചാരകേന്ദ്രം 35-ാം സംസ്ഥാന സമ്മേളനം ജനുവരി 12-ന് കൊടിയിറങ്ങി. ജനുവരി 10-ന് പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതിയോഗത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സമ്മേളനം ജനുവരി 11-ന് ഭാരത പാര്‍ലമെന്ററികാര്യ- വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും വന്‍തോതില്‍ പ്രാതിനിധ്യം ഉണ്ടായതും ചര്‍ച്ചകള്‍ സജീവമായതും സമ്മേളനത്തിന്റെ ആവേശം ആദ്യാവസാനം നിലനിര്‍ത്തി. വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വര്‍ജി, ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, കൂമുള്ളി ശിവരാമന്‍, യു.പി.സന്തോഷ്, ഡോ. ബി.എസ്. ഹരിശങ്കര്‍, ഡോ.ജി.ഗോപകുമാര്‍, കെ.സി.സുധീര്‍ബാബു, ഡോ. എം.മോഹന്‍ദാസ്, ഡോ.രാകേഷ് സിന്‍ഹ, ഡോ.ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

ഭാരതത്തിനകത്ത് പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും, നടന്നുവരുന്ന കലാപത്തെ ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി നിശിതമായി വിമര്‍ശിച്ചു. അസത്യ പ്രചരണത്തിലൂടെ കേരളം നയിക്കപ്പെടുന്നത് തെറ്റായ ദിശയിലേക്കാണെന്നും അത് കേരളത്തിന്റെ നാശത്തിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ പോലും സന്നദ്ധമല്ലാത്ത ഫാസിസ്റ്റ് ചിന്തയിലേയ്ക്ക് കേരളത്തിന്റെ പൊതുബോധത്തെ പരാവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അംബേദ്കറും ഗാന്ധിജിയും നെഹ്‌റുവും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ് അയല്‍ രാജ്യങ്ങളില്‍ മതപീഡനത്തിന് വിധേയമായി പ്രാണ രക്ഷാര്‍ത്ഥം ഓടി വന്നവര്‍ക്ക് പൗരത്വം നല്‍കല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരു പോലെ പിന്‍തുണച്ചിരുന്നതുമാണ്. കേന്ദ്രഗവണ്‍മെന്റ് അതനുസരിച്ച് നിയമ നിര്‍മ്മാണം നടത്തിയപ്പോള്‍ തെരുവില്‍ കലാപം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പൗരത്വ നിയമകാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റ് ശക്തമായ നിലപാടുമായി മുന്നോട്ട് പോവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയിളക്കിയതിലുള്ള അമര്‍ഷമാണ് ഇടത് പാര്‍ട്ടി പ്രകടിപ്പിക്കുന്നതെന്നും അവരുടെ ശബ്ദങ്ങള്‍ നേര്‍ത്തു നേര്‍ത്തുവരികയാണെന്നും ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ രാകേഷ് സിന്‍ഹ അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലകളിലെ ഇടത് അപ്രമാദിത്വം ആദ്യമായാണ് സ്വാതന്ത്ര ഭാരതത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. രാഷ്ട്ര വിരുദ്ധതയും അസഹിഷ്ണതയുമാണ് ഇടത് മുഖമുദ്ര.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക കാപട്യവും ഇരട്ടത്താപ്പും തുറന്ന് കാട്ടുന്നതിന് പൗരത്വ വിഷയം കാരണമായതായി ഡോ.സിന്‍ഹ പറഞ്ഞു. ഭാരതത്തിന്റെ മഹിത പാരമ്പര്യത്തെ ലോകത്തിന് മുമ്പില്‍ സമര്‍ത്ഥമായി അവതരിപ്പിച്ച് അംഗീകരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. എന്നാല്‍ അദ്ദേഹത്തിന് ശേഷം ആ വിശേഷം അര്‍ഹിക്കുന്ന വ്യക്തി ഗാന്ധിജിയാണെന്ന തന്റെ നിരീക്ഷണം മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. മുസ്ലീം സമുദായത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാന്‍ ഗാന്ധിജി നടത്തിയ ശ്രമമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ സമീപനം ആത്മാര്‍ത്ഥവും പ്രതീക്ഷാനിര്‍ഭരവുമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം പിരിച്ച് വിട്ട ഗാന്ധിജി പക്ഷെ മലബാര്‍ കലാപത്തിന് ശേഷവും ഖിലാഫത്ത് പ്രസ്ഥാനം പിരിച്ചുവിടാന്‍ തയ്യാറായില്ല. ഭാരതത്തിന്റെ ആത്മാവിഷ്‌കാരത്തിന് ഗാന്ധി മാര്‍ഗ്ഗത്തെ അവലംബിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സവര്‍ക്കര്‍ക്കെതിരെ ഇടതുപക്ഷവും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും പടച്ചുവിടുന്ന കള്ളത്തരങ്ങളെ സമ്മേളനത്തില്‍ സംസാരിച്ച ഡോ. ബി.എസ്. ഹരിശങ്കര്‍ തുറന്ന് കാട്ടുകയും വിമര്‍ശിക്കുകയും ഖണ്ഡിക്കുകയും ചെയ്തു. സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അടുത്തകാലം വരെ സവര്‍ക്കറിന്റെ ആരാധകരായിരുന്നെന്നും അദ്ദേഹം കളിയാക്കി.
