ഭാരതം മാതാവാണോ ഇന്ത്യയെന്ന ഒരു രാജ്യം മാത്രമാണോ എന്ന തര്‍ക്കം സാക്ഷരകേരളത്തില്‍ നടക്കുകയാണല്ലോ. മാതൃഭൂമി എന്ന സങ്കല്‍പ്പം ഭാരതത്തില്‍ അതിപ്രാചീനകാലം മുതലേ ഉള്ളതാണ്. അത് ആര്‍.എസ്.എസ്. സൃഷ്ടിച്ചതല്ല. രാഷ്ട്രസങ്കല്‍പ്പത്തിനും മാതൃഭൂമി സങ്കല്‍പ്പത്തിനും വേദങ്ങളോളം തന്നെ പഴക്കമുണ്ട്. അതിനെ പാശ്ചാത്യ ചിന്താഗതിയും പേറി പാശ്ചാത്യ മനോഭാവത്തോടെ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ ശിശുവാടികയില്‍ അക്ഷരം കൂട്ടിപ്പറയാനും വാക്കുകള്‍ കൂട്ടിച്ചൊല്ലാനും ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ വിവരക്കേടായിട്ടേ കാണാന്‍ കഴിയൂ. രാഷ്ട്രത്തെയും മാതൃഭൂമി സങ്കല്‍പ്പത്തേയും അംഗീകരിക്കാതിരിക്കാനും എതിര്‍ക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കാരണം, അത്തരക്കാരുടെ ഉടല്‍ ഇവിടെയാണെങ്കിലും ബുദ്ധിയും മനസ്സും വൈദേശികമാണ്. അതൊരു രാഷ്ട്രീയമായ ആരോപണമല്ല, വസ്തുതയാണല്ലോ.
പാശ്ചാത്യമായ തൊഴില്‍-വ്യവസായ പശ്ചാത്തലത്തില്‍, മുതലാളി-അടിമ സമ്പ്രദായങ്ങളുടെ ജീവിതസാഹചര്യത്തില്‍ രൂപംകൊണ്ടതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം! അതുപോലെതന്നെ ഭാരത ദേശീയസ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താന്‍ ബ്രിട്ടീഷ് ജീനില്‍നിന്ന് ഉടലെടുത്തതാണ് കോണ്‍ഗ്രസ്. പാന്‍ ഇസ്ലാം എന്ന സങ്കല്‍പ്പത്തില്‍ ദേശീയതയെ നിഷേധിച്ചും വൈവിധ്യത്തെ തകര്‍ത്തും വളര്‍ന്നുവന്നതാണ് മതരാജ്യവിശ്വാസം. ഇവയെല്ലാം ഭാരതീയമായ മൂല്യവ്യവസ്ഥയ്‌ക്കെതിരാവുക സ്വാഭാവികമാണ്. അത്തരം പ്രസ്ഥാനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍നിന്നും തെന്നിമാറി ദേശീയമനസ്സ് വികസിപ്പിച്ചെടുത്ത അനേകം വ്യക്തികള്‍ പണ്ടുമുതലേ ഇവിടെയുണ്ട്. അവരെയാണ് ദേശീയമുസ്ലീങ്ങളെന്നും ദേശീയവാദികളായ രാഷ്ട്രീയക്കാരെന്നും വിളിക്കുന്നത്. അത് അവര്‍ സ്വയം ഇട്ട പേരാണ്. അത്തരക്കാരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഭാരതീയമനസ്സിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കാനും വികാരംകൊള്ളാനും കഴിയില്ല. അവരാണ് രാഷ്ട്രം, മാതൃഭൂമി തുടങ്ങിയ സങ്കല്‍പ്പങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നത്. അതിന്റെ പഴയ ഉദാഹരണമാണ് ഭാരതവിഭജനം; പുതിയ ഉദാഹരണമാണ് ഭാരതമാതാ സങ്കല്‍പ്പ വിവാദം.
രാഷ്ട്രസങ്കല്‍പ്പത്തില്‍ നിന്നാണല്ലോ ദേശീയതയും മാതൃഭൂമി സങ്കല്‍പ്പവും ഒക്കെ ഉരുവംകൊണ്ടത്. പാശ്ചാത്യദേശത്ത് രാഷ്ട്രം എന്നത് നവോത്ഥാനാനന്തര കാലത്താണ് രൂപംകൊണ്ടത്. കോളനി ഭരണങ്ങളില്‍നിന്ന് സ്വതന്ത്രമായ രാജ്യങ്ങളെ പുതിയ രാഷ്ട്രങ്ങള്‍ എന്നു വിളിച്ചു. റിപ്പബ്ലിക് സ്റ്റേറ്റ് എന്നാണ് പറഞ്ഞു വരുന്നത്. അതുവരെ അവയൊക്കെ ഏതെങ്കിലും സാമ്രാജ്യങ്ങളുടെ കീഴിലായിരുന്നു; മിക്കവാറും മതസാമ്രാജ്യങ്ങള്‍. അവരെ സംബന്ധിച്ച് രാജ്യവും രാഷ്ട്രവും ഒന്നാണ്. അതുകൊണ്ടാണ് ഭാരതീയ രാഷ്ട്രസങ്കല്‍പ്പത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ കലഹിക്കുന്നത്. ഭാരതീയ ദര്‍ശനങ്ങളിലോ സങ്കല്‍പ്പങ്ങളിലോ ഉള്ള അജ്ഞത മറച്ചുവയ്ക്കാന്‍ അവര്‍ വരട്ടുതത്വവാദങ്ങള്‍ ഉന്നയിക്കുന്നതാണ്.
