പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇസ്രായേല്‍-ഹമാസ് യുദ്ധം എന്ന നിലയില്‍ നിന്ന് ഇറാനില്‍ കൂടെ വ്യാപിച്ച് മേഖലയാകെ സംഘര്‍ഷത്തിന്റെ നിഴലില്‍ എത്തിച്ചിരിക്കുന്നു. അമേരിക്കയുടെ ഇടപെടല്‍ സംഘര്‍ഷത്തെ കൂടുതല്‍ രാജ്യങ്ങളില്‍ എത്തിക്കുമോ, അതോ ഇറാനില്‍ കൂടെ ഒതുങ്ങി ഇറാനിലെ ഭരണമാറ്റം യഥാര്‍ത്ഥ്യമാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക ഭരണം ആരംഭിക്കുകയും ചെയ്തതോടെ അമേരിക്കയും ഇറാനും തമ്മില്‍ ശത്രുതയുടെയും, ഉപരോധത്തിന്റെയും ഭീഷണിയുടെയും പരസ്പര ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുന്നോട്ടു പോയത്. നാല്പത്തിയാറു വര്‍ഷത്തെ ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സാദ്ധ്യത ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെയും ഇറാന്റെ പ്രോക്‌സികളായി(Proxy)പ്രവര്‍ത്തിക്കുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നീ തീവ്രവാദ സേനകള്‍ കൂടെ രംഗത്തു വരുകയും ചെയ്തതോടെ അമേരിക്കയ്ക്ക് തുറന്നു നല്‍കിയിരിക്കുന്നു. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ 1252 പേരുടെ ജീവനെടുത്ത് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നും 256 പേരെ ഹമാസ് ബന്ധികളാക്കിയതോടെയും ആരംഭിച്ച ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന്റെ ഇനിയുള്ള വ്യാപ്തിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
അമേരിക്ക ഇറാനെ ലക്ഷ്യമാക്കി യുദ്ധത്തില്‍ അണിചേരുമ്പോള്‍:
ഇറാനിലെ ഇസ്ലാമിക ഭരണകൂടം തുടക്കം മുതല്‍ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സാന്നിദ്ധ്യത്തെയും മേല്‍ക്കോയ്മയെയും ശക്തമായി എതിര്‍ത്തുകൊണ്ടാണ് നിലനില്‍ക്കുന്നത്. നാല്പത്തി അഞ്ചുവര്‍ഷത്തെ അമേരിക്കന്‍ ഉപരോധവും പില്‍ക്കാലത്തെ യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധവും അവഗണിച്ചാണ് ഇറാനിലെ പരമാധികാരികളായ അന്തരിച്ച ആയത്തുള്ള ഖൊമേനിയും, നിലവിലുള്ള ആയത്തുള്ള അലി ഖൊമേനിയും ആ രാജ്യത്തെ നയിക്കുന്നത്. ഇറാനെതിരായ അമേരിക്കയുടെ നീക്കങ്ങള്‍ക്ക് സാദ്ധ്യതയേറിയത്, ആണവനിരായുധ കരാറില്‍ ഒപ്പുവച്ച ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ആണവ ശക്തിയായി മുന്നേറാന്‍ ശ്രമിക്കുന്നു എന്ന ധാരണ പരന്നതോടെയാണ്. ആണവ നിരായുധകരാര്‍ പ്രകാരം ഒപ്പുവച്ചരാജ്യങ്ങള്‍ക്ക് സമാധാന ആവശ്യങ്ങള്‍ക്കായി 3.6% യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കുന്നതാണ്. ഇന്ത്യ, പാകിസ്ഥാന്‍, ഉത്തരകൊറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ആണവ നിരായുധ കരാറില്‍ ഒപ്പുവയ്ക്കാത്ത പ്രമുഖരാജ്യങ്ങള്‍. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ആണവ എനര്‍ജി ഏജന്‍സിയ്ക്ക് കരാറില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ പരിശോധിക്കാനുള്ള അനുവാദം ഉണ്ട്.
