താരാരാധനയും രാഷ്ട്രീയ പരിഗണനകളും സിനിമാ മേഖലയില്‍ കൊടികുത്തിവാഴുന്ന കാലത്ത് സിനിമകളുടെ ഫേസ്ബുക്ക് റിവ്യൂകള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാറില്ല. കൃത്യമായ മുന്‍വിധികളും അജണ്ടകളും വെച്ചാണ് ഒട്ടുമിക്ക സിനിമാ വിലയിരുത്തലുകളും സൈബറിടത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ മാമാങ്കം റിലീസായത് മുതല്‍ കാണുന്ന ഒരു അഭിപ്രായത്തിനും അര ശതമാനം പോലും വിലകല്പിച്ചിട്ടില്ല. എന്നത്തേയും പോലെതന്നെ മുന്‍വിധികളും ബോധ്യങ്ങളുമെല്ലാം പുറത്ത് വെച്ചിട്ടു തന്നെയാണ് പദ്മകുമാറിന്റെ ബ്രഹ്മാണ്ഡചിത്രം, മാമാങ്കം കാണാന്‍ കയറിയത്.
രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ഒരു കഥ പറയുമ്പോള്‍ പ്രേക്ഷകരെ അത് യാഥാര്‍ത്ഥ്യബോധത്തോടെ ബോധ്യപ്പെടുത്തുക എന്നത് ഏതൊരു ചലച്ചിത്രകാരനും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഭാഷ, വേഷം, പ്രകൃതി ഒക്കെ ഇതില്‍ കഥാപാത്രങ്ങളാണ്. വേഷവിധാനങ്ങളും കലാസംവിധാനവും മികവുറ്റതാണെങ്കിലും അതീവ ദുര്‍ബ്ബലമായ തിരക്കഥയും അതിനേക്കാള്‍ മോശമായ സംവിധാനവും മലയാളസിനിമാ ചരിത്രത്തിലെ നാഴികക്കല്ലാകേണ്ടിയിരുന്ന ഈ സിനിമയെ ഒരു ശരാശരി സിനിമയില്‍ എത്തിച്ചു എന്ന് പറയേണ്ടി വരും.
അതിശക്തമാണ് സിനിമയുടെ ത്രെഡ് അഥവാ കഥാതന്തു. മാമാങ്കത്തിന് പോകുന്ന ചാവേര്‍ സാമൂതിരിയെ കൊല്ലണം അല്ലങ്കില്‍ പോരില്‍ മരിക്കണം. ഇത് രണ്ടും സംഭവിക്കാതെ മടങ്ങിവന്നാല്‍ അയാള്‍ കുലം കുത്തിയായി, അപമാനിതനായി കഴിയേണ്ടിവരും. നിലപാടുതറയില്‍ മലക്കങ്ങളിലൂടെ പറന്നുവന്ന ചന്ദ്രോത്ത് വലിയ പണിക്കര്‍ക്ക് പക്ഷേ സാമൂതിരിയെ കിട്ടിയില്ല. അങ്ങനെ വീട്ടുകാരാലും നാട്ടുകാരാലും വെറുക്കപ്പെട്ട മമ്മൂട്ടിയുടെ ഈ കഥാപാത്രം, കഥാപാത്രനിര്‍മ്മിതിയിലും തിരക്കഥ ദൗര്‍ബല്യത്തിലും തട്ടിത്തെറിച്ച് പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ പീരീഡ് ചിത്രങ്ങളിലെ മമ്മൂട്ടിയുടെ നിഴല്‍ പോലുമാകുന്നില്ല മാമാങ്കത്തിലെ വലിയ പണിക്കര്‍. ഇത്ര പ്രധാനപ്പെട്ട ഈ കഥാപാത്രത്തിന് ഈ സിനിമയില്‍ ഒരു സംഭാവനയും നല്‍കാന്‍ കഴിയുന്നില്ല എന്നത് സിനിമാപ്രേമികളെ വല്ലാതെ നിരാശപ്പെടുത്തുന്നു.
മാമാങ്കത്തില്‍ മരിച്ചു വീഴുന്ന ചാവേറുകളുടെ ഉടലുകള്‍ നിളാതീരത്തെ മണിക്കിണറില്‍ ആനയെക്കൊണ്ട് ചവിട്ടി താഴ്ത്തുകയാണ് പതിവ്. മാമാങ്കത്തിന്റെ ചരിത്രത്തില്‍ ഒരേയൊരിക്കല്‍ മാത്രമാണ് ഒരു ചാവേറിന്റെ മൃതദേഹം അന്ത്യോപചാരങ്ങള്‍ക്കായി മടങ്ങിയെത്തിയത്. ഇതും ചിത്രത്തിലെ ഒരു പ്രധാന കഥാതന്തുവാണ്. അനന്തസാധ്യതകളുള്ള ഈ കഥാതന്തുവിനെ ഒന്നുമില്ലാതെയാക്കി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
അവിശ്വസനീയതയെ വിശ്വാസ്യതയോടെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതാണല്ലോ കല…. സിനിമ. ഒന്നുമില്ലാത്ത നിഴലുകള്‍ ഒരു വെള്ളത്തുണിയില്‍ നിറഞ്ഞാടുന്ന മായക്കാഴ്ച.. പക്ഷേ അത് സത്യമാകാം എന്ന് പ്രേക്ഷകനില്‍ തോന്നിക്കുന്നിടത്താണ് സിനിമ വിജയിക്കുന്നത്. വടക്കന്‍ വീരഗാഥയിലെ, നീണ്ട, കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ നമ്മുടെ ഹൃദയത്തിലേക്ക് കടന്നുപോയില്ലേ… പാടിപ്പതിഞ്ഞ പാട്ടുകളിലെ ചതിയന്‍ ചന്തുവിനെ മാറ്റിപ്രതിഷ്ഠിക്കാന്‍ ആ പടത്തിനു കഴിഞ്ഞത് അസാമാന്യമായ ജീനിയസ്സിന്റെ കൈയ്യൊപ്പ് പതിഞ്ഞത് കൊണ്ടാണ്. അതേ മമ്മൂട്ടിയുടെ ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്തുകൊണ്ട് എനിക്ക് ബോധ്യമാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് തന്നെ. ഇത്ര വലിയ ക്യാന്‍വാസിലെ, ഇങ്ങനെയുള്ള ഒരു പടമൊക്കെ നന്നായി ചെയ്യണമെങ്കില്‍ ധൈര്യം മാത്രം പോര, അത് ആവശ്യപ്പെടുന്ന പ്രതിഭയും സമര്‍പ്പണവും കൂടി വേണം.