ഇവിടെ രാജ്യവും രാഷ്ട്രവും രണ്ടാണ്. രാജ്യം ഭരണകൂടത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്നതാണ്; രാഷ്ട്രം സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിലും. രാജ്യത്തിന്റെ അതിര്‍ത്തികള്‍ മാറിക്കൊണ്ടിരിക്കും. അത് ഭരിക്കുന്നയാളിന്റെ കഴിവും കാഴ്ചപ്പാടും അനുസരിച്ചാണ് ഉണ്ടായിത്തീത്തീരുന്നത്. അതുകൊണ്ടാണ് നമ്മുടെ ഭൂവിസ്തൃതിയില്‍ പലകാലത്തും വ്യതിയാനങ്ങള്‍ സംഭവിക്കുന്നത്. അഖണ്ഡഭാരതം എന്നു കേള്‍ക്കുമ്പോള്‍ പാശ്ചാത്യ ചിന്താഗതിക്കാര്‍ക്ക് അതു മനസ്സിലാവുന്നില്ല. കാരണം രാജ്യങ്ങളെ എങ്ങനെ ഇന്നത്തെ കാലത്ത് പിടിച്ചെടുക്കും എന്നവര്‍ സംശയിക്കുന്നു. അഖണ്ഡഭാരതം എന്നത് രാഷട്രസങ്കല്‍പ്പത്തില്‍ ഉള്ളതാണ്. അതൊരു സാംസ്‌ക്കാരിക മേഖലയാണ് (Cultural Zone). അല്ലെങ്കില്‍ എങ്ങനെയാണ് 1947ല്‍ ഉണ്ടായ പാകിസ്ഥാന് ‘പാകിസ്ഥാന്റെ അയ്യായിരം വര്‍ഷങ്ങള്‍’ എന്നു പറയാന്‍ കഴിയുക? ഇക്കാര്യം ഇന്ന് വിഭജിക്കപ്പെട്ടുപോയ പാകിസ്ഥാനും അംഗീകരിക്കുന്ന കാര്യമാണ്. അത് അവിടുത്തെ ജനങ്ങള്‍ക്കുകൂടി ബോധ്യമാകുമ്പോഴാണ് അഖണ്ഡഭാരതം സാക്ഷാത്ക്കരിക്കുക.
രാഷ്ട്രം എന്നത് സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവരുന്നതാണ്. അതാരെങ്കിലും കൂടിയാലോചിച്ച് കുത്തിയിരുന്ന് എഴുതിയുണ്ടാക്കുന്നതല്ല. ഭരണഘടന ഉള്ളതുകൊണ്ടുമല്ല. സംസ്‌ക്കാരം കാലം കൊണ്ടു രൂപപ്പെടുന്നതാണ്. നമ്മള്‍ വയല്‍ കണ്ടിട്ടുണ്ട്. അതിലൂടെ നടക്കുന്നത് ചതുരവടിവിലുള്ള വരമ്പത്തുകൂടിയാണ്. നെല്ലു വിതച്ച്, വിളഞ്ഞ്, പാകമാകുമ്പോള്‍ കൊയ്‌തെടുക്കും. കൊയ്ത്തുകഴിഞ്ഞ് വയല്‍ വരണ്ടുകിടക്കും. അല്‍പ്പനാള്‍ കഴിയുമ്പോള്‍ വയലിനു കുറുകെ ഒരു വഴിതെളിഞ്ഞു കാണാം. ആരാണ് അതുണ്ടാക്കിയത്? അറിയില്ല. പക്ഷെ ആരോ ഒരാള്‍ ആദ്യം നടന്നു. പിന്നെയൊരാള്‍, പിന്നെയൊരാള്‍. അങ്ങനെ പലര്‍ നടന്നുനടന്ന് അതൊരു ഒറ്റയടിപ്പാതയായി പരിണമിച്ചു. നമ്മള്‍ ഇന്നു കാണുന്ന പല രാജവീഥികളും ആദ്യം ഇതുപോലെ രൂപപ്പെട്ട ഒറ്റയടിപ്പാതകളായിരുന്നു. ക്രമേണ ജനസഞ്ചാരം വര്‍ദ്ധിച്ച് അതൊരു ഗ്രാമപാതയായി മാറി. പിന്നീട് നാട്ടുവഴിയായി വളര്‍ന്നു. കാലം കടന്നു പോകവെ മനുഷ്യന്‍ മാത്രമല്ല വാഹനങ്ങളും ചരക്കുവണ്ടികളും നിരന്തരം സഞ്ചരിച്ച് നാട്ടുവഴി പെരുവഴിയായി വികസിക്കുന്നു. പെരുവഴി രാജപാതയായി പരിണമിക്കുന്നു. ഇതേപോലെയാണ് സംസ്‌ക്കാരവും രൂപപ്പെടുന്നത്.
സംസ്‌ക്കാരം ഒരു വ്യക്തി ഒറ്റയ്ക്കു ജീവിക്കുമ്പോള്‍ ആവശ്യമുള്ളതല്ല. മനുഷ്യര്‍ കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുളച്ചുപൊന്തിയതാണ്. പലകാലം ഒന്നിച്ചു ജീവിച്ചപ്പോള്‍ ചില കാര്യത്തില്‍ നിയന്ത്രണം ഉണ്ടാവുന്നത് കൂട്ടായ ജീവിതത്തിനു നല്ലതാണെന്നു മനസ്സിലായി. ദീര്‍ഘകാല ജീവിതാനുഭവത്തില്‍നിന്നും ചില പഥ്യങ്ങള്‍ ഗുണം ചെയ്യുമെന്നു കണ്ടു. പിന്നാലെ വന്ന തലമുറ അത്തരം പഥ്യങ്ങളോടും നിയന്ത്രണങ്ങളോടുംകൂടി ജീവിക്കാന്‍ തുടങ്ങി. അതിനെയാണ് ജീവിതമൂല്യങ്ങള്‍ എന്നു പറയുന്നത്. വേരിലൂടെ വലിച്ചെടുക്കുന്ന ജീവന ഔഷധമാണല്ലോ വൃക്ഷത്തെ വളര്‍ത്തുന്നത്. മൂലം എന്നാല്‍ വേരാണല്ലോ. അങ്ങനെ സമൂഹത്തെയും കൂടുതല്‍ കരുത്തോടെ വളര്‍ത്തുന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ പഥ്യങ്ങളെ ജീവിതമൂല്യങ്ങള്‍ എന്നു വിളിക്കുന്നത്. ഒന്നിച്ചു ജീവിച്ചതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല ജീവിതാനുഭവങ്ങളിലൂടെ ബോധ്യപ്പെട്ട ജീവിതമൂല്യങ്ങളുടെ ആകെത്തുകയാണ് സംസ്‌കൃതി. അതുള്‍ക്കൊണ്ടു ജീവിക്കുന്ന വ്യക്തിയെ സംബന്ധിച്ചു പറയുമ്പോള്‍ സംസ്‌ക്കാരം; സംസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ജനതയെ സംബന്ധിച്ചു പറയുമ്പോള്‍ സംസ്‌കൃതി.
