സുനീതം മനമോരോന്നും
ശാസ്ത്രത്തിന്‍ വിജയോത്സവം
കൃത്യം തത്ത്വം തെളിക്കുന്നൂ
പഞ്ചഭൂതപ്രപഞ്ചകം
ഭൂമിയില്‍ നിന്നുയര്‍ന്നിട്ട-
ങ്ങഗ്‌നിയിന്ധനമാക്കിയും
കുതിച്ചുയര്‍ന്ന റോക്കറ്റിന്‍
ഗതിയുന്നതിതന്നെയായ്
വായുവെക്കൂട്ടിയത്തോള-
ത്തൊരു കൈയിട്ട്, ശബ്ദമേ-
കേള്‍ക്കാത്തതാമിടത്തെത്തി-
യപ്പോളാകാശഭേദിയായ്.
അവിടെക്കൗതുകക്കാല-
മേറെപ്പിന്നിട്ട്, പിന്നെയും
ഭൂവിലേക്കായ് ദ്യോവുവിട്ട്
നിപതിച്ചൂ ജലോപരി
ചക്ര രൂപത്തിലായെത്ര-
തിരിഞ്ഞൂ, ചുറ്റിയെത്രയോ
ദീപ്തഗോളങ്ങള്‍ വാഴുന്ന
ക്ഷീരമാര്‍ഗ്ഗത്തിലങ്ങനെ
പഞ്ചഭൂതത്തിനാല്‍ സൃഷ്ട-
മായോരത്തനു തന്നെയും,
പഞ്ചഭൂതപ്രപഞ്ചത്തെ-
ക്കണ്ടറിഞ്ഞറിയിപ്പത്
ഭൂമിയാകാശവും വായു,
ജലം, തേജസ്സുമിങ്ങനെ
ചേര്‍ത്തുവച്ച,വ ചേരുമ്പോള്‍
തത്ത്വം, ശാസ്ത്രമതൊന്നു താന്‍
ശാസ്ത്രവും സ്വപ്നവും ചേരു-
ന്നോരു വേളയിലല്ലയോ
ഇമ്പത്തോടങ്ങമ്പിരമ്പുന്നൂ
പ്രണവാനന്ദവൈഖരി
സ്വപ്നവും ശാസ്ത്രവും രണ്ടാ-
ണെന്ന തോന്നലു തോന്നലാം
സ്വപ്നമുണ്ടാകയാണല്ലീ,
ശാസ്ത്രമുണ്ടാക്കയാണതും
ഒന്നുമുണ്ടാക്കുവാനാകി-
ല്ലൊന്നുമില്ലാതെയാക്കിടാന്‍.
രണ്ടുമാകാത്തതാണെങ്കി-
ലെങ്ങനോരോന്നുവന്നിടും
വന്നു ചേരുന്നതോ ചെന്നു
നമ്മള്‍ കണ്ടെത്തിടുന്നതോ
രണ്ടുമൊന്നെന്നൊരദ്വൈതം
കണ്ടു മൗനത്തിലാവതോ
രണ്ടില്ലെന്നതു വേദാന്തം
മാത്രമാണെന്ന തോന്നലോ
‘നിങ്ങളി’ല്ലാതെയാകുന്ന
കാലമെന്നു വരും വരം
രണ്ടുകള്‍ ചേര്‍ത്തു വയ്ക്കുമ്പോ-
ളൊന്നാകുന്നവയൊക്കെയും
ഒന്നിച്ചു നിന്നുയര്‍ത്തുന്ന
ലോകമുത്തമമായിടും
ഒന്നിനെ രണ്ടതും പിന്നെ
രണ്ടു രണ്ടാക്കി വീണ്ടുമാ
നാലു നാനൂറതാക്കുന്നൂ
നാനാതുറയിലും വൃഥാ!
ഒന്നായൊന്നിച്ചു പോകുന്നോ-
രഞ്ചിന്റെ കഥയല്ലയോ
ജയമെന്നപരപ്പേരില്‍
ഭാരതാമൃത ഗാഥയും
ഗാഥയില്‍ ഗീത ചേര്‍ത്തിട്ടും
കഥയായ്ക്കണ്ടുകേള്‍ക്കയും
ഇടം ചെവിയതില്‍ കേട്ട്
വലത്തൂടെക്കളകയും
ഇടയ്‌ക്കെവിടെയോ നില്‍ക്കും
മനസ്സാലറിയാതെ പോയ്
മരിക്കുന്നോര്‍ക്കു കണ്ടീടാ
നാവില്ലാ ലോക ദര്‍ശനം
ശാസ്ത്രമാണത് വേദാന്തം-
പോലെയുള്ള രഹസ്യമോ
ലാബിലുണ്ടാക്കുവാനാകി-
ല്ലുണ്ടാകും ചിന്ത ചെയ്യുകില്‍.
.