കോഴിക്കോട്: വിഭവശോഷണം, പരിസ്ഥിതി ശോഷണം തുടങ്ങിയ അന്ധകാരങ്ങളില്ലാതാക്കാന്‍ ഇന്ന് എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇഎസ്ജി) പോലുള്ള നടപടികള്‍ കോര്‍പ്പറേറ്റുകളും മാറ്റും നടപ്പാക്കി വരുന്നത് വിശ്വപ്രകൃതിയായ ദേവിയുടെ വെളിച്ചത്തിന്റെ തിരിച്ചറിവ് മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി-സുസ്ഥിര വികസന വിദഗ്ധന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍. കേസരി സര്‍ഗോത്സവത്തിന്റെ ഏഴാം ദിവസം നടന്ന സര്‍ഗസംവാദത്തില്‍ ‘ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഭവശോഷണവും പരിസ്ഥിതി ശോഷണവും സംബന്ധിച്ച തിരിച്ചറിവുകള്‍ ഉണ്ടാകുന്നതിന് നവരാത്രി ആഘോഷങ്ങള്‍ പ്രയോജനപ്രദമാകണം. പരിസ്ഥിതി നന്നാകാന്‍ വ്യവസ്ഥിതിയും, വ്യവസ്ഥിതി നന്നാകാന്‍ മനഃസ്ഥിതിയും നന്നാകണം. സത്യത്തെ മനസ്സിലാക്കുന്നവരുടെ മനഃസ്ഥിതി നന്നാകും. അതിന് നവരാത്രി പോലുള്ള ആഘോഷങ്ങളെ ഉള്‍ക്കൊണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരി ഡോ. എം.പി. അനിത അധ്യക്ഷയായി. പി.ജി. പ്രിയ സ്വാഗതവും ഡോ. വന്ദന വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അനന്യ കൃഷ്ണകുമാറിന്റെ ഭരതനാട്യവും കെ.വി.എസ്. ബാബുവിന്റെ സംഗീതക്കച്ചേരിയും കലാമണ്ഡലം ഗീതാപ്രസാദും സംഘവുമവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങേറി.
















