- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- യുദ്ധനീക്കവുമായി വേലുത്തമ്പി (വീര വേലായുധന്‍ തമ്പി 8)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-13
(തിരുവിതാംകൂര്‍ കൊട്ടാരം. അകത്തളത്തില്‍ നിന്ന് ചിന്താകുലനായി ഇറങ്ങി വരുന്ന ബാലരാമവര്‍മ്മ മഹാരാജാവ് )
ബാലരാമവര്‍മ്മ :- (ദീര്‍ഘനിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ച്) ശ്രീപത്മനാഭാ… നീയേ… തുണ
(അല്‍പ്പം നടന്ന് തിരിഞ്ഞ് നിന്ന്) ആരവിടെ
(ഒരു ഭടന്‍ ഓടി വന്ന് വണങ്ങി നില്‍ക്കുന്നു)
ഭടന്‍ :-അടിയന്‍
ബാലരാമവര്‍മ്മ :- മുളകു മടിശീല സര്‍വ്വാധികാരി വൈക്കം പത്മനാഭപിള്ളയെ വിളിക്കു…
ഭടന്‍:- ഉത്തരവ് (അയാള്‍ പോകുന്നു… മഹാരാജാവ് രണ്ട് ചുവടു കൂടി ചിന്താകുലനായി നടക്കുമ്പോള്‍ വൈക്കം പത്മനാഭപിള്ള വരുന്നു)
വൈക്കം പത്മനാഭപിള്ള:- അടിയനെ വിളിപ്പിച്ചതെന്തിനാണാവോ..
ബാലരാമവര്‍മ്മ :- ശ്രീപത്മനാഭന്റെ അല്‍പ്പശി ഉത്സവവും ആറാട്ടും കേമമായി നടത്തിയത് കമ്പനിക്ക് അഹിതമായെന്നു കേള്‍ക്കുന്നു… കപ്പം കൊടുക്കാതെ ഖജനാവ് ധൂര്‍ത്തടിക്കുന്നൂന്ന് റസിഡന്റിന് ആക്ഷേപമുണ്ടു പോലും..
വൈക്കം പത്മനാഭപിള്ള :- എന്ന് ഞാനും കേട്ടു തമ്പുരാന്‍…. പക്ഷെ ശ്രീപത്മനാഭന്റെ ആറാട്ട് എങ്ങിനെ ആഘോഷിക്കണമെന്നത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണ്.. അതില്‍ ഇടപെടാന്‍ കമ്പനിക്കെന്തവകാശം ..
ബാലരാമവര്‍മ്മ :- വന്ന് വന്ന് കൊട്ടാരത്തിലെ പാചകപുരയില്‍ അരിയെത്ര അളക്കണമെന്നു പോലും ധ്വരമാര് തീരുമാനിക്കുമോന്നാ നമ്മുടെ ഭയം.. അതിരിക്കട്ടെ വേലുത്തമ്പിയെ കണ്ടിട്ട് ഇശ്ശി ദിവസായീല്ലോ… എവിടെപ്പോയി..
വൈക്കം പത്മനാഭപിള്ള :- ആലപ്പുഴയില്‍ കുറച്ച് വിദേശവണിക്കുകള്‍ ദളവയദ്ദേഹത്തെ കാണാനെത്തിയിട്ടുണ്ട്. കൂടെ വടക്കന്‍ പറവൂരിലും കൊച്ചിയിലും പോകുമെന്ന് ചൊല്ലി..
