ആശയങ്ങളെയും ഭാവനയേയും പ്രാവര്‍ത്തികമാക്കാന്‍ കെല്പുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും അവരോടൊപ്പം ചേര്‍ന്ന് അത് നടപ്പിലാക്കുന്നതിലും സ്വര്‍ഗ്ഗീയ ഭാസ്‌കര്‍റാവുജിയുടെ കുശലത ശ്രദ്ധേയമായിരുന്നു. ഭാവനാലോകത്ത് സഞ്ചരിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം. വനവാസികല്യാണാശ്രമം ഭാരതത്തില്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെ ആയെങ്കിലും 84നുശേഷമാണ് അതിന്റെ വിരാടരൂപം ഭാസ്‌കര്‍റാവുജി എന്ന സംഘാടകനിലൂടെ ഭാരതം കാണുന്നത്. നേരിട്ടനുഭവിച്ചതല്ലെങ്കില്‍ വിശ്വസിക്കാനാവാത്ത തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി.
ആരും ശ്രദ്ധിക്കാതെ കിടന്ന ഉള്‍പ്രദേശത്തെ വനവാസിമേഖലയില്‍ യാത്രചെയ്യാവുന്നിടത്തോളം ബസ്സിലും പിന്നെ മോട്ടേര്‍ സൈക്കിളിലും ചിലപ്പോള്‍ സൈക്കിളിന്റെ പിന്നിലുമായിരുന്നു യാത്രചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ ഞങ്ങള്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ ആദരാതിശയങ്ങളോടെയാണ് കണ്ടിരുന്നത്. ഭാസ്‌കര്‍റാവുജിക്ക് മാത്രം സ്വായത്തമായ സമ്പര്‍ക്കങ്ങള്‍ ഒരു സാധാരണ വ്യക്തിക്ക് സാധിക്കുന്നതിലുമപ്പുറമായിരുന്നു.
വ്യക്തികള്‍ക്കും കൂട്ടായ്മക്കും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്ന ശ്രദ്ധയും പോഷണവും നിരവധിപേര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനകാര്യങ്ങള്‍ മാത്രമല്ല, കുടുംബകാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ കുടുംബകാരണവരുടെ തലത്തിലായിരുന്നു. ഏറെ ദുര്‍ഘടം പിടിച്ച സാഹചര്യങ്ങളില്‍പോലും വളരെ തന്മയത്വത്തോടെ പ്രശ്‌നങ്ങളെ കൈകാര്യംചെയ്യാന്‍ കഴിയുന്ന ഭാസ്‌കര്‍റാവുജിയുടെ കഴിവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബാഹ്യസമൂഹവുമായി ബന്ധമൊന്നുമില്ലാത്ത വനവാസിബന്ധുക്കളെ അവര്‍ക്കാകര്‍ഷകങ്ങളായ തുച്ഛമായ ചില കാര്യങ്ങള്‍ നല്‍കി വശീകരിച്ച് മതംമാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഇതേറേയും സംഭവിക്കുന്നതെന്നു മുതിര്‍ന്ന പ്രവര്‍ത്തകനായ മുംബൈയില്‍നിന്നുള്ള കമലാമന്ധനാനി പറഞ്ഞിട്ടുണ്ട്.
