ആലുവ: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നതെന്ന് അഖില്‍ ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ദേശീയ ജനറല്‍ സെക്രട്ടറിയും, സ്വദേശി സാമ്പത്തിക വിദഗ്ധനുമായ അരുണ്‍ ദേശ്പാണ്ഡെ പറഞ്ഞു. 2019 ഡിസംബര്‍ 29 ന് ആലുവ കേശവസ്മൃതിയില്‍ ഗ്രാഹക് പഞ്ചായത്ത് മധ്യമേഖലാ പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാഹക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഗ്രാമ-ഗ്രാമാന്തരങ്ങളിലേയ്ക്ക് വ്യാപിപ്പിച്ച് സമൂഹത്തിന്റെ അടിത്തട്ട് മുതല്‍ വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെ ഉപഭോക്തൃ ചൂഷണത്തെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരം ഗ്രാഹക് പഞ്ചായത്ത് ആലുവ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണസമ്മേളനം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ടവരും, ഉപഭോക്തൃ അവകാശ പ്രവര്‍ത്തകരും അടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്ത് അരുണ്‍ ദേശ്പാണ്ഡെ ഗ്രാഹക് പഞ്ചായത്തിന്റെ ദേശീയതലത്തില്‍ നടത്തിവരുന്ന നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന സംയോജക് സി.ജി.കമലാകാന്തന്‍ സംസ്ഥാന സഹസംയോജക് വി.ഹരികൃഷ്ണന്‍, ഗ്രാഹക് പഞ്ചായത്ത് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.എന്‍. സുന്ദര്‍ജി എന്നിവര്‍ സംസാരിച്ചു. ഗ്രാഹക് പഞ്ചായത്ത് അഭ്യാസ് മണ്ഡല്‍ പ്രമുഖ് അഡ്വ.രതീഷ് ഗോപാലന്‍ യോഗത്തില്‍ നന്ദി പറഞ്ഞു.