ബാലരാമവര്‍മ്മ :- (ചിരിച്ചുകൊണ്ട്) ഹ..ഹ… നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്കും തിരുവിതാംകൂര്‍ ദളവയുടെ സഹായം ആവശ്യമായിത്തുടങ്ങിയിരിക്കുന്നു അല്ലേ…
വൈക്കം പത്മനാഭപിള്ള :-കൊച്ചിയില്‍ നിന്നും പാലിയത്തച്ചന്റെ ദൂതന്‍ പലവട്ടമെത്തിയിരുന്നു… തമ്പിയദ്ദേഹത്തോട് അച്ചനെന്തോ സ്വകാര്യമായി ഉണര്‍ത്തിക്കാനുണ്ടു പോലും…
ബാലരാമവര്‍മ്മ :- അതെന്തായാലും വിശേഷായിരിക്കുന്നു… (രണ്ട് ചുവട് നടന്ന്) വൈക്കത്തെ നാം വിളിപ്പിച്ചത് മറ്റൊരു കാര്യം സംസാരിക്കാനാണ്… ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ മുറജപവും ലക്ഷദീപവും വലിയമ്മാവന്റെ കാലം മുതല്‍ മുടങ്ങാതെ നടത്തുന്ന അടിയന്തിരങ്ങളാണ്. പണമേറെ ചെലവുള്ള ആ ആഘോഷങ്ങള്‍ക്ക് ഇനി നാലു മാസമെ ബാക്കിയുള്ളു… നാം അമൃതേത്ത് കഴിച്ചില്ലെങ്കിലും ശ്രീപത്മനാഭന്റെ കാര്യത്തില്‍ വീഴ്ച വരുത്തിക്കൂടല്ലൊ… കമ്പനിയുടെ അഹിതം കൂടാതെ കാര്യങ്ങള്‍ നടത്താന്‍ നമ്മുടെ ഖജനാവ് ഭദ്രമാണോ വൈക്കം ..
വൈക്കം പത്മനാഭപിള്ള:- ഭദ്രമാണു തമ്പുരാന്‍… ദളവയദ്ദേഹത്തിന്റെ കഠിന പരിശ്രമം കൊണ്ട് നികുതി കുടിശ്ശികകള്‍ കൃത്യമായി പിരിഞ്ഞു കിട്ടുന്നുണ്ട്. കണ്ടെഴുത്തു മൂലം ഭൂനികുതി ഇനത്തില്‍ നിന്നുള്ള വരവ് ആറു ലക്ഷമായിരുന്നത് എട്ടു ലക്ഷത്തി എണ്‍പത്തൊമ്പതിനായിരത്തി ഒരു നൂറ്റി അറുപത്തിരണ്ട് പണമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നത് കമ്പനിക്കു പോലും അറിയാത്ത രഹസ്യമാണ്.. കടക്കെണിയില്‍ നിന്നും തിരുവിതാംകൂര്‍ കരകയറിക്കൊണ്ടിരിക്കുന്നുവെങ്കിലും ഇംഗ്ലീഷ് കമ്പനിക്കുള്ള കപ്പം അടക്കേണ്ട എന്നാണ് ദളവയദ്ദേഹത്തിന്റെ കല്‍പ്പന..
