കേരളത്തനിമയെ വീണ്ടെടുക്കാനായി കേരള മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 2025 ഒക്ടോബര്‍ 7 മുതല്‍ 21 വരെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ സന്ന്യാസിവര്യന്മാര്‍ നടത്തിയ ധര്‍മ്മ സന്ദേശ യാത്ര കേരളത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന ഹിന്ദു നേതൃസമ്മേളനത്തില്‍ ഹിന്ദു സമാജത്തിലെ മുഴുവന്‍ സാമുദായിക – ആധ്യാത്മിക നേതാക്കളും സജീവമായി പങ്കെടുത്തു എന്നുള്ളത് അഭിമാനകരമാണ്. വൈകുന്നേരങ്ങളില്‍ നടന്ന ധാര്‍മ്മിക സമ്മേളനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ആവേശത്തോടെ പങ്കുകൊണ്ടത്. ധാര്‍മ്മിക മൂല്യങ്ങളാല്‍ പ്രചോദിതരായി സ്വത്വത്തെ തിരിച്ചറിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റ ഹിന്ദു സമാജത്തിന്റെ ശക്തിചൈതന്യം വരും നാളുകളില്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നവിധത്തില്‍ ആയിരിക്കുമെന്ന് ഉറപ്പാണ്. ആധ്യാത്മികാചാര്യന്മാരുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ ഹൈന്ദവ കേരളം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും.
ഓഡിറ്റിംഗ് പരസ്യപ്പെടുത്തും വരെ ദേവസ്വം ക്ഷേത്രങ്ങളില്‍കാണിക്ക പോലും സമര്‍പ്പിക്കരുത് -സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ചരിത്രത്തില്‍ നിന്ന് പഠിക്കാത്ത ഒരു സമൂഹവും നിലനില്‍ക്കില്ല. ‘എല്ലാത്തിനും വഴിയുണ്ട്’ എന്ന സന്ദേശം സ്വീകരിക്കാന്‍ ഹിന്ദു സമൂഹം തയാറായാല്‍ സ്വര്‍ണം ചെമ്പാകില്ലെന്ന് മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. സന്യാസി സമൂഹം കാസര്‍കോട്ടു നിന്നാരംഭിച്ച ധര്‍മ്മ സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം ഗാന്ധിപ്പാര്‍ക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡില്‍ ഓഡിറ്റിംഗ് നടക്കുന്നില്ല. നടത്തി ആ റിപ്പോര്‍ട്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം. അതില്ലാത്തിടത്തോളം ഒരു പൈസ ക്ഷേത്രങ്ങളിലേക്ക് കൊടുക്കില്ല എന്ന് തീരുമാനിക്കണം. അഞ്ച് ദേവസ്വം ബോര്‍ഡിന്റെയും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വരും വരെ അങ്ങനെ ചെയ്യണം. ഇതിനൊപ്പം ഒരു സോഷ്യല്‍ ഓഡിറ്റിംഗും വേണം- സ്വാമി പറഞ്ഞു. അമ്പലപ്പുഴ ക്ഷേത്രം ഒരു കാലത്ത് ഉപാസ്യ ദേവതയ്ക്ക് ആധാരം കൊടുത്ത ക്ഷേത്രമാണ്. ടിപ്പുവിന്റെ ആക്രമണകാലത്ത്, കോഴിക്കോട്ടു മാത്രം നാലു ലക്ഷം പേരെ മതം മാറ്റിയ കാലത്ത്, ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചപ്പോള്‍ ഗുരുവായൂരപ്പ വിഗ്രഹത്തെ സംരക്ഷിച്ചത് അമ്പലപ്പുഴ ക്ഷേത്രത്തിലാണ്. അവിടത്തെ ക്ഷേത്രക്കുളത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി. എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അധികൃതരുടെ മറുപടി ധാര്‍ഷ്ട്യത്തിലുള്ളതായിരുന്നു. ധര്‍മ്മ സന്ദേശ യാത്ര ഔപചാരികമായിരുന്നു. വിവിധ ആശ്രമങ്ങളും സന്യാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പല കാരണങ്ങളാല്‍ ധര്‍മ്മം വിട്ടുപോയവരും നമ്മില്‍ നിന്ന് അകന്നുപോയവരുണ്ട്. സ്‌നേഹത്തിന്റെ സ്പര്‍ശത്തിലൂടെ അവരെ തിരിച്ചു കൊണ്ടു വരാം. തിരിച്ചറിവില്ലാത്തതിനാല്‍ സംഭവിച്ചതാണത്. സ്‌നേഹത്തിന്റെ മൂര്‍ത്തികളായി മാറാന്‍ നാം ഓരോരുത്തരും തയാറാകണം, എങ്കില്‍ എല്ലാത്തിനും വഴിയുണ്ട്, സ്വാമി പറഞ്ഞു.
