കോഴിക്കോട്: വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരും ലബ്ധപ്രതിഷ്ഠിതരുമായ നൂറു പ്രമുഖര്‍ കേസരി വരിക്കാരായി ചേര്‍ന്നുകൊണ്ട് കേസരി പ്രചാര പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കവികള്‍, കഥാകൃത്തുക്കള്‍, പ്രഭാഷകര്‍, ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍, അധ്യാപകര്‍, റിട്ട.പോലീസുദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തരായ നൂറ് പേര്‍ കേസരിയുടെ വരിക്കാരാകാന്‍ കേസരി ഭവനില്‍ എത്തിച്ചേരുകയും ഒരുമിച്ച് കേസരി ചേര്‍ത്ത് പ്രചാര പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുകയും ചെയ്തു. അക്ഷരങ്ങളെ സ്‌നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വലിയൊരു സമൂഹം ഇന്നും നമുക്ക് ചുറ്റുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കേസരി ഭവനില്‍ നടന്ന ഇരുന്നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത കേസരിക്കൂട്ടം പരിപാടി.
കേസരി സംവാദത്തെ സംസ്‌കാരമാക്കുന്നു-എ.പി. അഹമ്മദ്

കോഴിക്കോട്: സംവാദങ്ങള്‍ ഒരു സംസ്‌കാരമാക്കി വളര്‍ത്തുന്നതും കലഹം കാരുണ്യമായി വളരുന്നതും കേസരിയുടെ താളുകളില്‍ കാണാറുണ്ടെന്നും നാട് ഇപ്പോള്‍ ആവശ്യപ്പെടുന്ന സംവാദത്തിന്റെ സംസ്‌ക്കാരം കേസരി ഉറപ്പുനല്‍കുന്നുണ്ടെന്നും എ.പി അഹമ്മദ് പറഞ്ഞു. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വരിക്കാര്‍ ഒത്തു ചേര്‍ന്ന് വായനയെ ആഘോഷിക്കുന്നത് ലോകത്തിലെ തന്നെ വായന സംസ്‌കാരത്തിലെ വേറിട്ടൊരനുഭവമായിരിക്കും. സംസ്‌ക്കാരവും മതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാക്കുന്നിടത്താണ് ഭാരതീയതയുടെ മഹത്വം കിടക്കുന്നത്. കാരണം ദേശത്തിന്റേതാണ് സംസ്‌കാരം, മതങ്ങളുടേതല്ല. മതങ്ങളുടെ ധാര്‍മിക മൂല്യങ്ങള്‍ ദേശീയ സംസ്‌കാരത്തിന്റെ തുടര്‍ച്ച മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സംസ്‌കാരത്തിന് എക്കാലത്തും മഹത്വമുണ്ട്. അതുകൊണ്ടാണ് എല്ലാ യുദ്ധഭൂമിയിലും ചെന്ന് പോരടിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താന്‍ ദേശത്തിലെ നേതാക്കള്‍ക്ക് കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാടിന്റെ സംസ്‌കാരത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നവരാരായാലും ഏത് ദേശത്തു നിന്ന് ഏത് രീതിയില്‍ വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി കാലാവസ്ഥ ഭാരതത്തില്‍ രൂപപ്പെട്ടു വന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം.സി.ഷാജകുമാര്‍ അദ്ധ്യക്ഷനായി. നോവലിസ്റ്റ് പി.ആര്‍. നാഥന്‍, കവി പി.പി. ശ്രീധരനുണ്ണി, ഡോ. എം.കെ. വത്സന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു സ്വാഗതവും സബ് എഡിറ്റര്‍ ടി.സുധീഷ് നന്ദിയും പറഞ്ഞു. കുമാരി ഗൗരി പാര്‍വ്വതി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.
വായനക്കാരില്‍ ആര്‍ദ്രത ഉണ്ടാക്കാന്‍ കേസരിക്ക് സാധിക്കുന്നു-രാജീവ് ആലുങ്കല്‍

കോഴിക്കോട്: വായനക്കാരില്‍ ആര്‍ദ്രത ഉണ്ടാക്കാന്‍ കേസരിക്ക് സാധിക്കുന്നുണ്ടെന്ന് കവിയും സിനിമാഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. കേസരി പ്രചാരമാസത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസരി വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. വേറിട്ട കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് എല്ലാറ്റിനെയും ജാഗ്രതയോടെ വിലയിരുത്തുന്നതാണ് കേസരിയുടെ പ്രത്യേകത. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനും സത്യം ബോധ്യപ്പെടുത്താനും ഉണര്‍ന്നിരിക്കുന്ന അക്ഷരസാന്നിദ്ധ്യമാണ് കേസരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യത്തെ സങ്കീര്‍ണമാക്കുന്ന കപട ലോകത്തിനു മുന്നില്‍ നമ്മള്‍ വയ്ക്കുന്ന സത്യവാങ്മൂലത്തിന്റെ പേരാണ് കേസരിയെന്നും അത് നാം കൊണ്ടാടണമെന്നും കവി കൂട്ടിച്ചേര്‍ത്തു. ഇന്നിന്റെ പൂര്‍ണ്ണ സത്യം കണ്ടെത്താനുള്ള ശക്തിക്കായി പ്രയത്‌നിക്കണം; അതിനാണ് നാം വായിക്കേണ്ടതെന്നും നാടിന്റെ യഥാര്‍ത്ഥ ‘മാസ്റ്റേഴ്‌സ്’ ആയ സാധാരണക്കാരിലേക്ക് ആ സന്ദേശം എത്തിക്കാന്‍ കേസരിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രത്തിന്റെ അടിത്തറ സംസ്‌കാരം-കെ.പി. രാധാകൃഷ്ണന്‍

