കണ്ണദാസന്‍ തമിഴിലെ കവിയും ഗാനരചയിതാവുമായിരുന്നു. മങ്കൊമ്പ് മലയാളിയായ കണ്ണദാസനായിരുന്നു. ആ ധാരയുടെ പിന്മുറക്കാരന്‍. കവി, ചലച്ചിത്ര ഗാനരചയിതാവ്, പത്രാധിപര്‍, ഹിന്ദുധര്‍മ്മ വിശ്വാസി, അതിന്റെ പ്രയോക്താവ്, കീര്‍ത്തിക്കും നേട്ടത്തിനും പിന്നാലെ പോകാത്തയാള്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ചേരുമായിരുന്നു.
പക്ഷേ, ആ തരത്തിലൊന്നും മലയാളം മങ്കൊമ്പ് ഗോപാലകൃഷ്ണനെ തിരിച്ചറിഞ്ഞില്ല, അറിയാന്‍ ശ്രമിച്ചില്ല, മങ്കൊമ്പ് അതിനൊന്നുംവേണ്ടി അദ്ധ്വാനിച്ചില്ല. അല്ലെങ്കിലും മരണാനന്തരം വ്യക്തികളെ അത്ഭുതാദരങ്ങളോടെ ആരാധിക്കുന്നതാണ് നമ്മുടെ ഇക്കാലത്തെ വഴക്കം. അതല്ലെങ്കില്‍ യോഗ്യത അവരവര്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണമെന്നാണ് പുതിയ ചിട്ട.
കണ്ണദാസനെ അറിയണം, മങ്കൊമ്പിനെ മനസ്സിലാക്കാന്‍. തമിഴ് ചലച്ചിത്ര ഗാനരചയിതാവും കവിയുമായിരുന്ന കണ്ണദാസന്‍ 1981 ഒക്ടോബര്‍ 17ന് 54 ാം വയസ്സില്‍ അന്തരിച്ചു. നാലായിരത്തിലധികം കവിതകള്‍, അയ്യായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍, നോവലുകള്‍, ലേഖനങ്ങള്‍ എന്നിവ രചിച്ചു. കണ്ണദാസന്‍ നിരവധി മാസികകളുടെ പത്രാധിപരായിരുന്നു. കണ്ണദാസന്റെ യഥാര്‍ത്ഥ പേര് മുത്തയ്യ എന്നായിരുന്നു. തികഞ്ഞ ഹിന്ദു ചിന്തയും കര്‍മ്മവും വിശ്വാസവും പിന്തുടര്‍ന്ന കണ്ണദാസന്റെ ‘അര്‍ത്ഥമുള്ള ഹിന്ദുത്വം’ എന്ന പുസ്തകം 10 വാല്യങ്ങളുള്ള ബൃഹദ് ഗ്രന്ഥമാണ്.
സിനിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ വേഗം, വ്യാപകമായി, സുദീര്‍ഘകാലത്തേക്ക് പ്രസിദ്ധരാക്കും; തിരിച്ചറിയാനുള്ള അടയാളം കൊടുക്കും. അഭിനേതാക്കള്‍ക്കും പാടുന്നവര്‍ക്കും പാട്ടെഴുതുന്നവര്‍ക്കുമാണ് അവരിലും മുഖ്യപരിഗണന. കഴിഞ്ഞ ദിവസം അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണനെ പാട്ടെഴുത്തുകാരനായാണ് സിനിമാപ്രപഞ്ചത്തിലൂടെ ജനങ്ങള്‍ ഏറെ അറിയുന്നത്. ഗാനരചയിതാവ്, കവി, കഥാകാരന്‍, തിരക്കഥാകൃത്ത്, മൊഴിമാറ്റക്കാരന്‍ അങ്ങനെ സിനിമയുടെ ഏതേതെല്ലാം മേഖലയില്‍ മങ്കൊമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നോ! കണ്ണദാസനെക്കുറിച്ച് മലയാളിക്ക് അറിയാവുന്നത് തമിഴ് പാട്ടെഴുത്തുകാരന്‍ എന്നു മാത്രമായിരിക്കും. സിനിമാ ഗാനരചനയിലും പ്രണയഗാനത്തിന്റെ പേരിലാണ് മങ്കൊമ്പ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ ‘ഇവിടമാണീശ്വരസന്നിധാനം, ഇടറുന്ന മനസ്സുകള്‍ക്കഭയ സ്ഥാനം’ എന്നൊരുഗാനമുണ്ട് മങ്കൊമ്പിന്റേതായി (ചിത്രം: ബാബുമോന്‍). അതിമനോഹരമായ ഒരു കൃഷ്ണഭക്തിഗീതംകൂടിയാണത്. 1971ല്‍ ‘വിമോചനസമരം’ എന്ന, സിനിമയിലൂടെ ആദ്യമായി സിനിമാഗാനം എഴുതിയപ്പോള്‍ തുടങ്ങിയത് ഇങ്ങനെയായിരുന്നു: ”പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും പ്രണവസംഗീതം ഞാന്‍…” ‘സംഗമം’ എന്ന സിനിമയ്ക്ക് അതിലെ ശ്രമദാനരംഗത്തിന് ദേശീയോദ്ഗ്രഥനവികാരം പ്രകടിപ്പിക്കുന്ന ഗാനം വേണ്ടി വന്നപ്പോള്‍ മങ്കൊമ്പെഴുതി: ”ആദികവിയുടെ ആശ്രമമേ, ആര്‍ഷഭാരതമേ…”എന്ന് തുടങ്ങുന്ന പാട്ട്. പറഞ്ഞുവരുന്നത് മങ്കൊമ്പിന്റെ സാംസ്‌കാരിക ചിന്തയേയും സങ്കല്‍പ്പത്തേയും കുറിച്ചാണ്.
