ഫുട്‌ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ ഉണരുന്ന ഇന്ത്യയെ ദര്‍ശിക്കാമെന്നും ലോകഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഇന്ത്യയില്‍ വച്ച് പ്രസ്താവിച്ചത് 2007ലാണ്. അല്‍പം അമ്പരപ്പോടെയാണ് ഇന്നാട്ടുകാര്‍ ഈ സുഖമുള്ള വര്‍ത്തമാനം കേട്ടത്. ഏതായാലും ബ്ലാറ്ററുടെ പ്രവചനം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നടത്തിപ്പില്‍ ആശാവഹമായ ചില മാറ്റങ്ങള്‍ക്ക് കാരണമായി. ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്താന്‍ മുന്‍പും സര്‍ക്കാരിന്റെ പണം ഒഴുകിയെങ്കിലും, ഉയര്‍ന്നത് നടത്തിപ്പുകാരുടെ ജീവിതനിലവാരമായിരുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് ബ്ലാറ്ററിന്റെ വെളിപാടുണ്ടാകുന്നത്. തുടര്‍ന്ന് ഭാവാത്മകമായ നീക്കങ്ങളാണുണ്ടായത്.
ചെറിയ പ്രായത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ‘ടാലന്റ് സെര്‍ച്ച്’ സംവിധാനങ്ങള്‍ രൂപപ്പെട്ടു. ഏറ്റവും ഫലപ്രദമായി ഇത് നടന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാമിലും മേഘാലയയിലുമായിരുന്നു. ജെ.ജെ ലാല്‍പെഖുല, ദാനിയല്‍ ലാലിന്‍പുയ, ജെറി മാല്‍സ്വംഗ തുടങ്ങി ഒട്ടേറെ ചെറുപ്പക്കാരെ ഈ മേഖലയില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ചു. നിലവില്‍ ഐ.എസ്.എല്ലിലും ഐലീഗിലും കളിച്ചുവരുന്ന കളിക്കാരില്‍ അധികവും ഈ മേഖലയില്‍ നിന്നുമുള്ളവരാണ്.
ബ്ലാറ്ററുടെ പ്രഖ്യാപനം വന്നതിന് ശേഷമാണ് വിവിധ ഏജ് ഗ്രൂപ്പുകളില്‍ ദേശീയ ടീമുകളെ രൂപപ്പെടുത്തി ദീര്‍ഘകാലം നിലനിര്‍ത്തി പരിശീലിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനമുണ്ടായത്. പിന്നാലെ പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ഓരോ പ്രായവിഭാഗങ്ങളിലും വെവ്വേറെ പരിശീലകരുണ്ടായി. ഇടയ്ക്കിടെ വിദേശത്ത് പരിശീലന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുങ്ങി. സാങ്കേതിക വിദഗ്ദ്ധരുടെ ഒരു സംഘം പരിശീലകനൊപ്പമുണ്ടായി. ഇതിന്റെ ഫലങ്ങള്‍ പിന്നാലെ വന്നു. ഇന്ത്യയുടെ അണ്ടര്‍ -14, അണ്ടര്‍ – 16 ടീമുകള്‍ ഏഷ്യാതല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി. തൊട്ടുപിറകെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗ് എന്ന ആശയമുണ്ടാകുന്നതും ഇന്ത്യന്‍ സൂപ്പര്‍ലീഗ് യാഥാര്‍ത്ഥ്യമായതും.
2014ല്‍ ആരംഭിച്ച സൂപ്പര്‍ ലീഗ് ഇന്ന് ആറാമൂഴത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം ലോകഫുട്‌ബോളില്‍ പേരെടുത്ത പല കളിക്കാരും ലീഗ് മത്സരങ്ങളുടെ ഭാഗമായി; കളിക്കാരായും പരിശീലകരായും. 2010 ലോകകപ്പില്‍ ബ്രസീലിന് കളിച്ച എലാനോയും 2010, 14 ലോകകപ്പുകളില്‍ ഉറുഗ്വേയുടെ മുന്നേറ്റക്കാരനായി ലോകകപ്പ് ടോപ് സ്‌കോറര്‍ ബഹുമതി നേടിയ ഡീഗോ ഫോര്‍ലാന്‍, ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്, ഇറ്റാലിയന്‍ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ പ്രതിരോധക്കാരന്‍ മാര്‍ക്കോ മറ്റരസി അടക്കമുള്ള ലോകോത്തരരുടെ കളി നേരിട്ടുകാണാനും പഠിക്കാനും ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് അവസരമായി. അന്താരാഷ്ട്ര പ്രശസ്തരായ താരങ്ങള്‍ക്കൊപ്പം കളിക്കാനും ഉരുകിത്തെളിഞ്ഞ് ദേശീയടീമിന്റെ ഭാഗമാകാനും ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐ.എസ്.എല്‍ പശ്ചാത്തലമായി.