വലിയ വലിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കലും അതു നടപ്പിലാക്കാനുള്ള ശ്രമവുമല്ല വനവാസി കല്യാണശ്രമപ്രവര്‍ത്തനത്തില്‍ ഭാസ്‌കര്‍ റാവുജി സ്വീകരിച്ചത്. ഓരോ വനവാസിഗ്രാമങ്ങളിലും അവിടത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതുപ്രയോജനപ്രദമായരീതിയില്‍ നിറവേറ്റുക എന്നതിനായിരുന്നു പ്രാധാന്യം. ആ വിഭാഗം കാലാകാലമായി അനുവര്‍ത്തിച്ചുവന്ന ധര്‍മ്മത്തിലും സംസ്‌കാരത്തിലും ഊന്നിയുള്ള പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങളെ തള്ളിക്കളയാതെ കാലഘട്ടത്തിന് അനുസൃതമായി മാറ്റങ്ങള്‍ വരുത്തേണ്ടിടത്തു അവരിലൂടെ മാറ്റങ്ങള്‍ വരുത്തിയുള്ള പ്രവര്‍ത്തന പദ്ധതികളാണുണ്ടായിരുന്നത്. അക്കാര്യങ്ങള്‍ ആ വിഭാഗത്തിലെ നേതൃത്വനിരക്കും ബോധ്യം വരുന്ന വിധത്തില്‍ അവരെക്കൊണ്ടുതന്നെ ചെയ്യിച്ചിരുന്നു. അവരുടെ നൃത്ത, ഗാന, കായിക പരിപാടികളോടൊപ്പം വിദ്യാഭ്യാസവും മറ്റ് ആധുനിക കാഴ്ചപ്പാടുകളും അവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ കഴിഞ്ഞു. അതോടൊപ്പം വനവാസിമേഖലക്ക് പുറത്തുള്ള സമൂഹവുമായി ഇടപഴകാനും സന്ദര്‍ഭങ്ങള്‍ ഒരുക്കിയിരുന്നു.
1986ല്‍ ഭാരതത്തിന്റെ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗ് ഒരു ദിവസം ജഡ്പൂരിലെ കല്ല്യാണാശ്രമത്തില്‍ അവിടത്തെ വിദ്യാര്‍ത്ഥികളോടൊപ്പം ആഹാരം കഴിച്ചും അവരുടെ കായിക പരിപാടികള്‍ കണ്ടും താമസസ്ഥലം സന്ദര്‍ശിച്ചും ചിലവഴിച്ചു. ഭാസ്‌കര്‍ റാവുജിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്രമാത്രം ദൃഢമായിരുന്നു.
കേരളം ഭാസ്‌കര്‍റാവുജിയെ ഏറെ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതിലുപരി ഭാരതം മുഴുവനും നിറഞ്ഞു നിന്ന സ്‌നേഹ പ്രഭയായിരുന്നു അദ്ദേഹം. മറ്റു പലരില്‍ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ വിശേഷം. അദ്ദേഹം നല്ലൊരു കേള്‍വിക്കാരനായിരുന്നു. സംഘടനാപരമോ വ്യക്തിപരമോ ആയ പ്രശ്‌നങ്ങളുമായി അദ്ദേഹത്തിന്റെ അടുത്തെത്തുന്ന ആരും നിരാശപ്പെട്ടു മടങ്ങേണ്ടി വന്നിട്ടില്ല. വന്നവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ വിശദമായി കേള്‍ക്കുകയും ഇടയ്ക്ക് സംശയനിവൃത്തി വരുത്തുകയും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ തന്നെ അദ്ദേഹം ഒരു നീരസവും കാണിക്കാതെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമായിരുന്നു.
ഒരു പ്രവര്‍ത്തകനെ പ്രവര്‍ത്തനരംഗത്ത് പൂര്‍ണ്ണതയിലേയ്‌ക്കെത്തിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിട്ട് അയാളുടെ ചുമതലയെകുറിച്ച് സ്വയം ബോധ്യമാക്കിക്കൊടുക്കാന്‍ ഔപചാരികമായ വഴികളല്ല അദ്ദേഹം സ്വീകരിച്ചിരുന്നത്. പ്രവര്‍ത്തകനറിയാതെ അയാളിലേയ്ക്ക് ഭാസ്‌കര്‍റാവുജിയുടെ സന്ദേശം സന്നിവേശിപ്പിച്ചിരിക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കാനും തള്ളേണ്ടത് തള്ളാനുമുള്ള(ത്യാജ്യഗ്രാഹ്യ മനോഭാവം) സ്വഭാവം, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഗുണവശങ്ങള്‍, പെരുമാറ്റരീതി, സ്വഭാവശുദ്ധി, സമര്‍പ്പണഭാവം, ത്യാഗസന്നദ്ധത തുടങ്ങി എല്ലാഗുണവിശേഷങ്ങളും വളര്‍ത്തിയെടുക്കാനുള്ള പ്രേരണ വ്യംഗ്യമായിട്ടോ അദൃശ്യമായിട്ടോ അദ്ദേഹം പ്രവര്‍ത്തകരില്‍ പകര്‍ന്നു നല്‍കും.