ഒരു സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ജനതയെയാണ് രാഷ്ട്രമെന്നു പറയുന്നത്. ഭൂപ്രദേശത്തിന്റെ വിസ്തൃതി കൊണ്ടും സവിശേഷതകൊണ്ടും അവരുടെ ഭാഷ വ്യത്യസ്തമായിരിക്കാം. വേഷം പലതായിരിക്കാം. നിറം കലര്‍ന്നതായിരിക്കാം. എന്നാല്‍ അവരുടെ മൂല്യബോധം ഒന്നുതന്നെയായിയിരിക്കും. ആചാരവിചാരങ്ങളില്‍ സാമ്യതയുണ്ടായിരിക്കും. ജീവിത സങ്കല്പങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും സമാനത ഉണ്ടായിരിക്കും. ഭാരതത്തിന്റെ കാര്യത്തില്‍ കശ്മീരം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും ജീവിതത്തിലെ ഈ സമാനത നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ടാണ് നാനാത്വത്തിലെ ഏകത്വം (Unity in Diversity) എന്ന പ്രയോഗം ഉണ്ടായത്.
ഭാരതത്തില്‍ രാഷ്ട്രസങ്കല്‍പ്പം വേദകാലത്തോളം പഴക്കമുള്ളതാണ്.
‘ഭദ്രമിച്ഛന്ത ഋഷയ: സ്വര്‍വിദ:
തപോ ദീക്ഷാം ഉപസേദുരഗ്രേ
തതോ രാഷ്ട്രം ബലമോജശ്ച ജാതം
തദസ്‌മൈ ദേവാ ഉപസംനമന്തു’
(അഥര്‍വവേദം)
സര്‍വ ജനങ്ങള്‍ക്കും ഐശ്വര്യമുണ്ടാകട്ടെ എന്ന ഇച്ഛ തത്ത്വദര്‍ശികളായ ഋഷിമാരുടെ മനസ്സിലുണ്ടാവുകയും അവര്‍ ദീക്ഷയേറ്റു തപസ്സു ചെയ്യുകയും ചെയ്തു. അതുമൂലം രാഷ്ട്രമുണ്ടായി. ആ രാഷ്ട്രത്തില്‍നിന്ന് ബലവും ഓജസ്സുമുണ്ടായി. അതുകൊണ്ട് എല്ലാവരും രാഷ്ട്രത്തെ നമിക്കട്ടെ. (രാഷട്ര സേവനത്തിനു വേണ്ടി എല്ലാവരും തല്‍പ്പരരായിത്തീരട്ടെ).
കാലം കൊണ്ടു രൂപപ്പെട്ട രാഷ്ട്രത്തെ ഋഷിമാര്‍ സങ്കല്‍പ്പിക്കുകയും ദൃഢതരമാക്കിത്തീര്‍ക്കുകയും ചെയ്തു. അതിനെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട അവര്‍ അതിനു വേണ്ട ചിട്ടവട്ടങ്ങളെ ക്രമപ്പെടുത്തി. വിധിവിലക്കുകളുണ്ടായി. അതിനെ ആചാരാനുഷ്ഠാനങ്ങള്‍ എന്നു വിളിച്ചു. എഴുതിയുണ്ടാക്കിയ നിയമാവലിക്കു പകരം ജീവിച്ചുണ്ടാക്കിയ ജീവിതക്രമങ്ങള്‍ രാഷ്ട്രജീവിതത്തിന്റെ അടിത്തറയായി. അതിന്മേല്‍ കെട്ടിയുയര്‍ത്തിയ ദിനചര്യകളും സാമൂഹ്യചര്യകളും രാഷ്ട്രജീവിതത്തെ പ്രകാശമാനമാക്കി. സമൂഹമൊട്ടാകെ ജീവിതക്രമങ്ങള്‍ സ്വയം പാലിക്കാതായപ്പോള്‍ ഭരണകൂടം വേണ്ടിവന്നു. നിയമങ്ങള്‍ എഴുതിയുണ്ടാക്കി. ഭരണകൂടവും ഭരണഘടനയും അവ നടപ്പാക്കാനുള്ള നിര്‍വ്വാഹക സംവിധാനങ്ങളും ഉണ്ടായി. അതു പലയിടത്തും വേണ്ടിവന്നപ്പോള്‍ രാജ്യങ്ങളുണ്ടായി. രാഷ്ട്രത്തെയും അതിന്റെ മൂല്യവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ഉപകരണമാണ് രാജ്യവും മറ്റു വ്യവസ്ഥകളും. അതില്‍ മാറ്റങ്ങള്‍ വരുമ്പോഴും രാഷ്ട്രം വിളങ്ങി, ഉയര്‍ന്നു നില്‍ക്കുന്നു.
ഈ രാഷ്ട്രവും അതിലെ ജനതയും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സംസ്‌ക്കാരവും നിലനില്‍ക്കാന്‍ ആ ജനത ജീവിക്കുന്ന ഭൂമി സംരക്ഷിക്കപ്പെടണം. ഭൂമി നഷ്ടപ്പെട്ടാല്‍ രാജ്യം നഷ്ടപ്പെടും. രാജ്യം പോയാല്‍ സംസ്‌ക്കാരവും ആത്യന്തികമായി രാഷ്ട്രവും അസ്തമിക്കും. അതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. ഒരിക്കല്‍ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഇങ്ങനെ പറഞ്ഞു: ‘യൂറോപ്യന്മാര്‍ ഞങ്ങളുടെ ദേശത്തു വന്നു. അപ്പോള്‍ അവരുടെ കൈകളില്‍ ബൈബിള്‍ ഉണ്ടായിരുന്നു; ഞങ്ങളുടെ കൈകളില്‍ ഭൂമിയും. നമുക്കു പ്രാര്‍ത്ഥിക്കാം, അവര്‍ പറഞ്ഞു. ഞങ്ങള്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. കണ്ണു തുറന്നപ്പോള്‍ ഞങ്ങളുടെ കൈകളില്‍ ബൈബിള്‍ ഉണ്ടായിരുന്നു; അവരുടെ കൈകളില്‍ ഭൂമിയും’ ! ഭൂമി നഷ്ടപ്പെട്ട ആഫ്രിക്കന്‍ ജനത അടിമകളാക്കപ്പെട്ടു. രാജ്യം ഇല്ലാതായി. യൂറോപ്യന്മാര്‍ അവരുടെ ചോരയും നീരും ഊറ്റിക്കുടിച്ചു. വെള്ളക്കാര്‍ തടിച്ചുകൊഴുത്തു; ആഫിക്കക്കാര്‍ ഉണങ്ങി മെലിഞ്ഞു. പിന്നാലെ അവരുടെ പ്രാചീന സംസ്‌കൃതിയ്ക്കും ജീവിത മൂല്യങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടു. ആഫ്രിക്കന്‍ സംസ്‌ക്കാരം അസ്തമിച്ചു. തുടക്കം ഭൂമിനഷ്ടത്തില്‍നിന്നായിരുന്നു.
