കോഴിക്കോട്: ഭാരതത്തിന്റെ അന്തഃസത്ത ഉപാസനയാണെന്നും ഗുരുത്വത്തിലൂടെയാണ് ഉപാസന പ്രകടമാവുന്നതെന്നും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ രാജേഷ്. കേസരിയുടെ നവരാത്രി സര്‍ഗോത്സവത്തിന്റെ മൂന്നാം ദിവസം നടന്ന സര്‍ഗസംവാദത്തില്‍ ‘സര്‍ഗാത്മകതയും ഐശ്വര്യവും സമ്മേളിക്കുന്ന നവരാത്രി’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലൂടെയല്ല, മറിച്ച് ഉപാസനയിലൂടെയാണ് ഭാരതം നിലനില്‍ക്കുന്നത്. ഉപാസന വൈയക്തികവും സാമൂഹ്യവും രാഷ്ട്രീയവുമാണ്. രാഷ്ട്രം വേദത്തിലെ ഒരു ദേവതയാണ്. ജീവിതത്തിലെ നിഗൂഢതയെ കണ്ടെത്താനുള്ള അന്വേഷണമാണ് ഉപാസന. നവരാത്രി ആഘോഷം വൈയക്തികവും സാമൂഹ്യവുമായി നടക്കുന്നു. ഒരു വ്യക്തിയെ ക്രിയാത്മകമാക്കുന്ന ആന്തരികമായ പരിശ്രമമാണ് ഇത്തരം ആഘോഷങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള സര്‍ഗസംവാദം ഉദ്ഘാടനം ചെയ്തു. ഒരു രാജ്യത്തിന്റെ അജണ്ട നിശ്ചയിക്കുന്നത് ധാര്‍മ്മികതയാണെന്ന് അദ്ദേഹം പറഞ്ഞു. സരസ്വതീ ആരാധനയ്ക്കാണ് നവരാത്രിയില്‍ പ്രാധാന്യം. സരസ്വതി ഒഴുക്കാണ്. കെട്ടിക്കിടക്കുന്ന ജലം മലീമസമാകും. ഒഴുകുന്നത് പരിശുദ്ധമായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
പി.വി. ജയന്തി അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ ഗോപീകൃഷ്ണന്‍ സ്വാഗതവും ഗീത പ്രകാശ് നന്ദിയും പറഞ്ഞു. ടി.വി. ഗോപാലകൃഷ്ണന്‍ ആചാര്യശ്രീ രാജേഷിന് ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് ഡോ. വന്ദന വിനോദും സംഘവുമവതരിപ്പിച്ച നൃത്തം, കെ.സി. വിവേക് രാജയുടെ വയലിന്‍ കച്ചേരി, ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നൃത്താവതരണം എന്നിവയുമുണ്ടായി.
















