പന്തളം: പുണ്യപൂങ്കാവനത്തിന്റെ സംരക്ഷണത്തിനായി അയ്യപ്പന്റെ മണ്ണില്‍ നിന്നുയര്‍ന്നത് ശബരിമല സംരക്ഷണത്തിന്റെ ശരണമന്ത്രധ്വനികള്‍. ആചാര സംരക്ഷണത്തിനായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് അരലക്ഷത്തോളം ഭക്തര്‍. ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം ഭക്തര്‍ നിറഞ്ഞു. കിലോമീറ്ററുകള്‍ക്കപ്പുറത്ത് വാഹനത്തില്‍ നിന്നിറങ്ങി ഭക്തസംഗമ നഗറിലേക്ക് ഭജനകള്‍ പാടിയും ശരണം വിളിച്ചും എത്തിയ ഭക്തര്‍ക്ക് ഒരേയൊരു ലക്ഷ്യം ‘ശബരിമല’യും ഒരേയൊരു മന്ത്രം ‘സ്വാമിയെ ശരണമയ്യപ്പ’ എന്നതുമായിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹകസമിതിയംഗം നാരായണ വര്‍മയുടെ അധ്യക്ഷതയില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ ഭക്തസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനായ നാടകക്കാരനെന്ന് അണ്ണാമലൈ പറഞ്ഞു. 2018ല്‍ അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കാരാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെ നാമജപ സമരത്തിലൂടെ പ്രതിരോധിച്ച അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെയണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സംഗമം സംഘടിപ്പിച്ചത്.
തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തി. നവരാത്രി ഉത്സവത്തിന്റെ തുടക്കത്തില്‍ ധര്‍മസംരക്ഷണത്തിനാണ് പന്തളത്ത് തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ചെകുത്താന്‍ വേദം ഓതുന്നപോലെയാണ് ഇവര്‍ ധര്‍മ്മത്തെ കുറിച്ചു പറയുന്നത്. ആഗോള അയ്യപ്പസംഗമം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ ഒരു നാടകമായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ഭക്തര്‍ തള്ളിക്കളഞ്ഞു. ഇപ്പോഴാണ് യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ സംഗമിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ചു. ശബരിമലയില്‍ വിശ്വാസത്തിലൂന്നിയുള്ള വികസനമാണ് വേണ്ടതെന്ന് ശബരിമല കര്‍മസമതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമല സംരക്ഷണ സംഗമ സെമിനാറിന്റെ ഉദ്ഘാടന സഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ടീച്ചര്‍. വര്‍ദ്ധിച്ചുവരുന്ന അയ്യപ്പ ഭക്തര്‍ക്ക് ആചാരലംഘനം ഉണ്ടാകാത്ത രീതിയില്‍ ദര്‍ശനം ഉറപ്പാക്കുന്ന വികസനം ഉണ്ടാകണം. വിശ്വാസത്തെ നശിപ്പിച്ചു കൊണ്ടുള്ള വികസനം ശബരിമലക്ക് ആവശ്യമില്ല. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയും പ്രധാനമാണ്. ടീച്ചര്‍ പറഞ്ഞു.
സനാതന ധര്‍മം നൂതനവും ശാശ്വതവുമാണ്. എതിര്‍ക്കുന്നവരെ പോലും സ്വീകരിപ്പിക്കുന്നതാണ് സനാതന ധര്‍മത്തിന്റെ ശക്തി. അതാണ് മുഖ്യമന്ത്രി പമ്പയില്‍ എത്തി നിലവിളക്ക് തെളിയിച്ച് ഗീതാ ശ്ലോകം ഉരുവിട്ടതില്‍ തെളിയുന്നതെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍. ശബരിമല സംരക്ഷണ സംഗമത്തിന്റെ പ്രാരംഭ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തീര്‍ത്ഥാടന കാലത്തും കോടിക്കണക്കിന് ഭക്തരെത്തുന്ന ശബരിമല പോലെ വേറെ ഒരു പുണ്യക്ഷേത്രമില്ലെന്നും അതിനാല്‍ അയ്യപ്പധര്‍മ്മ സംരക്ഷണം ഭക്തരുടെ കടമയാണെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പതിറ്റാണ്ടുകളായി നടക്കുന്നത്. ഭക്തിയും വിശ്വാസവും പരസ്പര പൂരകമാണ്. ശബരിമല അയ്യപ്പ വിശ്വാസം എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. വ്രതാനുഷ്ഠാനത്തോടെ ഓരോരുത്തരും അയ്യപ്പനായി മാറുകയാണ്. മറ്റു ക്ഷേത്രങ്ങളില്‍ എത്തുന്നവര്‍ ദേവനെയും ദേവിയെയും ദര്‍ശിക്കുമ്പോള്‍ ശബരിമലയില്‍ മാത്രമാണ് ഭക്തനും ഭഗവാനും ഒന്ന്(തത്ത്വമസി) എന്ന സന്ദേശം ഉള്ളത്. കേരളീയ ഹൈന്ദവ ജനതയുടെ ഏകതാ കേന്ദ്രമാണ് ശബരിമല. ശബരിമലയിലെ വിശ്വാസവും ആചാരവും ഉപനിഷത്തുകളില്‍ അധിഷ്ഠിതമാണെന്ന് പൂജപ്പുര കൃഷ്ണന്‍നായര്‍ പറഞ്ഞു. സന്നിധാനത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ഇത് വ്യക്തമാണ്. അയ്യപ്പ തത്ത്വത്തെ സാക്ഷാത്കരിക്കുമ്പോഴുണ്ടാകുന്നത് പ്രത്യേക ആനന്ദമാണ്. ശബരിമലയ്ക്ക് കോട്ടം വരുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല. ഇതിനായി ഇറങ്ങിത്തിരിക്കുന്നവര്‍ക്കാണ് കോട്ടം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറിന് എത്തിയത് ശ്രേഷ്ഠസദസ്സ്