സന്ന്യാസിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: മാതാ അമൃതാനന്ദമയി ദേവി
തിരുവനന്തപുരം: സന്ന്യാസിമാര്‍ ആശ്രമത്തില്‍ ഒതുങ്ങിക്കൂടി ശാസ്ത്ര പഠനവും മനനവും ജപവും ചെയ്യുക എന്നത് മാത്രമല്ല, കാലത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്നതാണ് ധര്‍മ്മമെന്ന് മാതാ അമൃതാനന്ദമയി ദേവി. ധര്‍മ്മ സന്ദേശ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്ന് കൊണ്ടേയിരിക്കും. അത് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും ഹൃദയത്തിലേറ്റാനും കൂടുതല്‍ ജനങ്ങള്‍ക്ക് കഴിയണമെങ്കില്‍ നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ധര്‍മ്മത്തെക്കുറിച്ച് നിരന്തരം ജനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. എങ്കിലേ തെറ്റായ പാഠങ്ങള്‍ മായ്ക്കാനും ശരിയായ പാഠങ്ങള്‍ ഉറപ്പിക്കാനും സാധിക്കൂ. അതുകൊണ്ട് ഈ യജ്ഞം തുടരുക തന്നെ വേണമെന്ന് അമൃതാനന്ദമയി ദേവി പറഞ്ഞു. ധര്‍മ്മ സന്ദേശ യാത്രയുടെ മുഖ്യരക്ഷാധികാരിയായ മാതാ അമൃതാനന്ദമയി ദേവി വിദേശ പര്യടനത്തിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അമ്മയുടെ സന്ദേശം അമൃതാനന്ദമയി മഠത്തിലെ മുതിര്‍ന്ന സ്വാമി വേദാമൃതാനന്ദ പുരിയാണ് ചടങ്ങില്‍ വായിച്ചത്. സന്ന്യാസി ശ്രേഷ്ഠന്‍മാര്‍ നയിച്ച ധര്‍മ്മ സന്ദേശയാത്ര കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പുതിയ ഉണര്‍വ്വും ഉര്‍ജ്ജവും പകര്‍ന്നു നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇതോടെ നമ്മുടെ കര്‍ത്തവ്യം അവസാനിച്ചെന്ന് ധരിക്കരുത്. ഒരു വിത്തുപാകല്‍ മാത്രമേ നടന്നിട്ടുള്ളൂ. വെള്ളവം വളവും നല്‍കി പരിപാലിക്കുക എന്ന ധര്‍മ്മം ശേഷിക്കുന്നു. ഇനി കൂടുതല്‍ ശ്രദ്ധയും ജാഗ്രതയുമാണ് നമുക്ക് വേണ്ടത്. നമ്മള്‍ ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും നമ്മള്‍ ചെയ്യുന്ന കര്‍മ്മം പൂര്‍ണ്ണഹൃദയത്തോടെ സമര്‍പ്പണ ബോധത്തോടെ നിസ്വാര്‍ത്ഥതയോടെ ചെയ്യണം. ചെയ്യുന്നത് തനിക്കും ലോകത്തിനും ഉപകാര പ്രദമാകണം. മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമായിരിക്കണം. പ്രകൃതിയുടെ താളമനുസരിച്ച് ജീവിതം രൂപപ്പെടുത്തണം എന്നതാണ് സത്യം. ആദ്യമായി ഇത് ലോകത്തെ പഠിപ്പിച്ചത് സനാതനമായ ഹിന്ദു ധര്‍മ്മമാണ്. സമത്വവും സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും സകലജീവജാലങ്ങള്‍ക്കും ഉണ്ടാകണമെന്ന വീക്ഷണം ഭാരതീയ ഋഷിയാണ് ആദ്യമായി ലോകത്തിന് പകര്‍ന്നു നല്‍കിയത്. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് ആരാണെങ്കിലും അവര്‍ ജനങ്ങളോടും സമൂഹത്തോടും പ്രകൃതിയോടും ചെയ്യേണ്ട കാര്യങ്ങള്‍ ഒരു തപസ്സായി നിസ്വാര്‍ത്ഥമായി സ്‌നേഹപൂര്‍വ്വം അനുഷ്ഠിക്കണം. സ്വാര്‍ത്ഥതാ മനോഭാവം ഉണ്ടാകാന്‍ പാടില്ല. സന്ന്യാസിമാര്‍ ധര്‍മ്മത്തിന്റെ കാവലാളുകളാണ്. ആ മഹത്തായ ഉത്തരവാദിത്തം ഉള്‍ക്കൊള്ളാനും ഏറ്റെടുക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നും മാതാ അമൃതാനന്ദ മയി ദേവി സന്ദേശത്തില്‍ പറഞ്ഞു.