ആദ്ധ്യാത്മികതയുടെ കയ്യൊപ്പ് ചേരാത്ത വികസനം മനുഷ്യന് ദുരിതമായിരിക്കും സൃഷ്ടിക്കുകയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ സമര്‍ത്ഥിച്ചു. ജനാധിപത്യത്തിലും വ്യവസായവത്ക്കരണത്തിലുമെല്ലാം ആദ്ധ്യാത്മികമാകുന്ന മൂല്യങ്ങളെ സന്നിവേശിപ്പിക്കണം. പ്രകൃതി കേന്ദ്രീകൃതമായ വികസനം അതുവഴിയേ സാദ്ധ്യമാകൂ. ബൗദ്ധിക രംഗത്ത് നടക്കുന്ന ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണം. അവര്‍ തീര്‍ക്കുന്ന ചതിക്കുഴികളില്‍ വീഴാതിരിയ്ക്കാനുള്ള കരുതല്‍ വേണം. അക്കൂട്ടര്‍ ശക്തരായതുകൊണ്ട് അസത്യത്തെയും അധര്‍മ്മത്തെയുമാണ് അവര്‍ ആശ്രയിക്കുന്നത്. ബൗദ്ധിക മേഖലയിലെ പ്രവര്‍ത്തനം വ്യാപകമാക്കി ഇത്തരം ശ്രമങ്ങളെ തുറന്ന് കാട്ടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ജെ.നന്ദകുമാര്‍ സംസാരിക്കുന്നു.
സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജീവിതവും ദര്‍ശനവും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ലോക തൊഴിലാളി സമൂഹത്തെ നയിക്കാനാവശ്യമായ മാര്‍ഗ്ഗ ദര്‍ശനം നല്‍കുവാന്‍ ഠേംഗ്ഡിജിയ്ക്ക് കഴിഞ്ഞിരുന്നു. ദേശീയതയിലധിഷ്ഠിതമായ തൊഴിലാളി പ്രവര്‍ത്തനത്തിന്റെ ഭാരതീയ മാതൃക സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയുമുള്ള ഠേംഗ്ഡിജി മുന്നോട്ടുവെച്ച ഭാരതീയ വികസന മാതൃക കമ്മ്യൂണിസവും മുതലാളിത്വവും പരാജയപ്പെട്ട വര്‍ത്തമാനകാലത്ത് പ്രസക്തമാണ്. ലോകം ഭാരതീയ ബദലിന് വേണ്ടി കാതോര്‍ക്കുകയാണെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.

ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ സംസാരിക്കുന്നു.
ഭാരതത്തിന്റെ പാരമ്പര്യം ശരണാര്‍ത്ഥികളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചതാണെന്നും ആ സമീപനം ഭാരതത്തിന്റെ ജീവിത ദര്‍ശനമാണെന്നും ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ആ ദൃഷ്ടിയിലാണ് വിലയിരുത്തേണ്ടത്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ അസത്യത്തിന്മേല്‍ കെട്ടിപ്പൊക്കുന്നവയാണ്. അവ കെട്ടടങ്ങും. വര്‍ത്തമാന ഭാരതം സര്‍ഗ്ഗാത്മകവും സക്രിയവുമാണ്. തെറ്റുകള്‍ തിരുത്തുന്നതില്‍ നാം വരുത്തിയ കാലതാമസം ഇനിയും അനുവര്‍ത്തിച്ചുകൂടാ. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് അഡ്വ. എന്‍.അരവിന്ദന്‍ അവതരിപ്പിച്ച പ്രമേയം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. ഭാരതത്തിന്റെ വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണാതെ, എല്ലാ വ്യത്യാസങ്ങളും പൗരന്‍ എന്ന ഏകകത്തില്‍ സമന്വയിക്കണം. പ്രാണരക്ഷാര്‍ത്ഥം ഓടി വന്ന അഭയാര്‍ത്ഥികളെ പൗരന്മാരായി അംഗീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പൂര്‍ണ്ണ മനസ്സാലെ പിന്‍തുണക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.