രാജഭരണം നിലനിന്ന ഗ്വാളിയോറില്‍ ആര്യസമാജത്തിന്റെ യുവവിഭാഗമായ ആര്യകുമാര്‍ സഭയിലൂടെ 1939-ലാണ് ഞാന്‍ ആര്‍എസ്എസ്സുമായി ബന്ധം സ്ഥാപിക്കുന്നത്. ശക്തമായ ‘സനാതനി’ കുടുംബാംഗമായിരുന്നു ഞാന്‍. പക്ഷേ ആര്യകുമാര്‍ സഭയുടെ ആഴ്ചതോറുമുള്ള സത്‌സംഗില്‍ ഞാന്‍ പങ്കെടുക്കുക പതിവായിരുന്നു. ആര്യകുമാര്‍ സഭയ്ക്ക് ഭൂദേവ് ശാസ്ത്രി എന്നു പേരുള്ള ഒരു പ്രവര്‍ത്തകനുണ്ടായിരുന്നു. വലിയ ചിന്തകനും സംഘാടകനുമായ ശാസ്ത്രി, ‘വൈകുന്നേരങ്ങളില്‍ എന്താണ് നിങ്ങളുടെ പരിപാടി’ എന്ന് ഒരിക്കല്‍ ഞങ്ങളോട് ചോദിച്ചു. ‘ഒന്നുമില്ല’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞായറാഴ്ചകളില്‍ രാവിലെയായിരുന്നു ആര്യകുമാര്‍ സഭയുടെ യോഗം. ഈ ഭൂദേവ് ശാസ്ത്രിയാണ് ഞങ്ങളോട് ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ഗ്വാളിയോറിലെ ശാഖയില്‍ പോകാന്‍ തുടങ്ങി.
അക്കാലത്ത് ഗ്വാളിയോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. ശാഖയില്‍ പങ്കെടുത്തിരുന്നവര്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കുട്ടികളായിരുന്നു. സ്വാഭാവികമായും ആ സ്വയംസേവകരൊക്കെ മറാഠി സംസാരിക്കുന്നവരായിരുന്നു. ഞാന്‍ എല്ലാ ദിവസവും ശാഖയില്‍ പോകാന്‍ തുടങ്ങി. അവിടുത്തെ കളികളും ആഴ്ചയിലൊരിക്കലുള്ള ബൗദ്ധിക്കും (പ്രഭാഷണം) ഞാന്‍ ഇഷ്ടപ്പെട്ടു. നാഗ്പൂരില്‍നിന്നുവന്ന പ്രചാരക് നാരായണ്‍ താര്‍തെയാണ് ശാഖ എടുത്തിരുന്നത്. താര്‍തെ നല്ല മനുഷ്യനായിരുന്നു. ലളിതജീവിതം നയിച്ചിരുന്നയാളും ചിന്തകനും സമര്‍ത്ഥനായ സംഘാടകനുമായിരുന്നു.
ഇന്നത്തെ എന്റെ വ്യക്തിത്വം താര്‍തെ സൃഷ്ടിച്ചതാണ്. താര്‍തെജിക്കു പുറമെ ദീനദയാല്‍ ഉപാധ്യായയും ഭാവുറാവു ദേവറസും (സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്റെ സഹോദരന്‍) എനിക്ക് പ്രചോദനമായി. ഗ്വാളിയോര്‍ അന്ന് ഭാവുറാവുജിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നില്ല. ബൗദ്ധിക് പ്രമുഖ് ആയിരുന്ന ബാബാസാഹേബ് ആപ്‌തെയോടൊപ്പം ഒരിക്കല്‍ അവിടെ വന്നതായിരുന്നു. മൃദുഭാഷിയായിരുന്ന ആപ്‌തേജിയുമായി ഞങ്ങള്‍ അടുത്തു. ഗ്വാളിയോറില്‍വച്ച് കുറച്ചുസമയം മാത്രമേ എനിക്ക് ആപ്‌തേജിയോട് സംസാരിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അക്കാലത്ത് (1940) ഒടിസി (പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്) കാണാന്‍ പോയപ്പോള്‍ അദ്ദേഹവുമായി ഞാന്‍ കൂടുതല്‍ അടുത്തു. ഞാന്‍ ഒടിസിയില്‍ പോയത് പരിശീലനത്തിനായിരുന്നില്ല. സമാപന പരിപാടി കാണാനായിരുന്നു. ആ ശിബിരത്തില്‍വച്ചാണ് ഞാന്‍ ഡോ. ഹെഡ്‌ഗേവാറിനെ ആദ്യമായി കാണുന്നത്. പിന്നീട് ഡോക്ടര്‍ജി അസുഖബാധിതനായിരുന്നപ്പോള്‍ ഞാന്‍ ചെന്നുകണ്ടിരുന്നു.
