അമേരിക്ക ഒന്നു വിലക്കിക്കിട്ടിയാല്‍ ദൃഷ്ടിദോഷം മാറുമെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ അടക്കം പറയുന്നത്. അമേരിക്ക, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ വിലക്കി. വൈകാതെ മോദി ഭാരതപ്രധാനമന്ത്രിയായി. അമേരിക്കന്‍ ഭരണകൂടം മോദിയെ ക്ഷണിച്ചുവരുത്തി ആദരിച്ചു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. ഇയ്യിടെ അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലുള്ള ഒരു കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വിലക്കണം എന്ന് ആവശ്യപ്പെട്ടിരിക്കയാണ്. വൈകാതെ അദ്ദേഹത്തിനും അമേരിക്കയില്‍നിന്ന് ക്ഷണം കിട്ടുമെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലാണെങ്കിലും മതസ്വാതന്ത്ര്യ കമ്മീഷന് ശുപാര്‍ശ ചെയ്യാനല്ലാതെ നടപടിയെടുക്കാന്‍ ഒരു അധികാരവുമില്ല. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനം കഴുകന്‍ ദൃഷ്ടിയില്‍ നോക്കി ആ രാജ്യങ്ങളെ അവമതിക്കുക എന്നതാണ് അവരുടെ പണി. ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ല എന്ന സ്ഥിരം പല്ലവി ആരു ഭരിക്കുമ്പോഴും അവര്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എഴുതിപ്പിടിപ്പിക്കാറുണ്ട്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരത ജനതയെ അപമാനിക്കാനുള്ള അന്താരാഷ്ട്ര തന്ത്രമാണിത്. ഇതിന്റെ ഭാഗമാണ് പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ അമിത്ഷായെ വിലക്കണം എന്ന അവരുടെ ആവശ്യം.
ഏതാനും മാസം മുമ്പാണ് അമേരിക്കയിലെ കെന്റഗിയില്‍ സ്വാമിനാരായണ ക്ഷേത്രം ധ്വംസിച്ച് വിഗ്രഹത്തില്‍ കറുത്ത പെയിന്റടിച്ചത്. ക്ഷേത്രച്ചുമരില്‍ കുരിശു വരച്ചുവെക്കുകയും ‘ജീസസ് ഈസ് ദ ഓണ്‍ലി ഗോഡ്’ എന്ന് എഴുതിവെക്കുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് അമേരിക്കയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ഇതുപോലെ ക്ഷേത്രധ്വംസനം നടന്നു. അമേരിക്കന്‍ കമ്മീഷന് സ്വന്തം നാട്ടിലെ ഹിന്ദുക്ഷേത്ര ധ്വംസനത്തില്‍ പ്രതികരണമില്ല. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും നമ്മുടെ നാട്ടിലെ മാധ്യമസിംഹങ്ങള്‍ക്ക് ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് പാല്‍പ്പായസമാണ്. വാര്‍ത്തകളില്‍ അതുകൊണ്ടവര്‍ ദീപാവലി ആഘോഷിക്കും. എന്നാല്‍ അമേരിക്കന്‍ ജനതയും അമേരിക്കന്‍ ഭാരതവംശജരും ഇതിനു പുല്ലുവിലപോലും കല്പിക്കുന്നില്ല.