കോഴിക്കോട്: കേരളത്തിലും സാര്‍വ്വത്രികവും സ്വാഭാവികമായും ആചരിച്ചുവന്ന നവരാത്രി ആഘോഷവും സരസ്വതീ പൂജയും വിദ്യാലയങ്ങളില്‍ നിന്നടക്കം മാറ്റിനിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് കേന്ദ്രബാലസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു. നവരാത്രി സര്‍ഗോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലടക്കം സരസ്വതീ പൂജയും വിദ്യാരംഭവും നടന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയായിരുന്നു ഹരിശ്രീകുറിക്കലും സരസ്വതീ പൂജയും. അതാരും കുറ്റകരമായി കണ്ടിരുന്നില്ല. ഇന്ന് ഇത്തരം ചടങ്ങുകളെ വര്‍ഗീയമായും ഫാസിസമായും ചിത്രീകരിക്കുന്നു. മതേതര പ്രാര്‍ത്ഥനയായിരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. സമൂഹത്തില്‍ നിന്ന് അകന്നു പോകുന്ന നന്മകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് കേസരിയുടെ നവരാത്രി സര്‍ഗോത്സവമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശ്രീജിത്ത് മൂത്തേടത്തിനെ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു ഉപഹാരം നല്‍കി ആദരിച്ചു. ഡോ.പി.കെ. രാധാമണി അധ്യക്ഷയായി. ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ.സി. വിനയരാജ് ‘അഖണ്ഡ രാഷ്ട്ര സങ്കല്പത്തില്‍ തീര്‍ത്ഥാടന സംസ്‌കാരത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നവരാത്രി സര്‍ഗ്ഗോത്സവ സമിതി ഉപാദ്ധ്യക്ഷ വനജ.എസ്.നായര്‍ സ്വാഗതവും മാതൃസമിതി അംഗം ടി.എസ്. സിമി നന്ദിയും പറഞ്ഞു.
















