ഭോപാല്‍: സമൂഹത്തെ ധാര്‍മ്മികമായി മുന്നോട്ടുനയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭോപാല്‍ ശാരദാ വിഹാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാഭാരതി പൂര്‍ണസമയ പ്രവര്‍ത്തകരുടെ അഞ്ച് ദിവസത്തെ പരിശീലനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ വിനിയോഗത്തിന് മാനുഷികമായ നയം രൂപീകരിക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ എന്ത് തെറ്റുണ്ടായാലും അത് അംഗീകരിച്ചുകൊള്ളണമെന്ന ധാരണ പാടില്ല. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കുകയും നല്ലതിനെ സ്വീകരിക്കുകയും വേണം, മോഹന്‍ ഭാഗവത് പറഞ്ഞു. സത്യത്തിന്റെ പാത പിന്തുടര്‍ന്ന് മൂല്യങ്ങളെ നിലനിര്‍ത്തിയതാണ് ഭാരതീയ ജീവിതത്തിന്റെ സവിശേഷത. ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മാനവികതയ്ക്കാകെ ദിശാബോധം പകരേണ്ട മഹത്തായ ഉത്തരവാദിത്തമാണ് നമ്മുടെ രാഷ്ട്രത്തിനുള്ളതെന്ന് സര്‍സംഘചാലക് പറഞ്ഞു. വ്യക്തിയില്‍ വരുത്തുന്ന പരിവര്‍ത്തനത്തിലൂടെയേ സമാജ പരിവര്‍ത്തനം സാധ്യമാവൂ. വിദ്യാര്‍ത്ഥികളില്‍ ജീവിതമൂല്യങ്ങള്‍ പകരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാഭാരതിയുടെ സവിശേഷത. ഈ പ്രവര്‍ത്തനം അറിവ് നല്‍കുന്നതില്‍ മാത്രം പരിമിതപ്പെടുന്നതല്ല, അതിനുമപ്പുറം സമൂഹത്തെ ധാര്‍മ്മികമായി പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്. അദ്ദേഹം പറഞ്ഞു. വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡി.രാമകൃഷ്ണ റാവു ആമുഖ ഭാഷണം നടത്തി.
