ഈ ഗതി വരാതിരിക്കണമെങ്കില്‍ ഭൂമി സംരക്ഷിക്കപ്പെടണം. അതിനാണ് നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ മാതൃഭൂമി എന്ന സങ്കല്‍പ്പം അവതരിപ്പിച്ചത്. അതും വേദകാലം മുതലുള്ളതാണ്.
‘മാതാ ഭൂമി പുത്രോ അഹം പൃഥിവ്യാ: (അഥര്‍വം 12 – 1 – 12)
‘ഈ ഭൂമി എന്റെ മാതാവാണ്, ഞാന്‍ അതിന്റെ പുത്രനും’
‘ഭൂമേ മാതര്‍നിധേഹി മാ ഭദ്രയാ സുപ്രതിഷ്ഠിതം’-
ഹേ, മാതൃഭൂമേ എന്നെ സുരക്ഷിതനായി കാത്തുകൊള്‍ക’ (12163)
തന്നെ ജനിപ്പിച്ച, പാലൂട്ടി വളര്‍ത്തിയ, സംരക്ഷിച്ച ഭൂമിയെ അമ്മഭൂമി എന്നു വിളിച്ചത് ഇവിടെയാണ്. നമ്മുടെ ഋഷിമാര്‍ എത്രയോ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു എന്ന് അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ.
അമ്മയെന്ന സങ്കല്‍പ്പം എത്രയോ ഉന്നതമാണ്, തീവ്രമാണ്. സ്വാമി വിവേകാനന്ദന്‍ അമേരിക്കന്‍ പര്യടനം നടത്തുമ്പോള്‍ ഒരു മഹിളാസമ്മേളനത്തില്‍ പങ്കെടുത്തു. 1900ല്‍ കാലിഫോര്‍ണിയയില്‍ ആയിരുന്നു ആ പ്രസംഗം. ഭാരതീയ സ്ത്രീസങ്കല്‍പ്പം എന്നതായിരുന്നു വിഷയം. അദ്ദേഹം അവരോടു പറഞ്ഞത് ഭാരതീയ – പാശ്ചാത്യ സ്ത്രീ സങ്കല്‍പ്പത്തിന്റെ വ്യത്യാസത്തെപ്പറ്റിയായിരുന്നു. ‘ഭാരതത്തില്‍ സ്ത്രീ അമ്മയാണ്, ഇവിടെ ഭാര്യയും! എന്റെ നാട്ടില്‍ കുടുംബം നിയന്ത്രിക്കുന്നത് അമ്മയാണ്, ഇവിടെ ഭാര്യയും. മക്കളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്ന അമ്മ ഞങ്ങളുടെ നാട്ടിലാണുള്ളത്. ജനിക്കാന്‍ പോകുന്ന കുട്ടിക്കുവേണ്ടി മാതാവ് ശരീരം ശുദ്ധമാക്കുന്നു, വസ്ത്രം ശുദ്ധമാക്കുന്നു. ആഹാരം ശുദ്ധമാക്കുന്നു. അമേരിക്കയിലെ മഹിളകളേ, അമ്മയെവിടെ?’ സ്ത്രീയുടെ പൂര്‍ണഭാവം എന്നത് മാതൃത്വമാണ്. മഹാഭാരതത്തില്‍ യക്ഷപ്രശ്‌നം എന്നൊരു ഭാഗമുണ്ട്. അതില്‍ യക്ഷന്‍ യുധിഷ്ഠിരനോടു ചോദിക്കുന്ന അനേകം ചോദ്യങ്ങളില്‍ ഒരു ചോദ്യം, ‘ഭൂമിയെക്കഴിഞ്ഞും ബൃഹത്തായത് എന്ത്’എന്നായിരുന്നു. യുധിഷ്ഠിരന്റെ ഉത്തരം ‘അമ്മ’ എന്നായിരുന്നു. ഭാരതീയ സംസ്‌ക്കാരത്തെ സംബന്ധിച്ച് ഇത്രയും ഉന്നതമായ മാതൃസങ്കല്‍പ്പമാണ് ജന്മദേശത്തിനു നല്‍കിയത്.
എന്തുകൊണ്ടായിരിക്കാം ജന്മഭൂമിയെ മാതൃഭൂമി എന്ന് ഋഷിമാര്‍ വിളിക്കാന്‍ കാരണം? ഒരുപക്ഷെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും മുറിച്ചുമാറ്റാന്‍ കഴിയാത്തത്ര ബന്ധം അമ്മയുമായി ഉണ്ട് എന്ന ധാരണയിലായിരിക്കാം. ഏതായാലും ഒരു കാര്യം പ്രസക്തമാണ്. ഭൂമിയിലേക്കു ജനിച്ചു വീഴുന്ന ഓരോ ശിശുവിന്റെയും പ്രപഞ്ചവുമായുള്ള പഞ്ചേന്ദ്രിയജ്ഞാനം അമ്മയിലൂടെയാണ് ലഭിക്കുന്നത്. ഒരു കുഞ്ഞ് ആദ്യം സ്പര്‍ശിക്കുന്നത് അതിന്റെ അമ്മയെ ആണ്. ശ്വസിക്കുന്ന ആദ്യ ഗന്ധം അമ്മയുടെയാണ്. ആദ്യമായി ദര്‍ശിക്കുന്നത് അമ്മയെയാണ്. ആദ്യ രുചി അമ്മയുടെ മുലപ്പാലാണ്. ആദ്യ ശ്രവണം അമ്മയുടെ ശബ്ദമാണ്. പഞ്ചേന്ദ്രിയങ്ങളുടെ ആദ്യ അനുഭൂതി മാതൃത്വത്തില്‍നിന്നാണ്. അതിനപ്പുറം ഒരു ബന്ധം കുഞ്ഞിന് വേറെന്തിനോടും ഉണ്ടാകില്ലല്ലോ. ഈ തിരിച്ചറിവില്‍ നിന്നായിരിക്കാം ഋഷിമാര്‍ നാം ജനിച്ചഭൂമിയെയും മാതാവിനു തുല്യമായി കാണാന്‍ പഠിപ്പിച്ചത്. അമ്മയോടുള്ള നാഭീനാള ബന്ധം മാതൃഭൂമിയോടും സൃഷ്ടിക്കുന്നു. ജനനിയും ജന്മഭൂമിയും രണ്ടല്ല എന്ന വികാരം. ഒരു ദേശത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതില്‍പ്പരം ഒരാദര്‍ശം വേറെ വേണ്ടതുണ്ടോ?
മാതൃഭൂമി എന്നു പൂര്‍വ്വികര്‍ പറഞ്ഞത് നമ്മുടെ ഭാരതഭൂമിയെത്തന്നെയാണ് എന്നതും വേദം പറയുന്നു.
