കോഴിക്കോട്: ഉണ്ണിക്കണ്ണന്മാരുടെ ലീലാവിളയാട്ടം കേരളക്കരയെ അമ്പാടിയാക്കിമാറ്റി. ചിണുങ്ങിയും കൊഞ്ചിയും ചിരിച്ചും കളിച്ചും തിമര്‍ത്തും കുഞ്ഞു കൃഷ്ണന്മാരും രാധമാരും മറ്റ് വേഷങ്ങളും മലയാള ഭൂമിയുടെ മനം കവര്‍ന്നു. ജന്മാഷ്ടമി ദിനമായ സപ്തംബര്‍ 14 ന് ബാലഗോകുലം കേരളത്തില്‍ 11,500 ശോഭായാത്രകള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മഹാ ശോഭായാത്ര സംഗമങ്ങള്‍ നടന്നു. കേരളത്തില്‍ ഒട്ടാകെ 2.5 ലക്ഷം ശ്രീകൃഷ്ണ വേഷങ്ങള്‍, 1.5 ലക്ഷം മറ്റ് വേഷങ്ങള്‍, 3000 ഗോപികാ നൃത്തം, പ്ലോട്ടുകള്‍ തുടങ്ങിയവ ശോഭായാത്രകള്‍ക്ക് മാറ്റുകൂട്ടി. 5 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ 50 ലക്ഷത്തില്‍ പരം ആളുകള്‍ ശോഭായാത്രയില്‍ പങ്കാളികളായി. ശോഭായാത്രയ്ക്ക് മുന്നോടിയായി സപ്തംബര്‍ 10 ന് 25000 കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരില്‍ മഹാഗോപൂജയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജ, വൃക്ഷപൂജ, നദീ വന്ദനം, ഉറിയടി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്ന സന്ദേശ വാക്യം ഉയര്‍ത്തിപ്പിടിച്ച് ചെറുതും വലുതുമായ സാംസ്‌കാരിക സമ്മേളനങ്ങള്‍ കേരളത്തിലാകമാനം സംഘടിപ്പിക്കപ്പെട്ടു.
അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, നടി മേനക, ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍, വിജയ് ചന്ദ്രന്‍ ഐ.എ.എസ് (റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി) അഡ്വ:ടി.കെ രാജ്‌മോഹന്‍ ഐപിഎസ് (റിട്ട.സൂപ്രണ്ട്എന്‍ഐഎ), സ്വാമി സത്യാനന്ദപുരി (ശാരദാ അദ്വൈതാശ്രമം), പി.വി ചന്ദ്രന്‍ (എം.ഡി, മാനേജിങ്ങ് എഡിറ്റര്‍, മാതൃഭൂമി), ജയഗോപാല്‍ ചന്ദ്രശേഖരന്‍ (മാനേജ്‌മെന്റ് ട്രെയിനര്‍), പി. അനില്‍കുമാര്‍ (സംസ്ഥാന ഖജാന്‍ജി ബാലഗോകുലം), ജയശ്രീ ഗോപികൃഷ്ണന്‍ (സംസ്ഥാന ഭഗിനി പ്രമുഖ, ബാലഗോകുലം ഉത്തരകേരളം), നടി അനു ശ്രീ, ബാലനടി ദേവനന്ദ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന് ശ്രീകുമാരന്‍ തമ്പി സമര്‍പ്പിച്ചു.



ഉദ്ഘാടനം ചെയ്യുന്നു

സി.രാധാകൃഷ്ണന് സമ്മാനിക്കുന്നു



















