ചിലരുടെ നാക്കിന് വലിയ ശക്തിയാണ്. പറഞ്ഞ് നാക്ക് വായിലിടും മുമ്പ് ഫലിച്ചിരിക്കും. ബീഹാറിലെ ആര്‍.ജെ. ഡി കാരണവരും മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് അങ്ങനെയാണ്. പക്ഷേ ഒരു കാര്യമുണ്ട്; ലാലു എന്താണോ പറഞ്ഞത് അതിന് നേര്‍വിപരീതമായതേ സംഭവിക്കൂ. 2014-ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി. ഇതു കണ്ട ലാലു പറഞ്ഞു: ”മോദിയെ പ്രധാനമന്ത്രിയാവാന്‍ സമ്മതിക്കില്ല”. ആ തിരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രിയായി. ഇപ്പോള്‍ മൂന്നാം വട്ടവും അദ്ദേഹം ആ കസേരയില്‍ ഇരിക്കുകയാണ്. ബീഹാറില്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ വിട്ട് ആര്‍.ജെ.ഡിക്കൊപ്പം ഭരണം തുടര്‍ന്നു. ലാലുവിന്റെ മകന്‍ തേജസ്വി ഉപമുഖ്യമന്ത്രിയുമായി. ‘ഇനി ഞങ്ങളുടെ ഭരണം’ എന്ന് ലാലു പറഞ്ഞ് അധികനാള്‍ കഴിഞ്ഞില്ല തേജസ്വിയുടെ കസേര പോയി. നിതീഷ് എന്‍.ഡി.എയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇതുപോലെ ലാലുവിശേഷം പറയാന്‍ ഏറെയുണ്ടെങ്കിലും അവസാനത്തെ രണ്ട് പ്രവചനം മാത്രം പറയാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദല്‍ഹി ബി.ജെ.പി. തൂത്തുവാരിയപ്പോള്‍ ലാലു പറഞ്ഞു: ‘ആര്‍.ജെ.ഡി ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് ബീഹാര്‍ ഭരിക്കാനാവില്ല”. അധികം സമയം കഴിയുംമുമ്പ് ലാലുവിന്റെ അടുത്ത ബന്ധുവും സ്വന്തക്കാരനുമായ മുന്‍ രാജ്യസഭാംഗം സുഭാഷ് യാദവ് പരസ്യമായി വെളിപ്പെടുത്തിയത് ലാലു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വീട് തട്ടിക്കൊണ്ടു പോകലിന്റെ ക്വട്ടേഷന്‍ നിയന്തിക്കുന്ന സ്ഥലമായിരുന്നു എന്നാണ്. സംസ്ഥാനത്തെ ക്രിമിനലുകള്‍ക്ക് രക്ഷകന്‍ ലാലുവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റക്കേസില്‍ ജയിലില്‍ കിടന്ന ലാലു ആരോഗ്യകാരണം പറഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് സ്വന്തക്കാരനായ ആള്‍ തന്നെ തിരിച്ചു അകത്ത് കയറാനുള്ള വാതില്‍ തുറക്കുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ആര്‍.ജെ. ഡിയെ ബീഹാറില്‍ മരുന്നിനു പോലും കാണാനുണ്ടാവില്ല. ബി.ജെ.പി പ്രധാന ഭരണകക്ഷിയായി മാറുകയും ചെയ്യും. കുംഭമേളക്ക് അര്‍ത്ഥമില്ലെന്നും മണ്ടത്തരമാണെന്നുമാണ് ലാലുവിന്റെ അടുത്ത കമന്റ്. ജനക്കൂട്ടത്തിരക്ക് കാരണം കുംഭമേള വേളയില്‍ രണ്ടു ദുരന്തമുണ്ടായതാണ്. ലാലു കുംഭമേളയെ ആക്ഷേപിച്ചതോടെ അതിനുണ്ടായ ദൃഷ്ടിദോഷം തീര്‍ന്നു എന്നും എല്ലാം മംഗളകരമാകും എന്നും സമാധാനിക്കാം.