അഖിലഭാരതീയ അധികാരികള്‍ മാത്രം പങ്കെടുത്ത ഒരു ബൈഠക് 1972ല്‍-ല്‍ കന്യാകുമാരിവിവേകാനന്ദ കേന്ദ്രത്തില്‍ നടക്കുകയുണ്ടായി. പരംപൂജനീയ ശ്രീ ഗുരുജി, സ്വര്‍ഗ്ഗീയരായ ബാലാസാഹബ്ജി, രജ്ജുഭയ്യാജി, സുദര്‍ശന്‍ജി, ഭാവുറാവുജി, ബാപ്പുറാവുമോഘേജി, മാധവറാവുമൂളേജി, ഭുസ്‌കുടേജി, യാദവറാവുജി, ആപ്‌തേജി തുടങ്ങിയവരെല്ലാം അതിലുണ്ടായിരുന്നു. ബൈഠക്ക് കന്യാകുമാരിയിലാണെങ്കിലും ചുമതലക്കാരിലൊരാള്‍ ഭാസ്‌കര്‍റാവുജിയായിരുന്നു. ഏഴ് പ്രബന്ധകന്മാരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു സൂര്യനാരായണ്‍ റാവുജി ആയിരുന്നു. പ്രബന്ധക് പ്രമുഖ്. പ്രബന്ധകരില്‍ ലേഖകനുള്‍പ്പടെ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളും (ഈ അഞ്ചുപേര്‍ പിന്നീട് പ്രചാരകന്മാരായി). നാട്ടിന്‍ പുറത്തു നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയായ എന്നില്‍ ഈ 15 ദിവസം ഇവരോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ അക്ഷരങ്ങളിലൂടെ പകര്‍ത്താന്‍ സാധിക്കുന്നതല്ല.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഭാസ്‌കര്‍റാവുജി അവിടെ എത്തും. ഞങ്ങളോരോരുത്തരോടായി വിവരങ്ങള്‍ അന്വേഷിച്ചറിയും. വളരെ ചെറിയ കാര്യങ്ങള്‍ പോലും നിഷ്‌കര്‍ഷയോടെ കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ചെയ്യാനുള്ള നുറുങ്ങുകള്‍ പറഞ്ഞുതരും. അടുത്തദിവസം അത് പുനരന്വേഷിക്കും. അണുവിട പാളിച്ച പറ്റാതെ കൃതകൃത്യതയോടെ കാര്യങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യം പില്‍ക്കാലത്ത് പ്രചാരക ജീവിതത്തിലെ ചുമതലകളില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. അഖിലഭാരതീയ അധികാരികളുടെ പരസ്പരമുള്ള സ്‌നേഹാദരവോടെയുള്ള പെരുമാറ്റം, ലാളിത്യം ഊണിനുശേഷമുള്ള ഗൗരവമല്ലാത്ത സംഭാഷണങ്ങള്‍, ചര്‍ച്ചകള്‍, പൂജനീയഗുരുജി ഭാസ്‌കര്‍റാവുജിയോട് ചിലരെക്കുറിച്ചു നടത്തിയ അന്വേഷണങ്ങള്‍, അതിന് ഭവ്യതയോടെയുള്ള മറുപടികള്‍, അതേക്കുറിച്ച് ഭാസ്‌കര്‍റാവുജി ഞങ്ങളോട് പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തുടങ്ങി എല്ലാം മായാതെ മങ്ങാതെ ഇന്നും ഓര്‍മ്മച്ചെപ്പിലെ തിളങ്ങുന്ന മുത്തുകളാണ്.
