ഇസ്ലാമിക മതമൗലികവാദവും ഇടതുവാദവും അക്കാദമിക മേഖലയില്‍ എങ്ങിനെ ഐക്യപ്പെടുമെന്ന് അന്വേഷിക്കുന്നവര്‍ക്ക് എളുപ്പം കണ്ടെത്താവുന്ന ഉദാഹരണമാണ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എന്ന ‘വിഖ്യാത ചരിത്രകാരന്‍’. കണ്ണൂര്‍ സര്‍വ്വകലാശാല ആതിഥ്യമരുളിയ എണ്‍പതാം ചരിത്രകോണ്‍ഗ്രസ്സിലെ ‘ചരിത്രകാരന്റെ അസഹിഷ്ണുത’ അത് വീണ്ടും വിളിച്ചു പറയുന്നതായിരുന്നു.
അറ്റമില്ലാതെ നീണ്ടുപോയിരുന്ന അയോദ്ധ്യകേസില്‍ സുന്നിവഖഫ്‌ബോര്‍ഡ് സാക്ഷികളായി കൊടുത്ത ചരിത്രകാരന്മാരില്‍ 70-ാം നമ്പര്‍ സാക്ഷിക്കാരനായും ബാബ്‌രി മസ്ജിദ് ആക്ഷന്‍ കമ്മറ്റിക്ക് ഉപദേശകനായും സിപിഎം നിയന്ത്രണത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ സമ്മേളനത്തിലെ പ്രസംഗകനായും പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ കാണാനാവും. താരിഖ് – ഇ – അക്ബാരി എന്ന ഗ്രന്ഥത്തിന്റെ മൊഴിമാറ്റം നിര്‍വ്വഹിച്ച ചരിത്രകാരന്റെ പ്രയത്‌നം അദ്ദേഹത്തിന്റെ നിര്യാണശേഷം മറ്റൊരു ഇടതു വിഖ്യാത ചരിത്രകാരന്‍ ‘അടിച്ചുമാറ്റി’ പ്രസിദ്ധീകരിച്ചപ്പോള്‍ ”ഇത് ചെയ്ത തസ്‌നിം അഹമ്മദ് വളരെ മികവുറ്റ രീതിയില്‍ ചെയ്തിരിക്കുന്നുവെന്നും വിശ്വാസയോഗ്യമായ കൃത്യതയും വിമര്‍ശനാത്മക വിലയിരുത്തലും ഡോ. തസ്‌നീം നടത്തിയിട്ടുണ്ടെന്നും” ആമുഖക്കുറിപ്പെഴുതി നല്‍കിയ പ്രഗത്ഭനായ ചരിത്രകാരനും ഇതേ ഇര്‍ഫാന്‍ ഹബീബ് തന്നെ. നിരവധി തവണ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായും അതിലേറെ തവണകള്‍ അതിന്റെ അംഗമായും, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്ത് പതിവ് തെറ്റിക്കാതെ ഇടവേളകള്‍ നിലനിര്‍ത്തി ചെയര്‍മാന്‍ സ്ഥാനം കൈക്കലാക്കുകയും ചെയ്ത് ചരിത്രത്തില്‍ തന്റെ ‘വിഖ്യാത’ സ്ഥാനം നിലനിര്‍ത്തുന്ന ഇടതുചരിത്രകാരന്‍! ഇടതുചരിത്രകാരന്മാര്‍ ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിനെ എങ്ങിനെ സ്വജനപക്ഷപാതത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും അക്കാദമിക തട്ടിപ്പുകളുടെയും കേന്ദ്രമാക്കിയെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത് പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ഷൂരിയാണ്. “Eminent Historiants, Their Technology, Their line, Their fraud” എന്ന ഗ്രന്ഥത്തില്‍ ആധികാരികമായ തെളിവുകളിലൂടെ ‘ചരിത്രസത്യങ്ങള്‍’ പുറത്തുവിട്ടപ്പോള്‍ തകര്‍ന്നുവീണത് മലയാളിയായ കെ.എന്‍.പണിക്കര്‍ മുതല്‍ ഇര്‍ഫാന്‍ ഹബീബ് വരെയുള്ള ഇടതു സഹയാത്രികരായ ചരിത്രകാരന്മാരുടെ പൊയ്മുഖങ്ങളായിരുന്നു.
