കോഴിക്കോട്: തലമുറകളിലേക്ക് പകരേണ്ട അമൃതബിന്ദുവായാണ് കലയെ ഭാരതീയ ആചാര്യന്മാര്‍ കണ്ടതെന്ന് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. കോഴിക്കോട് കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി സര്‍ഗസംവാദത്തില്‍ കല-കാലം-സംസ്‌കാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലാ സംബന്ധിയായ ഏറ്റവും പ്രാചീനമായ ഗ്രന്ഥമായ നാട്യശാസ്ത്രത്തില്‍ പറയുന്നത് വിക്ഷുബ്ധതയെ രംഗവേദികളില്‍ ഒഴിവാക്കണമെന്നാണ്. വിക്ഷുബ്ധത എന്നത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോമയാണ്. ഒരോ നവരാത്രികാലത്തും നമുക്ക് പ്രാര്‍ത്ഥനയാവേണ്ടത് ഏറ്റവും ഉത്തമമായത് നമ്മില്‍ നിന്ന് പുറപ്പെടട്ടെ എന്നാണ്. വിക്ഷുബ്ധതയ്ക്കുള്ള സര്‍ഗാത്മകമായ പരിഹാരം ഈ പ്രാര്‍ത്ഥനയാണെന്ന് സ്വാമി ആനന്ദവനം പറഞ്ഞു.
സര്‍ഗോത്സവം ചലച്ചിത്ര താരം നിത്യ ദാസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സലിങ് സൈക്കോളജിസ്റ്റ് എ.ആര്‍. സുപ്രിയ അദ്ധ്യക്ഷത വഹിച്ചു. സര്‍ഗോത്സവ സമിതി സാമ്പത്തിക ഉപസമിതി കണ്‍വീനര്‍ എന്‍.പി. സോമന്‍ സ്വാമി ആന്ദവനം ഭാരതിക്ക് ഉപഹാരം സമര്‍പ്പിച്ചു. സര്‍ഗോത്സവം മാതൃസമിതി അദ്ധ്യക്ഷ സുജാത ജയഭാനു സ്വാഗതവും കര്‍ണിക സുന്ദര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നാടക സംവിധായകന്‍ ശശിനാരായണന്‍ അവതരിപ്പിച്ച ഏകാഭിനയം, കവിത അവതരിപ്പിച്ച ഭരതനാട്യം, ലക്ഷ്മി സുനിലിന്റെ വയലിന്‍ സോളോ, മനുരാജിന്റെ രാഷ്ട്രഗീത ഗസല്‍ എന്നിവ അരങ്ങേറി.
















