ഭാസ്‌കര്‍റാവുജി നമ്മെവിട്ട് പിരിഞ്ഞിട്ട് പതിനാറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ജനുവരി 12 ന് അദ്ദേഹത്തിന്റെ പുണ്യതിഥിയായിരുന്നു. അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണകളിലൂടെ സംഘടനാ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം ലഭ്യമാകും.
ഭാസ്‌കര്‍റാവുജി വര്‍ഷങ്ങളോളം കേരളത്തിലെ പ്രാന്തപ്രചാരക് ആയിരുന്നു. 1983-ല്‍ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തി. സര്‍ജറിക്കുശേഷം വനവാസി കല്യാണാശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ദീര്‍ഘകാലം കല്യാണാശ്രമത്തിന്റെ അഖിലഭാരതീയ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചു.
ഒരിക്കല്‍ ഒരു ബൈഠക്കില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇപ്പോഴും ഞാന്‍ കല്യാണാശ്രമത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. ഇത് അദ്ദേഹത്തിന്റെ മനസ്സിന്റെ വിദ്യാര്‍ത്ഥി അവസ്ഥയെയാണ് കാണിക്കുന്നത്. വ്യക്തി എത്ര വലുതായാലും ഇത്തരമൊരു മനസ്സുണ്ടെങ്കില്‍, എത്ര പ്രവര്‍ത്തനനിരതനായാലും ആ വ്യക്തി തളരുന്നതിനുപകരം എല്ലായ്‌പ്പോഴും യുവാവിനെപ്പോലെ ഉത്സാഹിയായി കാണപ്പെടും. ഭാസ്‌കര്‍റാവുജിയെ കണ്ടിട്ടുള്ളവര്‍ക്ക് ഇത് അനുഭവപ്പെടും.
ഏറ്റവും മഹത്വം കാര്യകര്‍ത്താവിന്
ഒരിക്കല്‍ പ്രവാസം തുടങ്ങുന്നതിന് മുന്‍പ് ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു അങ്ങയുടെ പ്രവാസം എവിടേക്കാണ്. ‘നാഗാലാന്റിലേക്കാണ്’ അദ്ദേഹം പറഞ്ഞു. പ്രാന്തബൈഠക്കോ മറ്റെന്തെങ്കിലും കാര്യക്രമമോ ഉണ്ടാകുമെന്ന് പലരും ചിന്തിച്ചു. എന്നാല്‍ വര്‍ത്തമാനത്തില്‍നിന്നും കാര്യം മനസ്സിലായി. ഒരു കാര്യകര്‍ത്താവിനെ കാണാനാണ് മുംബൈയില്‍ നിന്നും ഇത്രയും ദൂരം താണ്ടി നാഗാലാന്റ് വരെ പോകുന്നത് എന്ന്. ഒരു അഖിലഭാരതീയ സംഘടനാ കാര്യദര്‍ശി ഒരു കാര്യകര്‍ത്താവിനെ കാണുന്നതിന് ഇത്രയും ദൂരം പോകുമോ എന്ന് പലരും ചിന്തിച്ചിരിക്കും. കാര്യകര്‍ത്താവ് ആണ് പ്രധാനം എന്നു മനസ്സിലായി.
ഭാസ്‌കര്‍റാവുജിയുമായി തുറന്നു സംസാരിക്കുന്നതിന് ഒരു സങ്കോചത്തിന്റെയും ആവശ്യമില്ല എന്നതിനാല്‍ ഒരിക്കല്‍ ഒരു പ്രവര്‍ത്തകന്‍ ചോദിച്ചു. ”കേവലം ഒരു കാര്യകര്‍ത്താവിനെ കാണാന്‍വേണ്ടി ഇത്രയും ദൂരം പോവുകയാണോ” എന്ന്. അദ്ദേഹം നല്‍കിയ മറുപടി എല്ലാ പ്രവര്‍ത്തകരുടെയും ഓര്‍മ്മയിലുണ്ടാവേണ്ടതാണ്, ”കേരളത്തില്‍നിന്നുള്ള കാര്യകര്‍ത്താവ് ഇത്രയും ദൂരെയുള്ള നാഗാലാന്റില്‍ വന്ന് പ്രവര്‍ത്തിക്കുന്നു. അയാളെ കാണുക എന്നത് ഒരു സംഘടനാ പ്രവര്‍ത്തനമാണ.് പ്രവര്‍ത്തനത്തില്‍ കാര്യകര്‍ത്താവിനാണ് സര്‍വ്വാധിക മഹത്വമുള്ളത.് എന്നാല്‍ മിക്കപ്പോഴും നമ്മള്‍ പ്രവര്‍ത്തനനിരതരായിരിക്കുന്നതിനാല്‍ ഇതിനെപ്പറ്റി ശ്രദ്ധിക്കുന്നില്ല.”
