ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്. ഇതുവരെ തോര്‍ന്നിട്ടില്ല. ഇന്നെഴുന്നേല്‍ക്കാന്‍ അല്‍പം വൈകിപ്പോയി. എന്നും രാവിലെ അമ്പലത്തില്‍ നിന്നുള്ള സുപ്രഭാതം കേട്ടാണ് ഉണരുന്നത്. ഇന്ന് സുപ്രഭാതം മഴപ്പെയ്ത്തില്‍ മുങ്ങിപ്പോയെങ്കില്‍ കൂടിയും രാവിലെ നാലരയ്ക്ക് കണ്ണുതുറന്നതാണ്. പക്ഷേ കോരിച്ചൊരിയുന്ന മഴയത്ത് മൂടിപ്പുതച്ചുറങ്ങുമ്പോഴുള്ള സുഖം കാരണം എഴുന്നേല്‍ക്കാന്‍ തോന്നിയില്ല കുറച്ചുകൂടികഴിയട്ടെ എന്നോര്‍ത്തു കണ്ണടച്ചു.
പിന്നീട് കണ്ണുതുറന്നപ്പോള്‍ മണി അഞ്ചര. ദൈവമേ! ചാടിപ്പിടച്ചെഴുന്നേറ്റു. അടുക്കളയില്‍നിന്ന് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ട്. അമ്മ എഴുന്നേറ്റു എന്ന് തോന്നുന്നു. അമ്മയെ സമ്മതിക്കണം. എത്ര വലിയ മഴയാണെങ്കിലും അമ്മ അതിരാവിലെ തന്നെ എഴുന്നേല്‍ക്കും. ഇന്നിനി എഴുന്നേല്‍ക്കാന്‍ വൈകിയതിനു മുത്തശ്ശിടെ ചീത്തകേള്‍ക്കേണ്ടിവരും. ഇനി തണുത്ത വെള്ളത്തില്‍ കുളിക്കണകാര്യം. എത്ര കൊടും തണുപ്പാണെങ്കില്‍ കൂടി വീട്ടിലെ സ്ത്രീകള്‍ രാവിലെ ആറുമണിയ്ക്ക് മുന്‍പ് കുളിച്ചുകഴിയണമെന്നതു മുത്തശ്ശിക്ക് നിര്‍ബന്ധമാണ്. കുളിമുറിയില്‍ കയറി തണുത്ത വെളളം ദേഹത്തൊഴിച്ചപ്പോള്‍ മരവിച്ച് പോണപോലെ തോന്നി. ഒരുവിധം കുളി കഴിഞ്ഞു ഈറന്‍ മുടിതോര്‍ത്തി. നല്ല കരുത്തുള്ള നീളന്‍ മുടിയാണ്. ഇനി ഈ മഴയത്ത് ഇത് ഉണങ്ങാനുള്ള പാട്. അടുക്കളയില്‍ മുടിയഴിച്ചിട്ട് നില്‍ക്കാന്‍ സാധിക്കില്ല. കെട്ടിവച്ചാല്‍ നനഞ്ഞ മുടി കെട്ടിവെച്ചതിനു വേറെ കേള്‍ക്കണം. അറ്റം മാത്രം വെറുതേ വേറെ കെട്ടിവച്ചു അടുക്കളയില്‍ ചെന്നപ്പോള്‍ മുത്തശ്ശി കലിതുള്ളി നില്‍ക്കുന്നു. ” ചിട്ട മുഴുവന്‍ തെറ്റി. പെണ്ണ് തോന്നിയപടി നടക്കാന്‍ തുടങ്ങിയാല്‍ കുടുംബം മുടിയും.” രാവിലെ തന്നെ അന്തരീക്ഷം കലുഷിതമാണെന്നു കണ്ടു, മുത്തശ്ശി പറഞ്ഞതെല്ലാം കേട്ടു മിണ്ടാതെ നിന്നു. നോക്കിയപ്പോള്‍ അച്ഛനും ചേട്ടനും എഴുന്നേറ്റില്ല. അവര്‍ക്ക് ഉറങ്ങാം ഇഷ്ടമുള്ള സമയം വരെ.
രാവിലെ പലഹാരമുണ്ടാക്കാന്‍ നോക്കിയപ്പോള്‍ ഇഡ്ഢലിക്കുള്ള മാവാണ് അരച്ച് വച്ചിരിക്കുന്നത്. മോളെ ഇഡ്ഢലികുറച്ചുണ്ടാക്കണേ, ആ… പിന്നെ ചമ്മന്തി വെള്ളം കുറച്ചുണ്ടാക്കിയാല്‍ മതി. അവനതാ ഇഷ്ടം. അമ്മയില്‍ നിന്നും കേള്‍ക്കുന്ന നിര്‍ദ്ദേശം ആയതുകൊണ്ട് പ്രത്യേകിച്ചൊന്നും തന്നെ തോന്നിയില്ല.