2014 ല്‍ എട്ട് പ്രൊഫഷണല്‍ ടീമുകളുമായി ആരംഭിച്ച ലീഗില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പങ്കാളികളുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഈ സീസണില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ലെങ്കിലും കഴിഞ്ഞ തവണവരെയുണ്ടായിരുന്ന പൂണെ എഫ്‌സി ഹൈദരാബാദ് എഫ്‌സി ആയും ദല്‍ഹി ഡൈനാമോസ് ഒഡീഷാ എഫ്‌സിയായും പുനര്‍ നാമകരണം ചെയ്യപ്പെട്ട് പുതിയ ഉടമകളുടെ നേതൃത്വത്തിലാണ് എത്തുന്നത്. ഒന്നും മൂന്നും സീസണുകളില്‍ സ്‌പെയിന്‍കാരന്‍ അന്റോണിയോ ഹബാസ് എന്ന പരിശീലകന്റെ നേതൃത്വത്തില്‍ കിരീടം നേടിയ കൊല്‍ക്കത്ത എടികെ മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹത്തെ തിരിച്ചുവിളിച്ചുകൊണ്ടാണ് ഇത്തവണ എത്തുന്നത്. രണ്ടും നാലും സീസണുകളില്‍ കപ്പ് കരസ്ഥമാക്കിയ ചെന്നയിന്‍ എഫ്‌സി ഇക്കുറി പഴയ വീര്യത്തിന്റെ പകിട്ടുകളൊന്നുമില്ലാതെ മങ്ങിയ പ്രകടനവുമായാണ് ആദ്യ മത്സരങ്ങള്‍ കടന്നത്. ആറാം സീസണ്‍ ആരംഭിച്ച് ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നുമാത്രം ജയിക്കാന്‍ കഴിഞ്ഞ ടീമിന്റെ പരിശീലകന്‍ ജോണ്‍ഗ്രിഗറിയെ ഇതിനകം ബോളിവുഡ്താരം അഭിഷേക് ബച്ചന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പുറത്താക്കിക്കഴിഞ്ഞു. എടികെക്കും ചെന്നയിന്‍ എഫ്‌സിക്കും പുറമെ കഴിഞ്ഞതവണ ചാമ്പ്യന്‍പട്ടം നേടിയ ബംഗളരു എഫ്‌സി, ലീഗിലെ ലക്ഷണമൊത്ത പ്രൊഫഷണല്‍ ക്ലബ്ബായി ഇത്തവണയും ജൈത്രയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.
നാലുമാസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ലീഗിന്റെ അവസാന വട്ടത്തിലെത്താന്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നിലുള്ളത് എടികെ, എഫ്‌സി ഗോവ, ബംഗളുരു എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ടീമുകളാണ്. വരും ദിവസങ്ങളില്‍ ഈ നിലമാറിവരും. ലീഗിന്റെ തുടക്കം മുതല്‍ മലയാളികളുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്‌സിന് കളി നിലവാരത്തിലും ഫലപ്രാപ്തിയിലും കഴിഞ്ഞ സീസണുകളിലുണ്ടായ പ്രതിസന്ധി ഇപ്പോഴും തുടരുന്നതായാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞതവണ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി അവസാന നാലിലെത്തിച്ച എല്‍കോ ഷെട്ടോറിയുടെ ചുമതലയില്‍ തയ്യാറായ ബ്ലാസ്റ്റേഴ്‌സിന് ഇപ്രാവശ്യം ഇതുവരെ നടന്ന കളികളില്‍ ഒന്നിലൊഴിച്ച് മേധാവിത്വം പുലര്‍ത്താനായില്ലെന്നത് മലയാളികളുടെ സന്തോഷം കെടുത്തുന്നുണ്ട്. സന്ദേശ് ജിങ്കാന്‍ എന്ന കിടയറ്റ സെന്‍ട്രല്‍ ഡിഫന്ററുടെ അഭാവം കേരളാ ക്ലബ്ബിന്റെ പിന്‍നിരയെ ശിഥിലമാക്കുന്നുണ്ട്. ജിങ്കാന്‍, പരിക്ക് ഭേദമായി എത്തണമെങ്കില്‍ ഇനിയും രണ്ടുമാസം കാക്കണം. മുന്‍നിരയില്‍ പുതിയ റിക്രൂട്ടുകളായ മുന്‍ നൈജീരിയന്‍ ലോകകപ്പ്താരം ബര്‍ത്തലോമിയോ ഒഗ്ബച്ചേയും കാമറൂണ്‍ താരം മെസ്സിബൗളിയും കേരളത്തിന്റെ സ്വന്തം ജൂനിയര്‍ ലോകകപ്പ്താരം രാഹുല്‍ കെ.പിയുമെല്ലാമുണ്ടെങ്കിലും ഇവരുടെ പരിശ്രമങ്ങളൊന്നും ടീമിന്റെ വിജയങ്ങളായി പരിണമിച്ചിട്ടില്ല. ഇതിനകം രണ്ടുതവണ ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇക്കുറി എവിടംവരെയെത്തുമെന്ന് കാത്തിരുന്ന് കാണാം.