അന്താരാഷ്ട്ര ആണവ എനര്‍ജി ഏജന്‍സിയാണ് (IAEA) ഇറാനിലെ ആണവ പദ്ധതിയില്‍ സംശയമുന്നയിച്ചത്. 35 അംഗരാജ്യങ്ങളുള്ള ആണവ ഏജന്‍സിയുടെ ബോര്‍ഡാണ് ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇറാന്റെ കരാര്‍ ലംഘനം ഉന്നയിച്ചിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2015ല്‍ ഇറാന്റെ മുകളിലുള്ള ഉപരോധം ഒഴിവാക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും അഞ്ചു വന്‍ശക്തി രാജ്യങ്ങളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി കരാര്‍ ഉണ്ടാക്കി. എന്നാല്‍ 2015ലെ ഈ കരാറും ഇറാന്‍ ലംഘിച്ചു. ഇറാന്റെ ആണവ ആയുധം നിര്‍മ്മിക്കാനുള്ള പദ്ധതി വളരെ വേഗം മുന്നോട്ടുപോയി. ഇന്ന് ഇറാന്‍ 60 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നേടി എന്നാണ് കരുതപ്പെടുന്നത്. എല്ലാ പൗരസ്വതന്ത്ര്യവും തകര്‍ത്ത്, സ്ത്രീ സ്വാതന്ത്ര്യം ഇല്ലാത്ത, മതമൗലികവാദ രാജ്യമായ ഇറാന്‍ ആണവ ശക്തിയാകുന്നത് ഒന്ന്, ഇറാന്‍ അംഗീകരിച്ച 1970ലെ കരാറും 1974ല്‍ അംഗീകരിക്കപ്പെട്ട ആണവ ആയുധ നിര്‍മ്മാണ പ്രോട്ടോകോളിന്റെയും ലംഘനമാണ്. രണ്ട്, ഒരു മത ഭരണകൂടം, അതും തീവ്രവാദശക്തികളെ പ്രോക്‌സികളാക്കി മുന്നേറുന്ന ഇറാന്‍ ഇസ്രായേലിനും മേഖലയിലെ മറ്റു സമാധാന കാംക്ഷികളായ ഇസ്ലാമിക രാജ്യങ്ങള്‍ക്കും, ലോകത്തിനാകെയും ഉയര്‍ത്തുന്ന ഭീഷണി. നിരന്തരമായി ഇറാനിയന്‍ ഭരണകൂടം അമേരിക്കയ്ക്കും ഇസ്രായേലിനും ജി.സി.സി. (G-C-C) രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ. ബഹറിന്‍ എന്നിവയ്ക്കും നല്‍കുന്ന ഭീഷണി ചെറുതായി കാണാന്‍ കഴിയില്ല. ഈ പശ്ചാത്തലത്തില്‍ അമേരിക്ക കാത്തിരിക്കുന്ന അവസരം വീണുകിട്ടി എന്നുമാത്രമല്ല, ഇറാനെ ആണവായുധ ശക്തിയാക്കുന്നത് ലോകത്തിനു തന്നെ വിനാശകരമാകും എന്നതു കൂടെ ഒന്നിച്ചു വായിക്കണം.
ഇറാന് ആണവ ശക്തിയാകാന്‍ അവകാശമില്ലേ എന്ന് ചോദിക്കുന്ന കേരളത്തിലെ ഇടത്-ഇസ്ലാമിസ്റ്റ് ബുദ്ധികേന്ദ്രങ്ങളുടെ ചോദ്യം ഒറ്റനോട്ടത്തില്‍ ശരിയല്ലേ എന്ന് കരുതന്നവരാണ് കേരളത്തില്‍ ഭൂരിപക്ഷവും. എന്നാല്‍ മതാന്ധതയുടെ ഒരു രാജ്യം, ഇസ്ലാമിക മതരാഷ്ട്രക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു രാജ്യം, പശ്ചിമേഷ്യയില്‍ നാശം കൊയ്യുന്ന ഇസ്ലാമിക തീവ്രവാദ സേനകളായ ഹുതി, ഹമാസ്, ഹിസ്ബുള്ള, മറ്റു ഷിയാ മിലിഷ്യകള്‍ എന്നിവയെ (shia Militia) പ്രോത്സാഹിപ്പിക്കുന്ന രാജ്യം, സമാധാന കാംക്ഷികളായ ഇസ്ലാമിക രാജ്യങ്ങള്‍ക്ക്, വിശേഷിച്ച് മുപ്പതുലക്ഷം മലയാളികള്‍ ജോലിചെയ്യുന്ന ഗള്‍ഫിലെ ആറു ജി.സി.സി രാജ്യങ്ങള്‍ക്ക് നിരന്തര ഭീഷണിയായ ഇറാന്‍ ആണവശക്തിയാകുന്നത് ലോക താല്പര്യത്തിനും, ഭാരതത്തിന്റെ താല്പര്യത്തിനും, എന്തിന് ഗള്‍ഫ്‌മേഖലയെ ആശ്രയിക്കുന്ന കേരളത്തിലെ മുപ്പതുലക്ഷത്തോളം കുടുംബങ്ങളുടെ താല്പര്യത്തിനും എതിരാണ്. ഇടതു-ഇസ്ലാമിസ്റ്റ് മാധ്യമ ശൃംഖലയുടേയും, സി.പി.എം-കോണ്‍ഗ്രസ് എന്നിവരുടെയും ഇറാന്‍ അനുകൂല പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം.
പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇറാനില്‍ ഭരണമാറ്റം അനിവാര്യം
പശ്ചിമേഷ്യയെ അശാന്തമാക്കി ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെ വാള്‍മുനയിലാക്കിയത് മൂന്നു ശക്തികളാണ്. ഒന്ന്, ഇറാനിലെ ഇസ്ലാമിക വിപ്ലവം നയിച്ച് 1979-ല്‍ അധികാരത്തില്‍ വന്ന ആയത്തുള്ള ഖൊമേനി. രണ്ട്, 1979 ഡിസംബറില്‍ അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അട്ടിമറിച്ച് പാവ സര്‍ക്കാരിലൂടെ അധികാരം കയ്യടക്കിയ സോവിയറ്റ് യൂണിയന്‍. മൂന്ന് സോവിയറ്റ് യൂണിയനെ നേരിടാന്‍ ഇസ്ലാമിക ഭീകര സംഘടനകളെയും, പാകിസ്ഥാനെയും പോഷിപ്പിച്ച അമേരിക്ക. അമേരിക്കന്‍ തണലിലാണ് ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ഭരണം കയ്യടക്കാന്‍ കഴിഞ്ഞത്.
ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവത്തിന് ലോകത്തിലെയാകെ മുസ്ലീങ്ങളുടെ ജീവിതക്രമത്തെയും രാഷ്ട്രീയ ബന്ധങ്ങളെയും മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദം വളര്‍ന്നത് 1979നുശേഷമുള്ള കഴിഞ്ഞ നാല്പത്തിയാറുവര്‍ഷങ്ങളിലാണ്. ആധുനികതയുടെയും വികസനത്തിന്റെയും പാതയില്‍ മുന്നേറിയ ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്നിലായി. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈറ്റ്, ബഹറിന്‍, മൊറോക്കോ, ടുണീഷ്യ എന്നീ എട്ടു രാജ്യങ്ങള്‍ ഒഴിച്ചാല്‍, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദശക്തികളുടെ കീഴിലായി. ഈ രാജ്യങ്ങളിലെല്ലാം ജനാധിപത്യവും, പൗരസ്വാതന്ത്ര്യങ്ങളും, സ്ത്രീസ്വാതന്ത്ര്യവും, സ്ത്രീകളുടെ വിദ്യാഭ്യാസവും എല്ലാം നഷ്ടമായി. സുന്നി-ഷിയാ വ്യത്യാസമില്ലാതെ സമാധാനത്തില്‍ വിശ്വസിച്ചിരുന്ന മുസ്ലീം ജനതയെ ആകെ മതാന്ധതയുടെ നിഴലിലാക്കി. ഇസ്ലാമിക ജനസമൂഹത്തിന്റെ ഭൗതികവളര്‍ച്ചയെ മതാന്ധതയില്‍ തളച്ച്, നിറങ്ങളുടെ ലോകത്തില്‍ നിന്നും കറുപ്പിലേയ്ക്ക് മാത്രം ഒതുക്കുന്ന സാഹചര്യം ലോകമൊമ്പാടും ഉണ്ടായി. ഈ അടുത്തകാലത്ത് ഇറാനി സ്ത്രീകള്‍ മുടിമുറിച്ച് കറുത്തവസ്ത്രം ബഹിഷ്‌കരിച്ചു നടത്തിയ സമരത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയോ ജയിലിലാകുകയോ ചെയ്തു.