മറ്റുള്ളവരുടെ കാര്യങ്ങളില്‍ എപ്പോഴും ദത്തശ്രദ്ധനായിരുന്ന ഭാസ്‌കര്‍റാവുജി സ്വന്തം ആരോഗ്യത്തെക്കുറിച്ചുമാത്രം ചിന്തിച്ചിരുന്നില്ല. എറണാകുളം കലൂരില്‍ ബസ്സിറങ്ങിയാല്‍ പ്രാന്തകാര്യാലയത്തിലേയ്ക്ക് അദ്ദേഹം നടന്നാണ് പോകാറുണ്ടായിരുന്നത്. ഒരുദിവസം എനിക്കുണ്ടായതും പിന്നീട് ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്തതുമായ ഒരനുഭവപാഠം. എ.ബി.വി.പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. രാത്രി വളരെ വൈകി കലൂരില്‍ ബസ്സിറങ്ങി.2.50 രൂപ ചിലവാക്കി ഓട്ടോറിക്ഷയില്‍ പോകാന്‍ എന്റെ അവശത എന്നെ നിര്‍ബന്ധിച്ചു. ഇന്നത്തെ ജന്മഭൂമിയുടെ അടുത്തെത്തിയപ്പോള്‍ കണ്ടകാഴ്ച എന്റെ എല്ലാ അവശതകളെയും പമ്പകടത്തി. ഇടതുതോളില്‍ തൂക്കുസഞ്ചിയും വലതുകൈയ്യില്‍ സൂട്ട്‌കേസുമായി ഭാസ്‌കര്‍റാവുജി കാര്യാലയത്തിലേയ്ക്ക് നടന്നു പോകുന്നു. കലൂരില്‍ ബസ്സിറങ്ങിയുള്ള യാത്രയാണ്. പ്രായവും പദവിയും അവശതയുമൊന്നും അവിടെ വിഷയമല്ല. സ്വതസ്സിദ്ധമായ സ്വഭാവവൈശിഷ്ട്യമാണവിടെ കണ്ടത്. ഗുരുദക്ഷിണയുടെ ഓരോ പൈസ ചിലവാക്കുമ്പോഴും നാം വച്ചുപുലര്‍ത്തേണ്ട ശുഷ്‌കാന്തിയാണ് അന്ന് അവിടെ കണ്ടത്.
മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ ഭാസ്‌കര്‍റാവുജിക്ക് ഹൃദയ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കൂടെ അവിടെ ഉണ്ടാകാന്‍ അവസരമുണ്ടായി. അക്ഷോഭ്യനായി മനസ്സും ശരീരവും ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി പറഞ്ഞുതന്നിരുന്നു. കാഞ്ഞങ്ങാട് നിന്ന് മാതാജി തന്നയച്ചിരുന്ന തീര്‍ത്ഥവും പ്രസാദവും കൊടുത്ത സന്ദര്‍ഭം ഓര്‍മ്മ വരുന്നു. ഭാസ്‌കര്‍റാവുജിയുടെ സഹോദരി അമൂലി അക്കാലത്ത് ആനന്ദാശ്രമത്തിലുണ്ടായിരുന്നു.മടങ്ങിപ്പോകുമ്പോള്‍ ആശ്രമത്തില്‍പോയി മാതാജിയോട് ആശുപത്രി വിവരങ്ങള്‍ പറയണമെന്നും അദ്ദേഹം എന്നോട് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ പ്രശ്‌നരഹിതമായിക്കഴിഞ്ഞുവെന്നും ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും പറഞ്ഞപ്പോള്‍ ആ അമ്മമാരില്‍ക്കണ്ട ആശ്വാസം വല്ലാത്തൊരനുഭവമായിരുന്നു. ഓപ്പറേഷന്റെ തലേനാള്‍ ഡോ: ഭട്ടാചാര്യ പിറ്റേന്ന് നടക്കാന്‍പോകുന്ന കാര്യങ്ങളുടെ വിശദവിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നല്‍കി. ഒരു വിദ്യാര്‍ത്ഥിയുടെ ആകാംക്ഷയോടെ അപ്പോള്‍ അദ്ദേഹം ഡോക്ടറോട് സംശയങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു. സ്വയംസേവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഏറെ പ്രക്ഷുബ്ധമാകാറുള്ള ആ മനസ്സും മുഖവും സ്വന്തം കാര്യങ്ങളെ നേരിട്ടത് വളരെ ലാഘവത്തോടെയായിരുന്നു. ഇന്നത്തെപ്പോലെ ഹൃദയശസ്ത്രക്രിയ എളുപ്പമല്ലാതിരുന്ന കാലമായിരുന്നു അത്.
