ഒരുപാടായീ നേരം ആസ്പത്രിവരാന്തയില്‍
ഇരിയ്ക്കാന്‍ തുടങ്ങിയി,ട്ടക്ഷമയില്ലാ തെല്ലും.
രണ്ടാണ്ടു മുന്‍പേ കഷ്ടം ! എന്നെ ദുര്‍വ്വഹമാകും
ഇണ്ടലിലാഴ്ത്തി സാധ്വി,യെന്‍ സഖി മടങ്ങിപ്പോയ്
ആ മുഖമോര്‍ത്തു ഞാനു,മല്ലെങ്കിലിരുന്നേനേ ;
ആശങ്കയോടെ വേഗം വീട്ടിലേയ്‌ക്കെത്തിയേനെ !
ചെല്ലുവാന്‍ തിടുക്കവും ചെന്നെത്താനിടങ്ങളും
പണ്ടുമേറെയില്ലെന്നാലിന്നതൊട്ടുമേയില്ല.
അടുത്തൂണ്‍ പറ്റിപ്പോന്നു വര്‍ഷങ്ങള്‍ പലതായി
പടുവാര്‍ദ്ധക്യം വന്നൊ,രെന്നെയാര്‍ തിരക്കുന്നു ?
പുഞ്ചിരി പൊഴിച്ചു കൊണ്ടകത്തു നിന്നു നേഴ്‌സി-
ന്നെന്റെ പേര്‍ വിളിക്കുന്നൂ, ഞാനുടനെണീക്കുന്നു.
അപ്പൂപ്പന്‍ തനിച്ചാണോ ? കൂട്ടിനായൊരാളേയും
കൂട്ടാത്തതെന്തേയൊപ്പം ? വെയിലും കനത്തല്ലോ’
പെണ്‍മണിയേവം ചൊല്ലി,യെന്നെയാനയിക്കുന്നൂ
പിന്നാലെ മന്ദംമന്ദം ഞാനനുഗമിക്കുന്നു.
പ്രൗഢഗാംഭീര്യത്തോടെ, കറങ്ങും കസേരയില്‍
പ്രീതനായമര്‍ന്നീടും ഡോക്ടറെക്കണ്ടൂ ഞാനും.
കണ്ടതുമെഴുന്നേല്‍ക്കാന്‍, കൈകൂപ്പി പ്രണമിക്കാന്‍
എന്തു കാര്യമീ ഡോക്ടര്‍,ക്കെന്നു ഞാന്‍ ചിന്തിക്കവേ,
അത്ഭുതാഹ്ലാദങ്ങളാല്‍ മാറോടു ചേര്‍ത്തുചേര്‍ത്തി-
ട്ടത്യന്തം വിനയത്തില്‍ സൌമ്യമായോതീ ഡോക്ടര്‍,
മാറ്റമായ് ഗ്രാമത്തിലി,ന്നെത്തിയേയുള്ളു മാഷേ,
വന്നങ്ങു കാണേണമെ,ന്നല്ലയോ നിനച്ചതും.
അറിഞ്ഞീ,ലെന്നെക്കാത്തു മാഷിനെയല്പം നിര്‍ത്തി
പൊറുത്തീടണേയങ്ങെന്‍ സമസ്താപരാധവും.
വിളിച്ചൊന്നറിയിച്ചാല്‍ എത്തിടാമവിടുത്തെ
സവിധേ, ദയവോടെന്‍ ദക്ഷിണ കൈക്കൊള്ളണേ !
പുത്തനാമൊരു പേന,പണ്ടെനിക്കേകിയില്ലേ
പത്തില്‍ ഞാന്‍ ജയിച്ചപ്പോ,ളൊന്നാമനായ് തീര്‍ന്നപ്പോള്‍ ?’’
ഓര്‍മ്മയുണ്ടെനിക്കിന്നുമെന്റെയാ പ്രിയശിഷ്യന്‍
ഗോവിന്ദന്‍കുട്ടിയല്ലേ ? മിടുക്കനായീ നീയും.
സ്വന്തമായില്ലാ മക്കളെങ്കിലും ശിഷ്യന്മാര്‍ത-
ന്നുന്നതി കാണുമ്പോലെ, സന്തോഷമുണ്ടോ വേറെ !’’
പിരിഞ്ഞുപോരുംവരെ വിജ്ഞാനകുതൂഹലം
തെളിഞ്ഞ മുഖങ്ങളില്‍ ചേര്‍ത്തവരെങ്ങെങ്ങാവോ ?
ചിത്രമുദ്രിതം പോലെ കണ്‍മുന്നില്‍ തെളിയുന്ന-
തെത്രയോ ശിഷ്യ,രവര്‍ ചാരെയൊന്നണഞ്ഞെങ്കില്‍ !
പിറന്ന സ്വന്തം നാടിന്‍ കാവലാളായിക്കൊണ്ടു
പൊരുതിയിരിയ്ക്കയാ,മവരില്‍ ചില മക്കള്‍.
തന്നെപ്പോലദ്ധ്യാപനം തപസ്സായെടുത്തവര്‍
നന്നായി വിദ്യാദീപം പിന്നെയും തെളിയ്ക്കയാം.
ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാരും കളക്ടര്‍, മന്ത്രിമാരും
ഒത്തപോല്‍ ചരിക്കയാ,മദ്ധ്യാത്മതലത്തിലും
രാജ്യത്തെയന്നമൂട്ടാന്‍ കര്‍ഷകശ്രീമാന്മാരായ്
രാജിക്കുന്നുണ്ടാമേതോ കോണിലായെന്‍ കുഞ്ഞുങ്ങള്‍.
എങ്ങാണെന്നിരിക്കിലും സുഖമായ് വസിക്കട്ടേ
എന്നുടെ പ്രിയശിഷ്യര്‍ സൗഭാഗ്യസമ്പന്നരായ് !
കണ്ണടഞ്ഞെന്നു കേട്ടാ,ലോടിയെത്തീടുമവര്‍
കണ്ണുകളെന്നാകിലും മോഹിപ്പൂ കാണാന്‍ മുന്നേ !
ശിഷ്യനുമൊത്തു കാറില്‍ തിരിച്ചുപോന്നീടവേ,
ശേഷിച്ച കാലമോര്‍ത്തു സങ്കടമെന്തിനെന്നായ്.
ഉത്തമശിഷ്യരെന്നും മക്കള്‍ താനെന്നല്ലയോ
ഹൃത്തടം മന്ത്രിക്കുന്നൂ; മൗനമായ് ഘോഷിക്കുന്നൂ!