ഭാരതത്തിന്റെ ദേശീയവും ദാര്‍ശനികവുമായ ചരിത്രത്തില്‍ താമരയ്ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. ആര്‍ഷദര്‍ശനമനുസരിച്ച് അനേകം ദേവതകളുടെ ആരൂഢമാണ് താമര. രാഷ്ട്രാത്മാവിനെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ദല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഭാരതത്തിന്റെ രാഷ്ട്രീയ ഋതുഭേദത്തിലെ പുതിയൊരു താമരവസന്തത്തിന്റെ വരവറിയിക്കലാണ്.
ദല്‍ഹിയിലെ ആകെയുള്ള 70 നിയമസഭാ സീറ്റുകളില്‍ നാല്പത്തെട്ടും സ്വന്തമാക്കിയാണ് ബിജെപി ഇത്തവണ ചരിത്രവിജയത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയത്. ഭരണകക്ഷിയായ എഎപിയുടെ പ്രകടനം 22 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ഇത്തവണയും പൂജ്യത്തിലൊതുങ്ങി. ഏതാണ്ട് കാല്‍ നൂറ്റാണ്ടിനുശേഷമാണ് ബിജെപി ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണസാരഥ്യമേറ്റെടുക്കുന്നത്. കഴിഞ്ഞ തവണത്തെ 38.51 ശതമാനം വോട്ടില്‍ നിന്ന് 7.4 ശതമാനം വോട്ടുകള്‍ കൂടി വര്‍ധിപ്പിച്ചാണ് ഇക്കുറി പാര്‍ട്ടി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ലോക്‌സഭയിലേക്ക് ജയിക്കുന്ന പാര്‍ട്ടിയെ നിയമസഭയില്‍ കൈവിടുകയെന്ന പതിവു കൂടിയാണ് ഇത്തവണ ദല്‍ഹിയിലെ വോട്ടര്‍മാര്‍ തെറ്റിച്ചത്. ഇതോടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരെന്ന മുദ്രാവാക്യത്തിന് അവിടെ അംഗീകാരം ലഭിച്ചിരിക്കുന്നു. ശക്തമായ താമരത്തരംഗത്തില്‍ ഇക്കുറി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള എഎപിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ പോലും പരാജയപ്പെട്ടു. ന്യൂദല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് ബിജെപിയുടെ പര്‍വേശ് സിങ് വര്‍മ കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. ജങ്പുരയില്‍ മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ 636 വോട്ടിന് ബിജെപിയുടെ സല തര്‍വീന്ദര്‍ സിംഗ് മര്‍വയും പരാജയപ്പെടുത്തി.
2011 ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രതിച്ഛായ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് 2013 ല്‍ ദല്‍ഹിയില്‍ ഭരണത്തിലേറിയത്. അന്നു മുതല്‍ ആം ആദ്മി പാര്‍ട്ടിയെ ഭാരത രാഷ്ട്രീയത്തിലെ അത്ഭുതശിശുവായും കെജ്രിവാളിനെ അഭിനവ മിശിഹയായും ഉയര്‍ത്തിക്കാട്ടിയവരുണ്ട്. ദല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചുവെങ്കിലും ഹരിയാനയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്നുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. അഴിമതിരഹിത ഭരണവും സൗജന്യ ജനക്ഷേമ പദ്ധതികളും മുന്നോട്ടു വെച്ച് അധികാരത്തിലേറിയ എഎപി ദല്‍ഹിയിലെ തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തന്നെ അഴിമതിയുടെയും അരാജകത്വത്തിന്റെയും പ്രയോക്താക്കളായി മാറുകയായിരുന്നു. രാജ്യതലസ്ഥാനത്തെ വായുമലിനീകരണവും കുടിവെള്ള പ്രശ്നവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കുന്നതില്‍ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടു. 50 കോടി രൂപ മുടക്കിയുള്ള കെജ്രിവാളിന്റെ വീട് നവീകരണവും സ്വജനപക്ഷപാത നടപടികളും പാര്‍ട്ടിക്കുള്ളില്‍ പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ദല്‍ഹിയില്‍ മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടാക്കി കുറയ്ക്കുകവഴി തലസ്ഥാനത്ത് മദ്യപ്പുഴയൊഴുകി. പിന്നീട് ദല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു. കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഈ കേസില്‍ ജയിലിലടയ്ക്കപ്പെട്ടു. ഇതിനൊക്കെ അപ്പുറത്ത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മുന്നോട്ടു വെച്ചത്. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുന നദിയില്‍ വിഷം കലര്‍ത്തിയെന്നുവരെ കെജ്രിവാള്‍ ആരോപിക്കുകയുണ്ടായി.