കോഴിക്കോട്: രാഷ്ട്രത്തിന്റെ അടിത്തറ സംസ്‌കാരമാണെന്നും സംസ്‌കാരത്തിന്റെ ലക്ഷണങ്ങളായ ജീവിത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേസരി വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണെന്നും ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം നൂറാം വാര്‍ഷത്തിലെത്തുന്ന വേളയില്‍ സംഘത്തിനും കേസരിക്കും കൃത്യമായ ലക്ഷ്യമുണ്ട്. എഴുപത്തി അഞ്ച് വര്‍ഷമായി കേരളത്തിന്റെ സാഹിത്യ-വായനാ രംഗങ്ങളില്‍ ഒഴുക്കിനെതിരെ ചലിക്കുന്ന ശക്തിയാണ് കേസരി. രാഷ്ട്രത്തിന്റെ അടിത്തറയായ സംസ്‌കാരിക മൂല്യങ്ങളെ കേരളത്തിലെ വായനാസമൂഹത്തിന് വെളിപ്പെടുത്തിക്കൊടുക്കാനുള്ള പരിശ്രമമാണ് കേസരി നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രത്തെ രാഷ്ട്രമാക്കുന്നത് ആശയമാണ്. പ്രകൃതിജന്യമായ ആ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു സംസ്‌കൃതി ഉണ്ട്. ഈ സംസ്‌കൃതിയുടെ ലക്ഷണങ്ങളായ ജീവിതമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നാം ജാഗരൂകരായിരിക്കണം. സാംസ്‌കാരിക ദേശീയതയെ ചര്‍ച്ചാ വിഷയമാക്കുന്നതില്‍ കേസരി മുഖ്യ പങ്കുവഹിക്കുന്നുണ്ട്. സത്യസന്ധവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നതാണ് കേസരിയുടെ ജനകീയതയ്ക്ക് പിന്നിലുള്ള രഹസ്യമെന്നും അദ്ദേഹം പറഞ്ഞു.
കേസരി മലയാളത്തിന്റെ അക്ഷര വെളിച്ചം-പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: കേസരി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ അര്‍ത്ഥതലങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും അത് ഭാരതീയ സംസ്‌കാരവുമായി എത്രത്തോളം ഒട്ടി നില്‍ക്കുന്നു എന്നുള്ളതാണ് പ്രധാനഘടകമെന്നും കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങിലെ ആശംസാഭാഷണത്തില്‍ കവി പി.പി.ശ്രീധനരുണ്ണി പറഞ്ഞു. നമ്മളിലെ ധാര്‍മിക ബോധത്തിന്റെ അപചയം എന്ന ചെകുത്താനെ ഉന്മൂലനം ചെയ്യാനുള്ള വലിയ ധര്‍മ്മം കേസരി ഏറ്റെടുത്തതായി കാണാമെന്നും അക്ഷരങ്ങളിലൂടെ വെളിച്ചത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണമാണ് കേസരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരി ദേശീയതയുടെ കെടാവിളക്ക്-പി.ആര്‍. നാഥന്‍

കോഴിക്കോട്: അവഗണനകളെ കാറ്റില്‍പ്പറത്തി ദേശീയതയും സാംസ്‌കാരിക പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്ന വാരികയാണ് കേസരിയെന്ന് കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലെ ആശംസാഭാഷണത്തില്‍ എഴുത്തുകാരന്‍ പി.ആര്‍. നാഥന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്‌കൃതിയെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കുന്നതിലൂടെ കേസരി വലിയൊരു ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്നും ദേശീയതയുടെ കെടാവിളക്കാണ് കേസരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരി ഭാരതീയ ചിന്തകള്‍ സാധാരണക്കാരില്‍ എത്തിക്കുന്നു-ഡോ. എം.കെ.വത്സന്‍

കോഴിക്കോട്: സനാതനധര്‍മ്മത്തിന്റെ ഏകാത്മ ബോധം കേസരി വായനക്കാരിലുണര്‍ത്തുന്നു എന്നും ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഭാരതീയ തത്ത്വചിന്തകള്‍ സാധാരണക്കാരിലെത്തിക്കുന്ന വലിയൊരു ദൗത്യമാണ് കേസരി നിര്‍വ്വഹിക്കുന്നതെന്നും ആശംസാഭാഷണത്തില്‍ പ്രമുഖ ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. എം.കെ.വത്സന്‍ പറഞ്ഞു. ഈ കലിയുഗത്തില്‍ ശ്രീകൃഷ്ണന്റെ ചടുലതയും കൂര്‍മ്മബുദ്ധിയുമാണ് നമുക്ക് ആവശ്യമെന്നും അതിനനുസരിച്ച് കേസരി മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




