‘യസ്യാ: പൂര്‍വേ ഭൂതകൃത ഋഷയോ ഗാ ഉദാനൃചു:
സപ്ത സത്രേണ വേധസോ യജ്ഞേന തപസാ സഹ'(അഥര്‍വം – 12-1-39)
അര്‍ത്ഥം: മഹര്‍ഷിമാര്‍ ഏതു ഭൂമിയില്‍ നിന്നുകൊണ്ടാണോ തങ്ങളുടെ സത്രം, യജ്ഞം, തപസ്സ് എന്നിവകൊണ്ട് സപ്തഭൂഭാഗങ്ങളെ സമുദ്ധരിച്ചത് ആ ഭൂമിയാണ് നമ്മുടെ മാതൃഭൂമി!
എന്നുവച്ചാല്‍ മാതൃഭൂമി എന്നത് ഋഷിമാരുടെ ഭാരതം തന്നെയാണെന്ന്, ആര്‍ഷഭാരതമാണെന്ന് സുവ്യക്തം. മറ്റു പല രാഷ്ട്രങ്ങളും പിതൃഭൂമി എന്ന് അവിടുള്ളവര്‍ കണക്കാക്കിയപ്പോള്‍ നമ്മള്‍ ഇവിടെ മാതൃഭൂമി എന്ന് ഉറപ്പിച്ചു. ആ ഭൂമിക്കുവേണ്ടി ജീവിക്കുക, വേണ്ടിവന്നാല്‍ ആ ഭൂമിക്കു വേണ്ടി മരിക്കുക, ആ ഭൂമിയില്‍ത്തന്നെ ലയിക്കുക! മാതൃഭൂമി സങ്കല്‍പ്പം തീവ്രതരമായത് അതുകൊണ്ടാണ്.
ഈ മാതൃഭൂമിയെപ്പറ്റിയുള്ള നിരവധി വിശദീകരണങ്ങള്‍ അഥര്‍വവേദത്തിലുണ്ട്. രാഷ്ട്രഗീതം എന്നുതന്നെയാണ് അതിനെ പറയുന്നത്. ഈ സങ്കല്‍പ്പം തുടര്‍ന്ന് ഇതിഹാസങ്ങളിലൂടെ കടന്നുവരുന്നുണ്ട്. രാമന്റെ സഞ്ചാരവും രാമകഥയും ഭാരതത്തിന്റെ ഏതു മുക്കിലും മൂലയിലും നമുക്കു കേള്‍ക്കാം, ദര്‍ശിക്കാം. രാമായണത്തില്‍ത്തന്നെ ഭാരതം ഒന്നാണെന്ന് അടയാളപ്പെടുത്തുന്ന നിരവധി ഭാഗങ്ങളുണ്ട്. രാമന്റെ ഗുണങ്ങളെ വാഴ്ത്തുന്ന നാരദന്‍ വാല്മീകിയോട് പറയുന്നത് ‘സമുദ്ര ഇവ ഗാംഭീര്യേ ധൈര്യേ ച ഹിമവാനിവ’ എന്നാണ്. സമുദ്രത്തെപ്പോലെ ഗാംഭീര്യമുള്ളവനും ധീരതയില്‍ ഹിമവാനെപ്പോലെയുമാണ് (ഇളക്കമില്ലാത്തത്) രാമന്‍! ഹിമാലയം മുതല്‍ സമുദ്രം വരെ എന്ന് ധ്വനി. രാമായണ കാലം മുതലായിരിക്കണമല്ലോ ‘ആസേതു ഹിമാചലം’ എന്ന പ്രയോഗവും ഉണ്ടായത്. രാമേശ്വരത്തെ രാമസേതു മുതല്‍ ഹിമാലയംവരെയാണ് ഭാരതഭൂമി എന്നു വരുന്നു.
ഒരു രാമായണകര്‍ത്താവ് പറഞ്ഞ വാക്യം സുപ്രസിദ്ധമാണല്ലോ.
‘അപി സ്വര്‍ണമയി ലങ്ക
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗാദപി ഗരീയസി’
-അല്ലയോ ലക്ഷ്മണ, ലങ്ക സ്വര്‍ണമയമായിക്കൊള്ളട്ടെ, അതെന്നെ മോഹിപ്പിക്കുന്നില്ല, പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണ്. അതേ സങ്കല്‍പ്പം തലമുറകളിലേക്ക് രാമായണ കഥാകഥനത്തിലൂടെ പകര്‍ന്നുകിട്ടുന്നു.
മാതൃഭൂമിക്ക് ഭാരതം എന്ന പേര് കൃത്യമായും വ്യക്തമായും മഹാഭാരതത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുഷ്യന്തന്റെ മകന്‍ ഭരത കുമാരന്‍ ഭരിച്ച നാട് എന്ന നിലയ്ക്കാണ് ഈ പേര് വന്നതെന്നും വിശദീകരിക്കുന്നു.
‘ശകുന്തളായാം ദുഷ്യന്താദ്
ഭരതശ്ചാപി ജജ്ഞിവാന്‍
യസ്യ ലോകേഷ്ഠ നാമ്‌നേദം
പ്രഥിതം ഭാരതം കുലം’
(മഹാഭാരതം – ആദിപര്‍വം, അദ്ധ്യായം 2,ശ്ലോകം 96)
വായുപുരാണത്തില്‍ ഭാരതത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
‘ഉത്തരം യദ് സമുദ്രസ്യ
ഹിമവദ് ദക്ഷിണം ച യത്
വര്‍ഷം തദ് ഭാരതം നാമ
യത്രേയം ഭാരതീ പ്രജാ’
സമുദ്രത്തിന്റെ വടക്കുഭാഗത്തും ഹിമവാന്റെ തെക്കുഭാഗത്തുമുള്ള ദേശത്തിന്റെ പേര് ഭാരതമെന്നാണ്. അവിടുത്തെ പ്രജകള്‍ ഭാരതീയരാണ്.
വിഷ്ണുപുരാണത്തില്‍ ഇതേ ആശയം അല്‍പ്പം വ്യത്യാസത്തോടെ കാണാം.
