കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ മഠാധിപതി ചിദാനന്ദപുരി സ്വാമികളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വിജയനും പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണനും അനുയായികളും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരിക്കുകയാണല്ലോ. അതവരുടെ പാരമ്പര്യ ഗുണമാണ്. കമ്മ്യൂണിസ്റ്റ് മതവിശ്വാസികള്‍ക്ക് മറ്റെല്ലാം തെറ്റാണ്. വിശേഷിച്ചും ഭാരതീയമായ സംസ്‌കാരം, മൂല്യം, സങ്കല്പം, വിശ്വാസം എല്ലാം. തങ്ങള്‍ മാത്രമാണ് ശരി. അതുകൊണ്ട് ഭാരതീയമായതിനെയെല്ലാം എതിര്‍ക്കണം, തകര്‍ക്കണം.
ഭാരതത്തിന്റെ സാംസ്‌കാരിക അടിത്തറ രൂപപ്പെടുത്തിയത് ഋഷിമാരാണ്. അതുകൊണ്ടാണ് നാം ആര്‍ഷഭാരത സംസ്‌കാരം എന്നു പറയുന്നത്. ആ ഋഷിമാരുടെ പരമ്പരയെ പിന്നീട് അവതാരങ്ങളെന്നും ബുദ്ധന്റെ കാലം മുതല്‍ സന്ന്യാസിമാരെന്നും പറഞ്ഞു പോരുന്നു. അതായത് ഭാരത സംസ്‌കാരത്തിന്റെ പതാകാവാഹകര്‍ സന്ന്യാസിമാരാണെന്നര്‍ത്ഥം. അപ്പോള്‍ ഭാരതത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് നശിപ്പിക്കണമെങ്കില്‍ ഈ പതാകാവാഹകരെ വീഴ്ത്തണം. അതവര്‍ ആദ്യം മുതലേ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാണ് സഖാവ് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രമെന്ന പുസ്തകം. അതില്‍ സ്വാതന്ത്ര്യസമരങ്ങളെ ഒന്നും അവതരിപ്പിക്കുന്നില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിനു പ്രചോദനമേകിയ സന്ന്യാസിശ്രേഷ്ഠരെ പരമാവധി അപമാനിക്കുന്നുണ്ട്. അതില്‍ ശ്രീരാമകൃഷ്ണ ദേവന്‍, സ്വാമി വിവേകാനന്ദന്‍, ദയാനന്ദ സരസ്വതി, ശ്രീനാരായണ ഗുരു തുടങ്ങിയവരെല്ലാം ‘ദേശീയതയുടെ വികൃതരൂപങ്ങളാണ്’ എന്നാണ് സവര്‍ണനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ മറ്റ് സന്ന്യാസിമാരെ എങ്ങനെ കാണുന്നു എന്ന് പറയേണ്ടതില്ലല്ലോ.
ഭാരതത്തില്‍ ഇന്നോളം ജീവിച്ചിട്ടുള്ളതില്‍ ഏറ്റവും ധിഷണാശാലിയായ സന്ന്യാസി ശ്രീമദ് ശങ്കരാചാര്യരാണ്. ലോകംകണ്ട ഏറ്റവും വലിയ ദാര്‍ശനികന്‍. കോലാഹലങ്ങളും സംഘര്‍ഷങ്ങളും കൊണ്ടു പൊറുതിമുട്ടിയ വിശാല ഭാരതത്തില്‍ ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ വിപ്ലവകരമായ പരിവര്‍ത്തനവും ഏകീകരണവും സാധ്യമാക്കിയ മഹാ ഋഷി. എന്നാല്‍ ആ ശങ്കരാചാര്യരാണ് ഭാരതത്തിന്റെ പുരോഗതിയെയും വളര്‍ച്ചയെയും ഇല്ലാതാക്കിയത് എന്ന് സഖാവ് നമ്പൂതിരിപ്പാട് പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. കാരണം ശങ്കരദര്‍ശനത്തിന്റെ മുമ്പില്‍ മാര്‍ക്‌സിയന്‍ ദര്‍ശനം മലയുടെ മുമ്പില്‍ ചുണ്ടെലി കണക്കെ ആയിപ്പോയിരുന്നു. ആ ചുണ്ടെലിയുടെ ഉപാസകനായിരുന്നു കമ്മ്യൂണിസ്റ്റ് ശങ്കരന്‍. കാലടിയില്‍ ശങ്കരാചാര്യരുടെ ജന്മദിനത്തോട് അനുബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴായിരുന്നു ഈ അഹങ്കാര വാക്കുകള്‍ പ്രയോഗിച്ചത്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രബലവുമായ മഠമാണ് വര്‍ക്കല ശിവഗിരി. ഗുരുദേവനെ മാത്രമല്ല അവിടുത്തെ പല സന്ന്യാസിശ്രേഷ്ഠരെയും പറ്റി കമ്മ്യൂണിസ്റ്റുകള്‍ അപവാദം പ്രചരിപ്പിച്ചു. ഗുരുദേവനെത്തന്നെ ബൂര്‍ഷ്വ എന്ന് വിളിച്ച കാര്യം സൂചിപ്പിച്ചല്ലോ. അടുത്ത കാലത്താണ് എസ്.എന്‍.ഡി.പി.യോഗ നേതൃത്വത്തോടുള്ള വിദ്വേഷം തീര്‍ക്കാന്‍ ഗുരുവിനെത്തന്നെ ഏറ്റവും നീചമായി അവതരിപ്പിച്ചത്. ഗുരുദേവനെ കുരിശേറ്റിയതായി ചിത്രീകരിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. ഗുരുദേവ വാക്യങ്ങളെയും എഴുത്തുകളെയും വികൃതമായും തെറ്റായും അവതരിപ്പിച്ചു.