രാവിലത്തെ ചായേം പലഹാരോം ഉണ്ടാക്കി മേശപ്പുറത്തുവച്ചു. ഇനി ചേട്ടനും എനിക്കും അച്ഛനും ഇടാനുള്ള ഡ്രസ്സ് തേയ്ച്ച് വെക്കണം. ചേട്ടന്‍ ഇതുവരെ എഴുന്നേറ്റിട്ടില്ല. വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ മുറിയിലേയ്ക്ക് പോയപ്പോള്‍ ” അവന്‍ ഇത്തിരി നേരം കൂടി കിടക്കട്ടെ ടി” എന്ന് മുത്തശ്ശി. ചേട്ടന് കോളേജില്‍ പോകാന്‍ നേരായി മുത്തശ്ശി എന്നുപറഞ്ഞപ്പോള്‍ ‘ഇത്തിരിവൈകീന്ന് വച്ച് ഇപ്പൊ എന്തുണ്ടാവാനാ? സ്‌കൂട്ടറിനല്ലേ അവന്‍ പോണത്’ പിന്നീടൊന്നും മിണ്ടാന്‍ പോയില്ല. ചേട്ടനും അച്ഛനും കൊണ്ടുപോകാനുള്ള ചോറ് അമ്മ പാത്രത്തിലെടുത്ത് മേശപ്പുറത്തുവച്ചു.
അച്ഛന്റെ ഷര്‍ട്ടും പാന്റും ഏട്ടന്റെ ഡ്രസ്സും എന്റെ യൂണിഫോമും ഇസ്തിരിയിട്ടു കഴിഞ്ഞപ്പോള്‍ സമയം എട്ടായി. ഈശ്വരാ, ആ ബസ് കിട്ടിയില്ലെങ്കില്‍ ആദ്യത്തെ പീരീഡ്തന്നെ ക്ലാസ്സിനു പുറത്തുനില്‍ക്കണം. ഒരു വിധം റെഡിയായി ബാഗ് പായ്ക്ക് ചെയ്ത് അടുക്കളയിലേയ്‌ക്കോടി. ചോറ് പാത്രത്തിലാക്കി. പുറത്ത് നല്ല മഴയുണ്ട്. മഴ വകവയ്ക്കാതെ ബസ്സ്‌റ്റോപ്പിലേക്കോടി. നാശം ആകെ നനഞ്ഞു. ബസ് വന്നിട്ടില്ല.
രണ്ടുമിനിട്ട് കഴിഞ്ഞതും ബസ് വന്നു. ഒന്ന് വേഗം കേറെടി. വാതില്‍ക്കല്‍ മണിയടിക്കാന്‍ നില്‍ക്കുന്നവന്റെ വകയാണത്. അകത്ത് കേറിക്കഴിഞ്ഞാല്‍ ടിക്കറ്റ് വാങ്ങാന്‍ നില്‍ക്കുന്നവന്റെ വേറെ കേള്‍ക്കണം. ബസ്സില്‍ പതിവില്‍ കവിഞ്ഞ് ആളുകളുണ്ട്. തിരക്കിനിടയ്ക്ക് സ്ത്രീകളുടെ മേല്‍ അറിയാത്തപോലെ കൈവെച്ച് കുറെ മാന്യന്മാരും. ഇടയ്ക്ക് സഡന്‍ ബ്രേക്കിട്ട് മുന്‍വശത്ത് ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്ന സത്രീജനങ്ങളുടെ ആരവം കേട്ട് വളയം പിടിക്കുന്നവനും സംതൃപ്തിയണയുന്നുണ്ട്.
ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ആശ്വസം. മഴക്കിപ്പോള്‍ അല്പം ശമനമുണ്ട്. ആദ്യത്തെ രണ്ട് പീരീഡ് ബയോളജിയായിരുന്നു. നനഞ്ഞൊട്ടി ക്ലാസ്സിലിരിക്കുമ്പോള്‍ വല്ലാത്ത ഈര്‍ച്ച. ക്ലാസ് വിരസമാകുകയാണെന്ന് കണ്ട് കുറച്ച് ഊര്‍ജ്ജം പകരുവാനായി അധ്യാപകന്‍ രസകരമായ ഫലിതം തൊടുത്തുവിട്ടു ” ഹൃദയസ്തംഭനം സ്ത്രീകളെക്കാള്‍ കൂടുതല്‍ സംഭവിക്കുന്നത് പുരുഷന്മാര്‍ക്കാണ്. കാരണം എന്താണെന്നോ, ഹൃദയം എന്നൊന്ന് ഇവര്‍ക്കില്ല” ആ തമാശ ക്ലാസ്സ് ഒന്നടങ്കം ഏറ്റെടുത്തു. പത്തുമുപ്പതോളം മുഖങ്ങള്‍ ഇടതുവശത്തിരിക്കുന്ന പെണ്‍പടയുടെ നേര്‍ക്ക് പരിഹാസശരം തൊടുത്തുവിട്ടു. ശരിയാണ്. ഹൃദയം, തലച്ചോര്‍, കുടല്‍, കരള്‍ തുടങ്ങിയ അവയവങ്ങളും ദേഷ്യം, വിഷാദം വിഷമം, സന്തോഷം തുടങ്ങിയ വികാരങ്ങളുമുള്ള മനുഷ്യജീവിയാണ് സ്ത്രീ എന്നത് പലര്‍ക്കും അറിയില്ല. അവരുടെ നോട്ടത്തില്‍ കൈയ്യും കാലുമുള്ള ഒരു ഉപകരണം….