‘ഉത്തരം യദ് സമുദ്രസ്യ
ഹിമാദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തദ് ഭാരതം നാമ
ഭാരതീ യത്ര സന്തതി:’
സമുദ്രത്തിന്റെ ഉത്തരഭാഗത്തും ഹിമാലയത്തിന്റെ ദക്ഷിണഭാഗത്തും സ്ഥിതി ചെയ്യുന്ന നാടിനെ ഭാരതവര്‍ഷമെന്നു വിളിക്കുന്നു. അവിടെയുള്ളവര്‍ ഭാരതത്തിന്റെ സന്താനങ്ങളാണ്. അതായത് ഭാരതഭൂമി അമ്മയും ഭാരതീയര്‍ ആ അമ്മയുടെ മക്കളുമാണ്. ഈ പുരാണങ്ങളൊക്കെ എഴുതിയത് സംഘപരിവാര്‍ ആണെന്നു പറയാനുള്ള ചങ്കൂറ്റം ആരെങ്കിലും കാണിക്കുമോ?
കൗടല്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ എവിടം വരെയുള്ള ഭൂമി ഭരിക്കുന്നവനാണ് ചക്രവര്‍ത്തി എന്നു വിവരിക്കുന്നുണ്ട്. അതിലൊരു വാക്യം ഇങ്ങനെയാണ്: ‘ഹിമവത് സമുദ്രാന്തരമുദീചീനം യോജന സഹസ്രപരിമാണം’- ഹിമവാന്‍ മുതല്‍ സമുദ്രം വരെയുള്ള ആയിരക്കണക്കിനു യോജന വിസ്തൃതിയുള്ള പ്രദേശം ഭരിക്കുന്നയാള്‍ ആണ് ചക്രവര്‍ത്തി.
ഭാരതം പുണ്യഭൂമി എന്ന പ്രയോഗവും പുരാണങ്ങളിലുണ്ട്.
‘ഹിമാലയാദാസമുദ്രം
പുണ്യക്ഷേത്രം ച ഭാരതം
ശ്രേഷ്ഠം സര്‍വ സ്ഥലാനാം ച
മുനീനാം ച തപ: സ്ഥലം’
(ബ്രഹ്മവൈവര്‍തപുരാണം)’ഹിമാലയം മുതല്‍ സമുദ്രംവരെയുള്ള പുണ്യക്ഷേത്രം മറ്റെല്ലാ സ്ഥലങ്ങളെക്കഴിഞ്ഞും ശ്രേഷ്ഠമാണ്. അത് മുനിമാരുടെ തപോഭൂമിയാണ്.’
ഇവിടെ ഭാരതം മാതൃഭൂമി മാത്രമല്ല പുണ്യഭൂമിയുമാണെന്നു വരുന്നു. ആ പുണ്യഭൂമിയില്‍ ജനിക്കാന്‍ ഭാഗ്യമുണ്ടായവരാണു നാം. ആ ഭാഗ്യം നിലനില്‍ക്കേണ്ടതുണ്ട്. വരുന്ന തലമുറകള്‍ക്ക് ആ ഭാഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അതിനാണ് അമ്മയെന്ന വികാരം!
ഇതേ ആശയം തന്നെയാണ് പൂന്താനം ജ്ഞാനപ്പാനയിലും പറയുന്നത്. ഈ ഭാരത ഭൂമിയില്‍ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാന്‍ കഴിഞ്ഞെങ്കില്‍ അതുതന്നെ പരമഭാഗ്യമാണ്. ഇത്തരം അനേകം തലമുറകളിലൂടെ നമ്മുടെ രാഷ്ട്രത്തിന് കൈമാറി കിട്ടിയ വികാരമാണ് ഭാരതഭൂമി എന്നും പുണ്യഭൂമി എന്നും മാതൃഭൂമി എന്നുമുള്ള ആദര്‍ശങ്ങള്‍. സ്വാതന്ത്ര്യ സമരത്തിന്റെ അവസാനപാദ പോരാട്ടമായിരുന്നല്ലോ ബ്രിട്ടീഷുകാരുമായി നടത്തിയത്. അത് ആദ്യം തുടങ്ങിയത് ബംഗാളിലെ സന്താനങ്ങള്‍ എന്ന സന്ന്യാസി സമൂഹമായിരുന്നു. അവര്‍ മുഴക്കിയ മുദ്രാവാക്യം ‘വന്ദേമാതരം’എന്നായിരുന്നു. പിന്നീട് ആ യുദ്ധത്തെ അധികരിച്ച് ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ കവിതയാണ് നമ്മുടെ ദേശീയഗീതമായ വന്ദേമാതരം. ആ ഗീതത്തെ പിന്നീട് സന്ന്യാസിസമരത്തിന്റെ ഗാഥയായ ആനന്ദമഠം എന്ന നോവലിലും ചേര്‍ത്തു. സര്‍വസാധാരണക്കാരുടെ ഉള്ളില്‍ പ്രകമ്പനംകൊള്ളിക്കുന്ന മന്ത്രമായി ‘അമ്മയെ വന്ദിക്കുന്നു’ എന്ന വാക്യം മാറി. ബ്രിട്ടീഷുകാരുടെ കര്‍ണപുടങ്ങള്‍ തകര്‍ക്കുന്ന ഭയാനക ശബ്ദമായി വന്ദേമാതരം മുഴങ്ങി. ശത്രുപാളയങ്ങളെ കിടിലംകൊള്ളിക്കുന്ന ഗര്‍ജ്ജനമായി ആകാശത്ത് അത് പടര്‍ന്നു. മേഘപടലങ്ങളില്‍ അഗ്‌നിജ്വലിപ്പിക്കുന്ന ഇടിമുഴക്കമായി പരിണമിച്ചു വന്ദേമാതരമന്ത്രം!
ബംഗാളില്‍നിന്ന് മറ്റൊരു വെള്ളിനക്ഷത്രം ഉയര്‍ന്നുവന്നു ഭാവിഭാരതത്തെ കരുപ്പിടിപ്പിക്കാന്‍! അരവിന്ദ ഘോഷ് എന്ന മഹര്‍ഷി അരവിന്ദന്‍! ‘ഭവാനീ ഭാരതി’ എന്നത് അദ്ദേഹം അവതരിപ്പിച്ച സങ്കല്‍പ്പനമാണ്.