ആധുനിക കേരളത്തിന്റെ നവോത്ഥാനനായകരില്‍ അഗ്രഗണ്യനായ, അഭിനവ ശങ്കരാചാര്യര്‍ എന്നു വിശേഷിപ്പിക്കേണ്ടയാളാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ശങ്കരന്‍ ആക്ഷേപിച്ചത് ബൂര്‍ഷ്വ സന്ന്യാസി എന്നാണ്. ഒരുകാലത്ത് കേരളത്തിലെ ശ്രീനാരായണ ഗുരുദേവപ്രതിമകള്‍ തകര്‍ക്കലായിരുന്നു പാര്‍ട്ടിയുടെ തൊഴില്‍. അങ്ങനെ ചെയ്യാന്‍ പറ്റാത്തിടത്ത് ‘സിമന്റ് നാണു’ എന്നവര്‍ ആക്ഷേപിച്ചു.
ശിവഗിരി മഠം പാര്‍ട്ടിക്ക് ഒരു തരത്തിലും വഴങ്ങുന്നില്ലെന്ന് തോന്നിയപ്പോള്‍ മുതല്‍ അവര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്. അതിനവര്‍ സന്യാസിമാരുടെയിടയില്‍ കുത്തിത്തിരപ്പ് ഉണ്ടാക്കി. സന്ന്യാസത്തിനു ജാതിയില്ലെന്നിരിക്കെ സവര്‍ണനായ സന്ന്യാസി മഠം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നവര്‍ പ്രചരിപ്പിച്ചു. അതിനെ തടയിടാന്‍ അവര്‍ ഉപയോഗിച്ചത് കേരളം കണ്ട ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദിയായ മദനിയെയാണ്. സവര്‍ണ കമ്മ്യൂണിസ്റ്റായ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഭാഷയില്‍ ‘മഹാത്മാ മദനി’. ആ മദനിയും കൂട്ടരും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് ശിവഗിരിയില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിച്ചു. ചക്ക മോഷ്ടിച്ച ഒരു മനുഷ്യനെ ശിക്ഷിക്കാന്‍ ആലോചിച്ചപ്പോള്‍ താന്‍ ഈ ശിവഗിരി തന്നെ വിട്ടുപോകുമെന്നു പറഞ്ഞ ഗുരുദേവന്റെ സമാധി സ്ഥലം ചോരകൊണ്ട് മദനിയും കൂട്ടരും അഭിഷേകം നടത്തി. സന്ന്യാസിയുടെ കൈവെട്ടുമെന്ന് മദനി വെല്ലുവിളിച്ചു. നൂറുകണക്കിന് മത തീവ്രവാദികളെ കാഷായം ധരിപ്പിച്ച് ശിവഗിരിയില്‍ നിറച്ചു. ഇതിലും കൂടുതല്‍ അപമാനിക്കല്‍ ആ മഹാഗുരുവിനോടും പവിത്രമായ അദ്ദേഹത്തിന്റെ സമാധിസ്ഥലത്തോടും ചെയ്യാനുണ്ടോ?
ശ്രീനാരായണ ഗുരു എന്ന പേരു പോലും ഉച്ചരിക്കാനുള്ള യോഗ്യത കമ്മ്യൂണിസ്റ്റുകള്‍ക്കില്ല. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി വടക്കേക്കര എന്ന സ്ഥലത്ത് റെയില്‍വേ ക്രോസിനു സമീപം സ്ഥാപിച്ചിരുന്ന ഗുരുമണ്ഡപം ഒരുനാള്‍ ആരോ തകര്‍ക്കുകയും പ്രതിമ അടിച്ചുടക്കുകയും ചെയ്തു. പിറ്റേന്നു തന്നെ ആര്‍എസ്എസ്സുകാര്‍ ഗുരുമണ്ഡപം തകര്‍ത്തു, അവരുടെ സവര്‍ണ മനസ്സിന്റെ അടയാളമാണത് എന്നു പ്രചരിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുപാര്‍ട്ടി കോട്ടയം ജില്ലയില്‍ ബന്ദ് പ്രഖ്യാപിച്ചു. (എസ്.എന്‍.ഡി.പി.യോഗം പ്രഖ്യാപിച്ചില്ല) ജില്ല മുഴുവന്‍ അക്രമങ്ങളും തകര്‍ക്കലും നടത്തി.
