1990ല്‍ ഞാന്‍ അതിപ്രാധാന്യമര്‍ഹിക്കുന്ന ഒരു പുസ്തകം വായിക്കുകയുണ്ടായി. ‘ക്രിസ്ത്യന്‍ ചാമര്‍’ എന്നതായിരുന്നു പുസ്തകത്തിന്റെ ശീര്‍ഷകം. അഡ്വ. ബാളാസാഹബ് ഗായക്‌വാഡായിരുന്നു ഗ്രന്ഥകര്‍ത്താവ്. ആ പുസ്തകത്തിന്റെ ഇതിവൃത്തത്തെ വിഷയമാക്കി ഞാന്‍ വിവേക് വാരികയില്‍ ഒരു കവര്‍ സ്‌റ്റോറി ചെയ്തു. ”മതപരിവര്‍ത്തനത്തിനു ശേഷവും ചാമാര്‍ (തുകല്‍പ്പണിയെടുക്കുന്നവന്‍) ചാമാര്‍ ആയിത്തന്നെ തുടരും! ക്രിസ്തുമതം സ്വീകരിച്ചു കഴിഞ്ഞശേഷവും അവന്റെ ജാതിയോ സാമൂഹിക നിലവാരമോ മാറുന്നില്ല. അവന്റെ സാമ്പത്തിക സ്ഥിതിയിലും ഒരു മാറ്റവും സംഭവിക്കുന്നില്ല!” ഇതാണ് ഗായക്‌വാഡ് പറഞ്ഞത്.
വിവേക് വാരികയില്‍ ഗായക്‌വാഡിനേയും അദ്ദേഹത്തിന്റെ കൃതിയേയും സംബന്ധിക്കുന്ന കവര്‍ സ്റ്റോറി പ്രത്യക്ഷപ്പെട്ടതോടെ ഹിന്ദുത്വവാദികള്‍ക്ക് ഒരു പുതിയ വിഷയം കയ്യില്‍ കിട്ടി. രാജനൈതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വവാദികളുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ക്രിസ്ത്യാനികളെ വിമര്‍ശിക്കാന്‍ സഹായകമായ ഒരു അവസരമായിരുന്നു അവരെ സംബന്ധിച്ച് ഇത്.
മുംബൈ നഗര്‍ ജില്ലയുടെ സംഘത്തിന്റെ പ്രചാരക് ശിരീഷ് ഭേഡ്‌സ് ഗാംവ്കര്‍ ഗായക്‌വാഡിനേയും കൂട്ടി പൂനെയിലേക്ക് പോയപ്പോള്‍, യാത്രാമദ്ധ്യേ അദ്ദേഹത്തോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗായക്‌വാഡിന് ക്രിസ്തുമതത്തില്‍ തുടരാന്‍ താല്പര്യമുണ്ടായിരുന്നില്ല! അതുകൊണ്ട് വീണ്ടും ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചുവരണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ചു താന്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചു പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപനവും നടത്തി. നഗര്‍ ജില്ലയിലെ ആയിരക്കണക്കിന് വരുന്ന തന്റെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തന്റെ പാത പിന്തുടര്‍ന്ന് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മത്തിലേക്ക് വരും എന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍!
എനിക്ക് ശിരീഷ് ഭേഡ്‌സ്ഗാംവ്കര്‍, ഗിരീശ് പ്രഭുണെ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ബാളാസാഹബ് ഗായക്‌വാഡിന് നഗര്‍ ജില്ലയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലെന്നാണ് മനസ്സിലാക്കാനായത്. ഒരാള്‍ പോലും അദ്ദേഹത്തോടൊപ്പം ക്രിസ്തുമതം ഉപേക്ഷിക്കാന്‍ തയ്യാറാകില്ല എന്നാണ് അവര്‍ക്ക് അറിയാനായത്!