പ്രചാരകജീവിതം കഴിഞ്ഞു ജോലി ആവശ്യാര്‍ത്ഥം മുംബൈയിലെത്തിയപ്പോള്‍ താമസം വനവാസി കല്യാണാശ്രമത്തിന്റെ കാര്യാലയത്തില്‍ ഭാസ്‌കര്‍റാവുജിയോടൊപ്പമായിരുന്നു. ഒരു ദിവസം ട്രെയിന്‍യാത്രയില്‍ ചെറിയൊരപകടംപറ്റി ആശുപത്രിയിലായി. വിവരമറിഞ്ഞ് ബോംബെയിലെ വാഹനത്തിരക്കിനിടയിലൂടെ ഓടിക്കിതച്ചെത്തിയ ഭാസ്‌കര്‍റാവുജിയില്‍ അമ്മയെയും, അച്ഛനെയും, ബന്ധുവിനെയും, ഗുരുവിനെയും എല്ലാം അപ്പോള്‍ എനിക്ക് കാണാമായിരുന്നു.
എറണാകുളത്തെ ആശുപത്രിയില്‍ ഒരുമിച്ചുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ എനിക്ക് വരേണ്ട ആഹാരം വൈകിയാല്‍ അദ്ദേഹം ആഹാരം കഴിക്കാതെ ഇരിക്കുമായിരുന്നു. ഹൃദ്രോഗിയായ ഭാസ്‌കര്‍റാവുജി ശരീരം അനങ്ങാതെ കിടക്കയില്‍ത്തന്നെ വിശ്രമിക്കണം എന്നു ഡോക്ടറുടെ നിര്‍ദ്ദേശം ഉണ്ടായിരിക്കേ കമ്മ്യൂണിസ്റ്റ് കാപാലികര്‍ എറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്തിയ ദുര്‍ഗ്ഗാദാസിന്റെ ഭൗതികശരീരം കാണാന്‍ വാശിപിടിച്ചു. അവിടെചെന്ന് ഭാസ്‌കര്‍റാവുജി ”ഇദം ന മമ” എന്ന ആപ്തവാക്യം നമ്മെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
സ്വാഭിമാനം പണയപ്പെടുത്തി ആത്മാഭിമാനവും ഹിന്ദുത്വാഭിമാനവും നഷ്ടപ്പെടുത്തി ആശയാടിമത്വത്തിന് വശംവദരായി ഹിന്ദുസമൂഹം കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിക്കുന്നത്. മഹാരാഷ്ട്രയില്‍നിന്നുള്ള പ്രചാരകന്മാരായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ബ്രഹ്മദേശത്തിലെ (മ്യാന്‍മാര്‍) റംഗൂണിനടുത്ത് ടാംസ് എന്ന ഗ്രാമത്തില്‍ ജനിച്ച്, മുംബൈയില്‍ പഠിച്ച് വളര്‍ന്ന ഭാസ്‌കര്‍റാവു സംഘപ്രവര്‍ത്തനത്തിലെത്തുന്നത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്.