പക്ഷെ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ചക്രം തിരിഞ്ഞു കറങ്ങി. ഇന്നത്തെപ്പോലെ മൊബൈലും ഇ-മെയിലും ഒന്നും ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് രാത്രി 12 നും 4 നും ഇടയില്‍ നടന്ന സംഭവത്തെക്കുറിച്ച് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും സി.പി.എമ്മിന്റെ പേരില്‍ അച്ചടിച്ച പോസ്റ്റര്‍ പതിക്കാന്‍ കഴിഞ്ഞത്? വിവരങ്ങള്‍ കൈമാറാന്‍ വഴിയൊന്നുമില്ലാതിരിക്കെ എങ്ങനെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നേരംവെളുക്കുന്നതിനു മുമ്പുതന്നെ ബന്ദിന്റെ പേരില്‍ പൊതുവഴികളില്‍ കല്ലും മരങ്ങളുമിട്ട് ഗതാഗതം സ്തംഭിപ്പിച്ചത്? സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ പ്രതിഷേധം തണുത്തു. എന്നാല്‍ ആരോപണവിധേയരായ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി. മൂന്നാഴ്ചയ്ക്കുശേഷം കമ്മ്യൂണിസ്റ്റുകളുടെ പക്ഷത്തുനിന്ന്, അവര്‍ക്കു വേണ്ടി അധികാരം ഉപയോഗിച്ചുകൊണ്ടിരുന്ന സഖാവ് മോഹനന്‍ എന്നറിയപ്പെടുന്ന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാല് സിഐടിയുക്കാരെ അറസ്റ്റു ചെയ്തു. ഇതാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആചാര്യ സ്‌നേഹം! ഇതേപോലെ കണ്ണൂരിലും ആലപ്പുഴയിലും ഇടുക്കിയിലും ഒക്കെ അവര്‍ ഗുരുദേവ മന്ദിരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.
ഇങ്ങനെ എത്രയോ കാലമായി, പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ സന്ന്യാസിമാരെയും ആദ്ധ്യാത്മികാചാര്യന്മാരെയും ആക്രമിച്ചുകൊണ്ടിരിക്കുന്നു. അത് കുറെക്കൂടി വളര്‍ന്ന് ആക്ഷേപത്തില്‍ നിന്നും മാറി പുലയാട്ടിലേക്ക് വികസിച്ചിരിക്കുന്നു വിജയന്റെയും ബാലകൃഷ്ണന്റെയും കാലമായപ്പോഴേക്കും. അത് അവരുടെ വളര്‍ച്ചയുടെ നിലവാരത്തെ കുറിക്കുന്നു.
ഇപ്പോള്‍ അവര്‍ക്ക് കൂടുതല്‍ ശത്രുത തോന്നാനുള്ള കാരണം, പരാജയപ്പെടുന്നവന്റെ വൈരാഗ്യബുദ്ധിയാണ്. ഒരുകാലത്ത് കൊട്ടിഘോഷിച്ച് എഴുന്നള്ളിച്ചുകൊണ്ടു വന്ന കമ്മ്യൂണിസം പരാജയപ്പെട്ട് ലോകത്തിലെ നാനാദിക്കില്‍ നിന്നും പലായനം ചെയ്തു. ശാസ്ത്രീയമെന്നു വീമ്പിളക്കിയ തത്വശാസ്ത്രം വെറും കുട്ടിക്കഥകണക്കെ നൈമിഷികമായി ഒടുങ്ങി. പുതു വിശ്വാസത്തിന്റെ പിന്നാലെ പരക്കംപാഞ്ഞ ബുദ്ധിജീവികളും കലാ സാഹിത്യകാരന്മാരും കവികളും നിരാശയോടും കോപത്തോടും കൂടി ഉയര്‍ന്നു നില്‍ക്കുന്ന സംസ്‌കാരത്തെയും ദര്‍ശനത്തെയും നോക്കി ഓരിയിടുന്നു. നൈരാശ്യത്തിന്റെ പടുകുഴിയില്‍ നിന്ന് അസഹിഷ്ണുതയുടെ വിത്ത് മുളച്ചു. അസഹിഷ്ണുത അസഹ്യമായപ്പോള്‍ ആയുധം കയ്യിലെടുത്തു. അതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മുഖമായ വിജയന്‍ – ബാലകൃഷണന്‍ – ജയരാജ പ്രഭൃതികളില്‍ നാം കണ്ടെത്തുന്നത്. അവര്‍ക്ക് ആക്രമിക്കാനും പുലഭ്യം പറയാനും മാത്രമേ കഴിയൂ. പ്രശ്‌നം ജനിതകമാണ്. അതിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ മാത്രമായി ഒടുങ്ങിയൊതുങ്ങിപ്പോയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ അസഹിഷ്ണുത തോന്നിയത് ലോകാരാധ്യയായ മാതാ അമൃതാനന്ദമയിയോടായിരുന്നു. അമ്മയെന്ന സങ്കല്പം തന്നെ കമ്മ്യൂണിസ്റ്റുകള്‍ക്ക് താങ്ങാവുന്നതല്ല. കാരണം സ്ത്രീ എന്നത് അവരെ സംബന്ധിച്ചിടത്തോളം സര്‍വ്വതന്ത്ര സ്വതന്ത്രമായി ഉപയോഗിക്കപ്പെടേണ്ട ഉപഭോഗ ഉപകരണം മാത്രമാണ്. അതിനായി അവര്‍ നിരന്തരം വാദിക്കുകയും സ്ത്രീസ്വാതന്ത്ര്യവാദമെന്ന വ്യാജേന ആഭാസസമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