ഇസ്ലാമിക ഭീകരവാദം തകര്‍ത്ത രാജ്യങ്ങളുടെ പട്ടിക വളരെ വലുതാണ്. നമ്മുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും, ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും ഇതിന് ഇരയായി. മാത്രമല്ല ഒരുകാലത്ത് പുരോഗമന പാതയില്‍ മുന്നേറിയ ഇറാക്ക്, ലിബിയ, സിറിയ, ഈജിപ്ത്, ലെബനന്‍, നൈജീരിയ, സോമാലിയ, യെമന്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ആഭ്യന്തര യുദ്ധങ്ങളാലും മതമൗലികവാദികളാലും തകര്‍ന്നു. നൂറുകണക്കിന് ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ വളര്‍ന്നു. ലോകം മുഴുവനും ഭാരതം ഉള്‍പ്പെടെ ഭീകരാക്രമണങ്ങളുടെ നിഴലിലായി. ഇറാനിലെ ഭരണകൂടം ഷിയാ വിഭാഗം നയിക്കുന്ന മതമൗലിക ഭരണമാണെങ്കിലും, ഏറ്റവും കൂടുതല്‍ ബലിയാടായ രാജ്യങ്ങള്‍ സുന്നി രാജ്യങ്ങളാണ്. എല്ലാവിഭാഗം തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളും മാതൃകയാക്കുന്നത് ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെയാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിക രാജ്യങ്ങളുടെ മുന്നേറ്റത്തിന് ഇറാനിലെ ഭരണക്രമവും ആശയവും തകര്‍ക്കപ്പടുക തന്നെ വേണം. ലോകത്തിലെ മുസ്ലിം ജനസമൂഹത്തിനാണ് അത് കൂടുതല്‍ ഗുണകരമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഓര്‍മ്മിപ്പിച്ചതുപോലെ ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല. ജനങ്ങളെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേയ്ക്ക് നയിക്കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. തിന്മയുടെ ശക്തികളെ തകര്‍ക്കുക തന്നെ വേണം. പാകിസ്ഥാനോട് ശക്തമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ ഇന്ന് താരതമ്യേന ഭീകരാക്രമണങ്ങള്‍ കുറഞ്ഞത്. തീവ്രവാദശക്തികള്‍ നശിച്ചിട്ടില്ല, അവര്‍ അവസരം നോക്കി കഴിയുകയാണ് എന്ന് കരുതിയാല്‍ മതി.
ഇസ്രായേല്‍ – ഇറാന്‍ യുദ്ധത്തില്‍ ഭാരതം നിഷ്പക്ഷമാകുന്നത് എന്തുകൊണ്ട്?
അന്താരാഷ്ട്ര ബന്ധങ്ങളില്‍ രാജ്യത്തിന്റെ താല്പര്യം മാനിച്ചുകൊണ്ട് മാത്രമേ ഭരണകൂടങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയൂ. ഇസ്രായേലുമായും ഇറാനുമായും നമ്മുടെ ബന്ധങ്ങള്‍ ഊഷ്മളമാണ്. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഗ്യാസ് പൈപ്പ് പദ്ധതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിമിതി ഉണ്ടായെങ്കിലും 2018ലെ കരാര്‍പ്രകാരം ഇറാനിലെ ചാബഹാര്‍ പോര്‍ട്ട് (chabahar port) ഇന്ത്യയാണ് ഇന്ന് നടത്തുന്നത്. മദ്ധ്യ ഏഷ്യയിലേയ്ക്കുള്ള ഭാരതത്തിന്റെ കവാടമായി അത് പ്രവര്‍ത്തിക്കുന്നു.
