കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റിനെക്കുറിച്ച് കേരളത്തില്‍ നിന്ന് ഉയരുന്നത് സ്ഥിരം പല്ലവി തന്നെ, കേന്ദ്രം കേരളത്തെ അവഗണിച്ചു… കേരളം എന്താ ഇന്ത്യയില്‍ അല്ലേ… തുടങ്ങി തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ് ഇടതു-വലതു വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത്, മുഖ്യധാരാ മാധ്യമങ്ങളും അവ ഏറ്റുപിടിക്കുന്നു. ഇലക്ഷന്‍ മുന്നില്‍ കണ്ട് ബിഹാര്‍ എന്ന സംസ്ഥാനത്തിന് വാരിക്കോരി കൊടുത്തു എന്ന് മറ്റു ചിലരും.
എന്നാല്‍ തൊട്ടടുത്ത് ഇലക്ഷന്‍ നടക്കുന്ന ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ദല്‍ഹിയെ ഒന്ന് പരാമര്‍ശിക്കുക പോലും ചെയ്തില്ല എന്ന യാഥാര്‍ത്ഥ്യബോധം ഇവരാരും ഉള്‍ക്കൊള്ളുന്നില്ല എന്നുമാത്രമല്ല, ബിഹാറിന് ഇത്രമാത്രം വാരിക്കോരി നല്‍കിയതെന്താണെന്ന് വിശദീകരിക്കാന്‍ അവര്‍ക്കാര്‍ക്കും സാധിക്കുന്നുമില്ല.
കേന്ദ്രം കേരളത്തെ അവഗണിച്ചോ..? യാഥാര്‍ത്ഥ്യമെന്താണ്? ബിഹാര്‍ എന്ന സംസ്ഥാനത്തിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തെയും ധനമന്ത്രി പേരെടുത്തു പരാമര്‍ശിച്ചില്ല എന്ന് മാത്രമല്ല കേരളത്തെ അവഗണിച്ചുകൊണ്ടു മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒന്നും വാരിക്കോരി കൊടുത്തിട്ടുമില്ല, എന്നാല്‍ കേരളത്തിന് പ്രയോജനകരമാകുന്ന പല വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ട് താനും. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയ വമ്പന്‍ പ്രഖ്യാപനം ഏറെ ഗുണകരമാകുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. 5 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ 70 ശതമാനം പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കൂടാതെ കേന്ദ്രം കൊണ്ടുപോകുന്ന ആദായനികുതി പണം സംസ്ഥാന സമ്പദ്വ്യവസ്ഥയില്‍ തന്നെ ഇറങ്ങാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കാരണമാകും, ഉപഭോഗസംസ്‌കാരം കൂടുതലുള്ള കേരളം പോലോരു സംസ്ഥാനത്തിനായിരിക്കും ഇത് ഏറെ ഗുണം ചെയ്യുന്നത്. എംഎസ്എംഇ കള്‍ക്ക് പരിധിയില്ലാത്ത പിന്തുണയാണ് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് പുതിയ ബജറ്റ്. 1000 എംഎസ്എംഇ കളുടെ വിറ്റുവരവ് 100 കോടി ആക്കുക എന്ന കേരളത്തിന്റെ മിഷന്‍ 1000 പദ്ധതിക്കു കരുത്തേകുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍.
സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മാത്രമായി 5 ലക്ഷം രൂപ വരെ പരിധിയുള്ള പ്രത്യേക ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും, വ്യവസായങ്ങളെ സൂക്ഷ്മ ചെറുകിട ഇടത്തരം ആയി വര്‍ഗ്ഗീകരിക്കുന്നതിലെ നിബന്ധനകളില്‍ ഇളവ് വരുത്തിയതും, വായ്പയുടെ ലഭ്യത ഉറപ്പ് വരുത്തുന്ന ഉദാര സമീപനങ്ങളും ഉദ്യം രജിസ്‌ട്രേഷനുള്ള കേരളത്തിലെ 7,97,228 എംഎസ്എംഇകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പേരുകേട്ട സംസ്ഥാനമാണ് കേരളം. 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപിച്ചതും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് 2030വരെ നീട്ടിയതും, 27 മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 മുതല്‍ 20 കോടി രൂപവരെ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം പ്രകാരം നല്‍കുന്നതും, ഇന്ത്യയിലെതന്നെ സ്റ്റാര്‍ട്ടപ്പുകളുടെ ഹബ്ബാവാന്‍ വേണ്ടി ശ്രമിക്കുന്ന കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജകമാണ് ഈ പ്രഖ്യാപനങ്ങള്‍. രണ്ടുകോടി രൂപവരെ അഞ്ചുവര്‍ഷത്തേക്ക് വായ്പയായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന പുതു സംരംഭകരായ 5 ലക്ഷം വനിതകള്‍ക്ക് നല്‍കുന്ന പുതിയ വായ്പാ പദ്ധതി ഏറെ അഭ്യസ്തവിദ്യരായ കേരളത്തിലെ ഈ വിഭാഗം ആളുകള്‍ക്ക് ആശ്വാസകരമാണ്.
ടൂറിസം രംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറുന്ന പല പദ്ധതികളും ഈ ബജറ്റിലുണ്ട്. നിലവില്‍ ഹോംസ്റ്റേകള്‍ക്ക് പ്രത്യേക വായ്പ പദ്ധതിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ഹോംസ്റ്റേകള്‍ക്ക് മുദ്രാ വായ്പകള്‍ നല്‍കുമെന്ന പ്രഖ്യാപനം കേരളത്തില്‍ അനുഗ്രഹമാകുന്നത്. കൂടാതെ പ്രധാനപ്പെട്ട 50 ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്ന പദ്ധതിയുടെ പ്രഖ്യാപനവും സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കൂടാതെ മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനവും, ഗുണനിലവാരമുള്ള ചികിത്സാ സൗകര്യമുള്ള കേരളത്തിന് മുതല്‍ക്കൂട്ടാവും. ആരോഗ്യ വിസകള്‍ ലളിതമാക്കുകയും, വിമാന കണക്റ്റിവിറ്റി കൂട്ടുകയും ചെയ്യുന്നതു വഴി ഈ പദ്ധതിയുടെ ഏറെ പ്രയോജനം ലഭിക്കുന്നത് കേരളത്തിലായിരിക്കും.
വായ്പ പലിശ സബ്‌സിഡി മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത് കേരളത്തിലെ 17,55,286 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ള കര്‍ഷകര്‍ക്ക് ഏറെ ഗുണം ലഭിക്കുന്നതാണ്. ചരിത്രത്തിലാദ്യമായി റബ്ബര്‍ ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതിക്കുമേല്‍ അവര്‍ ആവശ്യപ്പെട്ടതിനേക്കാള്‍ തുക നല്‍കുന്നത് ആദ്യമായിട്ടാണ്, 360.31 കോടി രൂപയാണ് ഇതിനു വേണ്ടി മാറ്റിവെച്ചത്. റബര്‍ കര്‍ഷകരുടെ സബ്‌സിഡികള്‍ തീര്‍ക്കാനും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പല പദ്ധതികളുമായി മുന്നോട്ടു പോകാനും കേരള റബ്ബര്‍ ബോര്‍ഡിന് ഊര്‍ജ്ജം പകരുന്നതാണിത്.
590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള 6,33,258 ടണ്‍ കടല്‍ മത്സ്യ ഉല്‍പാദനമുള്ള കേരളത്തിന് അനുകൂലമാകുന്ന സമീപനങ്ങളാണ് നമുക്ക് ബജറ്റില്‍ കാണാന്‍ സാധിക്കുക. ആഴക്കടല്‍ മത്സ്യബന്ധനം വര്‍ദ്ധിപ്പിക്കുന്നതും, ഫ്രോസന്‍ ഫിഷ് പേസ്റ്റിനുള്ള നികുതി കുത്തനെ കുറച്ചതും മത്സ്യ സമുദ്രോല്‍പ്പന്ന കയറ്റുമതി പരിപോഷിപ്പിക്കുന്നതാണ്.