അമ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളോ ജീവകാരുണ്യപരവും ആധ്യാത്മികവും. മനുഷ്യനെയും മൃഗങ്ങളെയും പ്രാണികളെയും വരെ പച്ചക്ക് വെട്ടിക്കൊല്ലുകയും കത്തിച്ചു കൊല്ലുകയും ചെയ്യുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ജീവകാരുണ്യം സഹിക്കുമോ? തിന്നുകയും കുടിക്കുകയും മാത്രം ചെയ്യുന്നതാണ് ജീവിതമെന്നു പഠിപ്പിക്കുന്നവര്‍ക്ക് ആധ്യാത്മികത ആസ്വാദ്യമോ? രണ്ടു തരത്തിലും അമ്മ ആക്രമിക്കപ്പെടേണ്ടതു തന്നെ! പോരാത്തതിന് മുക്കുവക്കുടിയില്‍ ജനിച്ച ‘സുധാമണി’ ലോക ഗുരുവാകുന്നത് സവര്‍ണ – ബൂര്‍ഷ്വാ മന:സ്ഥിതിക്കാരായ പാര്‍ട്ടി നേതാക്കള്‍ പൊറുക്കില്ല തന്നെ. ആദ്യമാദ്യം അമ്മയെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ ആശ്രമങ്ങളില്‍ അതിക്രമം കാണിച്ചു. വള്ളിക്കാവിലും കണ്ണൂരിലും മറ്റു പലയിടങ്ങളിലും ആശ്രമങ്ങളെയും ഭക്തരെയും ഉപദ്രവിച്ചു. എറണാകുളത്തെ അമൃതാ ആശുപത്രിയെ തകര്‍ക്കാന്‍ പല പണികളും നടത്തി. അവിടെ കിഡ്‌നി വില്പനയാണെന്ന് ദുഷ്പ്രചാരണം നടത്തി. ആശുപത്രിയിലെ സ്വാഭാവിക മരണം പോലും അസ്വാഭാവിക മരണമെന്നു വിളിച്ചുകൂവി. അമ്മ ദര്‍ശനം നല്‍കുന്നതിനെ കമ്മ്യൂണിസ്റ്റ് എഴുത്തുകാരെക്കൊണ്ട് അപകീര്‍ത്തികരമായി അവതരിപ്പിച്ചു. മഠത്തെ ഒട്ടാകെ തകര്‍ക്കുന്നതിനും നശിപ്പിച്ച് ഇല്ലാതാക്കുന്നതിനും വലിയ ഗൂഢാലോചന നടന്നു. അതിന്റെ ഭാഗമായി മഠത്തില്‍ നിന്നും പുറത്തുപോയ ഒരു വിദേശ വനിതയെക്കൊണ്ട് മഠത്തിനെതിരെയും സന്ന്യാസിമാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചു. അതിനായി ദശലക്ഷക്കണക്കിന് രൂപ ചെലവാക്കി പാര്‍ട്ടിയുടെ സ്വന്തം മാധ്യമ പ്രവര്‍ത്തകനെക്കൊണ്ട് വിദേശയാത്ര നടത്തിയാണ് ‘അഭിമുഖം’ ‘സംഘടിപ്പിച്ചത് ‘. ആ ദുഷ്പ്രചാരണത്തിനെതിരെ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും ഒന്നിച്ചണിനിരന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടി പിന്‍വാങ്ങിയത്.
ശൃംഗേരി ശങ്കരാചാര്യസ്വാമിയെപ്പറ്റി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞത് അദ്ദേഹം ശൃംഗാര സ്വാമിയെന്നാണ്. കോടാനുകോടി ഹിന്ദുക്കളുടെ ആത്മീയാചാര്യനെ ഇത്രയും നികൃഷ്ടമായ ഭാഷയില്‍ വിശേഷിപ്പിക്കണമെങ്കില്‍ നായനാരുടെ മനസ്സ് എത്ര വികലവും സംസ്‌കാരശൂന്യവുമായിരുന്നിരിക്കണം?
എറണാകുളത്ത് ഒരുവന്‍ ഭൂമിക്കച്ചവടവും മറ്റ് ആഭിചാര – വ്യഭിചാര പ്രവര്‍ത്തനങ്ങളുമായി നടന്നതിനെ ചെറുക്കാന്‍ എന്ന വ്യാജേന ഡിഫിക്കാര്‍ ആക്രമിച്ചത് പക്ഷെ കാലങ്ങളായി നാട്ടില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സന്ന്യാസിമാരെയാണ്. ഭൂമിക്കച്ചവടവും ഹോം സ്റ്റേയും ഒക്കെ നടത്തുന്നവര്‍ക്ക് കാവല്‍ നില്‍ക്കുന്നതും അവര്‍ തന്നെ. സന്ദീപാനന്ദനും സന്തോഷ് മാധവനും പാര്‍ട്ടിയുടെ പിണിയാളുകള്‍. പാര്‍ട്ടിക്കുവേണ്ടി ആചാര്യന്മാരെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുക എന്നതാണ് സന്ദീപാനന്ദനെ പോലെയുള്ളവര്‍ക്കുള്ള ക്വട്ടേഷന്‍. യഥാര്‍ത്ഥ സന്ന്യാസിമാരെ ആക്ഷേപിക്കുകയും വ്യാജന്മാരെ ചുമക്കുകയും ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് സഖാക്കള്‍.
കുറച്ചുകാലം മുമ്പ് കണ്ണൂര്‍ ചീമേനിയില്‍ വിനു എന്ന ചെറുപ്പക്കാരന്‍ വിപ്ലവ ബോധത്താല്‍ ഡിഫിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് തത്വശാസ്ത്രം പഠിച്ചു വരവേ അതിന്റെ അന്തസ്സാര ശൂന്യത ബോധ്യപ്പെട്ട ആ യുവാവ് വിപ്ലവക്കുപ്പായം ഊരിയെറിഞ്ഞ് ഭഗവദ്ഗീത കയ്യിലെടുത്തു. ഭാരതീയമായ ദര്‍ശനങ്ങളും തത്വങ്ങളും പഠിച്ച അദ്ദേഹം ആദ്ധ്യാത്മികതയിലേക്ക് ആണ്ടു. അവധൂതാശ്രമം സ്ഥാപിച്ച് സമീപസ്ഥരായ മറ്റു കുട്ടികളിലേക്കും ദര്‍ശനത്തിന്റെ പുതുവെളിച്ചം പകരാന്‍ തുടങ്ങി. ഇതിലും കൂടുതല്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. വിപ്ലവമുപേക്ഷിച്ചു എന്നു മാത്രമല്ല ഭാരതീയത സ്വീകരിക്കുകയും ചെയ്യുക! ഭാരത വിരുദ്ധരായ കമ്മ്യൂണിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടു.