ഇസ്രായേല്‍-ഇന്ത്യ ബന്ധവും കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടയില്‍ ഏറ്റവും സൗഹൃദപൂര്‍ണ്ണമായി. പ്രതിരോധ, കാര്‍ഷിക, ഇറക്കുമതി, ശാസ്ത്ര-സാങ്കേതിക സഹകരണം, സര്‍വ്വീസ് മേഖലകളില്‍ ഇസ്രായേലുമായി ഉറച്ച ബന്ധമാണുള്ളത്. ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് 2017ല്‍ നരേന്ദ്രമോദിയിലൂടെയാണ്. പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്താണ് ആദ്യമായി 2003ല്‍ ഒരു ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളോട് സൗഹൃദം പങ്കിടുമ്പോള്‍ തന്നെ ഇസ്രായേലുമായി നമ്മുടെ സഹകരണം വര്‍ദ്ധിപ്പിക്കുക എന്നത് ബിജെപിയുടെ നയമാണ്. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിമാരെയൊന്നും ഇന്ത്യ സ്വാഗതം ചെയ്തിട്ടില്ല. എന്നാല്‍ 2014ല്‍ പ്രധാനമന്ത്രിയും ഇസ്രായേല്‍ പ്രധാനമന്ത്രിയും ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ ഇസ്രായേല്‍ പ്രസിഡന്റും, 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും, 2022ല്‍ പ്രധാനമന്ത്രി ബെന്നറ്റും(Naffali Bennet) ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രതിരോധരംഗത്ത് ഇസ്രായേല്‍ ഭാരതത്തിന്റെ ഏറ്റവും അടുത്ത സഹകരണ രാജ്യമാണ്. പലസ്തീനില്‍ ഇസ്രായേല്‍ എന്ന രാജ്യം പോലെ പലസ്തീന്‍ രാജ്യവും ഉണ്ടാവണം എന്ന ദ്വിരാഷ്ട്രതത്വമാണ് ഇന്ന് ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ വിദേശബന്ധങ്ങള്‍ രാജ്യതാല്പര്യം മാനിച്ചുകൊണ്ടാണ് ഇന്ന് സ്വീകരിക്കുന്നത്. ആഭ്യന്തര രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ മോദി നയിക്കുന്ന ഭാരതം തയ്യാറല്ല. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ നാം സ്വീകരിച്ച നയം തന്നെയാണ് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിലും ഭാരതം സ്വീകരിക്കുന്നത്. ഏകപക്ഷീയമായി ഇസ്രായേലിനെ കുറ്റപ്പെടുത്തിയുള്ള ഐക്യരാഷ്ട്രസംഘടനാ പ്രമേയങ്ങളെ ഭാരതം അംഗീകരിച്ചിട്ടില്ല. ഈയിടെ ഒന്‍പതംഗ ഷാങ്ങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) പ്രമേയത്തില്‍ നിന്നും ഭാരതം പിന്മാറിയതും ഈ കാഴ്ചപ്പാടിലൂടെയാണ്.
ആയത്തുള്ള അലി ഖൊമേനിയും സദ്ദാം ഹുസൈന്റെ പാതയില്‍
2003ല്‍ അമേരിക്ക സദ്ദാംഹുസൈനെ പരാജയപ്പെടുത്തി ഇറാക്കില്‍ നടത്തിയ ഭരണമാറ്റം ഇറാക്കിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായില്ല. മാത്രമല്ല സിറിയയിലും അമേരിക്കയുടെ ഇടപെടല്‍ അഫ്ഗാനിസ്ഥാനില്‍ നടന്നതുപോലെ സ്ഥായിയായ പരിഹാരം നല്‍കിയില്ല. അമേരിക്കയുടെയും നാറ്റോയുടെയും (NATO) ഇടപെടല്‍ പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ പാത ഒരുക്കിയില്ല. ലിബിയ, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയാണ് ഉണ്ടായത്. സദ്ദാംഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി, സിറിയയിലെ അസദ് തുടങ്ങിയ സ്വേച്ഛാധിപതികളെ തകര്‍ത്തു എങ്കിലും ആ രാജ്യങ്ങളില്‍ സുസ്ഥിരമായ ഒരു ഭരണക്രമം വന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇരട്ടമുഖവും, സ്വാര്‍ത്ഥതയും ഫലത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സഹായകമാകുകയാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ ഭരണത്തില്‍ തിരിച്ചുകൊണ്ടുവന്നതും അമേരിക്കയുടെ തെറ്റായ നയങ്ങളാണ്.
ഇറാനിലും അമേരിക്കയുടെ ഇടപെടല്‍ ഗുണം ചെയ്യില്ല എന്നു കരുതുന്നവരാണ് അധികവും. എന്നാല്‍ ഇറാന്റെ വിഷയം വിഭിന്നമാണ്. ഇറാന്‍ ആണവ ശക്തിരാജ്യമാകുന്നത് ലോകത്തിന് തന്നെ അപകടമാണ്. പാകിസ്ഥാന്‍ ആണവശക്തിയാണെങ്കിലും അമേരിക്കയുടെ തണലിലാണ് ഇപ്പോള്‍. എന്നാല്‍ മതമൗലികവാദ രാജ്യവും, ലോകം മുഴുവനും ഇസ്ലാമിക ഭരണം വരണമെന്നും, ഇസ്രായേല്‍ എന്നും രാജ്യത്തെ ഭൂമുഖത്തു നിന്നു തന്നെ ഉന്മൂലനം ചെയ്യും എന്ന് പരസ്യമായിപ്രഖ്യാപിച്ച ഇറാന് ആണവായുധം വരുന്നത് തടയപ്പെടുകതന്നെ വേണം.