അഴിമതിക്കേസില്‍ കഴിഞ്ഞ വര്‍ഷം കെജ്രിവാള്‍ അറസ്റ്റിലായപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ പിന്നിലൊളിഞ്ഞിരിക്കുന്ന രാജ്യാന്തര ശക്തികളെക്കുറിച്ച് പലരും തിരിച്ചറിഞ്ഞത്. ഭാരതത്തിലെ ഒരു കോര്‍പ്പറേഷന്റെ വലിപ്പം മാത്രമുള്ള ദില്ലിയുടെ ഭരണം നടത്തുന്ന മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കുവാന്‍ അമേരിക്കയും ജര്‍മ്മനിയുമൊക്കെ അന്ന് മുന്നിട്ടിറങ്ങി. ഖാലിസ്ഥാന്‍ വാദികളുമായി ആം ആദ്മി പാര്‍ട്ടിക്കുള്ള അവിശുദ്ധ ബന്ധവും പിന്നീട് പുറത്തുവന്നു. 2014 നും 2022 നും ഇടയില്‍ 134 കോടി രൂപ കെജ്രിവാളിനും പാര്‍ട്ടിക്കും സംഭാവന നല്‍കിയെന്നാണ് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവായ ഗുര്‍ പന്ത് സിംഗ് പന്നൂന്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ, 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ വച്ച് കെജ്രിവാളും ഖാലിസ്ഥാന്‍ അനുകൂല ഭീകരവാദികളും കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും വെളിച്ചത്തുവന്നു. വാസ്തവത്തില്‍ ഭാരതത്തെ ശിഥിലീകരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളുടെ ചട്ടുകമായി മാറിയ ഒരു പാര്‍ട്ടിക്കെതിരെയാണ് ഈ തിരഞ്ഞെടുപ്പിലൂടെ ദല്‍ഹിയിലെ പ്രബുദ്ധജനത വിധിയെഴുതിയത്. ഐതിഹാസികവും ചരിത്രപരവുമായ വിജയമാണ് ദല്‍ഹിയില്‍ ഉണ്ടായിരിക്കുന്നതെന്നും ദുരന്ത സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം ലഭിച്ചെന്നും ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നുമാണ് തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി നേടിയ ആധികാരികമായ വിജയത്തിന്റെ തുടര്‍ച്ചയാണ് ദല്‍ഹിയിലും ഉണ്ടായിരിക്കുന്നത്. അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അടങ്ങുന്ന ബിജെപി വിരുദ്ധന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിക്കാതിരുന്നതാണ് ബിജെപിയുടെ വിജയത്തിന്റെ കാരണമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു സഖ്യം നിലവിലുണ്ടായിരുന്നിട്ടും അതിനെ അതിജീവിച്ച് ബിജെപി ഉജ്ജ്വല വിജയം നേടിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഇവര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തെ എതിര്‍ത്തുകൊണ്ട് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത തങ്ങള്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന് എഎപി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരിക്കാം. എന്തായാലും ഇരുളൊഴിഞ്ഞ ഇന്ദ്രപ്രസ്ഥം ഭാരതത്തിലെ വരാനിരിക്കുന്ന താമരവസന്തത്തിന്റെ പുത്തന്‍ പുലരിയുടെ വരവറിയിക്കുകയാണ്.