പരമപൂജനീയ ഡോക്ടര്‍ജിയോട് ഇടപഴകാന്‍ അദ്ദേഹത്തിന് സന്ദര്‍ഭം കിട്ടിയിരുന്നു. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പ്രചാരകജീവിതം കാംക്ഷിച്ച ഭാസ്‌കര്‍റാവുജിയെ സംഘസന്ദേശവുമായി ആദ്യംനിയോഗിക്കുന്നത് കേരളത്തിലേയ്ക്കാണ്. കേരളത്തില്‍ ചില ഭാഗങ്ങളില്‍ അപ്പോഴേക്കും സംഘശാഖകള്‍, അദ്ദേഹത്തിന്റെ സമകാലികരായ മറ്റു പ്രചാരകന്മാര്‍ തുടങ്ങിയിരുന്നു. ഠേംങ്ക്ഡിജിയും ശങ്കര്‍ശാസ്ത്രിജിയും കോഴിക്കോട്ടും ചിംചോല്‍ക്കര്‍ജി എറണാകുളത്തും തേലങ്ക്ജിയും മനോഹര്‍ദേവ്ജിയും തിരുവനന്തപുരത്തും എത്തിയിരുന്നു.
ഭാസ്‌കര്‍റാവുജി എത്തിയത് എറണാകുളത്താണ്. ജീവിതത്തില്‍ അതുവരെ കാണാത്ത, കേള്‍ക്കാത്ത പരിചയമില്ലാത്ത സാഹചര്യങ്ങളുടെ ഇടയിലേയ്ക്കാണ് എത്തിപ്പെടുന്നത്. വളരെപ്പെട്ടെന്ന് ഇവിടുത്തെ ഭാഷയും സംസ്‌കാരവും എല്ലാം സ്വായത്തമാക്കി, അനുഭവിച്ചറിഞ്ഞു, സ്വാംശീകരിച്ചു. ഉടുപ്പിലും നടപ്പിലും മലയാളിയായി. മറാഠിയിലോ ഹിന്ദിയിലോ മറ്റുള്ളവരുമായി നേരിട്ടും ഫോണിലും സംസാരിക്കുമ്പോള്‍ ഏയ്, അല്ല, പിന്നെ, ശരി തുടങ്ങിയ വാക്കുകള്‍ കടന്നുവരുന്നത് അദ്ദേഹത്തില്‍ മലയാള ഭാഷ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. സ്വാഭിമാനവും ഹിന്ദുത്വാഭിമാനവും പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു കാലഘട്ടത്തില്‍ സംഘപ്രവര്‍ത്തകര്‍ കൊണ്ടും കൊടുത്തും നടത്തിയ മുന്നേറ്റങ്ങളില്‍ വേദിക്ക് പിന്നിലുണ്ടായിരുന്ന ചാലകശക്തി ഭാസ്‌കര്‍റാവുജി തന്നെയായിരുന്നു. കുറ്റമറ്റ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിലും മനസ്സും പ്രവൃത്തിയും ഏകോപിപ്പിച്ച് കാര്യഗൗരവത്തോടെ വിശകലനം ചെയ്ത് പദ്ധതികള്‍ രൂപപ്പെടുത്തി വിജയത്തിലെത്തിക്കുന്നതിനും കെല്പുള്ള സഹപ്രവര്‍ത്തകരെ അപ്പോഴേക്കും അദ്ദേഹം കണ്ടെത്തി വളര്‍ത്തിക്കഴിഞ്ഞിരുന്നു. മാധവ്ജി, ടി.എന്‍ ഭരതന്‍, ആര്‍. വേണുഗോപാല്‍, ഭാസ്‌കര്‍ജി, ആര്‍.ഹരിയേട്ടന്‍, എം.എ സാര്‍, പി.നാരായണ്‍ജി, പരമേശ്വര്‍ജി, വി.പി ജനാര്‍ദ്ദനന്‍, കൃഷ്ണശര്‍മ്മാജി, എസ്. സേതുമാധവന്‍, സി.പി.ജനാര്‍ദ്ദനന്‍ തുടങ്ങിയ പ്രഗത്ഭരുടെ ഒരു നിരതന്നെ അപ്പോഴെക്കും രൂപപ്പെട്ടിരുന്നു. അവരെല്ലാം യാതനയുടെയും കഷ്ടപ്പാടുകളുടെയും ഇടയിലേയ്ക്കാണ് ചാടിയത്. ഇന്ന് സംഘപ്രവര്‍ത്തനങ്ങളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച് വിജയത്തിലെത്തിക്കുവാന്‍ തയ്യാറായി നില്കുന്ന സമൂഹം നമുക്കു ചുറ്റുമുണ്ട്. ഇതിന് വിരുദ്ധമായിരുന്നു ആ കാലഘട്ടം. സാമൂഹ്യബഹിഷ്‌കരണം പോലും അനുഭവിച്ചവരാണ് അന്നത്തെ പ്രവര്‍ത്തകരില്‍ പലരും.