ഗുരുദേവന്‍ ഉപദേശിച്ചത് ശുദ്ധ ഹിന്ദുമതം പ്രചരിപ്പിക്കാന്‍ -സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ശുദ്ധ ഹിന്ദുമതം പ്രചരിപ്പിക്കാനാണ് ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ചതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സന്ന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശയാത്രയുടെ ഗാന്ധിപാര്‍ക്ക് മൈതാനത്ത് നടന്ന സമാപന സംഗമത്തില്‍ അധ്യക്ഷഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ച ഒരു പ്രധാനപ്പെട്ട തത്വം ശുദ്ധ ഹിന്ദുമത തത്വങ്ങള്‍ പ്രചരിപ്പിക്കണമെന്നാണ്. അത് സനാതനധര്‍മ്മമാണ്. 1924 ല്‍ ആലുവയില്‍ സര്‍വമത സമ്മേളനം സംഘടിപ്പിച്ച് ഗുരുദേവന്‍ പറഞ്ഞത് മതപരിവര്‍ത്തനം ആവശ്യമില്ലെന്നാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണ്. മതം ഏതുമാകട്ടെ മനുഷ്യന്‍ നന്നായാല്‍ മതി. അതുകൊണ്ട് ആരും ആരെയും മാറ്റാനും മറിക്കാനും നില്‍ക്കേണ്ടതില്ല. ഓരോരുത്തരും നില്‍ക്കുന്നിടത്തുതന്നെ നിന്നാല്‍ മതി. മതപരിവര്‍ത്തനമൊന്നും ആവശ്യമില്ലെന്നും ഗുരു പറഞ്ഞു. അത് ലക്ഷീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. 1927 ല്‍ ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയില്‍ എസ്എന്‍ഡിപി വാര്‍ഷികത്തില്‍ പങ്കെടുത്തുകൊണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു ഉപദേശിച്ചു. ഹിന്ദുമതം ഒരു സനാതനമായ മതമാകുന്നു. മതപരിവര്‍ത്തനം കൂടിയേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഈ സനാതന ധര്‍മ്മത്തിലേക്ക് മതം മാറിക്കൊള്ളുക എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. ഈ സന്ദേശം എം.കെ. സാനു ഉള്‍പ്പെടെ എഴുതിയ ഗുരുദേവ ജീവചരിത്രഗ്രന്ഥങ്ങളിലെല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഏറ്റവും പഴക്കംചെന്ന മഹിതമായ സംസ്‌കാരമാണ് സനാതന ധര്‍മ്മം. എന്നും പുതുമയാര്‍ന്ന ധര്‍മ്മവുമാണത്. എന്നാല്‍ പില്‍ക്കാലത്ത് ജാതിഭേദ വിപത്തുകളുണ്ടായി സനാതനധര്‍മ്മം മലിനപ്പെട്ടു. അതുകൊണ്ട് നമ്മുടെ സമാജത്തെ എന്താണ് ധര്‍മ്മം, എന്താണ് അധര്‍മ്മം, എങ്ങിനെ നാം ജീവിച്ച് മുന്നോട്ടുപോകണം, സംഘടിച്ചു ശക്തി നേടണം എന്നെല്ലാം ഗുരുദേവന്‍ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ച് നമുക്ക് ഒന്നായി മുന്നോട്ടുപോകാന്‍ സാധിക്കണം. അതിനു വിഘാതമായ ജാതിഭേദങ്ങള്‍ ഒഴിവാക്കണം. ക്ഷേത്രത്തോട് ചേര്‍ന്ന് പുരോഗതി ഉണ്ടാക്കുന്ന സംരംഭങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മ സന്ദേശ യാത്ര പ്രതിജ്ഞ
ഭാരതത്തിന്റെ ദാര്‍ശനിക പൈതൃകവും ധാര്‍മിക സാംസ്‌കാരിക മൂല്യങ്ങളും പരിപാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
കുടുംബഭദ്രത ഉറപ്പാക്കി ഇൗശ്വരാരാധനാനിഷ്ഠമായ ജീവിതം നയിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
വിവിധ ആരാധനാ സമ്പ്രദായങ്ങളെ മാനിച്ചും സ്വന്തം അനുഷ്ഠാന സമ്പ്രദായം പാലിച്ചും ധാര്‍മിക ജീവിതം നയിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ദേശത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും കലാ- സാഹിത്യ- കായിക – സംഗീത – നൃത്ത മേഖലകളിലെല്ലാമുള്ള ഉദാത്ത ആവിഷ്‌ക്കാരങ്ങള്‍ ഉറപ്പാക്കാനും ഉത്സാഹിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
അനാരോഗ്യകരമായ ലഹരി പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
മാനവികതയ്ക്ക് വിരുദ്ധമായ ഉച്ചനീചത്വ കല്പനകളെ പ്രതിരോധിക്കാനും സാമൂഹിക സമരസത ഉറപ്പാക്കാനും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
സനാതനധര്‍മം നേരിടുന്ന പ്രശ്‌നങ്ങളേയും പ്രതിസന്ധികളെയും അവസരത്തിനൊത്തുയര്‍ന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ആര്‍ഷ ജ്ഞാനാര്‍ജന പ്രചരണത്തിന് ആവും വിധം ഉദ്യമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
പ്രതിജ്ഞാ പാലനത്തിന് ജഗദീശ്വരന്റേയും ഗുരു പരമ്പരയുടേയും അനുഗ്രഹത്തിന് പ്രാര്‍ത്ഥിക്കുന്നു.
















