ബി.ജെ.പിക്കാരെ ഭയന്ന് മുസ്ലിംലീഗിലേയും കോണ്‍ഗ്രസ്സിലേയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലേയും നേതാക്കള്‍ – പ്രത്യേകിച്ച് മുസ്ലീം നേതാക്കള്‍ – വീട്ടില്‍ കിടന്ന് ഉറങ്ങാറില്ല. എപ്പോഴാണ് ബി.ജെ.പിക്കാര്‍ വീട്ടിനു മുമ്പില്‍ വന്ന് വാതിലില്‍ മുട്ടുക എന്നറിയില്ല. വാതില്‍ തുറന്നാല്‍ അവര്‍ ലഘുലേഖതരും. ഒപ്പം ഒരു ഫോട്ടോയും എടുക്കും. ഇതോടെ നേതാവിന്റെ ചീട്ടുകീറിയതുതന്നെ. പിന്നെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഷന്‍, സാമൂഹ്യ മാധ്യമങ്ങളില്‍ തെറിവിളി, പീഡനത്തിന്റെ പൂരം തന്നെ. ഇവരിപ്പോള്‍ വീടിനു പുറത്തു ബോര്‍ഡു വെച്ചിരിക്കുകയാണത്രെ; ”ബി.ജെ.പിക്കാര്‍ക്ക് പ്രവേശനമില്ല” എന്ന്. ബി.ജെ.പി.ക്കാരന്റെ കയ്യില്‍ നിന്നു പൗരത്വനിയമഭേദഗതി സംബന്ധിച്ച ലഘുലേഖ വാങ്ങിയാല്‍ ഒലിച്ചുപോകുന്നത്ര ലോലമാണോ ഇവരുടെ പാര്‍ട്ടിക്കൂറും ആദര്‍ശബോധവും? ഉത്തരം പറയേണ്ടത് പാര്‍ട്ടികളുടെ നേതൃത്വമാണ്.
ബി.ജെ.പി.ക്കാരില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച സുന്നിനേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സംഘടന സസ്‌പെന്റ് ചെയ്തു; കൊടുവളളി എം.എല്‍.എ. അബ്ദുള്‍ റസാക്കിനെ തെറിക്കൊണ്ടഭിഷേകം ചെയ്തു. ഭയന്നു വിറച്ച എം.കെ.മുനീര്‍, ലഘുലേഖയുമായി തന്റെ വീട്ടിലേയ്ക്ക് വന്നു പോകരുതെന്ന് കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയാണ് ഫെയ്‌സ്ബുക്കിലൂടെ. ശിവസേനക്കാരുടെ പരിപാടിയില്‍ വിളക്കുകൊളുത്തി കൈപൊള്ളിയ മുനീര്‍ ഇപ്പോഴേ ചൂടുവെള്ളത്തില്‍ വീണപൂച്ചയാണ്. താന്‍ ജനപ്രതിനിധിയാണെന്നും കേവലം ലീഗുകാരനല്ല എന്നും മറന്നുപോയിരിക്കുന്നു. ഭയം മൂലം മസ്തിഷ്‌കം മരവിച്ച അദ്ദേഹ ത്തിന്റെ പാര്‍ട്ടിക്കാരേ വീട്ടില്‍ വരാവൂ എന്നാണെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ച് സി.എച്ച്. മന്ദിരത്തിലെ സെക്യൂരിറ്റിക്കാരന്റെ പണിയെടുക്കട്ടെ. അഭയാര്‍ത്ഥികളായി വരുന്നവര്‍ക്ക് അഭയം നല്‍കിയ രാജ്യം മതം നോക്കി പൗരത്വം നല്‍കാമോ എന്ന് വലിയവായില്‍ ചോദിക്കുന്നവര്‍ സ്വന്തം വീട്ടില്‍ വരുന്നവരോട് ‘കടക്ക് പുറത്ത്’ എന്നു പറയുന്ന കാപട്യം നിര്‍ത്തുകയാണ് ആദ്യം വേണ്ടത്.