വനാന്തരങ്ങളിലും ഗിരിഗഹ്വരങ്ങളിലും അമ്മഭാരതമെന്ന വികാരം കത്തിജ്വലിച്ചു. ഗ്രാമാന്തരങ്ങളിലെ കൃഷീവലന്മാരുടെ കുടിലുകളില്‍, കടലോരങ്ങളിലെ മുക്കുവച്ചാളകളില്‍, ഋഷിമുനിമാരുടെ യാഗവേദികളില്‍, നഗരങ്ങളിലെ സമ്പന്നരുടെ മണിമാളികകളില്‍, രാജാക്കന്മാരുടെ കൊട്ടാരക്കെട്ടുകളില്‍, യുദ്ധഭൂമിയിലെ കൈനിലകളില്‍, പടപ്പാളയങ്ങളില്‍ എല്ലാം മുഴങ്ങി അമ്മഭാരതമെന്ന മന്ത്രം. കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ തത്തിക്കളിച്ചു വന്ദേമാതരം! വൃദ്ധരുടെ ജപങ്ങളില്‍ ഇടതടവില്ലാതെ ഉരുവിട്ടു ആ മന്ത്രം! കലാലയങ്ങളില്‍, പണിശാലകളില്‍ എല്ലാം ഉയര്‍ന്നുപൊങ്ങി ഭാരതം എന്റെ അമ്മ എന്ന ആദര്‍ശം. ഭാരതമാതാവ് കോടിക്കോടി ഭാരതീയരെ ഉത്തേജിപ്പിച്ചു; ഉജ്ജ്വലിപ്പിച്ചു. സര്‍വ്വതും മറന്ന് ആ അമ്മയ്ക്കുവേണ്ടി ജീവിക്കാനും മരിക്കാനും അനേകര്‍ തയ്യാറായി. അങ്ങനെ നാം സ്വാതന്ത്ര്യം നേടി.
അതായത് മാതൃഭൂമിയെന്ന സങ്കല്‍പ്പവും ഭാരതഭൂമി എന്ന പേരും ഭാരതമാതാവ് എന്ന ആദര്‍ശവും അനേകായിരം കൊല്ലങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാകുന്നു. അതൊരു ആര്‍.എസ്.എസ്. സൃഷ്ടിയാണെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢോദ്ദേശ്യം നാം തിരിച്ചറിയണം. മാതൃഭൂമിയോടുള്ള ഭക്തി മുറിച്ചുമാറ്റിയാല്‍ അതിനോടുള്ള സമര്‍പ്പണഭാവം നഷ്ടപ്പെടുത്താന്‍ കഴിയും. രാഷ്ട്രഭക്തി നഷ്ടപ്പെടുന്നവര്‍ മാതൃ-പുത്ര ബന്ധമില്ലാത്തവരായിത്തീരുകയും വെറും സാധാരണ പൗരന്മാരായി ചുരുങ്ങുകയും ചെയ്യും. അത്തരക്കാര്‍ക്ക് രാജ്യത്തിന്റെ നിയമം അനുസരിക്കുന്നതിനപ്പുറം യാതൊരു വിധേയത്വവും ഉണ്ടാകേണ്ടതില്ല. നികുതി കൊടുക്കുകയും സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തുകയും മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. അതിനപ്പുറം നാടിന് ആപത്തു വരുമ്പോള്‍ തന്നെ മറന്നും നാടിനെ രക്ഷിക്കേണ്ടതാണ് എന്ന ആദര്‍ശബോധം ആവശ്യമില്ല. അത്തരമൊരു ആള്‍ക്കൂട്ടമായാലുള്ള അപകടാവസ്ഥ ആര്യ ചാണക്യന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. രാഷ്ട്രഭക്തി ജ്വലിപ്പിച്ചു നിര്‍ത്തിയാലേ ദേശവും സംസ്‌കൃതിയും അതിലൂടെ രാഷ്ട്രവും നിലനില്‍ക്കൂ എന്ന് അദ്ദേഹം വിലയിരുത്തി. ചാണക്യസൂത്രത്തിലൂടെ അതിനാവശ്യമായ പദ്ധതികളും വ്യവസ്ഥകളും അവതരിപ്പിച്ചു. ഇതിലൂടെയൊക്കെ ആര്‍ജ്ജിച്ച രാഷ്ട്രബോധവും ദേശഭക്തിയും ഭാരതമാതാവിനോടുള്ള കടപ്പാടും ഉള്ള തലമുറകളുണ്ടായതുകൊണ്ടാണ് ഭാരതം ഇന്നും നിലനില്‍ക്കുന്നത്. ഒരുപക്ഷെ നൂറ്റാണ്ടുകളോളം നിലനിന്ന വൈദേശികാക്രമണങ്ങളെ ചെറുത്തു നില്‍ക്കാനുള്ള ഉള്‍ക്കരുത്ത് നേടിയത് പൂര്‍വ്വികര്‍ വിതറിയ മാതൃഭക്തിയിലൂടെ ആയിരിക്കണം. ഹൂണന്മാരും ശാകന്മാരും പിന്നീട് ഇസ്ലാമിക ആക്രമണങ്ങളിലും മറ്റു പല രാഷ്ട്രങ്ങളും സമ്പൂര്‍ണമായും നാശമടഞ്ഞപ്പോള്‍ ഭാരതം മാത്രം അതിജീവിച്ചതെങ്ങനെയാണ്?
ഇന്ന് ചില കമ്മ്യൂണിസ്റ്റുകളും ജിഹാദികളും വര്‍ഗീയവാദികളും ഉച്ചത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എട്ടു നൂറ്റാണ്ടുകാലം ഭാരതം ഇസ്ലാമിക ഭരണത്തിന്‍ കീഴിലായിരുന്നു. എന്നിട്ടും അവര്‍ – മുസ്ലീം ഭരണാധികാരികള്‍ – ഭാരതത്തെ മതരാജ്യമാക്കിയില്ല. അത് അവരുടെ വിശാല വിശ്വാസത്തിന്റെ മഹത്വംകൊണ്ടാണ്. ഇതാണ് വാദം. അവര്‍ മറച്ചുവച്ച ചരിത്രമാണ് അതിനു മറുപടി. ഗാന്ധാരദേശം എങ്ങനെയാണ് ഇസ്ലാമികമായത്? പാകിസ്ഥാന്‍ ഉണ്ടായതെങ്ങനെയാണ്? ബംഗ്ലാദേശ് രൂപം കൊണ്ടത് എന്തുകൊണ്ടാണ്? കശ്മീര്‍ പ്രശ്‌നം എന്തുകൊണ്ടാണ് ഉടലെടുത്തത്? ഇന്നും ഭാരതത്തില്‍ ഭീകരവാദ ഭീഷണി ഒരു ഒഴിയാബാധയായി നിലനില്‍ക്കുന്നതെന്തുകൊണ്ടാണ്? ഇതെല്ലാം പൊതുവര്‍ഷം 711ലെ മുഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണവും തുടര്‍ന്ന് മുഹമ്മദ് ഗസ്‌നിയും മുഹമ്മദ് ഘോറിയും ദല്‍ഹി സുല്‍ത്താന്‍മാരും ബാബറും ഔറംഗസീബും അടക്കമുള്ള മതഭ്രാന്തന്മാരായ ആക്രമണകാരികളുടെ ഭരണംകൊണ്ടാണെന്ന് സാമാന്യവിവരമുള്ള എല്ലാവര്‍ക്കുമറിയാം.