ഒരു ക്രിസ്ത്യാനി ഹിന്ദുധര്‍മ്മം സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു എന്ന വാര്‍ത്ത അനേകം ഹിന്ദുത്വവാദികളെ സന്തോഷവാന്മാരാക്കി. ഡോ. അംബേദ്കര്‍ മഹാര്‍ ജാതിയില്‍പ്പെട്ടവരെയും കൊണ്ട് മതപരിവര്‍ത്തനം നടത്തിയതിന്റെ നീരസം ഹിന്ദുത്വവാദികളുടെ മനസ്സില്‍ ഉണ്ടായിരുന്നു. കാലചക്രം എതിര്‍ദിശയിലേക്ക് സഞ്ചരിക്കുന്നതിന്റെ പ്രതീകമെന്നോണം മഹാര്‍ ജാതിക്കാരനായ ഒരാള്‍ ആ ജാതിയില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളോടൊപ്പം ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അത് ബാബാസാഹബിനോട് പകരം വീട്ടലായിരിക്കും എന്നതായിരുന്നു അവരുടെ സന്തോഷത്തിന് കാരണം! എന്നാല്‍ മതം മാറി വരുന്ന ബാളാസാഹബ് ഗായക്‌വാഡിനെ എങ്ങനെ പുനരധിവസിപ്പിക്കും എന്നതായിരുന്നു ഞങ്ങളുടെ മുമ്പിലുണ്ടായിരുന്ന പ്രശ്‌നം. കാരണം, മതം മാറിയതുകൊണ്ടു കേവലം പേര് മാറുമെന്നല്ലാതെ അസ്പൃശ്യത ഇല്ലാതാവില്ല. ബാളാസാഹബിന്റെ മതം മാറ്റം കാരണം അദ്ദേഹം നേരിടുന്ന പ്രശ്‌നം അവസാനിക്കില്ല. അതായത്, ക്രിസ്ത്യാനിയായ മഹാര്‍ എന്ന സ്ഥാനത്ത് അദ്ദേഹം ഹിന്ദു മഹാര്‍ ആയിത്തീരും എന്ന് മാത്രം! കൂടാതെ, അതിന്റെ ഫലമായി അനേകം പുതിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.
മഹാര്‍ ജാതിയില്‍പ്പെട്ട ബഹുഭൂരിപക്ഷം പേരും ബൗദ്ധധര്‍മ്മം സ്വീകരിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ആ ജാതിയില്‍ പെട്ടവരെന്ന് പറയാന്‍ ആരും ഇല്ലെന്ന് തന്നെ പറയാം. ഗായക്‌വാഡ് ഹിന്ദുധര്‍മ്മം സ്വീകരിച്ചാല്‍ ഹിന്ദു സമാജത്തില്‍ അദ്ദേഹത്തിന് എന്ത് സ്ഥാനമാണ് ലഭിക്കുക? അദ്ദേഹത്തെ സ്വന്തമെന്ന് അംഗീകരിക്കാന്‍ ബൗദ്ധര്‍ തയ്യാറാവില്ലെന്ന് മാത്രമല്ല, അംബേദ്കറുടെ ചിന്തകളെ എതിര്‍ക്കുന്ന ശത്രു എന്ന രീതിയിലായിരിക്കും അദ്ദേഹത്തെ അവര്‍ കാണുക. മതം മാറി എന്നതുകൊണ്ട് അദ്ദേഹത്തെ അത്രപെട്ടെന്ന് സ്വീകരിക്കാന്‍ ഹിന്ദുക്കളും തയ്യാറാവില്ല. ഗായക്‌വാഡിനെ ഹിന്ദുധര്‍മ്മത്തിലേക്ക് കൊണ്ടുവരാന്‍ തിടുക്കം കാട്ടുന്ന ഹിന്ദുത്വവാദികള്‍ക്ക് ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അവരെ സംബന്ധിച്ച് പ്രശസ്തിയും ബാളാസാഹബിനെ മതംമാറ്റി എന്ന പേരില്‍ ബഹുമതിയും മാത്രമായിരുന്നു ആവശ്യം. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം കൂലങ്കഷമായി ചിന്തിച്ചശേഷം ഞങ്ങള്‍ തീരുമാനിച്ചത്, ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുധര്‍മ്മം സ്വീകരിക്കുന്നതിന് പകരം ബാളാസാഹബ് ബൗദ്ധധര്‍മ്മം സ്വീകരിക്കണം എന്നായിരുന്നു. ഈ കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് ഞാനും മറ്റ് സംഘ കാര്യകര്‍ത്താക്കളും സംസാരിച്ചു.
പക്ഷെ, ഞങ്ങളുടെ തീരുമാനം ബാളാസാഹബിന് സ്വീകാര്യമായിരുന്നില്ല. ”ഞാന്‍ ഹിന്ദുധര്‍മ്മം സ്വീകരിക്കാന്‍ തയ്യാറായിട്ടും അതില്‍ നിന്നും എന്നെ വിലക്കി ബൗദ്ധധര്‍മ്മം സ്വീകരിക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്? ബൗദ്ധധര്‍മ്മത്തില്‍ എന്തിരിക്കുന്നു! ഞാന്‍ ഹിന്ദുധര്‍മ്മം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു” – ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സമരസതാ മഞ്ചിന്റെ പ്രവര്‍ത്തകരായ ഞങ്ങളുടെ ഉപദേശം നിരാകരിച്ച് ബാളാസാഹബ് ഗായക് വാഡ് താന്‍ ഹിന്ദുധര്‍മ്മം സ്വീകരിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. ശിവസേനയുടെ ബാളാസാഹബ് ഠാക്കറെയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്തുവാന്‍ നിശ്ചയിച്ചു. ഇതേക്കുറിച്ച് വലിയ തോതില്‍ പ്രചാരണം നടത്തി.