എന്നാല്‍, കണ്ണദാസന്റെ ‘അര്‍ത്ഥമുള്ള ഹിന്ദുത്വം’ എന്ന സനാതനധര്‍മ്മത്തിന്റെ അടിത്തറയും ആല്‍വലുപ്പവും അഗാധമായ ആര്‍ഷജ്ഞാനവും ലളിതമായി വിവരിക്കുന്ന ബൃഹദ് ഗ്രന്ഥത്തെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ മങ്കൊമ്പ് ഗോപാലകൃഷ്ണനെക്കുറിച്ച് ആ മനുഷ്യന്റെ മനസ്സിനെക്കുറിച്ച്, ബോധമണ്ഡലത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം. ആ പുസ്തകത്തിന്റെ വിവര്‍ത്തനം അച്ചടിക്കാന്‍ കൊടുത്ത് ഏറെ പുരോഗമിച്ച ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറഞ്ഞത് 40 വര്‍ഷത്തിന് മുമ്പ് അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനമാണത്.
ജന്മഭൂമി പത്രത്തില്‍ ഏറെക്കാലം അദ്ദേഹം പ്രതിവാര പംക്തി എഴുതിയിരുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന പേരിലാണ് എഴുതിയത്. സാഹിത്യ സാംസ്‌കാരിക വിഷയങ്ങള്‍ ആനുകാലികമായും സാര്‍വകാലികമായും അദ്ദേഹം വ്യാഖ്യാനിച്ചു. പ്രശസ്തി, ധനം, അംഗീകാരം തുടങ്ങിയ കാര്യങ്ങളില്‍ തരിമ്പും ആര്‍ത്തിയില്ലായിരുന്നതിനാല്‍ മറ്റു പലപേരുകളില്‍ തമിഴ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ ധാരാളം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ 40 കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കാന്‍ ഒരു പ്രമുഖ മലയാളം പ്രസാധകര്‍ക്ക് കൈമാറിയെങ്കിലും ഇതുവരെ പ്രസിദ്ധം ചെയ്തിട്ടില്ല.
മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ കുട്ടനാട്ടിന്റെ ‘തലസ്ഥാനമായ’ മങ്കൊമ്പിന്റെ തൊട്ടടുത്ത കരയായ ചതുര്‍ത്ഥ്യാകരിയിലാണ് വളര്‍ന്നത്. അമ്മവീട് അവിടെയായിരുന്നു. പഠിച്ചത് ചമ്പക്കുളത്ത്. ഏറെക്കാലം ജീവിച്ചത് ചെന്നൈയില്‍. ഇടക്കാലത്ത് പഠിത്തവും ജോലിയുമായി തിരുവനന്തപുരത്ത്. എന്നിട്ടും മങ്കൊമ്പ് ഗോപാലകൃഷ്ണനായത് കുട്ടിക്കാലം മുതലേ വിരാജിച്ച സാഹിത്യരംഗത്തെ പ്രവര്‍ത്തനംകൊണ്ടാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കവിത അച്ചടിച്ചു വരികയും അതിന് പ്രതിഫലം മണിയോര്‍ഡറായി ഒപ്പിട്ടു വാങ്ങുകയും ചെയ്തു. കത്തിടപാടുകള്‍ക്ക്, അന്ന് പോസ്റ്റ് ഓഫീസ് മങ്കൊമ്പിലായിരുന്നതിനാല്‍ എഴുത്തുലോകത്ത് മങ്കൊമ്പ് എന്ന സ്ഥലനാമം ഗോപാലകൃഷ്ണനെന്ന പേരിന് മുമ്പില്‍ ചേര്‍ന്നു. മങ്കൊമ്പിലമ്മയെന്ന കുട്ടനാടിന്റെ ദേവതയുടെ തീവ്രഭക്തനായിരുന്നു ഗോപാലകൃഷ്ണന്‍. മങ്കൊമ്പ് ദേവിയെക്കുറിച്ച് അദ്ദേഹം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അര്‍പ്പിത ചേതസ്സായി പ്രവര്‍ത്തിച്ചു. ചെന്നൈയിലും കേരളത്തിലും അയ്യപ്പ ധര്‍മ്മ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. തികച്ചും സനാതനിയായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തകനായിരുന്നു കുറേക്കാലം. സിനിമാഗാനങ്ങളുടെ നിരൂപണം എഴുതി ശ്രദ്ധേയനായിരുന്നു. മങ്കൊമ്പിനടുത്ത കരയായ കാവാലമായിരുന്നുവല്ലോ കവി ഡോ. അയ്യപ്പപ്പണിക്കരുടെ ജന്മദേശം. മങ്കൊമ്പുമായി ഏറെ അടുപ്പത്തിലായിരുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോക’ത്തില്‍ ജോലി ചെയ്തിരുന്ന മങ്കൊമ്പിനെ കുറച്ചുകൂടി ഗൗരവമുള്ള ജോലിയിലെത്തിച്ചത് അദ്ദേഹമാണ്. മദ്രാസില്‍ നിന്നുള്ള പ്രസിദ്ധ സാഹിത്യ മാസികയായ ‘അന്വേഷണ’ത്തിന്റെ എഡിറ്ററായി മങ്കൊമ്പിനെ അയ്യപ്പപ്പണിക്കര്‍ കണ്ടെത്തി. ‘മദ്രാസ്’ സിനിമാലോകത്തിന്റെ സ്വര്‍ഗ്ഗഭൂമിയായിരുന്നതിനാല്‍ മങ്കൊമ്പ് മറ്റൊന്നാലോചിക്കാതെ ഗ്രന്ഥാലോകംവിട്ട് ‘അന്വേഷണ’ത്തിലെത്തി. അത് സിനിമയില്‍ പാട്ടെഴുത്തിലേക്കുള്ള വഴിതുറക്കുകയായിരുന്നു.
വിവിധ ഭാഷകള്‍ വശമാക്കിയ മങ്കൊമ്പിന് തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ഇത് സിനിമകളുടെ ഭാഷാന്തരീകരണം ഒരു കാലത്ത് വലിയ സാധ്യതയുള്ള വിഭാഗമായതിനാല്‍ മങ്കൊമ്പിനെ ചെന്നൈയില്‍ തിരക്കുള്ളയാളാക്കി. പില്‍ക്കാലത്ത് ടെലിവിഷന്‍ പ്രചാരത്തിലേറിയപ്പോള്‍ സിനിമകാര്‍ക്ക് ഇംഗ്ലീഷ് വിവരണത്തിന്റെ ആവശ്യമേറി. സിനിമാഗാനങ്ങള്‍ക്കൊപ്പം തിരക്കഥാരചനയില്‍, സംഭാഷണരചനയില്‍ മങ്കൊമ്പ് പ്രശസ്തനായത് അങ്ങനെയാണ്.