ഹൈസ്‌കൂള്‍ പഠനകാലത്ത് 1941-ലായിരുന്നു എന്റെ ഒന്നാം വര്‍ഷ ഒടിസി. 1942-ല്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ രണ്ടാംവര്‍ഷ ഒടിസിയും, 1944-ല്‍ ബിഎക്കു പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷ ഒടിസിയും കഴിഞ്ഞു. 1947-ല്‍ മുഴുവന്‍സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാവാന്‍ ഞാന്‍ തീരുമാനിച്ചു. അന്നുമുതല്‍ പഠനത്തോടൊപ്പം ഞാന്‍ ശാഖാപ്രവര്‍ത്തനവും നടത്തി. 1942-ല്‍ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി. ഇന്റര്‍മീഡിയറ്റിനു പഠിക്കുകയായിരുന്ന എന്നെ ആഗ്ര ജില്ലയിലെ ഞങ്ങളുടെ സ്വന്തം ഗ്രാമമായ ബടേശ്വറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ എനിക്ക് 16 വയസ്സായിരുന്നു.
എന്റെ അച്ഛന് ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ മൂത്ത സഹോദരന്‍ ശാഖയില്‍ പോകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം സംഘത്തിന്റെ ഹേമന്ത ശിബിരത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ ഒരു പ്രശ്‌നവും സൃഷ്ടിച്ചു. ”എനിക്ക് മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനാവില്ല. എന്റെ ഭക്ഷണം ഞാനുണ്ടാക്കിക്കൊള്ളാം” എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ആവശ്യം അംഗീകരിച്ച ശിബിര സര്‍വാധികാരി അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. എന്റെ സഹോദരന്‍ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് ഇങ്ങനെ മാറിനില്‍ക്കാനായില്ല. മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. 44 മണിക്കൂറുകള്‍ക്കകം അദ്ദേഹം മനസ്സുമാറി മറ്റൊരാളായി.
ലക്‌നൗവില്‍വച്ചുണ്ടായ ഒരനുഭവം ഞാന്‍ ഓര്‍ക്കുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം ഏറ്റവും ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഒരു മുതിര്‍ന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ അസുഖബാധിതനായി വീട്ടില്‍ ഒറ്റയ്ക്ക് കിടക്കുകയാണ്. ആരും അനേ്വഷിക്കാനില്ല. വിവരമറിഞ്ഞ് ആചാര്യ നരേന്ദ്രദേവ് എത്തി. ദേവ് ഇങ്ങനെ ചോദിച്ചു: ”എന്തൊരു സാഹോദര്യമാണ് ഈ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുള്ളത്? ഒരാളും താങ്കളെ കാണാന്‍ വന്നില്ല. ആര്‍എസ്എസ്സിന് ഇങ്ങനെയൊന്ന് സംഭവിക്കില്ല. ഏതെങ്കിലും ഒരു സ്വയംസേവകന്‍ ഒരു ദിവസം ശാഖയില്‍ വരാതിരുന്നാല്‍ ആ ദിവസംതന്നെ വീട്ടിലെത്തി അയാള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അന്വേഷിക്കും.” അടിയന്തിരാവസ്ഥക്കാലത്ത് ഞാന്‍ രോഗബാധിതനായി. അറസ്റ്റ് ഭയന്ന് വീട്ടുകാര്‍ക്ക് എന്റെയടുത്ത് എത്താന്‍ കഴിഞ്ഞില്ല. സ്വയംസേവകര്‍ മാത്രമാണ് എന്നെ സഹായിച്ചത്.
(വാജ്‌പേയി ‘ഓര്‍ഗനൈസര്‍’
വാരികയോട് പറഞ്ഞത്)
പരിഭാഷ: എം.പി.