കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അകത്തളങ്ങളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന വിഷഭാണ്ഡക്കെട്ടുകളൊന്നൊന്നായി തുറന്ന് കാട്ടിത്തരുന്ന ചിന്തോദ്ദീപകമായ പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരമാണ് പത്രപ്രവര്‍ത്തകനായ ഇ.വി. ശ്രീധരന്‍ രചിച്ച ‘കേരള കമ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍’ എന്ന പുസ്തകം. മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ അവഗാഹപാണ്ഡിത്യം നേടിയ ഒരു എഴുത്തുകാരന്റെ, അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ നിശിതവും തീക്ഷ്ണവുമായ സാന്നിദ്ധ്യമാണ് ഈ ലേഖനസമാഹാരത്തെ അനന്യമായ വായനാനുഭവത്തിന് പാകപ്പെടുത്തുന്നത്.
അധികാരത്തിന്റെ ലഹരിയില്‍ കമ്യൂണിസത്തെ വക്രീകരിച്ച നേതാക്കന്മാരെ കുറ്റവിചാരണക്ക് വിധേയമാക്കുമ്പോള്‍ ഗ്രന്ഥകാരന്‍ പുലര്‍ ത്തിയ വസ്തുനിഷ്ഠമായ സമീപനമാണ് ഏറെ ശ്ലാഘനീയമായി അനുഭവവേദ്യമാവുന്നത്. വലതുപക്ഷത്തിന്റെ ചുറ്റികയേന്തി ഇടതുപക്ഷത്തിന്റെ ശിരസ്സില്‍ ആഞ്ഞുപ്രഹരിക്കുന്ന പഠനങ്ങളുടെ എതിര്‍ധ്രുവത്തിലാണ് ഈ ഗ്രന്ഥം നിലയുറപ്പിക്കുന്നത്. മനുഷ്യപക്ഷത്ത് ഉറച്ചു നിന്നുകൊണ്ട്, രാഷ്ട്രീയ മേഖലയിലും സംസ്‌കാരത്തിന്റെ മേഖലയിലും ഇടതുപക്ഷം ചെയ്ത കൊള്ളരുതായ്മകള്‍ എണ്ണിയെണ്ണിപ്പറയുന്ന രീതിയാണ് ഈ പുസ്തകത്തിന്റെ ഉള്‍ക്കനം നിര്‍ണയിക്കുന്നത്.
രാഷ്ട്രീയ ലേഖനങ്ങളുടെ മാതൃകയായിത്തീരാന്‍ സര്‍വഥാ അര്‍ഹമാണ് ഓരോ ലേഖനങ്ങളും. സുകുമാര്‍ അഴീക്കോടടക്കം പലരുടെയും ചിന്താദാസ്യം തുറന്ന് കാട്ടുന്നുണ്ട് ലേഖകന്‍. ജനാധിപത്യത്തെ മാനിക്കാത്ത കേരളകമ്യൂണിസത്തിന്റെ നേര്‍ചിത്രമായ ഈ ഗ്രന്ഥം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.