സമീപകാലത്തെ ഇന്ത്യന്‍ ദേശീയ ടീമിന്റെ കളി മികവിന് സൂപ്പര്‍ലീഗ് ഏറെ സഹായകരമായിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം ഉദ്ദേശിച്ച ഫലം ലഭ്യമായില്ലെങ്കിലും ഏഷ്യാവന്‍കരയിലെ ഏത് ടീമുകളോടും കിട നില്‍ക്കാനാകുന്ന സാങ്കേതികത്തികവും ശാരീരികക്ഷമതയും വേഗതയും ഇതിനകം ടീം ഇന്ത്യ കൈവരിച്ചിട്ടുണ്ടെന്ന് സമീപകാല പ്രകടനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആദ്യപാദത്തില്‍ ഏഷ്യന്‍ചാമ്പ്യന്‍മാരായ ഖത്തറിനെ അവരുടെ നാട്ടില്‍ വച്ച് സമനിലയില്‍ ഒതുക്കിയതും ഏഷ്യാകപ്പില്‍ തായ്‌ലാന്റിനെ നാലു ഗോളടിച്ച് തകര്‍ത്തുവിട്ടതും കോണ്ടിനെന്റല്‍ കപ്പ് മത്സരത്തില്‍ സിറിയയുമായി സമനില കളിച്ചതുമെല്ലാം ഇന്ത്യയുടെ കളി നിലവാരത്തില്‍ വന്ന ഉയര്‍ച്ച സൂചിപ്പിക്കുന്നുണ്ട്. 2014 മുതല്‍ ഇന്ത്യന്‍ ടീമിന്റെ സാരഥ്യം വഹിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനും നിലവിലെ കോച്ച് ഇഗോര്‍സ്റ്റിമാകും ടീമിന്റെ മുന്നേറ്റത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പക്ഷേ അതിന് പശ്ചാത്തലമൊരുക്കിയത് ഐഎസ്എല്‍ ആണെന്ന കാര്യവും ഒപ്പം ഓര്‍ക്കേണ്ടതുണ്ട്.
ഐഎസ്എല്‍ ആദ്യ എഡിഷന്‍ ആരംഭിക്കുമ്പോള്‍ വിദേശ കളിക്കാരുടെ പ്രഭാവത്തിന് മുന്നില്‍ പരിഭ്രമിച്ചും പരുങ്ങിയും നിന്ന ഇന്ത്യന്‍ കളിക്കാര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ നിലവാരമാറ്റം കളിക്കളത്തില്‍ പ്രതിഫലിച്ചു കണ്ടിരുന്നു. ആദ്യ രണ്ട് സീസണുകളില്‍ സെറ്റ്പീസ് ഷോട്ടുകള്‍ (ഫ്രീ കിക്ക്, കോര്‍ണര്‍ കിക്ക്) എടുക്കാന്‍ വിദേശികളെയാണ് ക്ലബ്ബുകള്‍ ചുമതലപ്പെടുത്തിയത്. ഒരൊറ്റ ഇന്ത്യന്‍ കളിക്കാരനേയും അതിനായി നിയോഗിച്ചിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയൊന്നു കാണുക. വിദഗ്ദ്ധരായ വിദേശികള്‍ അനവധി ഉണ്ടായിട്ടും എഫ്‌സി ഗോവ ബ്രാന്റണ്‍ ഫെര്‍ണാണ്ടസിനേയും ചെന്നയിന്‍ എഫ്‌സി അനിരുദ്ധ് ഥാപ്പയേയും ഒഡീഷ എഫ്‌സി ജറിലാലിന്‍ സുലയേയുമാണ് ചുമതലപ്പെടുത്തുന്നത്. ഏത് വിദേശ ടീമിനെതിരേയും ചങ്കുറ്റത്തോടെ കളിക്കാനുള്ള ധൈര്യം ഇന്ത്യന്‍ കളിക്കാര്‍ക്ക് നല്‍കിയത് ഐഎസ്എല്‍ അനുഭവങ്ങള്‍ തന്നെയാണ്.