മറ്റൊന്ന് ഇറാനിലെ അലി ഖൊമേനിയുടെ ഏറ്റവും വലിയ വിമര്‍ശകരും, ശത്രുക്കളും, ഇരകളും ആ രാജ്യത്തിനകത്തുണ്ട്. ഇസ്രായേല്‍ ഇറാനിലെ സേനാതലവന്മാരെയും ന്യൂക്ലിയര്‍ ശാസ്ത്രജ്ഞരെയും ഒക്കെ വധിച്ചത് ഇസ്രായേലിന്റെ ചാരസംഘടന ഇറാനിനുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടാണ്. ഇറാനിലെ സ്ത്രീസമൂഹം അനുഭവിക്കുന്ന യാതനകള്‍ വളരെ വലുതാണ്. കൂടാതെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്തായ ഭരണാധികാരി ഷായുടെ പിന്‍ഗാമിയായ റെസ പഹ്‌ലാവി (ഞല്വമ ജമവഹമ്ശ) ശക്തമായി അവകാശവാദവുമായി മുന്നില്‍ വന്നിട്ടുണ്ട്. ഇസ്ലാമിക വിപ്ലവം കഴിഞ്ഞ നാലര പതിറ്റാണ്ട് തച്ചുടച്ച ഇറാനിലെ പുരോഗമന മുന്നേറ്റങ്ങള്‍, വനിതാ പ്രസ്ഥാനങ്ങള്‍, സാംസ്‌കാരിക-സിനിമ മേഖല, എഴുത്തുകാര്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി ഇരയാക്കപ്പെട്ടവരെല്ലാം പ്രതീക്ഷയിലാണ്. എന്നാല്‍ ആയത്തുള്ള അലി ഖൊമേനിയുടെ ഭരണത്തിന്റെ ഉരുക്കുമുഷ്ടിയില്‍ അതൃപ്തരായവര്‍ ഒന്നും സംഘടിതരല്ല. മാധ്യമസ്വാതന്ത്ര്യമോ, സാമൂഹ്യ മാധ്യമങ്ങള്‍ക്കോ ഇറാനില്‍ പ്രവേശനമില്ല. സ്വാതന്ത്ര്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുന്നതില്‍ ഇസ്ലാമിക മതമൗലിക ഭരണകൂടം ചൈനയെക്കാളും ഏറെ മുന്നിലാണ്. ചൈനയില്‍ രാഷ്ട്രീയത്തിന്റെയും രാജ്യസുരക്ഷയുടെയും പേരു പറഞ്ഞ് സ്വാതന്ത്ര്യം വിലക്കുമ്പോള്‍, ഇറാനില്‍ ഇതിനോടൊപ്പം മതം കൂടെ ചേര്‍ത്ത് ക്രൂരമായി കൊന്നൊടുക്കുന്ന ശൈലിയാണ് മുന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയും ഇപ്പോഴത്തെ അലി ഖൊമേനിയും സ്വീകരിച്ചിരിക്കുന്നത്. ഖമേനിയുടെ പതനം ഇറാനില്‍ സ്വാതന്ത്ര്യത്തിന്റെ വായു കടന്നുവരുന്നതിന് കാരണമാകും. ഇറാക്കില്‍ നിന്ന് വിഭിന്നമായി ഏറെ സാംസ്‌കാരിക, ബൗദ്ധിക മുന്നേറ്റം ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഇറാന്‍.