ബാലരാമവര്‍മ്മ :- (ചിരിച്ചു കൊണ്ട്) തമ്പിയുടെ ബുദ്ധി അപാരം തന്നെ… പക്ഷെ കമ്പനിക്കാര്‍ അടങ്ങിയിരിക്കുമെന്ന് കരുതണ്ട… (ആലോചിച്ച് രണ്ട് ചുവട് നടന്ന് നെടുവീര്‍പ്പോടെ) തിരുവിതാംകൂര്‍ ദിവാന്‍ വേലുത്തമ്പിയെ അധികാര ഭ്രഷ്ടനാക്കേണ്ടത് കമ്പനിയുടെ താത്പര്യങ്ങള്‍ക്ക് അനിവാര്യമാണെന്ന് മദ്രാസ് ഗവര്‍ണ്ണര്‍ സര്‍ ജാര്‍ജ്ജു ബാര്‍ലോ ഗവര്‍ണ്ണര്‍ ജനറല്‍ മിന്റോ പ്രഭുവിന് എഴുതിയിരിക്കുന്നു വൈക്കം…
വൈക്കം പത്മനാഭപിള്ള :-വഴങ്ങാത്തവരെ വിഴുങ്ങാന്‍ കമ്പനി ശ്രമിക്കും മഹാരാജന്‍…
(ഒരു ഭടന്‍ പാത്രത്തില്‍ പാനകവുമായി കടന്നുവന്നു വിനയാന്വിതനായി നില്‍ക്കുന്നു)
ഭടന്‍ :- ശ്രീപത്മനാഭ ജയം
ബാലരാമവര്‍മ്മ :-എന്താണ് നമുക്കായി കൊണ്ടുവന്നിരിക്കുന്നത്…
ഭടന്‍ :- അടിയന്‍, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നരസിംഹസ്വാമിക്ക് നിവേദിച്ച പാനകമാണ് പ്രഭോ..സ്ഥാനപതി സുബ്ബയ്യനങ്ങുന്ന് കല്‍പ്പിച്ചതനുസരിച്ച് പെരിയ നമ്പി തന്നയച്ചതാണ്…
ബാലരാമവര്‍മ്മ :- ഉം.. തന്നോളു… (പാനകം വാങ്ങുന്നു. ഭടന്‍ മടങ്ങുന്നു) കേട്ടോ വൈക്കം.. നരസിംഹസ്വാമിയുടെ പാനകം ഉദരരോഗത്തിന് സിദ്ധൗഷധമാണ്. രണ്ടു ദിവസമായി നമുക്ക് ഉദരസുഖം പോരാ എന്ന് സുബ്ബയ്യനോടൊന്നു സൂചിപ്പിച്ചതേ ഉള്ളു… ഇതാ ഇപ്പോ പരിഹാരമായിരിക്കുന്നു… എന്തൊരു ശ്രദ്ധയാണ് സുബ്ബയ്യനു നമ്മുടെ കാര്യത്തില്‍ (കുടിക്കാന്‍ തുടങ്ങുമ്പോള്‍ കൊടുങ്കാറ്റുപോലെ കടന്നുവരുന്ന വേലുത്തമ്പി).
വേലുത്തമ്പി :- അരുത് തമ്പുരാന്‍… അത് കുടിക്കരുത്.. (പാനകം തട്ടിത്തെറിപ്പിക്കുന്നു. തമ്പുരാനും വൈക്കം പത്മനാഭപിള്ളയും സ്തംഭിച്ച് നില്‍ക്കുന്നു)
ബാലരാമവര്‍മ്മ :- (കോപത്തോടെ) എന്ത് ധിക്കാരമാണീക്കാട്ടുന്നത്…
വേലുത്തമ്പി :- പൊന്നുതമ്പുരാന്‍ പൊറുക്കണം.. ആ പാനകത്തില്‍ പാഷാണം കലര്‍ത്തിയിരുന്നു…
(വൈക്കവും ബാലരാമവര്‍മ്മയും ഞെട്ടിത്തരിച്ച് നില്‍ക്കുന്നു. ബാലരാമവര്‍മ്മ വിശ്വാസം വരാത്ത പോലെ വേലുത്തമ്പിയെ സമീപിച്ച്)
ബാലരാമവര്‍മ്മ :- എന്താ ചൊന്നത്.. പാഷാണമെന്നോ…, ഇല്ല…. നാമിത് വിശ്വസിക്കില്ല.
