ആര്‍.എസ്.എസ്സിന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കഴിഞ്ഞ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ നല്‍കിയത് ഫാസിസ്റ്റ് ഗ്രേഡായിരുന്നു. ഇപ്പോള്‍ അല്പം ഉയര്‍ത്തി നിയോ ഫാസിസ്റ്റ് ഗ്രേഡ് നല്‍കിയിരിക്കുന്നു. മോദിയുടെ ഭരണത്തിന് പാര്‍ട്ടി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കണ്ട് അതിശയിക്കണ്ട. ‘നവഫാസിസ്റ്റ് സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ – കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യ ഭരണകൂടം” എന്നാണ് 24-ാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ പോകുന്ന കരടുപ്രമേയത്തില്‍ പറയുന്നത്. മോദിസര്‍ക്കാര്‍ നവഫാസിസ്റ്റ് സര്‍ക്കാരായും രാഷ്ട്രീയ സജ്ജീകരണമായും വികസിച്ചിട്ടില്ലത്രേ. ഈ ഘട്ടത്തിലേ അതിനെ ചെറുത്തുതോല്പിച്ചില്ലെങ്കില്‍ ഹിന്ദുത്വ – കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്ക് നീങ്ങിക്കളയും എന്നാണ് കരടുരേഖയിലെ ആശങ്ക. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ ആര്‍.എസ്.എസ്സും ബി.ജെ.പിയും തനി ഫാസിസ്റ്റ് സംഘടനകളായിരുന്നു. അവയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷകക്ഷികളും ഒന്നിക്കണം എന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞത്. അന്ന് പാര്‍ട്ടി സെക്രട്ടറി സീതാറാം യച്ചൂരിയായിരുന്നു.
24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടിയുടെ സെക്രട്ടറി കസേരയില്‍ ആളില്ലെങ്കിലും അധികാരം പ്രകാശ് കാരാട്ടിനാണ്. ബി.ജെ.പിയും ആര്‍.എസ്.എസ്സും ശുദ്ധഫാസിസ്റ്റല്ല, വെള്ളം ചേര്‍ത്ത ഫാസിസ്റ്റാണ് എന്നതായിരുന്നു കാരാട്ടിന്റെ സ്വന്തം സിദ്ധാന്തം. യച്ചൂരി അത് സമ്മതിച്ചില്ല. ഇന്ന് യച്ചൂരിയില്ലല്ലോ.അധികാരം കാരാട്ടിനാണ് താനും. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ നിലപാട് പാര്‍ട്ടിയുടെ മേലാളനനുസരിച്ച് മാറുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രൊഫ. ബാര്‍ട്ട് കാമേഴ്ട്‌സിന്റെ സിദ്ധാന്ത പ്രകാരം സി.പി.എം കരട് രേഖയില്‍ ഫാസിസത്തില്‍ വെള്ളം ചേര്‍ത്ത് കാരാട്ട് നവഫാസിസം എന്ന ബിരിയാണി വേവിച്ചെടുത്തിരിക്കുന്നു. അതനുസരിച്ച് ആര്‍.എസ് എസ്സും ബി.ജെ.പിയും ഫാസിസ്റ്റ് പട്ടികയില്‍ നിന്ന് നവഫാസിസ്റ്റ് പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇങ്ങനെ പോയാല്‍ ഒന്നോ രണ്ടോ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോള്‍ സഖാക്കള്‍ക്ക് ആര്‍.എസ്.എസ്. ജനാധിപത്യ സ്വഭാവള്ള സംഘടനയായി മാറും. അപ്പോഴേക്കും പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമല്ല, പാര്‍ട്ടി തന്നെ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.