കോഴിക്കോട്: കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഒന്നായ സത്യത്തെ കണ്ടെത്താനാണ് സനാതന ധര്‍മ്മത്തിലെ എല്ലാ ആരാധനയും അനുഷ്ഠാനവും എന്നും അതിന്റെ ഭാഗമാണ് നവരാത്രി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ദൈവവിശ്വാസികള്‍ പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം, അതും ദൈവാരാധനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല ഈശ്വരാരാധനയ്ക്കുള്ളതാണെന്നും കലകളുള്‍പ്പെടെ എല്ലാറ്റിനെയും ഈശ്വരീയതയുമായി ബന്ധിപ്പിക്കുന്നുവെന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ മാതാ അമൃതാനന്ദമയീ മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരി പറഞ്ഞു.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ വിശിഷ്ടാതിഥിയായി. കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തി. നവരാത്രി സര്‍ഗോത്സവ സമിതി അദ്ധ്യക്ഷ വിധുബാല അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. രാജീവ്കുമാര്‍ സ്വാഗതവും പി. നന്ദനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏലൂര്‍ ബിജു അവതരിപ്പിച്ച സോപാന സംഗീതാമൃതവും അരങ്ങേറി.
കോഴിക്കോട് ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് ദശദിന ചലച്ചിത്രോത്സവവും സംഘടിപ്പിച്ചു. പത്ത് ദിവസവും സാധനാ ശിബിരം, യോഗാ ശിബിരം എന്നിവയും ഉണ്ടായിരുന്നു.
