ഇന്ന് ഇന്ത്യന്‍ ദേശീയ ടീമിന്റെ പതിവ് സെറ്റ് പീസ് നിയോഗങ്ങള്‍ ബ്രാന്റണ്‍ ഫെര്‍ണാണ്ടസിനും അനിരുദ്ധ് ഥാപ്പക്കുമാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇതിനകം ഇന്ത്യക്ക് നേടാനായ മൂന്നു ഗോളുകളിലും ഇവരുടെ സ്പര്‍ശമുണ്ട്. ബംഗ്ലാദേശിനെതിരെ ആദില്‍ ഖാനും അഫ്ഗാനിസ്ഥാനെതിരെ സിമിലിന്‍ ഡങ്കലും നേടിയ ഹെഡര്‍ ഗോളുകള്‍ ബ്രാന്റന്‍ കൊടുത്ത കോര്‍ണര്‍ കിക്കുകളില്‍ നിന്നുമായിരുന്നു. ഒമാനെതിരെ സുനില്‍ ഛേത്രി വല കടത്തിയ പന്ത് അനിരുദ്ധ് ഥാപ്പ ഫ്രീകിക്കിലൂടെ കൊടുത്തതുമായിരുന്നു. എതിര്‍ ഗോള്‍മുഖത്തേക്ക് പാര്‍ശ്വങ്ങളില്‍ നിന്നും കിടയറ്റ ക്രോസുകള്‍ നല്‍കുന്ന ഉദാന്തസിങ്ങും ജാക്കിചന്ദും, ചാങ്ങ്‌തേയും ആഷിഖ് കരുണിയനും ഇന്ത്യന്‍ പ്രതിരോധത്തിന്റെ നടുനായകനായ സന്ദേശ് ജിങ്കാനുമെല്ലാം സൂപ്പര്‍ലീഗിന്റെ സന്തതികളാണെന്നറിയുക.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഐഎസ്എല്‍ തുറന്നു തരുന്ന വഴികള്‍ ചെറുതല്ല. ഈ വര്‍ഷം മുതല്‍ ഇന്ത്യയുടെ പ്രീമീയര്‍ ലീഗായി ഐഎസ്എല്ലിനെ ഉയര്‍ത്തിയിട്ടുണ്ട്. ഘാനയുടെ ലോകകപ്പ് താരവും ആഫ്രിക്കന്‍ ടോപ് സ്‌കോററുമായ അസമാവോ ഗ്യാന്‍, ആസ്‌ത്രേലിയന്‍ പ്രിമീയര്‍ ലീഗിലെ ടോപ്‌സ്‌കോററും ഇന്ത്യന്‍ വംശജനുമായ ഫിജിയന്‍ ദേശീയ താരം റോയ് കൃഷ്ണ, സ്പാനിഷ്താരം കാസ്റ്റലോ എന്നിവര്‍ ഈ സീസണില്‍ അണിനിരക്കുന്നുണ്ട്. ഇവക്കെല്ലാമൊപ്പം കളിക്കാനും കളി പഠിക്കാനും ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അവസരം ദേശീയ ടീമിന്റെ വളര്‍ച്ചയ്ക്ക് ഉപകാരമാകും. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ സമര്‍പ്പിത മുഖമായ സുനില്‍ ഛേത്രിക്ക് പിന്നാലെ എണ്ണമറ്റ പ്രതിഭകളുടെ ഉദയത്തിന് ഐഎസ്എല്‍ കാരണമാകുമെന്ന് നിശ്ചയമായും ഉറപ്പിക്കാം.