വിനുസ്വാമി എന്ന് അറിയപ്പെടുന്ന ആ അവധൂതനെ മര്‍ദ്ദിച്ചു, പെരുവഴിയില്‍ അപമാനിച്ചു. പാര്‍ട്ടിയിലെ മുന്‍ പരിചയം വച്ച് അദ്ദേഹം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ട് പരാതി പറഞ്ഞു. അതിനു ‘പ്രയോജനം’ ഉണ്ടായി! തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ ആശ്രമം തീയിട്ടു. പതിനായിരത്തിലധികം പുസ്തകം സംസ്‌കാര വിരോധികളായ കമ്മ്യൂണിസ്റ്റുകള്‍ കത്തിച്ചു. വിനു സ്വാമിയെ പെരുവഴിയില്‍ തടഞ്ഞു നിര്‍ത്തി താടിയും മുടിയും വെട്ടി വികൃതമാക്കി ക്ഷൗരക്കത്തിവിപ്ലവം നടത്തി, മര്‍ദ്ദിച്ചു, വസ്ത്രം വലിച്ചു കീറി. വിനു സ്വാമി നിരന്തരം അവരുടെ ശല്യം സഹിച്ചുകൊണ്ട് ഇപ്പോഴും സ്വന്തം ഗുഹാശ്രമത്തില്‍ വസിക്കുന്നു.
ഇടുക്കിയില്‍ ഒരു സന്ന്യാസി വര്‍ഷങ്ങളായി വനവാസികളുടെ ഇടയില്‍ ജീവിച്ചു വരുന്നു. അവിടെയുള്ള കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്തും സംസ്‌കാരം പകര്‍ന്നു നല്‍കിയും ആ പാവങ്ങളുടെ ഇടയില്‍ കഴിഞ്ഞു വരികയായിരുന്നു. അതും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ പ്രവര്‍ത്തനമായിരുന്നു! കാരണം പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ മുന്നാക്കം വരുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയും. ഈ തരം ജനവിഭാഗങ്ങള്‍ സംസ്‌കാരം ആര്‍ജ്ജിക്കുന്നത് ഏറ്റവും വലിയ അപകടമാണ്. ഒരു ജനസമൂഹം സാംസ്‌കാരിക ബോധമുള്ളവരായാല്‍ അവരുടെ എല്ലാവിധ ജീവിത വ്യവഹാരങ്ങളെയും അത് സ്വാധീനിക്കും. കാര്യങ്ങള്‍ സ്വന്തമായി വിലയിരുത്തുകയും തീരുമാനിക്കുകയും ചെയ്യും. ആത്മവിശ്വാസമാര്‍ജ്ജിച്ച ഒരു ജനതയെ അടിമത്തത്തില്‍ വച്ചു കൊണ്ടിരിക്കാന്‍ കഴിയില്ല. കമ്മ്യൂണിസമെന്നാല്‍ അടിമത്തമാണ്. സ്വാമിജിയുടെ പ്രവര്‍ത്തനം കൊണ്ട് ആദിവാസികളെന്നു വിളിക്കപ്പെടുന്നവര്‍ അറിവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍ തുടങ്ങി; പാര്‍ട്ടി ഇടയാനും.
പാര്‍ട്ടിയുടെ ഭീഷണി വകവയ്ക്കാതെ മുമ്പോട്ടു പോയ സ്വാമിജിയെ ഒരു നാള്‍ അവര്‍ തടഞ്ഞു. ഇടുക്കി പട്ടണത്തില്‍, ജനമധ്യത്തില്‍ വച്ച് അദ്ദേഹത്തെ മര്‍ദ്ദിച്ചു. പാര്‍ട്ടിയെ പേടിച്ച് ആരും തടഞ്ഞില്ല. (‘അവളെപ്പേടിച്ചാരും വഴി നടന്നീല’ എന്ന് താടകയെപ്പറ്റി പറയുന്നതുപോലെയാണ് മന്ത്രി എം.എം.മണിയുടെ നാട്ടിലെ കമ്മ്യൂണിസ്റ്റല്ലാത്ത പൊതുജനങ്ങളുടെ അവസ്ഥ) അടിയേറ്റ സന്ന്യാസി പരിക്കുകളോടെ ആശുപത്രിയിലായി.