ഇറാനിലെ ഇസ്ലാമിക ഭരണകൂടവും കേരള രാഷ്ട്രീയവും
ഇറാക്കില്‍ കൊല്ലപ്പെട്ട ഭരണാധികാരി സദ്ദാം ഹുസൈനും ഇറാനിലെ നിലവിലെ ഭരണാധികാരി ആയത്തുള്ള അലിഖൊമേനിയും എല്ലാം കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം-ലീഗ്-ഇസ്ലാമിസ്റ്റ് ശക്തികളുടെ ശക്തി സ്രോതസുകളാണ്. 1990ല്‍ ജില്ലാപഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സി.പി.എം വന്‍വിജയം നേടിയത് സദ്ദാം ഹുസൈന്റെ പേരിലാണ്. 1991ല്‍ അഞ്ചുവര്‍ഷം തികയും മുമ്പ് ഒരു വര്‍ഷം മുന്നേ ലോകസഭയോടൊപ്പം നിയമസഭ പിരിച്ചുവിട്ട് സിപിഎം സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സദ്ദാം ഹുസൈന്‍ നല്‍കിയ ആത്മവിശ്വാസമായിരുന്നു. ഉക്രൈന്‍ യുദ്ധത്തില്‍ ലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായിട്ടു മെഴുകുതിരി കത്തിക്കാത്തവര്‍ കേരളത്തില്‍ മത്സരം നടത്തി ഹമാസിനു പിന്തുണ നല്‍കുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
1990ല്‍ സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു കീഴടക്കുമ്പോള്‍ കുവൈറ്റില്‍ രണ്ടു ലക്ഷം മലയാളികള്‍ ഉണ്ടായിരുന്നു. അവരെല്ലാം ഒഴിപ്പിക്കപ്പെട്ടു, എന്നാല്‍ 1990ല്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നപ്പോള്‍ ഒരു മലയാളി പോലും ഇല്ലാത്ത ഇറാക്കിലെ സദ്ദാംഹുസൈനുവേണ്ടി കേരളത്തിലെ ഒരു വിഭാഗം നിന്നു. കുവൈറ്റ് ആക്രമത്തെ തുടര്‍ന്നു തൊഴില്‍ നഷ്ടമായി കുടുംബം സാമ്പത്തികമായി തകര്‍ന്ന രണ്ടു ലക്ഷം പേരുടെ വികാരത്തെക്കാളും ‘മത’ത്തിന്റെ പേരില്‍ സദ്ദാം അമേരിക്കയുടെ ഇരയായി എന്ന് അവതരിപ്പിച്ചതില്‍ ഒന്നാം സ്ഥാനത്തു നിന്ന സി.പി.എമ്മിനും ഇടതുപക്ഷത്തിനുമായിരുന്നു പിന്തുണ. ജോലി നഷ്ടമായവര്‍ പോലും കുവൈറ്റിനെ ആക്രമിച്ചു കീഴടക്കിയ ശക്തിയെ സ്വീകരിച്ചു, അതാണ് ‘മത’ത്തിന്റെ ശക്തി.
2023ല്‍ ഹമാസിന്റെ ഇസ്രായേലിലെ ഭീകരാക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ കേരളം കണ്ണീര്‍ ഒഴുക്കുന്നത് വോട്ടിന്റെ ശക്തി നോക്കിയാണ്. ഗാസയിലെ നിരായുധരായ ജനങ്ങളുടെ വേദന വളരെ വലുതാണ്. കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന യാതന വിവരിക്കാന്‍ കഴിയാത്തതാണ്. ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് അമ്പതുലക്ഷം പേരാണ് ഇന്ന് അഭയാര്‍ത്ഥികളായി കഴിയുന്നത്. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. രണ്ടും ഒരുപോലെ ചര്‍ച്ചയാവണം. ആയിരക്കണക്കിന് മലയാളികള്‍ പഠിക്കാന്‍ പോകുന്ന രാജ്യമായിരുന്നു ഉക്രൈന്‍. പക്ഷെ കേരളത്തില്‍ ഹമാസിനു മാത്രമാണ് പിന്തുണ. നാമമാത്രമായ പ്രതിഷേധം പോലും ഉക്രൈനുവേണ്ടിയില്ല.
