സുരേന്ദ്രന്,
വിളിച്ച് വിളിച്ച്
സുര ആയി
സുരേ……
എവിടെ പോണടാ
അക്കര ഇത്തിപൂരം പണി
കോടാലി തോളില്‍
കൈയിലൊരു സഞ്ചി
നീളന്‍ കൈ
നീളന്‍ കാല്
നീളന്‍ ശരീരം
സുര നടന്ന് നടന്ന്
നടന്ന് നടന്നങ്ങ് മറയും
സുരേ നീ കാപ്പി കുടിച്ചോ
ഞാ.. കടേന്ന് കുടിച്ച്..
എന്നാ നീ ആ വിറക് വെട്ടിക്കീറ്
ചെത്ത മരത്തോല്
പൊളിച്ച പോലെ
സുര ഷര്‍ട്ടൂരി
കാതല്ത്തടി കടഞ്ഞ ശരീരം
വരണ്ടുണങ്ങിയ തലമുടി
മരം കൊത്തി കുഴിച്ച
രണ്ട് പൊത്തുകളില്‍
കണ്ണുകള്‍ ഒളിച്ചിരുന്നു
സുരേ…
നിന്റെ പെണ്ണ്
സുര കോടാലി മേലോട്ട് പൊക്കി
ഊക്കോടെ കീഴോട്ടിട്ടു
ഒരു വിറക് തടി
പകുതി അടര്‍ന്നു മാറി
അവള് പെയ്
പിള്ളാരുണ്ടോടാ
രണ്ടണ്ണം ഒണ്ട്
അവള് കൊണ്ട് പെയ്
രാത്രിയിലും
ഹോട്ടലേല് ആണോ ആഹാരം
ഓ..
ഒറ്റക്ക് നിനക്ക് ബോറടിക്കില്ലേ
ഞാ പാട്ട് കേക്കും
ആഹാ
ഏത് പാട്ട്
റേഡിയേല പാട്ട്
വീട്ടി ഒര് റേഡിയ ഒണ്ട്
ആകാസവാണില്
തോന പാട്ട് കള്‍ ഒണ്ട്
നിനക്ക് ഏറ്റവും ഇഷ്ടം
ഏത് പാട്ടാണ്
അത് പിന്നെ…
എല്ലാം കൊള്ളാം
എന്നാലും
അരിയില്‍ നീ
ഒണ്ടായിരുന്നെങ്കി…
ഓഹോ നീ കൊള്ളാല്ലോ
അരികില്‍
നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
നിനക്ക് അതിന്റെ
അര്‍ത്ഥം അറിയോ
കൊറച്ചക്കെ
ആ പാട്ട് കേക്കമ്പം
എന്തര് പോലെ തോന്നും
മനസ് വെഷമിക്കും
സുരേ നിനക്ക് ഒരു ദിവസം
കൂലി എത്ര കിട്ടും
അവര്‍ ഒള്ളത് പോലെ തരും
ഞാ ചോയിക്കൂല
വിറക് കീറി കഴിഞ്ഞ് നീ
മുന്‍വശത്തു വാ
കോടാലി തോളില്‍
കൈയിലൊരു സഞ്ചി
കിട്ടിയ കൂലി വാങ്ങി
സുര നടന്നു പോകുന്നു
ഒപ്പം സൂര്യനും
രാത്രിയുടെ വാതില്‍ തുറന്നിട്ട്
സുര ഉറങ്ങാന്‍ കിടക്കുന്നു
അരികില്‍
നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍……
ഒരു പാട്ടെവിടെയോ ഇടറി വീഴുന്നു
ഒറ്റപ്പെട്ട നിമിഷങ്ങള്‍ക്കായ്
ഒറ്റപ്പെട്ടൊരാള്‍ പാടുന്ന പോലെ.