കര്‍മ്മതപസ്സ്
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കാര്യകര്‍ത്താക്കളുടെ മാനസിക ഊര്‍ജ്ജം കുറഞ്ഞുപോകാനിടയുണ്ട്. വ്യക്തികള്‍ തളര്‍ന്നു പോകുന്നു. വിഭിന്ന പ്രകാരത്തിലുള്ള അനാവശ്യ ചിന്തകള്‍ മനസ്സില്‍ ഉടലെടുക്കുന്നു. അതുപോലെ ചില ചിന്തകള്‍ ഒരു കാര്യകര്‍ത്താവിന്റെ മനസ്സിലും ഉണ്ടായി. എങ്ങനെയെന്ന് അറിയില്ല. നര്‍മ്മദാ പരിക്രമണം നടത്തിയതിനുശേഷം ആ കാര്യകര്‍ത്താവിന് അവിടെത്തന്നെ താമസിക്കണമെന്ന ചിന്ത ഉണ്ടായി. കല്യാണാശ്രമകാര്യത്തില്‍നിന്ന് ഒഴിയാനും അതോടൊപ്പം തന്നെ നര്‍മ്മദാ പരിക്രമണത്തിനുപോകുന്നതിനുമുള്ള അനുമതിക്കു വേണ്ടി അദ്ദേഹം ഭാസ്‌കര്‍റാവുജിയെ കാണാന്‍ മുംബൈ കാര്യാലയത്തില്‍ എത്തി. പകല്‍ സമയത്ത് ഭാസ്‌കര്‍റാവുജി തിരക്കിലായതു കാരണം രാത്രി ഭക്ഷണത്തിനുശേഷം അയാള്‍ തന്റെ മനസ്സിലെ കാര്യങ്ങള്‍ ഭാസ്‌കര്‍റാവുജിയോടു പറഞ്ഞു. ഭാസ്‌കര്‍ റാവുജി മുഴുവന്‍ കാര്യങ്ങളും കേട്ടു. ‘നാളെ രാവിലെ കാണാം’ എന്നു പറഞ്ഞ് അദ്ദേഹം ഉറങ്ങാനായി പോയി. ആ രാത്രിയില്‍ കാര്യകര്‍ത്താവിന്റെ മനസ്സ് അസ്വസ്ഥമായി. അതിരാവിലെ എണീറ്റ് ഭാസ്‌കര്‍റാവുജി രണ്ട് വാക്കുകളില്‍ പറഞ്ഞു. ”നിങ്ങള്‍ എങ്ങോട്ടും പോകേണ്ടതില്ല. കല്യാണാശ്രമത്തിന്റെ പ്രവൃത്തികള്‍ ചെയ്യൂ.”
ഭാസ്‌കര്‍റാവുജിയുടെ ശബ്ദത്തില്‍ സ്‌നേഹത്തോടൊപ്പം നിര്‍ദ്ദേശിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. കര്‍മ്മ തപസ്സിന്റെ പരിണാമമാണിത്.
അദ്ദേഹത്തിന്റെ ഈ മറുപടിക്ക് ശേഷം കാര്യകര്‍ത്താവ് തര്‍ക്കിക്കാന്‍ നിന്നില്ല. ആ കാര്യകര്‍ത്താവ് ഇന്നും കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ തുടരുന്നു.
കടപ്പാട്: വനബന്ധു മാസിക