മലയാളികള്‍ മനസ്സിലാക്കേണ്ട കാര്യം ഏതാണ്ട് മുപ്പത് ലക്ഷം മലയാളികള്‍ ജോലിചെയ്യുന്ന, സ്ഥാപനങ്ങള്‍ നടത്തുന്ന, പലരും വലിയ സംരംഭകരായ ആറു ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹറിന്‍, യുഎഇ എന്നിവയുടെ മുഖ്യശത്രുരാജ്യമാണ് ഇറാന്‍. അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ ഈ ആറു രാജ്യങ്ങളിലെയും അമേരിക്കന്‍ ബേസുകളെയും ആക്രമിക്കുമെന്നും, ഈ രാജ്യങ്ങളുടെ എണ്ണവ്യാപാരം പുറത്തേയ്ക്ക് പോകുന്ന ഹോമൂസ് കടലിടുക്ക് അടയ്ക്കുമെന്നും, അങ്ങനെ ഈ ആറു രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടയുമെന്നും ഭീഷണിയുള്ളത് ഇറാനില്‍ നിന്നാണ്. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ ഈ ആറു രാജ്യങ്ങളും അമേരിക്കയുടെ സംഖ്യരാജ്യങ്ങളാണ്. യുഎഇ, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധവുമുണ്ട്. ഇറാന്‍ നടത്തുന്ന ഏതൊരു സൈനിക നീക്കവും ആദ്യം ബാധിക്കുന്നത് ഈ ആറ് അയല്‍രാജ്യങ്ങെളയാണ്. മാത്രമല്ല ഇറാന്റെ പിന്തുണയില്‍ യെമനിലെ ഹൂതികള്‍ നിരന്തരം ആക്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുപോലും ഭീഷണിയുണ്ടായതിന്റെ പേരില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സൗദി അറേബ്യ ഒരുക്കിയത് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ഭീഷണിയുള്ളതിനാലാണ്. എന്നാല്‍ ഹമാസിനും, ഇറാനും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസും സി.പി.എമ്മും, ലീഗും, മറ്റു ഇസ്ലാമിക ഗ്രൂപ്പുകളും, അവരുടെ മാധ്യമങ്ങളും മലയാളികള്‍ക്ക് അന്നം നല്‍കുന്ന ആറു ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷിതത്വം ചര്‍ച്ചയാക്കുന്നില്ല. കേരളത്തിന്റെ അന്നം മുട്ടിക്കുന്ന ശക്തികള്‍ക്കുവേണ്ടിയാണ് കുവൈറ്റ് യുദ്ധത്തില്‍ എന്നപോലെ ഹമാസ് – ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലും കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ മത്സരിച്ച് പിന്തുണയ്ക്കുന്നത്. ഇറാന്‍ ഗള്‍ഫിലെ അമേരിക്കന്‍ ബേസുള്ള ആറുരാജ്യങ്ങളില്‍ ആക്രമണം നടത്തിയാല്‍ സാമ്പത്തികമായി തകരുന്നത് മുപ്പതു ലക്ഷം മലയാളികളാണ്. അവരുടെ കുടുംബങ്ങളാണ്, കേരളമാണ്. നിരവധി മലയാളി ബിസിനസ്സുകാര്‍ ഈ ആറു രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരാള്‍പോലും ഇറാനിലോ, ഗാസയിലോ, പലസ്തീനിലോ ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്.
ഇനിയെങ്കിലും മലയാളികള്‍ സത്യം തിരിച്ചറിയണം. ഇടതു-വലതു മുന്നണികള്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്നത് തിരിച്ചറിയണം. യുദ്ധത്തില്‍ കഷ്ടപ്പെടുന്ന കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, സാധാരണക്കാര്‍ക്കും വേണ്ടി നമ്മള്‍ കൈകോര്‍ക്കണം. അത് സെലക്റ്റീവായിട്ടല്ല, എല്ലാ ഇരകളും ദയ അര്‍ഹിക്കുന്നു. ഒരു പ്രത്യേക മതക്കാരുടെ കണ്ണീരല്ല, എല്ലാ മതവിശ്വാസികളുടെയും കണ്ണീരൊപ്പാന്‍, സമാധാനത്തിനായി നമ്മള്‍ക്ക് ഒന്നായി ശ്രമിക്കാം. ഭാരതത്തിന്റെ സമീപനം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യം അനുസരിച്ചാണ്. ഒരിടത്തും നമുക്ക് പക്ഷം പിടിക്കാന്‍ കഴിയില്ല. സമാധാനത്തിനായി പ്രര്‍ത്ഥിക്കാനേ കഴിയൂ. കേരളം ഇനിയെങ്കിലും മതംനോക്കി വേദനയെ മുതലെടുത്ത് വോട്ടു രാഷ്ട്രീയം നടത്തുന്ന ഇരുമുന്നണികളെയും തിരിച്ചറിയണം – വീണ്ടും ആവര്‍ത്തിക്കുന്നു, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരെ സൂക്ഷിക്കുക.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമായിരുന്നു ലേഖകന്‍)