ഹിന്ദുത്വത്തെ നേരിടുന്നതില്‍ കേരളത്തിലെ സി.പി.എമ്മിന് ആശയപരമായ വീഴ്ചപറ്റി എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി ദല്‍ഹിയില്‍ പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. ഇതെന്ത് കഥ? ഹിന്ദുത്വക്കാരെ ചെറുക്കാന്‍ കെല്‍പ്പുള്ള ഏക പാര്‍ട്ടി സി.പി.എമ്മാണ് എന്നല്ലേ നമ്മള്‍ ആവര്‍ത്തിച്ചു കേട്ടു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തെക്കുറിച്ച് ഭൂതക്കണ്ണാടി വെച്ച് സൂക്ഷ്മനിരീക്ഷണം നടത്തി ചിന്താവാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായിച്ച സഖാക്കള്‍ ഉറക്കൊഴിഞ്ഞ് കാത്തിരുന്നിട്ടും പാര്‍ട്ടിഗ്രാമങ്ങളില്‍ പോലും ബി.ജെ.പിക്കാര്‍ നുഴഞ്ഞുകയറി വോട്ടു കൊണ്ടു പോകുന്നു എന്നാണ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പരാതിപ്പെട്ടത്. ‘ബ്രാഞ്ച് സെക്രട്ടറിമാര്‍ ജാഗ്രതൈ’ എന്ന പാര്‍ട്ടിശാസനയാണ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പുറത്തിറക്കിയ ഫത്വയിലുള്ളത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഹിന്ദുത്വക്കാരെ തടുക്കാനാവുന്നില്ല, ജനങ്ങള്‍ ഹിന്ദുത്വ പക്ഷത്തേക്ക് പോകുന്നു, പാര്‍ട്ടിയില്‍ ചോര്‍ച്ചയുണ്ടാവുന്നു എന്നൊക്കെയുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്. തീക്കട്ടയില്‍ ഉറുമ്പരിക്കാന്‍ തുടങ്ങിയാല്‍ സഖാക്കള്‍ എന്തു ചെയ്യും?
തൃശ്ശൂരിലെ വോട്ടര്‍മാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ലോകസഭയിലേക്ക് അയച്ചത് അവിടുത്തെ ജില്ലാ സമ്മേളനത്തിലും വലിയ ചര്‍ച്ചയായതാണ്. ബി.ജെ.പിക്കാരില്‍ നിന്നും ജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ കോട്ടകെട്ടി സംരക്ഷിക്കുകയായിരുന്ന പാര്‍ട്ടിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും റാഞ്ചിക്കൊണ്ടുപോകുന്നതിലുളള ആശങ്കയും കരട് രേഖയില്‍ തെളിഞ്ഞു കാണുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ സ്വാധീനം വികസിപ്പിക്കാന്‍ ഇരു സംഘടനകളും ശ്രമിക്കുന്നു എന്ന വേദനയോടെയുള്ള വിലാപം കരട് പ്രമേയത്തിലുണ്ട്. ദേശീയ തലത്തില്‍ ന്യൂനപക്ഷപിന്തുണ കോണ്‍ഗ്രസ്സിനാണെന്നു സമ്മതിക്കുമ്പോള്‍ അവിടെയും മുസ്ലിങ്ങള്‍ തങ്ങള്‍ക്കൊപ്പമല്ല എന്ന പരോക്ഷ കുറ്റസമ്മതവും രേഖയിലുണ്ട്. മുസ്ലിം വോട്ടിനുവേണ്ടി മുസ്ലിം ഭീകര സംഘടനകളുമായി കൂട്ടുചേര്‍ന്ന് അവരെ പാലൂട്ടിയത് സി.പി.എം ആയിരുന്നു. അവസാനം മുസ്ലിങ്ങള്‍ തങ്ങളുടെ ഇടത് മതേതരത്വം വിട്ട് തീവ്ര ഇസ്ലാമിസത്തിലേക്ക് പോകുന്നു. ഇതു കണ്ട് പാര്‍ട്ടിയിലെ ഹിന്ദുക്കളായ സഖാക്കള്‍ ബിജെപിക്കൊപ്പവും പോകുന്നു. എന്നാലും മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വെച്ച്, ഹിന്ദുത്വവിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ മതേതര ശക്തികളുടെ വിശാല ഐക്യനിര എന്ന ചെമ്പന്‍ രസായനം വേവിച്ചെടുക്കാന്‍ ദല്‍ഹിയിലെ തണുപ്പിലും ഉഷ്ണിച്ച് പണിയെടുക്കുകയാണ് പ്രകാശ് കാരാട്ടും കൂട്ടരും.