സന്ന്യാസ വേഷം കെട്ടിയവരെ അവര്‍ തലയിലേറ്റും. എന്നാല്‍ യഥാര്‍ത്ഥ സന്ന്യാസിശ്രേഷ്ഠന്മാരെ അവര്‍ വച്ചുപൊറുപ്പിക്കില്ല. കുറെ വര്‍ഷം മുമ്പ് (1969 -71) തൃശ്ശൂരില്‍ വടക്കുന്നാഥന്റെ തിരുനടയില്‍ ഗീതാജ്ഞാന യജ്ഞത്തിന് ചിന്മയ മിഷന്‍ ആചാര്യന്‍ സ്വാമി ചിന്മയാനന്ദന്‍ എത്തി. യജ്ഞം നടത്തുന്നതിനിടയില്‍ കേരളവര്‍മ്മ കോളജിലേക്ക് ഒരു ക്ഷണം. ആ വര്‍ഷം കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കെ.എസ്.യു. ആയിരുന്നു. യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ അവര്‍ ചിന്മയാനന്ദ സ്വാമികളെ ക്ഷണിച്ചു. ‘ഗീത പ്രചരിപ്പിക്കുന്നയാള്‍ കോളജില്‍ വരികയോ?’, കമ്മ്യൂണിസ്റ്റ് കുട്ടികള്‍ തടയുമെന്ന് പ്രഖ്യാപിച്ചു. സ്വാമിജിയും ശിഷ്യഗണങ്ങളും കോളേജിന്റെ പ്രവേശന കവാടത്തിലെത്തിയപ്പോള്‍ എസ്.എഫ്.ഐക്കാര്‍ ചെരുപ്പുമാലയിടാന്‍ ശ്രമിച്ചു. അതു വകവയ്ക്കാതെ അകത്തു കടന്ന സ്വാമിജിയെയും കൂടെയുണ്ടായിരുന്ന സന്ന്യാസിമാരെയും സ്ത്രീകളെ അടക്കം അവര്‍ തെറി വിളിച്ചു. തകരപ്പാട്ട കൊട്ടി ബഹളം വച്ചു. നാമജപം കേട്ട് തഴമ്പിച്ച ചെവികളില്‍ കമ്മ്യൂണിസ്റ്റുകളുടെ തെറിയഭിഷേകം അസഹ്യമായപ്പോള്‍ സ്വാമിജി തിരിച്ചു പോയി. ഇതില്‍ പ്രതിഷേധിച്ച് എ.ബി.വി.പിയും കെ.എസ്.യു.വും മൗന ജാഥ നടത്തി. ജാഥ കഴിഞ്ഞു മടങ്ങിയവരെ കമ്മ്യൂണിസ്റ്റുകള്‍ ആക്രമിച്ചു. സംഘട്ടനത്തില്‍ പാര്‍ട്ടിയുടെ എം.എല്‍.എ. ആയിരുന്ന കൃഷ്ണന്‍ അടിയേറ്റ് ആശുപത്രിയിലായി.
കേരളത്തെ ഭഗവദ്ഗീതാ മന്ത്രങ്ങളാല്‍ ആറാടിച്ചയാളാണ് ചിന്മയാനന്ദ സ്വാമിജി. വിദ്യാഭ്യാസം നേടുന്ന പരിഷ്‌ക്കാരികളായ ഹിന്ദുക്കള്‍ മുഴുവന്‍ ഹൈന്ദവമായതിനെ പുച്ഛിച്ചു നടന്നിരുന്ന കാലത്താണ് സ്വാമിജിയുടെ തിരനോട്ടം. തുടര്‍ന്ന് അദ്ദേഹം നടത്തിയ ഗീതാ പ്രയാണം ഒരു പ്രവാഹമായി കേരളത്തിന്റെ ബൗദ്ധിക മനസ്സിനെ പിടിച്ചുലച്ചു. ഭൗതികവാദ തത്വശാസ്ത്രം കൊണ്ടുനടന്നിരുന്ന പലരും വെറും ഉണക്കച്ചണ്ടിയാണ് തങ്ങള്‍ ചുമക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിപ്ലവാനന്തര സ്വര്‍ഗലോകം കാത്തിരിക്കാതെ പ്രായോഗിക വേദാന്തം ജീവിതചര്യയായി സ്വീകരിച്ചു. സമത്വസുന്ദര ലോകം വരുമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചിരുന്നവര്‍ പരിപാടി അലങ്കോലമാക്കി സ്വാമിജിയെ അപമാനിച്ചതില്‍ ആനന്ദിച്ചു. പാര്‍ട്ടി നേതാക്കള്‍ക്ക് സമാധാനമായി. ഒരു ആധ്യാത്മികാചാര്യനെക്കൂടി ആട്ടിയോടിക്കാന്‍ കഴിഞ്ഞല്ലോ.
കേരളത്തില്‍ മുമ്പ് ഹിന്ദു ശബ്ദമായി ഉയര്‍ന്നു കേട്ടിരിരുന്നത് സ്വാമി സത്യാനന്ദ സരസ്വതി സ്വാമികളുടെ ശബ്ദമായിരുന്നു. ഹിന്ദു വിരുദ്ധരും സംസ്‌കാരത്തിന്റെ ശത്രുക്കളും ഒന്നു പോലെ ഭയപ്പെട്ടിരുന്ന ശബ്ദം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഒത്താശയോടെ ശബരിമല പൂങ്കാവനത്തില്‍ കുരിശു നാട്ടി കാടും ക്ഷേത്രവും കയ്യേറാന്‍ ശ്രമിച്ചു. എന്നാല്‍ പഴയ അസംഘടിത ഹിന്ദു സമൂഹമായിരുന്നില്ല എണ്‍പതുകളില്‍ കേരളത്തില്‍ ഉണ്ടായിരുന്നത്. കയ്യേറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം അലയടിച്ചു. സമരങ്ങളും സംഘര്‍ഷങ്ങളും നടന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. മര്‍ദ്ദനവും ജയിലിലടയ്ക്കലും ഇന്ന് പിണറായി വിജയന്‍ ചെയ്യുന്നതു പോലെ നടത്തി. പ്രക്ഷോഭ നായകന്‍ അന്നും കുമ്മനം രാജശേഖരനായിരുന്നു. ആചാര്യ സ്ഥാനത്തു നിന്നു കൊണ്ട് മാര്‍ഗദര്‍ശിയായി സ്വാമി സത്യാനന്ദ സരസ്വതിയും. നിലയ്ക്കലിലെ നിരോധനാജ്ഞ സമാധാനപരമായ പദയാത്രയിലൂടെ ലംഘിച്ചുകൊണ്ട് ഭൂമാനന്ദ തീര്‍ത്ഥ സ്വാമിജിയുടെ നേതൃത്വത്തില്‍ മുന്നേറിയ സന്ന്യാസി സംഘത്തെ ഗാന്ധി ശിഷ്യനായ മുഖ്യമന്ത്രി കരുണാകരന്‍ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തല പൊട്ടി ചോരയൊലിപ്പിച്ചു നിന്ന ആചാര്യന്മാര്‍ അയ്യപ്പ നാമം ജപിച്ച് ശരണം വിളിച്ചു.