പന്തളം: ശബരിമല സംരക്ഷണ സംഗമങ്ങളുടെ ഭാഗമായി നടന്ന സെമിനാറില്‍ കണ്ടത് പ്രൗഢവും ശ്രേഷ്ഠവുമായ ഭക്തസദസ്സ്. സന്ന്യാസി ശ്രേഷ്ഠര്‍, സാമുദായിക സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ തുടങ്ങി സാധാരണ ഭക്തരുടെ വരെ വലിയ പങ്കാളിത്തമാണ് പന്തളത്ത് വിശ്വാസ സംരക്ഷണത്തിലുണ്ടായത്. സംഗമത്തിന്റെ ദീപപ്രോജ്വലനം ശബരിമല തന്ത്രി കണ്ഠരര് മോഹനര്, മകന്‍ മഹേഷ് മോഹനര് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം ശബരിമല കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. വിശ്വനാഥന്‍ ആമുഖ പ്രഭാഷണം നടത്തി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്‌സ്വരൂപാനന്ദ സരസ്വതി, പന്തളം കൊട്ടാരം പ്രതിനിധി പി.എം. നാരായണവര്‍മ, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വത്സന്‍ തില്ലങ്കേരി, ജനറല്‍ കണ്‍വീനര്‍ അഡ്വ. അനില്‍ വിളയില്‍, ചെങ്കോട്ടുകോണം ആശ്രമമഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറുകളുടെ സമാപനസഭയില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മഠങ്ങളേയും ആശ്രമങ്ങളേയും പ്രതിനിധീകരിച്ച് നിരവധി സന്ന്യാസിവര്യന്മാര്‍ പങ്കെടുത്തു.
കേരളത്തിനുപുറത്തുനിന്ന് പിന്തുണയുമായി നൂറുകണക്കിന് അയ്യപ്പന്മാര്‍
പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന് പൂര്‍ണ പിന്തുണയുമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് രണ്ടായിരത്തിലേറെ അയ്യപ്പന്മാര്‍. തമിഴ്‌നാട്ടില്‍ നിന്നും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ 1300 പേരാണ് എത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും 15 പേരും മധ്യപ്രദേശില്‍ നിന്ന് അഞ്ചു പേരും, കര്‍ണാടകയില്‍ നിന്ന് 20 പേരും, ആന്ധ്രയില്‍ നിന്ന് 35 പേരും ഒറീസയില്‍ നിന്ന് 17 പേരും ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു പേര്‍ വീതവും എത്തി. ഇവയ്ക്ക് പുറമേ ശ്രീലങ്കന്‍ മുന്‍ മന്ത്രി ഡോ. ഋഷിയുടെ സാന്നിധ്യവും ചടങ്ങിന് കൂടുതല്‍ മികവ് നല്‍കുന്നതായി. ഗുരുസ്വാമിമാരുടെ ശരണഘോഷം, ഭക്തസഹസ്രങ്ങള്‍ ഏറ്റുവിളിച്ചതോടെ ഭക്തിസാന്ദ്രതയില്‍ ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം. വിശ്വാസം, വികസനം, സംരക്ഷണം എന്നീ വിഷയങ്ങളിലെ സെമിനാറുകളില്‍ നടന്നത് സമഗ്ര ചര്‍ച്ചകള്‍. ഉദ്ഘാടന സഭയ്ക്കു ശേഷമായിരുന്നു സെമിനാറുകള്‍. ശബരിമലയുടെ വിശ്വാസം എന്നതായിരുന്നു ആദ്യ സെമിനാര്‍. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി സ്വാമി അയ്യപ്പദാസ്, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി. ശബരിമല വികസനം എന്ന രണ്ടാം സെമിനാറില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ വിഷയാവതരണം നടത്തി. അഖില കേരളധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്രജ്ഞന്‍ ഗുരുവായൂരപ്പന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശബരിമല സംരക്ഷണം എന്ന മൂന്നാം സെമിനാറില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ വിഷയാവതരണം നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം ജോ.ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി ആമുഖ പ്രഭാഷണം നടത്തി.
