വേലുത്തമ്പി :- അങ്ങ് വിശ്വസിക്കുന്നവര്‍ തന്നെയാണ് അങ്ങേക്കിപ്പോള്‍ പാനകത്തില്‍ വിഷം തന്നത്… വലിയ ദിവാന്‍ രാജാകേശവദാസിനെ വകവരുത്തിയ അതേ മാര്‍ഗ്ഗം തന്നെ അങ്ങയെ വകവരുത്താന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന് ചാരന്മാര്‍ ചൊന്നിരുന്നു… എപ്പോള്‍ എവിടെ വച്ച് എന്ന കാര്യത്തിലെ സംശയമുണ്ടായിരുന്നുള്ളു…
ബാലരാമവര്‍മ്മ :- (നെഞ്ചില്‍ കൈവച്ച് തളര്‍ന്നിരിക്കുന്നു) എന്റെ ശ്രീപത്മനാഭാ…
വൈക്കം പത്മനാഭപിള്ള :- ആരാണീ കടുംകൈക്ക് മുതിര്‍ന്നത്. ആരായാലും അവര്‍ നാളെ സൂര്യോദയം കാണരുത്…
വേലുത്തമ്പി :- തിരുവിതാംകൂറിന്റെ അന്തപ്പുരത്തില്‍ വരെ സര്‍വ്വസ്വാതന്ത്ര്യവുമുള്ള, തിരുവിതാംകൂറിന്റെ ശമ്പളം പറ്റുന്ന ഒരുവനാണെങ്കിലോ…
ബാലരാമവര്‍മ്മ :- (ചാടി എഴുന്നേറ്റുകൊണ്ട്) എങ്കില്‍ ഇക്ഷണം നാമവന്റെ ഗളച്ഛേദം ചെയ്യും…
വേലുത്തമ്പി :- തമ്പുരാന്‍ ക്ഷമിക്കണം… തന്ത്രശാലിയായ ശത്രുവിനെ നേരിടുമ്പോള്‍ തിടുക്കം പാടില്ല മഹാരാജന്‍.. ശത്രുവിന്റെ അടുത്ത നീക്കങ്ങളറിയാന്‍ അയാള്‍ കുറച്ചു ദിവസം കൂടി ജീവിക്കണം… നമ്മുടെ ചാരന്മാര്‍ അയാള്‍ക്കു പിന്നാലെ നിഴല്‍ പോലെ കൂടിയിട്ടുണ്ട്…
ബാലരാമവര്‍മ്മ :- നമ്മെ വിശ്വാസമില്ലേ തമ്പിക്ക്… ആ രാജ്യദ്രോഹിയുടെ പേരെങ്കിലും നാമൊന്നു കേള്‍ക്കട്ടെ…
വേലുത്തമ്പി :- അത്… സ്ഥാനപതി സുബ്ബയ്യനാണങ്ങുന്നേ..
ബാലരാമവര്‍മ്മ :- എന്ത്…
വേലുത്തമ്പി :- അതെ മഹാരാജന്‍ അയാള്‍ കൊട്ടാരത്തിനുള്ളില്‍ നിയോഗിക്കപ്പെട്ട മെക്കാളെയുടെ ചാരനാണ്…
ബാലരാമവര്‍മ്മ :- കൊട്ടാരത്തിലെ കരിങ്കല്‍ത്തൂണിനെപ്പോലും വിശ്വസിക്കാന്‍ വയ്യാണ്ടായല്ലോ എന്റെ ശ്രീ പത്മനാഭാ…
വേലുത്തമ്പി :- ഉടമ്പടിയുടെ ചതിക്കെണിയില്‍പ്പെടുത്തി തിരുവിതാംകൂറിന്റെ ഭരണം പിടിക്കാന്‍ കമ്പനി ശ്രമിക്കുമ്പോള്‍ അവര്‍ക്കു മുന്നിലുള്ള തടസ്സങ്ങളാണ് അങ്ങും അടിയനുമൊക്കെ… ഒന്നുറപ്പിച്ചു കൊള്ളു… ഈ തലക്കുളത്ത് വേലുത്തമ്പിയുടെ ഉടലില്‍ ഉയിരുള്ള കാലം അങ്ങേയ്ക്കും ഈ നാടിനും ഒന്നും സംഭവിക്കില്ല… (ഉറയില്‍ നിന്നും വലിച്ചൂരിയ ഉടവാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്) ശ്രീപത്മനാഭനാണേ സത്യം…. (മഹാരാജാവ് കൃതജ്ഞതാഭരിതനായി നില്‍ക്കുന്നു. വൈക്കം പത്മനാഭപിള്ളയുടെ കൈ അരയിലെ ഉടവാളില്‍ പിടിമുറുക്കുന്നു. എല്ലാവരും ചുവന്ന പ്രകാശവലയത്തില്‍)
രംഗം-14
(വേലുത്തമ്പിയുടെ കച്ചേരി മാളിക. മുറ്റത്ത് അക്ഷമനായി ഉലാത്തുന്ന വൈക്കം പത്മനാഭപിള്ള. അകത്തളത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന വേലുത്തമ്പി. വേലുത്തമ്പിയെ കണ്ട് ഭവ്യത കാട്ടുന്ന വൈക്കം)
വേലുത്തമ്പി :-വൈക്കം വന്നിട്ടേറെ നേരമായോ.
