റിഫ്‌ളെക്ഷന്‍സ് ഓഫ് ആന്‍ അണ്‍കന്‍വെഷനല്‍ മൈന്‍ഡ്
ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്
കെ.ഡബ്ല്യു പബ്ലിഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
പേജ്: 240 വില: 1080
ഭാരതത്തെ ഒളിഞ്ഞും തെളിഞ്ഞും ആശയതലത്തില്‍ കടന്നാക്രമിക്കുന്നവരെ തുറന്നുകാട്ടിയും തെളിവുകളുടെയും പഠനങ്ങളുടെയും പിന്‍ബലത്തോടെ ഭാരതീയ സംസ്‌കാരത്തിന്റെ യാഥാര്‍ഥ്യവും പാരമ്പര്യവും കെട്ടുറപ്പും ഉയര്‍ത്തിക്കാട്ടിയും, വസ്തുതാപരമായ സമീപനവുമായി ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് രംഗത്ത്. ‘റിഫ്‌ളെക്ഷന്‍സ് ഓഫ് ആന്‍ അണ്‍കന്‍വെഷനല്‍ മൈന്‍ഡ്’ എന്ന തന്റെ പുസ്തകത്തിലാണ് ചരിത്രത്തിലൂടെ പിന്‍നടത്തം നടത്തി ലേഖിക ഭാരതദേശീയതയുടെ പൂര്‍ണതയിലേക്കു വെളിച്ചം പായിക്കുന്നത്.
തങ്ങളുടെ കോളനിവല്‍ക്കരണത്തെ ന്യായീകരിക്കാന്‍ ബ്രിട്ടീഷ് അധികാരികളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയതും ഇടതുപക്ഷ-നെഹ്രുവിയന്‍ ചരിത്രകാരന്മാര്‍ കെട്ടിപ്പൊക്കിയതുമായ ആര്യാധിനിവേശ സിദ്ധാന്തത്തെ ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞുകൊണ്ട് കൂടുതല്‍ ഗവേഷണ ഫലങ്ങളും അന്തര്‍ദേശീയ പ്രതികരണങ്ങളും ഉണ്ടാകുന്നതു സംബന്ധിച്ചാണ് പുസ്തകത്തിലെ ഒരു ലേഖനം. ഭാരതത്തില്‍ ആര്യാധിനിവേശം നടന്നിട്ടില്ലെന്നതിനു തെളിവുകളുമായി ഗവേഷകര്‍ രംഗത്തെത്തുന്നതിനൊപ്പം എന്തുകൊണ്ടാണ് അടിസ്ഥാനരഹിതമായ ഇത്തരമൊരു കഥ മെനയപ്പെട്ടത് എന്നതു സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നതായി ലേഖനത്തില്‍ വിശദീകരിക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രമുഖ ഗവേഷണ ജേണലുകളില്‍ ഒന്നായ ‘സെല്ലി’ല്‍ പ്രസിദ്ധീകരിച്ചുവന്ന പഠന റിപ്പോര്‍ട്ട് ആര്യാധിനിവേശ സിദ്ധാന്തത്തെ അപ്പാടെ തള്ളുന്നു എന്നുമാത്രമല്ല, ഹാരപ്പന്‍ സംസ്‌കാര കാലത്ത് ആ മേഖലയില്‍ ജീവിച്ചിരുന്നതു നായാട്ടുകാരായ ദക്ഷിണപൂര്‍വേഷ്യയിലെ മനുഷ്യരാണെന്നും ഇവര്‍ പിന്നീട് കര്‍ഷക സമൂഹമായി മാറിയെന്നും ഹാരപ്പയിലും സമീപ പ്രദേശങ്ങളിലും ജീവിച്ചുപോന്നു എന്നും വെളിപ്പെടുത്തുന്നു. ഇവരാണ് ഹാരപ്പന്‍ സംസ്‌കാരത്തിലെ ജനത. അല്ലാതെ പുറത്തുനിന്നു വന്നവരല്ല. പുനെയിലെ ഡെക്കാന്‍ കോളജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുരാവസ്തു വിദഗ്ദ്ധനും ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ എഴുതിയിട്ടുള്ള വ്യക്തിയുമായ വി.എസ്. ഷിന്‍ഡെയെ ഉദ്ധരിച്ചും ഹാരപ്പന്‍ കാലഘട്ടത്തില്‍ ദക്ഷിണേഷ്യയിലേക്കു കുടിയേറ്റമുണ്ടായിട്ടില്ലെന്നു ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഐഐടി ഖരഗ്പൂര്‍ പുറത്തിറക്കിയ 2022ലെ കലണ്ടറിനെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാരതീയ വിജ്ഞാനസമ്പ്രദായത്തിന്റെ അടിത്തറ തിരിച്ചുപിടിക്കുക എന്ന ആശയത്തോടെ തയ്യാറാക്കപ്പെട്ട കലണ്ടറില്‍ എന്തുകൊണ്ട് ആര്യാധിനിവേശമെന്ന ഐതിഹ്യത്തിനു രൂപം നല്‍കപ്പെട്ടു എന്ന ചോദ്യമുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ വലിയ എതിര്‍പ്പുണ്ടായെന്നും അതൊക്കെ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പായിരുന്നു എന്നും പ്രൊഫ. ശാന്തിശ്രീ ഓര്‍മിപ്പിക്കുന്നു. ചില ‘തെറ്റുകള്‍’ ചൂണ്ടിക്കാണിക്കപ്പെട്ടതായും ലേഖനത്തില്‍ പറയുന്നു. ഇതിനോട് ലേഖിക പ്രതികരിക്കുന്നുമുണ്ട്. എത്രയോ വര്‍ഷങ്ങളായി ചരിത്രം വളച്ചൊടിക്കുകയും കുട്ടികളെയും മുതിര്‍ന്നവരെയും തെറ്റു പഠിപ്പിക്കുകയും ചെയ്തിരുന്നതില്‍ ഒരു വിഷമവും തോന്നാതിരുന്നവര്‍ ഇപ്പോള്‍ യഥാര്‍ത്ഥ ചരിത്രം തെളിവുസഹിതം പുറത്തുവരുമ്പോള്‍ അസ്വസ്ഥരാവുകയാണെന്നാണ് അവരുടെ നിരീക്ഷണം.