മമ്മൂട്ടിയുടെ വലിയ പണിക്കര്‍, വലിയ സാദ്ധ്യകളുണ്ടായിരുന്ന ഉണ്ണിമുകുന്ദന്റെ കഥാപാത്രം അനുസിത്താരയുടെയും കവിയൂര്‍ പൊന്നമ്മയുടെയും ആഴമില്ലാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകനില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല. സീനുകളുടെ സീക്വന്‍സ് ഭൂരിഭാഗവും പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. യുദ്ധരംഗങ്ങള്‍ അസാമാന്യം എന്നൊന്നും പറയാനില്ല. കുഴപ്പമില്ല എന്നേയുള്ളു. ആക്ഷന്‍ പീരീഡ് ചിത്രങ്ങളുടെ ബെഞ്ച് മാര്‍ക്ക് തന്നെയായ, ബ്രാഡ് പിറ്റ് തകര്‍ത്തഭിനയിച്ച ഠൃീ്യലെ ഒരു രംഗം ഉണ്ട്. മുകളിലേക്ക് ഉയര്‍ന്നു ചാടി, തോളെല്ലിന് ഇടയിലൂടെ വാള്‍ ഹൃദയത്തിലേക്ക് നേരിട്ട് താഴ്ത്തി ശത്രുവിനെ കൊല്ലുന്ന രംഗം. അത് അതേപടി പഴശ്ശിരാജയിലുണ്ട്. ഇതില്‍ പലപ്രാവശ്യം അങ്ങനെതന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ഉള്ള ഇക്കാലത്ത് ഇതൊക്കെ പെെട്ടന്ന് പിടിക്കപ്പെടും എന്ന് സംവിധായകന്‍ മനസ്സിലാക്കേണ്ടതായിരുന്നു.
ഒരുകാര്യം പറയാതെ വയ്യ. മാസ്റ്റര്‍ അച്യുതന്‍ എന്ന കുട്ടിയുടെ അസാമാന്യ പ്രകടനം. അവന്‍ ഈ പടത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നു. അവന്റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്താല്‍ അതൊരിക്കലും നഷ്ടമാകില്ല. അതുപോലെ സിദ്ദിഖിന്റെ ആന്റീഹീറോ കഥാപാത്രവും ഗംഭീരമായി എന്ന് തന്നെ പറയണം. ചന്തുണ്ണിയായും വലിയ തലനായരായും അച്യുതനും സിദ്ദിഖും ശരിക്കും പകര്‍ന്നാട്ടം തന്നെ നടത്തിയിരിക്കുന്നു. പിന്നില്‍ നിന്നുള്ള കുത്തേറ്റു ചന്തുണ്ണി വീഴുന്നതിനു മുമ്പുള്ള അവന്റെ കണ്ണുകളിലെ ഭാവപ്രകടനം മാത്രം മതി മികച്ച ബാലനടന്‍ അല്ല മികച്ച നടന്‍ തന്നെ എന്ന് അച്യുതനെ വിലയിരുത്താന്‍.
പടത്തിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ്, ഇതില്‍ ചരിത്രം വളച്ചൊടിക്കപ്പെടുകയോ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ്. അതുമല്ല, കുടിപ്പകയുടെ ചോരക്കഥകള്‍ ഒരിക്കലും പ്രസവിച്ച വയറുകളുടെയും അനാഥമാക്കപ്പെട്ട ജന്മങ്ങളുടെയും നിലവിളികള്‍ക്ക് പരിഹാരമാകുന്നില്ല എന്ന സന്ദേശം ദുര്‍ബ്ബലമായെങ്കിലും ഈ പടം നല്‍കുന്നുമുണ്ട്.
ചുരുക്കത്തില്‍, കേരള ചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു ഏടിനെ, കളരിയുടെയും പാരമ്പര്യ മൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ഈ പരിശ്രമം അഭിനന്ദിക്കേണ്ടതുണ്ട്. സിനിമാ മേഖലയിലുള്ള എല്ലാവരും എംടിയും കുറസോവയും സ്പില്‍ബര്‍ഗ്ഗും രാജമൗലിയുമൊക്കെ ആയിക്കൊള്ളണം എന്നൊന്നും നമുക്ക് വാശിപിടിക്കാന്‍ കഴിയില്ലല്ലോ.