വൈക്കം പത്മനാഭപിള്ള :-അല്‍പ്പനേരമായെങ്കിലും അങ്ങയുടെ ജപസാധനകള്‍ മുടക്കേണ്ടന്നു കരുതി വിളിക്കാഞ്ഞതാണ്.
വേലുത്തമ്പി :- (പുഞ്ചിരിയോടെ) ഉം… നന്നായി.. എന്തൊക്കെയാണ് വൃത്താന്തങ്ങള്‍..
വൈക്കം പത്മനാഭപിള്ള :- കരമൊടുക്കാന്‍ ഇനിയുമമാന്തിച്ചാല്‍ ദളവയെ പുറത്താക്കാന്‍ കമ്പനി ആലോചിക്കുന്നു…
വേലുത്തമ്പി :- (ആലോചിച്ചുകൊണ്ട്) ഉം…. നാമറിഞ്ഞു … എന്നുമാത്രമല്ല കമ്പനിയെ കപ്പം കൊടുക്കാതെ കബളിപ്പിച്ചു നടക്കുന്ന വേലുത്തമ്പിയെ പിടിച്ചുകെട്ടി വലിയതുറ കടലിലെറിയണമെന്ന് മെക്കാളെ വാറോല അയച്ചെന്നും കേട്ടു…
വൈക്കം പത്മനാഭപിള്ള :- ആര്‍ക്ക്
വേലുത്തമ്പി :- മറ്റാര്‍ക്ക്, കമ്പനിയുടെ വിശ്വസ്തന്‍ സുബ്ബയ്യന്…
വൈക്കം പത്മനാഭപിള്ള :- (കോപത്തോടെ) അതിനു മാത്രം ആ പരദേശിപ്പരിഷകള്‍ വളര്‍ന്നിട്ടില്ല … ആ ധിക്കാരിയായ വെള്ളപ്പിശാചിന് മനസ്സിലാകുന്ന ഭാഷയില്‍ നാം സംസാരിക്കേണ്ടിയിരിക്കുന്നു…
വേലുത്തമ്പി :- അവര്‍ക്കു മനസ്സിലാകുന്ന ഒരു ഭാഷയേ ഉള്ളു… യുദ്ധത്തിന്റെ ഭാഷ… കരയും കടലും നിറയുന്ന തുറന്ന യുദ്ധത്തിന്റെ ഭാഷ…
വൈക്കം പത്മനാഭപിള്ള :- ഉചിതമായ തീരുമാനം…എല്ലാം കൊണ്ടും കാര്യങ്ങള്‍ ഇപ്പോള്‍ നമുക്കനുകൂലമാണങ്ങുന്നേ… ഉത്തര ദിക്കില്‍ ഇംഗ്ലീഷുകാരും മറാത്തക്കാരും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് നമ്മുടെ ചാരന്‍ കുതിരപ്പക്ഷി അറിയിക്കുന്നത് കൊച്ചിയുടെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി തെറ്റിപ്പിരിഞ്ഞ നടവരമ്പ് കുഞ്ഞുകൃഷ്ണമേനോന് കേണല്‍ മെക്കാളെ അഭയം നല്‍കിയതിനാല്‍ പാലിയത്തച്ചനും മെക്കാളെയും തമ്മില്‍ കടുത്ത ശത്രുത ഉടലെടുത്തിരിക്കുന്നു. നാം തുറന്ന യുദ്ധം തുടങ്ങിയാല്‍ ഫ്രഞ്ചുകാരും റഷ്യക്കാരും പേര്‍ഷ്യന്‍ കടലിടുക്കിലൂടെ നമുക്കനുകൂലമായി സേനാനീക്കം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
