ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തെപ്പറ്റി കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? ലോകപ്രശസ്തമായ ഈ ക്ഷേത്രം വാസ്തുവിദ്യയിലും ചടങ്ങുകളിലും തികച്ചും വ്യത്യസ്തമാണ്. ഇവിടത്തെ രഥോത്സവം അതിപ്രശസ്തമാണ്. ഈ ക്ഷേത്രത്തിലെ വിഗ്രഹമായ ജഗന്നാഥ പ്രഭുവിന് ഒരു പ്രത്യേകതയുണ്ട്. വിഗ്രഹത്തിന് കൈകാലുകളില്ലാത്ത രൂപത്തിലാണ് പ്രതിഷ്ഠ. എന്താണങ്ങനെ?
അതെപ്പറ്റി ഒരു കഥയുണ്ട്. പറയാം. ശ്രദ്ധിച്ചു കേട്ടോളൂ. സത്യയുഗത്തില്‍ ഇന്ദ്രദ്യുമ്‌നന്‍ എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദൈവഭക്തിയും ധര്‍മ്മശീലവും വളരെ പ്രശസ്തമായിരുന്നു. മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പ്രതിഷ്ഠിക്കേണ്ട വിഗ്രഹത്തെപ്പറ്റി ചിന്താക്കുഴപ്പം മാറിയില്ല. ഒരു രാത്രി ക്ഷേത്രത്തില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ അദ്ദേഹം ഉറങ്ങിപ്പോയി. ഉറക്കത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് തന്റെ അവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിഗ്രഹം തീര്‍ത്ത് ആരാധിക്കാന്‍ ഉപദേശിച്ചു. ക്ഷേത്രത്തിന് സമീപത്തുള്ള കടല്‍ത്തീരത്ത് ഓളങ്ങളില്‍ ഒരു തടിക്കട്ട കാണാമെന്നും, അതെടുത്ത് വിഗ്രഹം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് മഹാവിഷ്ണു അപ്രത്യക്ഷനായി. ഉറക്കമുണര്‍ന്ന രാജാവ് കടല്‍ക്കരയില്‍ പ്രത്യേകതരത്തിലുള്ള തടിക്കട്ട കണ്ട് ആശ്ചര്യപ്പെട്ടു. കല്ലും തടിയുമല്ലാത്ത ആ പ്രത്യേക വസ്തുകൊണ്ട് ദേവശില്പം സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. രാജാവ് ക്ഷണിച്ചു കൊണ്ടുവന്ന ശില്പികളെല്ലാം നിസ്സഹായത അറിയിച്ച് മടങ്ങിപ്പോയപ്പോള്‍ ഏറെ സമര്‍ത്ഥനായ ഒരു ശില്പി രാജാവിനെ മുഖം കാണിച്ചു.
‘ഞാന്‍ വിഗ്രഹം നിര്‍മ്മിച്ചു നല്കാം’ അയാള്‍ പറഞ്ഞു ‘ഒരു നിബന്ധനയോടു കൂടി മാത്രം.’
‘എന്താണത്?’ രാജാവ് ചോദിച്ചു.
‘ക്ഷേത്രത്തിനകത്ത് വാതിലടച്ചിരുന്നാണ് ശില്പ നിര്‍മ്മാണം. അതിനിടയില്‍ ആരും വാതിലില്‍ മുട്ടുകയോ തുറന്ന് അകത്തു വരികയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍, ആ നിമിഷം ഞാന്‍ നിര്‍മ്മാണം ഉപേക്ഷിച്ച് പോകും. വിഗ്രഹത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഞാന്‍ തന്നെ വാതില്‍ തുറന്ന് പുറത്തുവരാം.’
രാജാവ് നിബന്ധന സമ്മതിച്ചു. ശില്പിവിഗ്രഹ നിര്‍മ്മാണം ആരംഭിച്ചു ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ശില്പി വാതില്‍ തുറന്നില്ല.
എന്താണിത്ര താമസം? ക്ഷമ നശിച്ച് രാജപത്‌നി ജോലി എവിടെവരെ എത്തി എന്നറിയാന്‍ വാതിലില്‍ മുട്ടി.
വാതില്‍ തുറക്കപ്പെട്ടു. പക്ഷേ ശില്പി ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല. ശില്പം അപൂര്‍ണ്ണമായി കാണപ്പെട്ടു. ശില്പത്തിന് കൈകാലുകള്‍ ഉണ്ടായിരുന്നില്ല.
രാജാവിന് അസന്തുഷ്ടി അനുഭവപ്പെട്ടു.
അന്നു രാത്രി രാജാവ് ഉറങ്ങുമ്പോള്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. ശില്പിയുടെ രൂപത്തില്‍ വന്നത് സാക്ഷാല്‍ വിശ്വകര്‍മാവാണെന്നും അപൂര്‍ണ്ണമായ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ജഗന്നാഥ പ്രഭുവിനെ ആരാധിക്കാനും ഉപദേശിച്ച് അപ്രത്യക്ഷനായി.
ആ രൂപമാണ് പുരിജഗന്നാഥക്ഷേത്രത്തിലെ അപൂര്‍ണ്ണവിഗ്രഹം.