തങ്ങളുടെ തട്ടിപ്പ് പുറത്തായപ്പോള്‍ പിടിച്ചു നില്‍ക്കാനായി അരുണ്‍ഷൂരിയെ ‘ആര്‍.എസ്.എസ്സുകാരനാക്കി’ ചിത്രീകരിച്ച് തങ്ങളുടെ കള്ളങ്ങള്‍ മറച്ചുവെക്കാനാണ് അവര്‍ ശ്രമിച്ചത്. കണ്ണൂരില്‍ നടന്ന ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഇടതു ചരിത്രകാരന്മാരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പണ്ഡിതോചിതവും മാന്യവുമായ രീതിയില്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ തുറന്നു കാട്ടിയപ്പോള്‍ ഇതേ ഇര്‍ഫാന്‍ ഹബീബും കൂട്ടരും ആരോപിക്കുന്നതും ‘ആര്‍.എസ്.എസ് ഗുഢാലോചന’ എന്ന പഴയ പല്ലവി തന്നെ. ശൃംഖലാബദ്ധവും വ്യാപകവുമായ മാധ്യമബന്ധങ്ങളിലൂടെ ആടിനെ പട്ടിയാക്കാന്‍ കഴിയുമെന്ന പൂര്‍വ്വകാല അനുഭവം ആവര്‍ത്തിക്കാന്‍ ശ്രമിച്ചത് ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ണൂരില്‍ പിന്നീട് കണ്ടത്. മാര്‍ക്‌സിസ്റ്റ്- മൗദൂദിസംഘം പൗരത്വഭേദഗതി നിയമത്തിനെതിരെ കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങള്‍ ഒരു ആരീഫ് മുഹമ്മദ് ഖാന്‍ തന്നെ തുറന്നു കാട്ടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാല്‍ ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് തിരിച്ചറിയാന്‍ ഇര്‍ഫാന്‍ ഹബീബിനും ഇടതു ചരിത്രകാരന്മാരുടെ സംഘത്തിനും കഴിഞ്ഞില്ല. ഗവര്‍ണര്‍ രാഷ്ട്രീയം പറയുന്നു; സര്‍ക്കാരിയ കമ്മീഷന്‍ അത് വിലക്കുന്നുണ്ട്, ഭരണഘടനാപദവിയിലുള്ള ഒരാള്‍ ഇങ്ങിനെ പറയാമോ തുടങ്ങി ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുത്തവര്‍ രാജ്ഭവന്റെ വിശദീകരണക്കുറിപ്പുകളിലും ഗവര്‍ണറുടെ നേരിട്ടുള്ള അഭിമുഖങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ആരീഫ് മുഹമ്മദ് ഖാന്‍ പുറത്തുവിട്ട ചിത്രങ്ങളിലും ഉണ്ടായിരുന്ന വസ്തുതകള്‍ക്ക് മുമ്പില്‍ നിരായുധരായി പിടഞ്ഞുവീണു. ഭരണഘടനാനുസൃതമായി പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ, നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം, അംഗീകരിച്ച ബില്‍ രാഷ്ട്രപതി ഒപ്പിട്ട് നിയമമായതിനുശേഷം അതിനെ ന്യായീകരിച്ചതിനെ ‘രാഷ്ട്രീയം പറയുന്നു’ എന്ന് നിലവിളിച്ച് തെറ്റിദ്ധാരണ പരത്താനാണ് ചാനല്‍ കിളികളും ഇടതുപ്രചാരണയന്ത്രവും ശ്രമിച്ചത്. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ പ്രസംഗത്തിനുശേഷമാണ് ഗവര്‍ണര്‍ പ്രസംഗിക്കുന്നത്. സ്വാഭാവികമായും മുന്‍പ്രസംഗങ്ങളില്‍ പ്രകടിപ്പിച്ച പരാമര്‍ശങ്ങളെക്കുറിച്ച് അടുത്ത പ്രാസംഗികന്‍ തന്റെ നിലപാട് വിശദീകരിക്കുന്നത് യോഗമര്യാദയുടെ ഭാഗമാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പൗരത്വ നിയമഭേദഗതിയെക്കുറിച്ചാവുമ്പോള്‍ തികച്ചും സ്വാഭാവികമാണത്. ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നത് അംഗീകരിക്കാനുള്ള സൗമനസ്യം എന്തുകൊണ്ട് ഇടതുരാഷ്ട്രീയക്കാരും ഇടതുചരിത്രകാരന്മാരും കാണിക്കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കടുത്ത അസഹിഷ്ണുതയും വിദ്വേഷപ്രകടനവുമാണ് പിന്നീട് വേദിയില്‍ നിറഞ്ഞത്. ജാമീയമില്ലിയ, ജെഎന്‍യു, അലിഗഡ് എന്നീ സര്‍വ്വകലാശാലകളില്‍ നിന്നെത്തിയ ഏതാനും ചില എസ്.