വേലുത്തമ്പി :- ഉം.. കാലമനുകൂലമാകുമ്പോള്‍ കാത്തിരിക്കുന്നത് ബുദ്ധിയല്ല.. മലബാറില്‍ നിന്ന് സാമൂതിരിയുടെ പിന്‍തുണ തേടി നാം അയച്ച ഓലയ്ക്ക് ഉടന്‍ മറുപടി എത്തും.. പക്ഷേ… തുറന്ന യുദ്ധത്തിലേക്ക് നീങ്ങുംമുമ്പെ ആ വെളുത്ത പിശാചിനെ അവസാനിപ്പിക്കണം.
വൈക്കം പത്മനാഭപിള്ള :- ആരെ..
വേലുത്തമ്പി :- കേണല്‍ മെക്കാളെയെ…
വൈക്കം പത്മനാഭപിള്ള :- എങ്ങിനെ, എവിടെ വച്ച്…
വേലുത്തമ്പി :- കൊച്ചിക്കായലില്‍ പോണിക്കരയിലുള്ള ബംഗ്ലാവില്‍ വച്ച് നാമയാളെ വധിക്കാന്‍ പോകുന്നു. കൊച്ചിയില്‍ പാലിയത്തച്ചനും സൈന്യവും നമുക്ക് സഹായത്തിനുണ്ടാകും.. അതിനു മുമ്പ് അടിയന്തിരമായ ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്…
വൈക്കം പത്മനാഭപിള്ള :- അങ്ങ് കല്‍പ്പിച്ചാലും..
വേലുത്തമ്പി :- നാം ജനകീയസേനയിലാണ് വിശ്വസിക്കുന്നത്. നായര്‍ പടയാളികള്‍ക്കൊപ്പം കളരി പാരമ്പര്യവും പോരാട്ടവീര്യവുമുള്ള ഈഴവ യുവാക്കളടക്കമുള്ള എല്ലാ വിഭാഗങ്ങളെയും സേനയില്‍ ഉള്‍പ്പെടുത്തണം. ഇനിയുള്ള യുദ്ധങ്ങളില്‍ നാവികപ്പടയ്ക്ക് വലിയ സംഭാവനകള്‍ ചെയ്യാനുണ്ടാവും. അതുകൊണ്ട് ജലയുദ്ധ നിപുണനായ ചെമ്പിലരയന്റയും സംഘത്തിന്റെയും സഹായം നമ്മുടെ നാവിക സേനക്ക് മുതല്‍ക്കൂട്ടാവും… നാഗര്‍കോവിലിനു തെക്ക് കടലോര ഗ്രാമങ്ങളില്‍ നിന്നും നാഗാമണി നാടാര്‍ പരിശീലിപ്പിച്ചെടുത്ത എണ്ണായിരം നാടാര്‍ യുവാക്കള്‍ നമ്മുടെ ജനകീയ സേനയുടെ കരുത്താണ്… ഇപ്പോള്‍ എല്ലാപേരും ഒന്നിച്ചിളകി ആയുധമെടുത്തടരാടിയാല്‍ മേലില്‍ വെള്ളക്കാരുടെ വാഴ്ചയും മേല്‍ക്കോയ്മയും ഈ പെറ്റ നാടിനുണ്ടാവില്ല…
വൈക്കം പത്മനാഭപിള്ള :- കര്‍ണ്ണാട്ടിക് സേനക്കൊപ്പം ജനകീയസേനയെ ശക്തമാക്കുന്ന പ്രവര്‍ത്തനം അടിയന്‍ കുറച്ചുകാലമായി ശ്രദ്ധിച്ചു പോന്നിരുന്നങ്ങുന്നേ… എന്നുമാത്രമല്ല നമ്മുടെ ചാവേറ്റു കുപ്പിണികള്‍ മെക്കാളെയുടെ ഉറക്കം കെടുത്തുന്നുമുണ്ട്.