ഉന്നതകുലങ്ങളില്‍ ജനിച്ച് വിദ്യാസമ്പന്നരും സമര്‍ത്ഥരുമായ ചെറുപ്പക്കാരെ സമ്പൂര്‍ണ്ണ സമര്‍പ്പണ ത്യാഗഭാവങ്ങളുടെ പ്രാധാന്യം പകര്‍ന്നു കൊടുത്ത് പ്രചാരക പഥത്തിലേയ്ക്ക് ആനയിക്കാന്‍ ഭാസ്‌കര്‍ റാവുജിക്ക് സാധിച്ചു. താന്‍ സ്വീകരിച്ച വഴിയെക്കുറിച്ച് സ്വയം പറയാതെ തന്നെ അവരില്‍ സംക്രമിപ്പിക്കാന്‍ ഭാസ്‌കര്‍റാവുജിക്ക് കഴിഞ്ഞിരുന്നു. നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന മഹാഗോപുരത്തിന്റെ ആധാരശിലകളാകാന്‍ ആരും കാണാതെ കുലുക്കമില്ലാതെ എന്തും താങ്ങാന്‍ കരുത്തുള്ള അടിക്കല്ലുകളെ അദ്ദേഹം സൃഷ്ടിച്ചെടുത്തു.
ദേശവിരുദ്ധശക്തികള്‍ നമ്മുടെ ത്യാഗസമ്പന്നരായ സ്വയംസേവകരെ പിച്ചിച്ചീന്തിയിരുന്ന ഓരോ സന്ദര്‍ഭത്തിലും അത് ഭാസ്‌കര്‍റാവുജിയുടെ മനസ്സിനെ കഠിനമായി വേദനിപ്പിച്ചിരുന്നു. ചിന്തയും മനസ്സും പ്രക്ഷുബ്ധമാകുന്ന സന്ദര്‍ഭവും ഇതു മാത്രമായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് മര്‍ദ്ദനമേറ്റ് യാതനകള്‍ അനുഭവിക്കുന്നവരും ആക്രമണങ്ങളില്‍ പരിക്കേറ്റ് വിഷമിക്കുന്നവരും അദ്ദേഹത്തിന്റെ മനസ്സിനെ എപ്പോഴും വേദനിപ്പിക്കുന്ന തീക്കനലുകളായിരുന്നു. ഇന്ന് അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നതിന് കാരണക്കാരായവരെ രൂപപ്പെടുത്തിയ പ്രധാനശില്പിയുടെ ജന്മശതാബ്ദിയാണിപ്പോള്‍ നടക്കുന്നത്. 2019 ഒക്‌ടോബര്‍ 5ന് ഭാസ്‌കര്‍റാവുജി ജന്മശതാബ്ദി ചടങ്ങുകള്‍ സമാപിക്കും.