മുഖ്യമന്ത്രി വിജയന്‍ സഖാവ് എസ്. എഫ്. ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ അവര്‍ക്ക് നല്‍കിയ ഉപദേശമുണ്ട്. അത് എസ്.എഫ്.ഐയുടെ മാത്രമല്ല, പാര്‍ട്ടിയുടെയും ഡിഫിയുടെയും ഓഫീസുകളില്‍ ചില്ലിട്ടു സൂക്ഷിച്ചു വെക്കേണ്ട മഹദ്‌വചനമാണ്. ‘നിങ്ങള്‍ ഇപ്പോള്‍ തുടര്‍ന്നു പോകുന്ന രീതിയില്‍ സംശുദ്ധമായ രീതി തുടരുക. ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കാതിരിക്കുക. തെറ്റിനെതിരെ നല്ല തോതില്‍ പടപൊരുതുന്ന നില സ്വീകരിക്കുക. എസ്.എഫ്.ഐയുടെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ’. കാര്യവട്ടം കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ യൂണിറ്റിന്റെ മുറിയില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചതും തുപ്പിയ വെള്ളം കുടിപ്പിച്ചതുമൊക്കെ പത്രങ്ങളില്‍ വന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി എസ്.എഫ്.ഐക്ക് ‘ഇപ്പോള്‍ തുടരുന്ന രീതി തുടര്‍ന്നു കൊള്ളാന്‍’ ഉപദേശിച്ചത്. ഒരു കൊല്ലം മുമ്പ് വെറ്റിനറി കോളേജില്‍ വെച്ച് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ ക്രൂര പീഡനത്തിനിരയാക്കി മരണത്തിലെത്തിച്ചത് എസ്.എഫ്.ഐക്കാരാണ്. ആള്‍മാറാട്ടം, ലഹരി ഉപയോഗം, ജയിച്ച സ്ഥാനാര്‍ത്ഥിക്കു പകരം എസ്.എഫ്.ഐക്കാരനെ യൂനിയന്‍ കൗണ്‍സിലറാക്കുക, മദ്യപിച്ച് നൃത്തം വെക്കുക തുടങ്ങി എസ്.എഫ്.ഐക്കാര്‍ തുടര്‍ന്നു പോരുന്ന ‘സംശുദ്ധമായ രീതികള്‍’ വൈവിധ്യമാര്‍ന്നതാണ്. പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കലും റീത്തു വെക്കലും വിദ്യാഭ്യാസ വിദഗ്ധനെ മുഖത്തടിക്കലും ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട സംഭവങ്ങള്‍ നിരവധിയുണ്ട്. മുഖ്യന്‍ സഖാവ് പറഞ്ഞപോലെ ഇതില്‍ സംഘടനക്ക് അഭിമാനിക്കാം, എസ്.എഫ്.ഐക്കു മാത്രം അവകാശപ്പെട്ടതാണ് ഈ അഭിമാനം എന്ന് പ്രത്യേകം പറയണം.
എസ്.എഫ്.ഐക്കാര്‍ മാത്രം അഭിമാനിച്ചാല്‍ പോര, ഞങ്ങള്‍ക്കും അഭിമാനിക്കണം എന്നാണ് തലശ്ശേരിയിലെ മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ പറയുന്നത്. തലശ്ശേരി വയലളം മണോളിക്കാവ് ഉത്സവസ്ഥലത്ത് ഇങ്ക്വിലാബ് വിളിക്കാനുള്ള സഖാക്കളുടെ അവകാശം പോലീസ് തടയാന്‍ പാടില്ലല്ലോ. അതു തടഞ്ഞ പോലീസുകാരെ കൈകാര്യം ചെയ്തത് ഈ അഭിമാനത്തിന്റെ ഭാഗമാണ്. ‘പോലീസ് ഇവിടെ ഡൂട്ടിക്ക് വേണ്ട. കേരളം ഭരിക്കുന്നത് ഞങ്ങളാണ്. കളിക്കാന്‍ നിന്നാല്‍ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനില്‍ ഉണ്ടാവില്ല’ എന്ന് പോലീസുകാരെ വിരട്ടിയ സഖാക്കളുടെ സിരകളില്‍ ഒഴുകിയത് വിജയന്‍ സഖാവിന്റെ ഉപദേശമായിരുന്നു. കാവിന്റെ ഗേറ്റ് പൂട്ടി പോലീസിനെ തടഞ്ഞതും കസ്റ്റഡിയിലെടുത്ത സഖാവ് ദിപിനെ ബലമായി ജീപ്പില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയതുമെല്ലാം വിജയന്‍ സഖാവിന്റെ വാക്കിന്റെ ബലത്തിലാണ്. ഭരണം നമ്മുടെതാണെങ്കിലും പോലീസ് മര്‍ദ്ദനോപകരണമാണ് എന്നതാണല്ലോ പാര്‍ട്ടി കാഴ്ചപ്പാട്. അതുകൊണ്ട് പോലീസുകാരെ തല്ലാം.