നാഗ്പൂര്‍: ഡോ. ഹെഡ്‌ഗേവാറും ഡോ. അംബേദ്കറും വിഭാവനം ചെയ്തത് ഉച്ചനീച ഭേദഭാവനയില്ലാത്ത ഭാരതീയ സമൂഹമാണെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആര്‍എസ്എസ് നാഗ്പൂരില്‍ സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതാബ്ദിയിലെത്തിയ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കൃതിയുടെ സംവാഹകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടര്‍ജിയും അംബേദ്കറും എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ആദര്‍ശങ്ങളാണ്. ബാബാ സാഹബ് അംബേദ്കര്‍ നിര്‍മ്മിച്ച ഭാരത ഭരണഘടനയുടെ സാമൂഹ്യനീതിയുടെ പിന്‍ബലത്തിലാണ് എന്നെപ്പോലെയുള്ള സാധാരണ സാമ്പത്തിക, സാമൂഹിക ചുറ്റുപാടില്‍ നിന്നുള്ള ഒരു വ്യക്തിക്ക് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിച്ചേരാന്‍ കഴിഞ്ഞത്. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ മുന്നോട്ടുവച്ച ചിന്തകളുടെ ആഴങ്ങളില്‍ നിന്നും രാഷ്ട്രത്തെയും സമൂഹത്തെയും അടുത്തറിയുവാന്‍ എനിക്ക് സാധിച്ചു. ഡോക്ടര്‍ജിയും അംബേദ്കറും മുന്നോട്ടുവച്ച ദേശീയ ഐക്യത്തിന്റെയും സാമൂഹിക സമരസതയുടെയും ദര്‍ശനമാണ് എന്റെ ഉള്ളില്‍ സാമൂഹിക ബോധവും സേവന മനോഭാവവും വളര്‍ത്തിയത്, അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലഘട്ടങ്ങളില്‍ ഭാരതീയ സമൂഹത്തില്‍ വിവിധ ഭിന്നതകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ വിഭാഗീയതകളെ രാജ്യസ്‌നേഹം എന്ന ഒരേ ഒരാദര്‍ശം കൊണ്ട് മറികടക്കേണ്ടതുണ്ട്. സംഘം ജാതിവ്യവസ്ഥയിലും ഉച്ചനീചഭാവങ്ങളിലും അധിഷ്ഠിതമാണ് എന്ന ദുഷ്പ്രചാരണം നടക്കുന്നു. എന്നാല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചെങ്കോട്ടക്ക് സമീപം നടന്ന ദളിത് വിഭാഗങ്ങളുടെ റാലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചത് മനുസ്മൃതിയല്ല, ഭീമസ്മൃതി, അതായത് അംബേദ്കറുടെ ഭരണഘടനയെയാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത് എന്നാണ്. സ്വയംസേവകര്‍ ചൊല്ലുന്ന ഏകാത്മതാ സ്‌തോത്രത്തെ പിന്‍തുടര്‍ന്നാല്‍ ഭിന്നതയുടെ ദുഷ്പ്രചാരണം പൊള്ളയാണെന്ന് നമുക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിറന്ന ആധ്യാത്മിക വിഭൂതി ശ്രീനാരായണ ഗുരുദേവന്‍ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് പാടി. ഏകാത്മതാ സ്‌തോത്രത്തില്‍ സംഘം ഗുരുദേവനെ അനുസ്മരിക്കുന്നുവെന്നും രാം നാഥ് കോവിന്ദ് പറഞ്ഞു.
