അന്ന് ആ സമരത്തിന് സമ്പൂര്‍ണ നേതൃത്വം നല്‍കിയ സത്യാനന്ദ സരസ്വതി സ്വാമികളെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഒരുപോലെ ആക്ഷേപിച്ചു. പിന്തിരിയാതിരുന്ന ഹിന്ദു സമൂഹത്തിന്റെ ദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രി കരുണാകരന്‍ ചര്‍ച്ചക്കു വിളിച്ചു. മതമേലധ്യക്ഷന്മാര്‍ പങ്കെടുത്ത യോഗത്തില്‍ കയ്യേറി സ്ഥാപിച്ച കുരിശു മാറ്റാതെ ചര്‍ച്ചയില്ലെന്ന ഉറച്ച നിലപാടാണ് സത്യാനന്ദ സരസ്വതി സ്വാമികള്‍ പ്രഖ്യാപിച്ചത്. ഹിന്ദു സ്വാഭിമാനത്തെ ഉയര്‍ത്തി നിര്‍ത്തിയതില്‍ സ്വാമിജിയുടെ നേതൃത്വം വലിയ പങ്കാണ് വഹിച്ചത്. അതിന്റെ വിരോധം പിന്നീട് അദ്ദേഹത്തിന്റെ സമാധി സമയത്തു കണ്ടു. പുരോഹിതന്മാരുടെയും മതമേലധ്യക്ഷന്മാരുടെയും മരണവേളകളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ വരിനിന്ന ഇടതു വലതു നേതാക്കന്മാര്‍ ആരും സത്യാനന്ദസരസ്വതി സ്വാമികള്‍ സമാധിയായപ്പോള്‍ തിരിഞ്ഞുനോക്കിയില്ല.
ഇപ്പോള്‍ ആ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് ചിദാനന്ദപുരി സ്വാമികളാണ്. അസംഘടിത സമൂഹത്തിന് ഒരു ആത്മീയ നേതൃത്വം ഉയര്‍ന്നു വരുന്നത് ഒരിക്കലും കമ്മ്യൂണിസ്റ്റും കോണ്‍സും ഇഷ്ടപ്പെടുന്നില്ല. അതില്‍ കോണ്‍ഗ്രസ്സിന് അസഹിഷ്ണുതയുണ്ടെങ്കിലും അസഹ്യത പ്രകടിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് ആണ്. അതിന്റെ പ്രകടനമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. കോടിയേരി ഏറ്റുപിടിച്ചത്. കമ്മ്യൂണിസ്റ്റ് പാണന്മാര്‍ തെറിപ്പാട്ടു പാടി നാടുനീളെ ആ ശ്രേഷ്ഠ സന്ന്യാസിയെ അപമാനിച്ചുകൊണ്ടിരിക്കുന്നത്.
സീതയെ മോഷ്ടിക്കാന്‍ വന്ന രാവണനും സന്ന്യാസ വേഷമാണ് കെട്ടി വന്നത്. കാരണം ആ വേഷം ധരിക്കുന്നവരോട് ഭാതീയര്‍ക്ക് എന്തെന്നില്ലാത്ത ആദരവുണ്ട്. ആ ആദരവാണ് ഭാരതത്തിന്റെ സാമൂഹിക ജീവിതത്തെ താങ്ങിനിര്‍ത്തുന്നത്. അത് തകര്‍ക്കണം. എങ്കിലേ സമൂഹത്തെ ശിഥിലമാക്കാന്‍ കഴിയൂ. അതിന് കപടവേഷക്കാരെ കൂടെ നിര്‍ത്തുകയും യഥാര്‍ത്ഥ ആചാര്യന്മാരെ ആക്രമിച്ച് ഇല്ലാതാക്കുകയും വേണം. അതാണ് കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും രീതി. അത് ഇപ്പോഴും തുടരുന്നു.