വൈകിട്ട് ബസ്സ്‌സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മഴ ചെറുതായി ചാറുന്നുണ്ട.് വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ രാവിലെ വന്ന വരമ്പ് ആകെ നനഞ്ഞു കുതിര്‍ന്നു കിടക്കുകയാണ്. മഴമേഘങ്ങള്‍ ആകാശം കീഴടക്കിയതിനാല്‍ ലേശം ഇരുട്ട് പരന്നു. വളരെ ശ്രദ്ധിച്ചാണ് നടന്നത് എന്നിട്ടും ഇടയ്‌ക്കെപ്പൊഴോ കാല് വഴുതി. നാശം! പാന്റിനടി മുഴുവന്‍ ചെളിയായി. മഴയെ അറിയാതെ മനസ്സില്‍ പ്രാകി. തോട് നിറഞ്ഞൊഴുകുകയാണ് ചെളിപിടിച്ച കാല്‍ വെള്ളത്തില്‍ താഴ്ത്തി. വീട്ടിലെത്തിയപ്പോള്‍ ലേശം ഇരുട്ടിയിരുന്നു. ”സന്ധ്യയ്ക്ക് മുന്‍പ് വീട്ടില്‍ കേറണമെന്നുള്ള വിചാരമില്ല” ഉമ്മറത്തിരുന്ന് വിളക്ക് തുടയ്ക്കുന്നതിനിടയ്ക്ക് മുത്തശ്ശി പറഞ്ഞു. ”മഴയല്ലേ മുത്തശ്ശീ, പോരാത്തതിന് ബസ്സില്‍ നല്ല തിരക്കും, അതാ. പത്ത് മിനിറ്റല്ലേ വൈകിയൊള്ളൂ” മുത്തശ്ശിക്ക് മറുപടി പര്യാപ്തമല്ലായിരുന്നു. ‘എന്തിനും കൊറെ ന്യായോണ്ട്’. അതും പറഞ്ഞ് തന്റെ പണി തുടര്‍ന്നു.
രാത്രി പഠിക്കാനിരുന്നപ്പോള്‍ മഴ അതിന്റെ സര്‍വ്വശക്തിയോടെ പെയ്യുകയാണ.് അകത്തിരിക്കുമ്പോള്‍ കേള്‍ക്കാം അതിന്റെ സംഹാര നാദം. അതോ ആര്‍ത്തനാദമോ? ഈ ലോകത്തെ മുഴുവന്‍ വിഴുങ്ങാനുള്ളത്ര കലിയുള്ള ഒരു ദേഷ്യക്കാരി പെണ്ണായിരിക്കുമോ മഴ. വെറുതേ മനസ്സില്‍ വിചാരിച്ചു, എന്നിട്ട് പുസ്തകം തുറന്നു.
”It’s time to create a world where all women can meet their potential without impediment or prejudice and the world will reap the benefits”. പഠിച്ചുകഴിഞ്ഞപ്പോള്‍ മണി പത്തായി. മഴയ്ക്കപ്പോഴും ഒരു ശമനമില്ലായിരുന്നു. അത് അതിന്റെ എല്ലാ ശക്തിയിലും അലറുകയാണ്. കാര്‍മേഘങ്ങള്‍ക്ക് തങ്ങളുടെ ഭാരം സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് മഴ പെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. സഹനവും ത്യാഗവും ക്ഷമയും എല്ലാം ചേര്‍ന്നുള്ള ഭാരം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് വളരെ ഉള്ളില്‍ കൊണ്ടുനടന്ന എല്ലാ വികാരങ്ങളും മഴയായി ആര്‍ത്തലച്ച് പെയ്യും. ഈ ലോകം മുഴുവന്‍ ആ ആര്‍ത്തനാദത്തില്‍ മുങ്ങിപ്പോകും. മഹാപ്രളയം ആദിയിലുണ്ടായത് പോലെ.