മാരിടൈം മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ച 25,000 കോടി രാജ്യത്തെ ഒന്നാംനിര കപ്പല്‍ നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിക്കും വന്‍ നേട്ടമാകും.
അഞ്ച് ഐഐടി കളിലായി 6500 സീറ്റു വര്‍ദ്ധിപ്പിച്ചത് കേരളത്തിലെ പാലക്കാട് ഐ ഐടിക്കും ഗുണകരമാവും.
സാധാരണ കീഴ്‌വഴക്കം പോലെ ഒരു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര മേഖല പദ്ധതികള്‍, കേന്ദ്ര സ്‌പോണ്‍സര്‍ഷിപ് പദ്ധതികള്‍ എന്നിവയ്ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കാറുണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റെ വിഹിതവും കിട്ടാറുണ്ട്.
ഉദാഹരണമായി ഇന്ത്യയിലെ എല്ലാവര്‍ക്കും പൈപ്പ് വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി 2028 വരെ വ്യാപിപ്പിക്കുകയും, അതിനു വേണ്ടി 67,000 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
പൊതുവിതരണ സമ്പ്രദായത്തിനുവേണ്ടി 2.16 ലക്ഷം കോടിയും, ഗ്രാമീണ വികസനത്തിന് വേണ്ടി 1.90 ലക്ഷം കോടിയും, കൃഷിക്കും കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടി 1.38 ലക്ഷം കോടിയും, കുടുംബത്തിനും കുടുംബാരോഗ്യ ക്ഷേമത്തിനും വേണ്ടി 1 ലക്ഷം കോടിയും, റോഡ് നിര്‍മ്മാണത്തിന് വേണ്ടി 2.87 ലക്ഷം കോടിയും, തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 86,000 കോടിയും ഈ ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. ഇതില്‍നിന്നെല്ലാം മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തിനും അതിന്റേതായ വിഹിതം ലഭിക്കുന്നതാണ്.
ഇവക്കു പുറമേയാണ് കേരളത്തിന് നേട്ടമുണ്ടാക്കുന്ന ഒട്ടനേകം പദ്ധതികളില്‍ ചുരുക്കം ചില പദ്ധതികളെ കുറിച്ച് മേല്‍ സൂചിപ്പിച്ചത്. ബജറ്റവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി കേരളത്തെ പരാമര്‍ശിച്ചില്ല എന്ന സാങ്കേതിക പദമുപയോഗിച്ച് കേന്ദ്രം കേരളത്തെ അവഗണിച്ചു എന്ന വാദത്തില്‍ കഴമ്പില്ലെന്ന് ബജറ്റിനെ കുറിച്ച് പഠിച്ച ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ്. മറിച്ച് കേരളം സമര്‍പ്പിച്ചതിന് സമാനമായ പദ്ധതി മറ്റേതെങ്കിലും സംസ്ഥാനം നല്‍കുകയും, എന്നിട്ട് കേരളത്തിനെ പരിഗണിക്കാതെ ആ സംസ്ഥാനത്തെ കേന്ദ്രം പരിഗണിക്കുകയും ചെയ്യുകയാണെങ്കില്‍ നമുക്ക് നിസ്സംശയം പറയാമായിരുന്നു കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന്.
സ്ഥിരം പല്ലവിപോലെ ഈ കേള്‍ക്കുന്ന മുറവിളികളെല്ലാം വെറും രാഷ്ട്രീയ ഗിമ്മിക്കാണെന് ആര്‍ക്കും മനസ്സിലാകും.