കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രാജ്യമൊട്ടാകെ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. ലക്ഷക്കണക്കിന് സ്വയംസേവകര്‍ പൂര്‍ണ്ണ ഗണവേഷധാരികളായി പഥസഞ്ചലനത്തില്‍ പങ്കെടുത്തു. അമ്മമാരും അനുഭാവികളും ബാല സ്വയംസേവകരുമായി ലക്ഷാവധി പേരാണ് ഭാരതമാസകലം സംഘത്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കുചേര്‍ന്നത്. സംഘടനാദൃഷ്ടിയിലുള്ള മണ്ഡല അടിസ്ഥാനത്തിലാണ് ഇക്കുറി വിജയദശമി ആഘോഷിച്ചത്.
കേരളത്തിലാകെ 1622 കേന്ദ്രങ്ങളിലാണ് വിജയദശമി പരിപാടികള്‍ നടന്നത്. 1423 കേന്ദ്രങ്ങളില്‍ പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകരുടെ പഥസഞ്ചലനം നടന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദക്ഷിണ കേരള പ്രാന്തത്തില്‍ 792 പൊതു പരിപാടികളും 613 പഥസഞ്ചലനങ്ങളും നടന്നു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തരകേരള പ്രാന്തത്തില്‍ 830 പൊതു പരിപാടികളും 810 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങളും നടന്നു. സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് പഥസഞ്ചലനവും പൊതുപരിപാടികളും നടന്നത്. ആര്‍എസ്എസ്സ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, അഖിലഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, വ്യവസ്ഥാ പ്രമുഖ് കെ. വേണു, സേവാ പ്രമുഖ് രവികുമാര്‍, പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, കാര്യകാരി അംഗം പി.ആര്‍. ശശിധരന്‍ തുടങ്ങിയ അഖില ഭാരതീയ – ക്ഷേത്രീയ കാര്യകര്‍ത്താക്കള്‍ വിവിധ പരിപാടികളില്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികളില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ സംഘപ്രവര്‍ത്തന ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ ആദ്യഭാഗം പരിപാടികളില്‍ പ്രകാശനം ചെയ്തു. കേസരി വാരികയുടെ പ്രചാര പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനവും നടന്നു.
2026 വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദക്ഷിണ കേരളത്തില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ 26 വരെയും ഉത്തരകേരളത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 30 വരെയും മഹാസമ്പര്‍ക്കയജ്ഞം നടക്കും.
