അതിന്റെ മറുവശവുമുണ്ട്. എന്തുകൊണ്ടാണ് ഇതേ ആക്രമണം ഏറ്റുവാങ്ങിയ പല പ്രാചീന രാഷ്ട്രങ്ങളും സംസ്‌ക്കാരങ്ങളും കുഴിച്ചുമൂടപ്പെട്ടിട്ടും ഭാരതം മാത്രം അതിജീവിച്ചത്? അവിടെയാണ് മുമ്പു സൂചിപ്പിച്ച മാതൃഭൂമിയോടുള്ള ഭക്തിയുടെ ആഴം മനസ്സിലാക്കേണ്ടത്. വ്യക്തിയും സമൂഹവും രാജ്യങ്ങള്‍ തന്നെയും മാതൃഭൂമിയുടെ രക്ഷണത്തിനു വേണ്ടി ബലിയര്‍പ്പിക്കപ്പെട്ട നീണ്ട ചരിത്രമുണ്ട്. താന്‍ ത്യജിച്ചും കുടുംബത്തെ നിലനിര്‍ത്തണം. കുടുംബത്തെ ഒടുക്കിയും ഗ്രാമത്തെ സംരക്ഷിക്കണം. ഗ്രാമത്തെ അപ്പാടെ ബലി കൊടുത്തിട്ടാണെങ്കിലും രാജ്യത്തെ നിലനിര്‍ത്തണം എന്നത് ഈ നാടിന്റെ മോചന മന്ത്രമാണ്.
‘ത്യജേദേകം കുലസ്യാര്‍ത്ഥേ
ഗ്രാമസ്യാര്‍ത്ഥേ കുലം ത്യജേദ്
ഗ്രാമം ജനപദസ്യാര്‍ത്ഥേ….!’ നാടിനുവേണ്ടി അങ്ങനെ ത്യജിക്കാനുള്ള ദേശീയബോധം മാതൃഭൂമീ സങ്കല്‍പ്പത്തിലൂടെ പകര്‍ന്നു കിട്ടിയതുകൊണ്ടാണ് ഭാരതം നിലനിന്നത്. സിന്ധിലെ ദാഹിറും ദില്ലിയിലെ പൃഥ്വിരാജ് ചൗഹാനും രജപുത്രവീരന്മാരും സിഖ് ഗുരുക്കന്മാരും മറാത്തയിലെ പേഷ്വമാരും അടക്കമുള്ള വീരനായകരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ മഹാബലി നടന്നതുകൊണ്ടാണ് നാം അതിജീവിച്ചത്. ബംഗാളിലെ സന്ന്യാസിമാരും വിവിധ പ്രദേശങ്ങളിലെ വിപ്ലവകാരികളും ഭാരതത്തിലെ വനവാസികളും ഗ്രാമവാസികളും നഗരവാസികളും സൈനികരും നടത്തിയ ആത്മബലിയുടെ ബാക്കിപത്രമാണ് നമ്മുടെ അതിജീവനവും സ്വാതന്ത്ര്യവും! ഓരോ തലമുറയിലേക്കും കൈമാറിയ മാതൃഭക്തി! ഭക്തിപ്രസ്ഥാനങ്ങളും വിപ്ലവപ്രസ്ഥാനങ്ങളും ഒന്നുപോലെ ഭാരതമാതാവ് എന്ന സങ്കല്‍പ്പത്തെ ഉറപ്പിച്ചു നിര്‍ത്തി. പൂന്താനത്തിന്റെ ഭാരതഭക്തി സ്‌തോത്രം നൂറ്റാണ്ടുകളായി മലയാളികളെ പ്രചോദിപ്പിക്കുന്നില്ലേ? അതേപോലെ ഓരോ ഭാഷയിലുമുണ്ടായി ശീലുകള്‍!
ഭാരതത്തിന്റെ ഭാവിയെപ്പറ്റി പ്രസംഗിക്കുമ്പോള്‍ സ്വാമി വിവേകാനന്ദന്‍ ആഹ്വാനംചെയ്തതെന്താണ്? ‘അടുത്ത അമ്പതു കൊല്ലക്കാലത്തേയ്ക്ക് ഇത്രമാത്രമാകണം മുദ്രാവാക്യം -മഹിതയായ ഭാരതമാതാവ്! അക്കാലമത്രയും ഉണ്മയില്ലാത്ത മറ്റീശ്വരന്മാരെല്ലാം നമ്മുടെ മനസ്സില്‍നിന്നു പോയ് മറയട്ടെ! ഉണര്‍ന്നിരിപ്പുള്ള ഒരേ ഒരീശ്വരന്‍ ഇതുമാത്രം!” ഭാരതമാതാവിനെ ഈശ്വരനായിത്തന്നെ ആരാധിക്കാന്‍ പഠിപ്പിച്ച നമ്മുടെ ആചാര്യന്മാരെയാണ് നാം വിശ്വസിക്കേണ്ടത്. കപടന്മാരായ വൈദേശിക വൈതാളികരെയല്ല.
അമ്മഭാരതം ആര്‍ക്കും സ്വീകരിക്കാവുന്ന ആദര്‍ശമാണ്. കൊടിയുടെ നിറമോ വസ്ത്രത്തിന്റെ അലങ്കാരമോ തര്‍ക്കവിഷയമാക്കേണ്ടതില്ല. അവരവര്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍, സ്വീകാര്യമാവുന്ന നിറത്തില്‍ വരയ്ക്കട്ടെ. ഭാരതമാതാവെന്ന സങ്കല്‍പ്പത്തിനാണ് പ്രാധാന്യം. അതൊരാദര്‍ശബിംബമായി നൂറ്റി നാല്‍പ്പത്തൊന്നുകോടി മക്കളിലും സന്നിവേശിച്ചാല്‍ ആ അമ്മയെ കൈവെക്കാന്‍ ആര്‍ക്കു ധൈര്യം വരും? അതാവട്ടെ അമ്മഭാരതത്തിന്റെ കരുത്ത്. പ്രാചീനമായ ആ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ച വേദത്തില്‍നിന്നും ഇതിഹാസങ്ങളിലേക്കും പുരാണങ്ങളിലേക്കും കടന്ന്, ഐതീഹ്യങ്ങളിലൂടെ ഒഴുകി, ചരിത്രത്തിന്റെ ഗാഥകളില്‍ ജ്വലിച്ച്, സ്വാതന്ത്ര്യസമരവേദികളെ ആവേശം കൊളളിച്ച്, ഇന്നും നമ്മെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.