അന്നേദിവസം ബാളാസാഹബ് ഗായക്‌വാഡ് മാത്രമാണ് മതം മാറിയത്, മറ്റാരും എത്തിയിരുന്നില്ല. അതായത്, ക്രിസ്ത്യാനികളായ മഹാര്‍ജാതിയില്‍ പെട്ട ആരും അദ്ദേഹത്തെ പിന്തുണച്ചില്ല. അങ്ങനെ, ബാബാസാഹബ് അംബേദ്കര്‍ ചമയാനുള്ള അദ്ദേഹത്തിന്റെ ശ്രമം തകര്‍ന്നടിഞ്ഞു. മതം മാറിയതോടെ ശിവസേനയും മറ്റ് ഹിന്ദുത്വവാദികളും അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിനുവിട്ട് സ്ഥലംവിട്ടു; ബാളാസാഹബ് ആരോരും ഇല്ലാത്തവനായി! അദ്ദേഹം ജോലിയൊന്നും ചെയ്തിരുന്നില്ല; സമൂഹത്തില്‍ അദ്ദേഹത്തിന് യാതൊരു അംഗീകാരവും ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഒരു ഭീരുവുമായിരുന്നു. അതുകൊണ്ട് സ്വന്തംകാലില്‍ നില്‍ക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. ”ഞാന്‍ ഹിന്ദുധര്‍മ്മം സ്വീകരിച്ച് ഹിന്ദു സമാജത്തിന് മഹത്തായ ഒരു സേവനമാണ് ചെയ്തത് എന്നതിനാല്‍ തന്റെ ‘യോഗ ക്ഷേമം’ ഉറപ്പാക്കേണ്ടത് ഹിന്ദു സമൂഹത്തിന്റെ കടമയാണ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നിരാലംബനായിത്തീര്‍ന്ന അദ്ദേഹത്തെ മനുഷ്യത്വത്തിന്റെ പേരില്‍ ഞങ്ങള്‍ സഹായിച്ചു. പൂനെയിലെ ജ്ഞാന ബോധിനി സംസ്ഥയില്‍ അദ്ദേഹത്തിന് ഒരു ജോലി നല്‍കി. അതിന്മുമ്പ്, ബി.എം.എസ്സിന്റെ കാര്യാലയത്തില്‍ അദ്ദേഹത്തെ നിര്‍ത്താന്‍ ശ്രമം നടത്തി. അവിടെ താമസിച്ച് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടണം എന്നതായിരുന്നു ഞങ്ങളുടെ നിര്‍ദ്ദേശം. പക്ഷെ, അദ്ദേഹത്തിന് ഒരിടത്തും ഉറച്ചുനില്‍ക്കാനായില്ല. ഹിന്ദുധര്‍മ്മം സ്വീകരിച്ച ശേഷവും അദ്ദേഹത്തിന് തന്റെ ദളിതത്വം ഒരിക്കലും മറക്കാനായില്ല! ദളിതത്വമാണ് തന്റെ ജീവിതത്തിലെ മുതല്‍മുടക്ക് എന്ന് ഒരുപക്ഷെ അദ്ദേഹം കരുതിയിരുന്നിരിക്കാം
ബാളാസാഹബിന്റെ ജീവിതം പഠനാര്‍ഹമായ (case study) വിഷയമാണെന്ന് എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തിന്റെ ജീവിതയാത്ര പൂര്‍ണമായും ശ്രദ്ധിച്ചുകൊണ്ടിരുന്നു. എനിക്ക് വളരെയധികം ആശ്ചര്യകരമായി തോന്നിയത് ഗിരീശ് പ്രഭുണെയുടെ കാര്യമായിരുന്നു. അദ്ദേഹം രണ്ടു വര്‍ഷക്കാലം ബാളാസാഹബിനെ സംരക്ഷിച്ചു. ദീര്‍ഘകാലം അദ്ദേഹത്തെ തന്റെ വസതിയില്‍ താമസിപ്പിച്ചു. ബാളാസാഹബിന്റെ സ്വഭാവം നോക്കിയാല്‍, പ്രഭുണെ ചെയ്തത് മഹത്തായ ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തെ സംബന്ധിച്ച് ഒരു സംഘ സ്വയംസേവകനെന്ന നിലക്ക് തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായിരുന്നു ഇത്.
(അവലംബം:
രമേശ് പതംഗെയുടെ മേം, മനു ഔര്‍ സംഘ് എന്ന കൃതി)