കീലടി ഉദ്ഖനനം അയേണ്‍ ഏജിലെയും (ബിസിഇ 12ാം നൂറ്റാണ്ടു മുതല്‍ ബിസിഇ ആറാം നൂറ്റാണ്ടു വരെ) ഏര്‍ലി ഹിസ്‌റ്റോറിക് പിരിയഡിലെയും (ബിസിഇ ആറാം നൂറ്റാണ്ടു മുതല്‍ ബിസിഇ നാലാം നൂറ്റാണ്ടു വരെ) ചരിത്രത്തെക്കുറിച്ചുള്ള അറിവില്‍ നിലനില്‍ക്കുന്ന വിടവു നികത്താന്‍ സഹായകമാകുമെന്നു ലേഖനത്തില്‍ പറയുന്നു. തമിഴ് ബ്രഹ്മി അക്ഷരമാലയും ഇന്‍ഡസ് വാലി ബ്രഹ്മി അക്ഷരമാലയും തമ്മിലുള്ള സാദൃശ്യങ്ങള്‍ നല്‍കുന്ന സൂചന സിന്ധുനദീതടത്തിലെ ജനത കുടിയേറ്റക്കാരായിരുന്നു എന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ തെറ്റാണ് എന്നുമാണ്. ഉത്തര, ദക്ഷിണ ഭാരത ഭൂഭാഗങ്ങളെ വേര്‍തിരിച്ചു കാണാനുള്ള ശ്രമത്തെ ഇതു ദുര്‍ബലപ്പെടുത്തുമെന്നു പ്രൊഫ. ശാന്തിശ്രീ ഓര്‍മിപ്പിക്കുന്നു. പ്രാചീനകാല ഭാരതീയ ജനതയെക്കുറിച്ചു ഹാര്‍വാഡ് സര്‍വകലാശാലയും തദ്ദേശീയ ഗവേഷകരും നടത്തിയ പഠനം അഭിപ്രായപ്പെടുന്നത് എല്ലാ ഭാരതീയരും തമ്മില്‍ ജനിതകബന്ധമുണ്ടെന്നും അതിലുപരി, ഉത്തരഭാരതത്തിലെ ജനത ആര്യന്മാരും ദക്ഷിണഭാരതത്തിലെ ജനത ദ്രാവിഡരുമെന്ന ചിന്ത കേവലം കെട്ടുകഥയായേക്കാം എന്നുമാണ്. പഠനസംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സിസിഎംബി) മുന്‍ ഡയറക്ടര്‍ ലാല്‍ജി സിങ്ങിന്റെ ഈ പ്രസ്താവനയും ലേഖനത്തില്‍ വായിക്കാം: ‘ഈ പഠനം ചരിത്രം മാറ്റിയെഴുതുകയാണ്. ദക്ഷിണ-ഉത്തര വേര്‍തിരിവില്ല’. സിസിഎംബിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കുമാരസ്വാമി തങ്കരാജന്റെ വാക്കുകളിലൂടെയും ആര്യ-ദ്രാവിഡ സിദ്ധാന്തത്തിന്റെ പൊള്ളത്തരം വിശദീകരിച്ചിട്ടുണ്ട്. സമഗ്രവും വിവിധ വിജ്ഞാനശാഖകളെ ഉള്‍പ്പെടുത്തിയുള്ളതുമായ പഠനത്തിലൂടെ നെഹ്രൂവിയന്‍-ഇടതു സ്വാധീനശക്തിയുടെ ഗൂഢതന്ത്രം വെളിച്ചത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നു ലേഖനത്തില്‍ വിലയിരുത്തുന്നു.
ഇത്തരത്തിലുള്ള, കാലിക പ്രസക്തിയുള്ള ചരിത്ര വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം.