കോട്ടയം: ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സിനിമകള്‍ക്കപ്പുറം ഭാരത് വുഡ് സിനിമകള്‍ ഉണ്ടാവണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ലോകസിനിമകളെ ഭാരതത്തിലേക്ക് കൊണ്ടുവരിക എന്നതുപോലെ ഭാരതീയ ജീവിതത്തെ ലോകസമക്ഷം അവതരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം സിഎംഎസ് കാമ്പസ് തീയറ്ററില്‍ തമ്പ് ഫിലിം സൊസൈറ്റിയുടെ അരവിന്ദം ഹ്രസ്വ ചലച്ചിത്രോത്സവം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്യന്തികമായ സ്വാതന്ത്ര്യമാണ് കല പ്രഖ്യാപിക്കുന്നത്. മനുഷ്യനെ സമ്പൂര്‍ണമായി സമീപിക്കുകയാണ് ഭാരതീയ കല ചെയ്യുന്നത്. ശരീരത്തിനോ ഇന്ദ്രിയങ്ങള്‍ക്കോ വേണ്ടി മാത്രമല്ല ആത്മാവിന്റെ തലങ്ങളിലേക്കും കടന്നുചെല്ലുന്നതാവണം സിനിമ. അരവിന്ദന്‍ കാഞ്ചനസീതയില്‍ പ്രകൃതിയെത്തന്നെ സീതയായി അവതരിപ്പിക്കുന്നത് ഇതിന് തെളിവാണ്, ജെ. നന്ദകുമാര്‍ പറഞ്ഞു. ഭാരതീയ ബിംബങ്ങള്‍ക്കും സിനിമയിലിടം വേണമെന്ന കൃത്യമായ ബോധ്യത്തിലാണ് ദാദാസാഹേബ് ഫാല്‍ക്കെ ഹരിശ്ചന്ദ്ര എടുത്തത്. സിനിമയിലൂടെ ഭാരതത്തനിമയെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോള സിനിമ ഇക്കാലത്ത് ഭാരതീയ ജീവിതത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. 2014ല്‍ ഇറങ്ങിയ ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍ സ്റ്റെല്ലാര്‍ മുന്നോട്ടു വയ്ക്കുന്നത് ഭൂമി വാസയോഗ്യമല്ലാതാവുമ്പോള്‍ ബദലൊരു ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയാണ്. അതില്‍ അവതരിപ്പിക്കുന്ന ഇന്ദ്രാസ് നെറ്റ് അടക്കമുള്ളവ ഭാരതീയമായ ജീവിതത്തെ പരിഹാരമായി നിര്‍ദേശിക്കുന്നുണ്ട്. ലോകം ഇന്റര്‍ സ്റ്റെല്ലാര്‍ കാണുമ്പോള്‍ ഇവിടെ പി കെ ആണിറങ്ങിയത്. നമ്മുടെ സാമൂഹികജീവിത സംസ്‌കൃതിയെ അപമാനിക്കുക എന്നത് സിനിമയുടെ ലക്ഷ്യമാകരുത്, നന്ദകുമാര്‍ പറഞ്ഞു.