മങ്കൊമ്പ് ദേശീയരാഷ്ട്രീയ ചിന്തധാരയിലായിരുന്നു വ്യാപരിച്ചിരുന്നത്. മിതഭാഷിയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും മുതിര്‍ന്നിട്ടേയില്ല. പക്ഷേ വ്യക്തമായ രാഷ്ട്രീയബോധമുണ്ടായിരുന്നു. അത് സാഹിത്യപ്രവര്‍ത്തനത്തില്‍ പ്രകടമാവുകയും ചെയ്തിട്ടുണ്ട്. ”ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല” എന്ന് മങ്കൊമ്പ് ആണയിട്ടു പറയുമ്പോഴും ആര്‍ക്കും വ്യക്തമാണ് അടിയന്തരാവസ്ഥക്കാലത്ത് പുറത്തുവന്ന ഒരു സിനിമയില്‍ അദ്ദേഹം രചിച്ച ഗാനത്തിലെ രാഷ്ട്രീയം. ചിത്രം ‘തെമ്മാടിവേലപ്പ’നും നായിക പരിഷ്‌കാരിയും അഹങ്കാരിയും തറവാട്ടുമഹിമയും തന്നിഷ്ടവും കാട്ടി നാട്ടുകാരുടെ മേല്‍ കുതിരകേറുന്നയാളും. നായകന്‍ ആ നായികയെ പരിഹസിച്ച് പാടുന്ന പാട്ടില്‍ മങ്കൊമ്പ് അറിയാതെയാണെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ, ആ രാഷ്ട്രീയം പ്രതിഫലിച്ചു. ”ത്രിശങ്കുസ്വര്‍ഗ്ഗത്തെ തമ്പുരാട്ടി/ ത്രിശൂലമില്ലാത്ത ഭദ്രകാളി/ ആണുങ്ങളില്ലാത്ത രാജ്യത്തെ/ അല്ലിറാണിപ്പോലത്തെ രാജാത്തി” എന്നാരംഭിക്കുന്നതാണ് ഗാനം. അതിലെ തുടര്‍വരികളില്‍ ആ ‘ഭദ്രകാളി’യെ മുടിചൂടാമന്നവന്റെ പ്രിയസന്തതി/ മൂളിയലങ്കാരിയുടെ വക്രബുദ്ധി/ എള്ളു കൊറിച്ചാല്‍ ‘എള്ളോളം/ എടീ, പെണ്ണൊരുമ്പെട്ടാല്‍ പെണ്ണോളം’ എന്ന് അനുപല്ലവി. പാട്ടിന്റെ ചരണം ഇങ്ങനെ: ”മുടിയില്‍ കെടികുത്തിനവാഴുമധര്‍മ്മത്തിന്‍/മുഖപാടങ്ങള്‍ ഞാന്‍ അഴിച്ചുമാറ്റും/, നിങ്ങള്‍ക്ക് ഞാനൊരു തെമ്മാടി/ പക്ഷേ, നീതിക്കുഞ്ഞാന്നൊരു പോരാളി/, സത്യധര്‍മ്മങ്ങള്‍ക്കെന്നും ഞാന്‍ തേരാളി” സിനിമയില്‍ നായിക ജയഭാരതിയും നായകന്‍ പ്രേം നസീറുമാണെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ആ പാട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചാണെന്ന് ചിന്തിക്കുന്നവരോട് മറുത്തു പറയാന്‍ പറ്റാത്തസ്ഥിതിവന്നു. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷം ആ പാട്ട് ഇന്ദിരക്കെതിരായി പാടിനടന്നു. ആ സ്വേച്ഛാധിപത്യ ഭരണകാലത്ത് ചെറുപ്പക്കാരനായ ഒരു കവിക്ക്, ദേശീയബോധവുമുണ്ടായാല്‍ പരോക്ഷമായി എങ്ങനെയങ്കിലുമൊക്കെ അയാളുടെ ഭാവനപടരാതിരിക്കില്ലല്ലോ. എന്തായാലും അടിച്ചമര്‍ത്തലിന്റെ സ്വേച്ഛാകാലത്ത് അധികാരത്തെ മങ്കൊമ്പും ഭയന്നു. അതുകൊണ്ടുതന്നെ, കിട്ടിയ ഏറ്റവും അടുത്ത അവസരത്തില്‍ ”ആദി കവിയുടെ ആശ്രമമേ ആര്‍ഷഭാരതമേ” എന്ന് ഒരു സിനിമയ്ക്ക് പാട്ടെഴുതി, അതില്‍ ഇന്ദിരാഗാന്ധിയുടെ ‘അടിയന്തര’ത്തിലെ ‘ഇരുപതിന പരിപാടി’യെ പുകഴ്ത്തിക്കൊണ്ടൊരുവരി ചേര്‍ത്തു. മാത്രമല്ല, ആ വരികള്‍ അടിയന്തരാവസ്ഥയെ വാഴ്ത്തുന്നതാണെന്ന് വ്യാഖ്യാനിച്ച് ‘ദല്‍ഹി’യിലെ അധികൃതരെ ‘ഹിന്ദി’യില്‍ത്തന്നെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
അച്ഛന്‍ ഗോവിന്ദന്‍ നായര്‍ നാട്ടില്‍ ഗ്രന്ഥശാലാ സെക്രട്ടറിയായിരുന്നു. അതിനാല്‍ പുസ്തകവായനക്ക് ആഴവും പരപ്പും മങ്കൊമ്പിനുണ്ടായി. ആര്‍ജിതമായ സാംസ്‌കാരിക പൈതൃകസാഹിത്യ വാസനയും, കവിത, നാടകം, പത്രപ്രവര്‍ത്തനം, സാഹിത്യവിമര്‍ശനം, ചലച്ചിത്രഗാനമെഴുത്ത് മാത്രമല്ല, സിനിമയുടെ സര്‍വ്വ എഴുത്തുമേഖലയിലും വൈഭവം, ഇതൊക്കെ ചേര്‍ന്ന് മങ്കൊമ്പ് വളര്‍ന്നു. മങ്കൊമ്പിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ പരസ്യപ്രവര്‍ത്തന പര്‍വം അദ്ദേഹം ചെന്നെയില്‍ നിന്ന് എറണാകുളത്ത് താമസമാക്കിയ കാലത്താണ്, മങ്കൊമ്പ് തപസ്യയുടെ ജില്ലാ അധ്യക്ഷനായി. ജന്മഭൂമി, കേസരി തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ മങ്കൊമ്പ് സാഹിത്യപ്രവര്‍ത്തനം ഏറെപ്പണ്ടുമുതലേ നടത്തിയിരുന്നു. ഒട്ടേറെ മികച്ച കവിതകള്‍ ഈ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്നു (1989 ല്‍, ജന്മഭൂമി ഓണം വാര്‍ഷികപ്പതിപ്പിന് കവിത ചോദിച്ചുകൊണ്ട് അന്നത്തെ ചീഫ് എഡിറ്റര്‍ വി.എം. കൊറാത്തിന്റെ കത്ത് മങ്കൊമ്പിന് അയച്ചു. ഒരു ദിവസം എഡിറ്റര്‍ കുമ്മനം രാജശേഖരന്‍ ഒരു ഫോണ്‍ നമ്പര്‍ തന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. മങ്കൊമ്പ് ഗോപാലകൃഷ്ണനെയാണ് വിളിക്കുന്നതെന്ന് ട്രങ്ക് കാള്‍ ബുക് ചെയ്ത് കാത്തിരിക്കുമ്പോഴാണ് പറഞ്ഞത്. കാവാലത്തുകാരനായ ഞാന്‍ ഏറെക്കാലം മുമ്പേ ചെന്നൈയില്‍ താമസമാക്കിയ മങ്കൊമ്പിനെ പരിചയപ്പെട്ടിട്ടില്ല. അന്ന് ഫോണില്‍ സംസാരിച്ച് ബന്ധം രൂപപ്പെടുത്തി. പിറ്റേയാഴ്ച കവിത വന്നു. വടിവൊത്ത കൈയക്ഷരത്തില്‍ ആറു പേജില്‍ വലിയ അക്ഷരത്തില്‍ എഴുതിയ കവിത: തിരുവാഭരണം). അക്കിത്തം, എസ്.രമേശന്‍നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മഹാകവി അക്കിത്തത്തെക്കുറിച്ച് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ഒരു പുസ്തകം തയ്യാറാക്കി അന്തിമഘട്ടത്തിലെത്തിച്ചിരുന്നു അദ്ദേഹം. എന്നാല്‍ അക്കിത്തത്തോട്, അക്കിത്തം കവിതകളുടെ ദര്‍ശനങ്ങളോട്, അക്കിത്തം നയിച്ച ‘തപസ്യ കലാസാഹിത്യവേദി’യോട് ‘സംഘി’ എന്ന അകലം പാലിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം നയിക്കുന്ന ഭരണകൂടം ‘സംഘി’യായ മങ്കൊമ്പിന്റെ ആ പുസ്തകം പ്രസിദ്ധീകരിക്കാതെ നീട്ടിനീട്ടിക്കൊണ്ടുപോയി. ആ വ്യഥ അവസാനകാലം മങ്കൊമ്പിനെ അലട്ടിയിരുന്നു. താന്‍ ചെയ്യുന്നത് സ്വയം പെരുപ്പിച്ച് വിളിച്ചുപറഞ്ഞ് നടന്നില്ല എന്നതേ അര്‍ഹമായ പരിഗണനകള്‍ ജീവിച്ചിരിക്കെ അദ്ദേഹത്തിന് ലഭിക്കാതെ പോകാനുള്ള ഒരേയൊരു കാരണമായി മങ്കൊമ്പിന്റെ ഭാഗത്തുനിന്ന് സംഭവിച്ചുള്ളു. ഈ കാലത്ത് അതൊക്കെ വലിയ ‘വീഴ്ച’കള്‍ തന്നെയാണല്ലോ. സിനിമാലോകത്ത് മങ്കൊമ്പെത്തിയതിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കാന്‍ ചെന്നൈയില്‍ സിനിമാ സഹപ്രവര്‍ത്തകര്‍ ആസൂത്രണം നടത്തി. 2025 മാര്‍ച്ച് 29 ന് വലിയ പരിപാടികള്‍ നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്.