കോഴിക്കോട്: കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ ശ്രീരാമകൃഷ്ണ മിഷന്‍ സന്ന്യാസിമാരും ആശ്രമങ്ങളും കേരള നവോത്ഥാനത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പ്രബുദ്ധകേരളം മാസിക പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ. കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ ഒമ്പതാം ദിനം സര്‍ഗ്ഗസംവാദത്തില്‍ ‘ശ്രീരാമകൃഷ്ണ പ്രസ്ഥാനവും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമുദായിക വിവേചനം നിലനിന്നിരുന്ന കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചരുന്ന ശ്രീരാമകൃഷ്ണ മിഷനിലെ സന്ന്യാസിമാര്‍ ഹരിജനോദ്ധാരണം പ്രത്യേക ദൗത്യമായി സ്വീകരിച്ചു. ശ്രീരാമകൃഷ്ണാശ്രമങ്ങള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്ന്യാസിയായിരുന്ന ആഗമാനന്ദ സ്വാമികള്‍ അബ്രാഹ്മണരെ പൂജാരിയാക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. സ്വാമി നൃസിംഹാനന്ദ കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത് മദര്‍ തെരേസയുടെയും ബാബാം ആംതെയുടെയും കാലത്തിന് മുമ്പാണെന്ന് ഓര്‍ക്കണം. 1911 ലാണ് സ്വാമി നിര്‍മ്മലാനന്ദ കേരളത്തിലെത്തിയത്. അദ്ദേഹം 1914ല്‍ കേരളത്തില്‍ എല്ലാ സമുദായങ്ങളെയും ഒന്നിച്ചിരുത്തി പന്തി ഭോജനം നടത്തി. സഹോദരന്‍ അയ്യപ്പന്റെയൊക്കെ നേതൃത്വത്തില്‍ പന്തിഭോജനം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. ‘ഭക്തന്മാര്‍ക്ക് ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണന്റെ സന്ദേശം ഉയര്‍ത്തിയാണ് നിര്‍മ്മലാനന്ദ കേരളമാകെ സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ സര്‍ഗസംവാദം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപ്രവേശന വിളംബംരം നടന്നിട്ടും കേരളത്തില്‍ ക്ഷേത്രത്തില്‍ കയറാന്‍ ഷര്‍ട്ട് ഊരണമെന്ന അവസ്ഥ മാറിയിട്ടില്ലെന്നും ഇത്തരം പ്രവണതകള്‍ ആദ്ധ്യാത്മിക രംഗത്ത് യുവാക്കളെ അകറ്റാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജന്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ മെഡിക്കല്‍ കോളജ് എംഡി അനില്‍കുമാര്‍ വള്ളിയില്‍ ആശംസയര്‍പ്പിച്ചു. സുജാത രാജഗോപാല്‍ സ്വാഗതവും സുധ വിജയന്‍ നന്ദിയും പറഞ്ഞു. സര്‍ഗസംവാദത്തിന് മുമ്പ് ചിത്രകാരന്‍കൂടിയായ സ്വാമി നന്ദാത്മാജനന്ദ വേദിയില്‍ സരസ്വതീദേവിയുടെ ചിത്രം വരച്ചു.
