വേലുത്തമ്പി :- നല്ലത്…. തിരുനെല്‍വേലി മാര്‍ഗ്ഗത്തിലുള്ള തിരുവിതാംകൂര്‍ ദുര്‍ഗ്ഗനിരകള്‍ കേടുപാടുകള്‍ തീര്‍ത്ത് അടിയന്തിരമായി പീരങ്കികള്‍ നിരത്തണം. ആരുവാമൊഴിയിലും ഉദയഗിരിക്കോട്ടയിലും ചെങ്കോട്ടയിലും പറവൂരുമുള്ള രാജ്യത്തിന്റെ കാവല്‍മാടങ്ങള്‍ സുശക്തമാക്കണം. കാരണം മെക്കാളെ ആക്രമിക്കപ്പെടുന്ന നിമിഷം മുതല്‍ വെള്ളപ്പട സര്‍വ്വ ശക്തിയിലും തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വൈക്കം അടിയന്തിരമായി നമ്മുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുക. പാലിയത്തച്ചനുമായി ചേര്‍ന്ന് നടത്തേണ്ട സംയുക്ത സേനാനീക്കത്തിന്റെ അവസാനവട്ട ആസൂത്രണങ്ങള്‍ വിലയിരുത്തി നമ്മെ അറിയിക്കുക.
വൈക്കം പത്മനാഭപിള്ള :- (തല കുനിച്ച്) ഇതാ അടിയന്‍ തിരിച്ചു കഴിഞ്ഞു… (അയാള്‍ പുറത്തേക്ക് നീങ്ങുമ്പോള്‍ അകത്തേക്ക് വരുന്ന സുബ്ബയ്യന്‍.ഇരുവരുടെയും കണ്ണുകള്‍ ഇടയുന്നു. സുബ്ബയ്യനെ രൂക്ഷമായി നോക്കിക്കൊണ്ട് വേഗം പുറത്തേക്ക് പോകുന്ന വൈക്കം പത്മനാഭപിള്ള. ആലോചനയില്‍ മുഴുകി നില്‍ക്കുന്ന വേലുത്തമ്പിയെ സമീപിച്ച് അമിത വിനയം നടിച്ചുകൊണ്ട്)
സുബ്ബയ്യന്‍ :- തിരുവിതാംകൂറോട് ദളവയ്ക്ക് എന്നുടയ പനിവാര്‍ന്ത വണക്കം…
വേലുത്തമ്പി :- (പരിഹാസപൂര്‍വ്വം) ഹ… ഹ… കരമൊടുക്കാത്ത ദളവയെ വലിയതുറ കടലില്‍ കെട്ടിത്താഴ്ത്താന്‍ കമ്പനി അയച്ചതാവും…
സുബ്ബയ്യന്‍ :- നീങ്കള്‍ എന്നൈ റൊമ്പ തപ്പാ പൊറിഞ്ചിറിക്കീര്‍കള്‍…നാന്‍ എന്റും തിരുവിതാംകൂറോട് നന്‍മയൈ മട്ടും താന്‍ നമ്പിയിറുക്കേന്‍….
