”അഹങ്കാരമെന്ന ശത്രുവിന്റെ മുമ്പില്‍ മഹാതപസ്വികള്‍ പോലും വിറച്ചുപോകുന്നത് കാണാം. എന്നാല്‍ ഡോക്ടര്‍ജി മറ്റെല്ലാ ശത്രുക്കളുടെയും മേല്‍ എന്ന പോലെ ആ ശത്രുവിന്റെ മേലും വിജയം കൈവരിച്ചിരുന്നു. എല്ലാ ശ്രേഷ്ഠ ഗുണങ്ങളുടെയും പ്രതിരൂപമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ അഹങ്കാരം അല്പം പോലും ഉണ്ടായിരുന്നില്ല. ഡോക്ടര്‍ജിയുടെ അത്യന്തം ശ്രേഷ്ഠവും ആവേശദായകവുമായ ജീവിതം രാഷ്ട്രത്തോട് സമരസപ്പെട്ട് ആദര്‍ശമായിത്തീര്‍ന്നിരുന്നു.” പരംപൂജനീയ ശ്രീ ഗുരുജിയുടെ വാക്കുകളാണിവ.
സംഘം ആരംഭിച്ച കാലത്ത് തന്നെ സ്വയംസേവകനാകാനും ഡോക്ടര്‍ജിയുമായി ബന്ധത്തില്‍ വരാനും ഭാഗ്യം സിദ്ധിച്ച യാദവറാവു ജോഷിജി, വിദ്യാഭ്യാസകാലത്ത് ഒരു ദിവസം രാത്രി പരീക്ഷക്കുവേണ്ടി പഠിക്കുകയായിരുന്നു. ഡോക്ടര്‍ജി അവിടെ തന്നെ പുറത്തൊരിടത്ത് ഉറങ്ങുകയായിരുന്നു. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് ആരോ സംസാരിക്കുന്നത് കേട്ട് ആശ്ചര്യം തോന്നിയ യാദവറാവുജി പുറത്തുചെന്ന് നോക്കിയപ്പോള്‍ ഡോക്ടര്‍ജി അസ്പഷ്ടമായി ”നമ്മുടെ ഈ സമാജത്തിന്റെ അവസ്ഥ എത്ര ഭയാനകമാണ്! അത് നശിച്ച് മണ്ണടിഞ്ഞു പോകുമോ എന്ന് തോന്നിപ്പക്കുന്ന വിധം ഭയാനകം! പക്ഷെ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അങ്ങനെ സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ സര്‍വശക്തിയും വിനിയോഗിച്ച് ഞാന്‍ ഈ ഹിന്ദുജനതയെ രക്ഷിക്കും, ഉദ്ധരിക്കും!” ഡോക്ടര്‍ജി ഉറക്കത്തില്‍ പറയുന്നതാണ് കേട്ടത്! അതായത്, സദാസമയവും ഡോക്ടര്‍ജിയുടെ ചിന്ത കേവലം രാഷ്ട്രത്തെക്കുറിച്ചായിരുന്നു!