ഇക്കാലത്ത് കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുന്ന സന്ന്യാസി ശ്രേഷ്ഠനാണ് സ്വാമി ചിദാനന്ദപുരി. സാംസ്‌കാരിക കേരളത്തിനു പൊതുവെയും ഹൈന്ദവ സമൂഹത്തിനു പ്രത്യേകിച്ചും അറിവും യുക്തിബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിക്കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇവ മൂന്നും – അറിവും യുക്തിബോധവും ആത്മവിശ്വാസവും. അതിനാല്‍ അവര്‍ നിരന്തരം ആ ആചാര്യനെ ആക്ഷേപിച്ചും ആക്രമിച്ചും കൊണ്ടിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും ഉള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. അതിനെതിരെ ഹിന്ദു ജനതയെ ഉണര്‍ത്താനും സംഘടിപ്പിക്കാനും മുന്‍ നിരയില്‍ നിന്നു എന്നുള്ളതാണ് പാര്‍ട്ടിയുടെ ദൃഷ്ടിയില്‍ ചിദാനന്ദപുരി സ്വാമി ചെയ്ത തെറ്റ്. പാര്‍ട്ടിയുടെ വീക്ഷണത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വും സംഘടിക്കലും. അതിന് പ്രയത്‌നിക്കുന്ന ഏതൊരു ശക്തിയെയും പാര്‍ട്ടി നേരിടും. അതു കൊണ്ടാണല്ലോ അവരുടെ ഒന്നാം നമ്പര്‍ ശത്രുവായി ആര്‍.എസ്.എസ്സിനെ കാണുന്നത്. ആ നിരയിലേക്ക് ഒരു ആദ്ധ്യാത്മികാചാര്യന്‍ കടന്നു നില്‍ക്കുന്നത് പൊറുക്കാവതല്ല തന്നെ. പലനാളുകളായി, പലയിടങ്ങളിലായി പാര്‍ട്ടിയാല്‍ സ്വാമിജി ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആളുണ്ടായപ്പോള്‍ ആക്രമണ രീതി മാറ്റി. ഇന്ന് അതിനു കഴിയാത്തതിനാല്‍ അവര്‍ വ്യക്തിഹത്യക്ക് ശ്രമിക്കുകയാണ്. വാള്‍ ഏല്‍ക്കാത്തിടത്ത് തേജോവധമാണ് അവരുടെ ആയുധം.
എന്നാല്‍ ആയുധം കൊണ്ടു മുറിക്കാനോ അഗ്‌നി കൊണ്ടു ഭസ്മീകരിക്കാനോ കൊടുങ്കാറ്റിനാല്‍ ഉണക്കാനോ കഴിയാത്ത ആത്മാവാണ് ഞാന്‍ എന്ന് പഠിക്കുകയും സാക്ഷാത്ക്കരിക്കുകയും ചെയ്യുന്ന സന്ന്യാസിക്ക് പിണറായിയുടെ തെറിയും കോടിയേരിയുടെ വാളും പിണിയാളുകളുടെ പുലയാട്ടും അന്തരീക്ഷത്തിലെ ചില ചപല ശബ്ദങ്ങള്‍ മാത്രം. ചപലതയെ ജ്ഞാനികള്‍ കണക്കിലെടുക്കാറില്ല. സഹതാപപൂര്‍വ്വം വീക്ഷിക്കുമെന്നു മാത്രം. ഇങ്ങനെ ചെയ്യുന്നവരുടെ മനസ്സും ബുദ്ധിയും തെളിയിക്കേണമേയെന്ന് പ്രാര്‍ത്ഥിക്കാനേ അവര്‍ക്കു കഴിയൂ. പക്ഷെ ആ ആചാര്യനെ ആവശ്യമുള്ളവര്‍ സര്‍വ്വശക്തിയും സമാഹരിച്ച് സംരക്ഷിച്ചു നിര്‍ത്തും. അത് അവരുടെ ആവശ്യമാണ്. ശങ്കരാചാര്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശിഷ്യനായ പത്മപാദന്‍ നരസിംഹത്തിന്റെ ശക്തിയാര്‍ജ്ജിച്ചതു പോലെ ശിഷ്യര്‍ ഓരോരുത്തരും നരന്‍ സിംഹമായി ആചാര്യനെ സംരക്ഷിക്കും. തന്നെയല്ല ബഹുഭൂരിപക്ഷം ജനങ്ങളും സര്‍വ്വസംഗപരിത്യാഗികളുമല്ല. കൊണ്ടുംകൊടുത്തും അവര്‍ കാവല്‍ നില്‍ക്കും.
ആചാര്യനിന്ദ മാത്രം കൈമുതലായി അവശേഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുശാപത്താല്‍ നീറിയൊടുങ്ങും. സംസ്‌കാര ശൂന്യത മാത്രം പഠിപ്പിക്കുന്ന സഖാക്കള്‍ എല്ലാം സ്വന്തം മക്കളാല്‍ ആട്ടിയിറക്കപ്പെടും. സര്‍വ്വനാശത്തിനു തയ്യാറായ അശ്വത്ഥാമാവ് ചീഞ്ഞളിഞ്ഞ ശരീരവുമായി സമൂഹത്തില്‍ ദുര്‍ഗന്ധം പരത്തി മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റ് തെണ്ടിയലയുന്നതു പോലെ നാളെയൊരിക്കല്‍ പുഴുത്തു നാറിയ പ്രത്യയശാസ്ത്രവുമായി, ജനങ്ങളാല്‍ തിരസ്‌കൃതരായി പാര്‍ട്ടി സഖാക്കള്‍ക്കും അലഞ്ഞു തിരിയേണ്ടി വരും. അന്നും അവര്‍ക്കു വേണ്ടി അന്നവും അനാഥമന്ദിരവുമായി ചിദാനന്ദപുരിമാര്‍ കാത്തിരിക്കും; അനുഗ്രഹവും ആശ്വാസവചനങ്ങളുമായി. അപ്പോഴും സേവകര്‍ കാവല്‍ നില്‍ക്കുന്നുണ്ടാകും.