വേലുത്തമ്പി :- എന്നു നാം വിശ്വസിക്കണം. ആട്ടെ ഇപ്പോള്‍ എന്തു നന്മയുമായിട്ടാണ് ആഗതനായിരിക്കുന്നത്…
സുബ്ബയ്യന്‍ :- കര്‍ണ്ണാട്ടിക് സേനയുടൈ മുന്‍നായകന്‍ ഡാലി സായ്‌വ് താന്‍ എന്നൈ ഇങ്കൈ അമൈച്ചാര്‍…
വേലുത്തമ്പി :- എന്താണാവോ കാര്യം..
സുബ്ബയ്യന്‍ :- നീങ്കള്‍ ദളവാസ്ഥാനം രാജിവയ്ക്കറുതര്‍ക്ക് സന്നദ്ധത തെര്യപ്പെടുത്തിക്കൊണ്ട് കേണല്‍ മെക്കാളെയ്ക്ക് ഓലൈ അനുപ്പിനതാക ഡാലിസായ്‌വ് ശൊന്നാര്‍… ഇത് ഉണ്‌മൈതാനാ…
വേലുത്തമ്പി :- ഉം… സത്യമാണ് സുബ്ബയ്യന്‍… മെക്കാളെയും നാമും എന്തായാലും ചേര്‍ന്നുപോവില്ല.. പിന്നെ രാജിയാണ് ഭേദമെന്നു തോന്നി..
സുബ്ബയ്യന്‍:- (കപട സങ്കടം നടിച്ചുകൊണ്ട്) റൊമ്പ കഷ്ടമാച്ച് … ഉങ്കളുടെ രാജി തിരുവിതാംകൂറുക്ക് പെരുത്ത നഷ്ടം…
വേലുത്തമ്പി :- കേണല്‍ മെക്കാളെ നമ്മെ പുറത്താക്കും മുമ്പ് രാജിവയ്ക്കുന്നതല്ലെ നല്ലത്.
സുബ്ബയ്യന്‍:- ദളവാസ്ഥാനം രാജിവയ്ക്കറുതര്‍ക്ക് എന്ന എന്ന നിബന്ധനൈ എന്റ് തെരിയിതരര്‍ക്ക് കമ്പനി അടിയന്നെ ശുമതലൈപ്പെടുത്തിയിരിക്കിറാര്‍…
വേലുത്തമ്പി :- മലബാറിലെവിടെയെങ്കിലും പോയി സൈ്വര്യമായി ജീവിക്കണം.. തിരുവിതാംകൂറില്‍ നമുക്ക് ശത്രുക്കളേറെയാണ്…
സുബ്ബയ്യന്‍ :- മെക്കാളെ സായ്‌വിനോടും ഡാലിസായ്‌വിനോടും ശൊല്ലി നാന്‍ തേവയാനതു ശെയ്കി റേന്‍..
വേലുത്തമ്പി :- അതുമാത്രം പോരാ.. തിരുവിതാംകൂര്‍ രാജ്യാതിര്‍ത്തി സുരക്ഷിതമായി കടക്കുംവരെ മെക്കാളെയുടെ സുരക്ഷാസേനയും മഞ്ചലും അമാലന്മാരുമൊക്കെ നമുക്ക് അകമ്പടി സേവിക്കണം…
സുബ്ബയ്യന്‍:- കണ്ടിപ്പാ വേണ്ടതു താന്‍… ഉങ്കളുടെ ആഗ്രഹം പോലെ എല്ലാ ഏര്‍പ്പാടുകളും ശെയ്തുകൊള്‍വേന്‍…
വേലുത്തമ്പി :- എങ്കില്‍ നമ്മുടെ രാജി പത്രം നാളെത്തന്നെ മഹാരാജാവിന്റെ സമക്ഷത്ത് സമര്‍പ്പിക്കുന്നതായിരിക്കും… (മഞ്ഞപ്രകാശവൃത്തത്തില്‍ നിഗൂഢ മന്ദസ്മിതത്തോടെ നില്‍ക്കുന്ന വേലുത്തമ്പി)