എഫ്.ഐ, ജമാഅത്തെ ഇസ്ലാമി അനുഭാവ വിദ്യാര്‍ത്ഥികളുടെ രോഷപ്രകടനം മനസ്സിലാക്കാം. പക്ഷെ എന്തിനാണ് ഇര്‍ഫാന്‍ ഹബീബ് വേദിയിലേക്ക് പാഞ്ഞടുത്തത്? കണ്ണൂരിന്റെ മണ്ണില്‍ കമ്മ്യൂണിസ്റ്റുകള്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെ രാഷ്ട്രീയം ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ വേദിയിലും ആവേശിപ്പിച്ച് ഇര്‍ഫാന്‍ ഹബീബും കൂട്ടരും പാര്‍ട്ടിഗ്രാമങ്ങളിലെ വിധി നടപ്പാക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് – കമ്മ്യൂണലിസ്റ്റ് ആശയങ്ങളുടെ ബാന്ധവത്തില്‍ നിന്നാണ് അസഹിഷ്ണുതയ്ക്ക് ഇത്തരം വീറുംവാശിയും ഉണ്ടാവുന്നത്. ഇര്‍ഫാന്‍ ഹബീബ് എന്ന ചരിത്രകാരനും ഇതില്‍നിന്ന് മുക്തനാവാന്‍ കഴിയില്ല. ”അവര്‍ ബാബര്‍ – ഇ – മസ്ജിദ് ആക്ഷന്‍ കമ്മറ്റിയെ ബൗദ്ധികമായി നയിച്ചവരും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുന്നവരുമാണ്.” ….ഈ ചരിത്രകാരന്മാര്‍ ബാബര്‍ – ഇ – മസ്ജിദ് ആക്ഷന്‍ കമ്മറ്റിയുടെ ഉപദേശകര്‍ മാത്രമായിരുന്നില്ല. കൂടിയാലോചനകളില്‍ കമ്മറ്റിയുടെ വക്കാലത്തും അവര്‍ക്കായിരുന്നു.” തെളിവുകള്‍ നിരത്തി അരുണ്‍ഷൂരി തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത് ഇര്‍ഫാന്‍ ഹബീബടക്കമുള്ള ചരിത്രകാരന്മാരുടെ വര്‍ഗ്ഗീയ ചായ്‌വിനെയാണ്.
”ബാബറി ഗ്രൂപ്പിനനുകൂലമായി ഇര്‍ഫാന്‍ ഹബീബ് ഔദ്യോഗികമായി പുറത്തുവന്നപ്പോള്‍ കെട്ടിനിര്‍ത്താന്‍ കഴിയാത്ത ദുര്‍ബലപ്പെട്ട ചരടില്‍ തൂങ്ങിക്കിടക്കുന്ന അവസാനത്തെ മുഖംമൂടിയും അഴിഞ്ഞുവീണു”എന്ന് കെ.കെ. മുഹമ്മദ് തന്റെ പുസ്തകത്തില്‍ എഴുതുന്നു. ”അയോദ്ധ്യയുടെ വാസ്തവികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള തുടര്‍ച്ചയായ ലേഖനങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അനുരഞ്ജനത്തിനനുകൂലമായി ചിന്തിക്കാന്‍ തുടങ്ങിയ മുസ്ലീം ബുദ്ധിജീവികളെപ്പോലും തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഈ ഇടതുചരിത്രകാരന്മാരും അവരുടെ ലേഖനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളുമാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിക്ക് ധൈര്യവും സാധുതയും നല്‍കി. ഒരുവേള പള്ളിവിട്ടു കൊടുത്തു പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറെടുത്ത മുസ്ലിം പൊതുജനം തിരിഞ്ഞു ചിന്തിക്കാനും പള്ളി വിട്ടുകൊടുക്കരുത് എന്ന പുതിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും തുടങ്ങി. ഇതിനവര്‍ക്ക് മസ്തിഷ്‌കപ്രക്ഷാളനമേകിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഇടപെടല്‍ കൊണ്ടായിരുന്നു. ഈ രണ്ടു ശക്തികളുടെയും കൂട്ടായ ശ്രമം ഒരനുരഞ്ജനത്തിനുള്ള കവാടം എന്നെന്നേക്കുമായി അടച്ചു. അനുരഞ്ജനം നടന്നിരുന്നുവെങ്കില്‍ ഹിന്ദുമുസ്ലീം ബന്ധം ചരിത്രപരമായ ഒരു വലിയ വഴിത്തിരിവിലെത്തുകയും ഇന്ന് രാജ്യത്തെ വേട്ടയാടുന്ന പല പ്രശ്‌നങ്ങളും സ്വഭാവികമായി പരിഹരിക്കാനും കഴിയുമായിരുന്നു” – (ഞാനെന്ന ഭാരതീയന്‍, കെ.കെ.മുഹമ്മദ് – 115, 116, മാതൃഭൂമി പ്രസിദ്ധീകരണം).