ഫെബ്രുവരി 11 ദീനദയാല്‍ജി ബലിദാന ദിനം
നരത്വം ദുര്‍ലഭം ലോകേ
വിദ്യാ തത്ര സുദുര്‍ലഭാ
കവിത്വം ദുര്‍ലഭം തത്ര
ശക്തിസ്തത്ര സുദുര്‍ലഭാ
ലോകത്ത് മനുഷ്യനായി ജനിക്കുക എന്നത് ദുര്‍ലഭമാണ്. അതില്‍ അറിവുള്ളവനാവുക എന്നത് വളരെ പ്രയാസകരവും. ഇനി അറിവ് നേടിയാലും കവിത്വം ഉണ്ടാവുക എന്നത് അതിലും കഷ്ടതരമാണ്. ഇതൊക്കെ തന്നെ ഉണ്ടായാലും ശക്തനാവുക എന്നതാകട്ടെ വളരെ ശ്രമകരവും.ശക്തന്‍ എന്നാല്‍ ശരീര ശക്തി എന്നതിനപ്പുറം വാക്-മനോശക്തി എന്ന് കൂടി കരുതണം. ഈ കാര്യങ്ങള്‍ എല്ലാം കൂടി ചേരുമ്പോഴാണ് ഒരാളെ പ്രതിഭ എന്നൊക്കെ വിളിക്കാന്‍ സാധിക്കുന്നത്. ഇതെല്ലാം ഉണ്ടായിട്ടും ലളിതമായി ജീവിതം നയിക്കുന്ന ആളാണ് യഥാര്‍ത്ഥത്തില്‍ ‘മഹാന്‍’ എന്നറിയപ്പെടുന്നത്. ഇതൊക്കെ കൂടിച്ചേര്‍ന്ന മഹാനാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ.
ദീനദയാലിന്റെ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോയതായിരുന്നു. അദ്ദേഹത്തിന് എട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് മുത്തച്ഛനായ ചുനീലാലിന്റെ സംരക്ഷണത്തിലായി അദ്ദേഹം. എന്നാല്‍ പത്ത് വയസ്സുള്ളപ്പോള്‍ മുത്തച്ഛനും വിട്ടുപിരിഞ്ഞു. പിന്നീട് അമ്മാവനായ രാധാരമണിന്റെ സംരക്ഷണത്തിലായി. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ശിവദയാലും മരണപ്പെട്ടു. ജീവിതത്തിലെ വേണ്ടപ്പെട്ടവരുടെ മരണങ്ങള്‍ ഉണ്ടാക്കിയ വേദനകള്‍ വളരെ വലുതായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മനോബലം അദ്ദേഹത്തിന്റെ ജീവിതത്തേയും പഠനത്തേയും ഒരു തരത്തിലും ബാധിക്കാതിരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. റിക്കാര്‍ഡ് മാര്‍ക്കോടെ മെട്രിക്കുലേഷന്‍ പാസ്സായ ദീനദയാല്‍ ഉപാദ്ധ്യായക്ക് മഹാരാജ കല്യാണ്‍ സിംഗ് പത്ത് രൂപ പ്രതിമാസ സ്‌കോളര്‍ഷിപ്പും ഇരുനൂറ്റി അന്‍പത് രൂപ പുസ്തകങ്ങള്‍ വാങ്ങുന്നതിനും നല്‍കി. ജീവിതത്തില്‍ നമുക്ക് പല പ്രതിസന്ധികളും നേരിടേണ്ടി വരും. അത്തരം പ്രതിസന്ധികളില്‍ തളര്‍ന്ന് ലക്ഷ്യത്തിലെത്താന്‍ പ്രതിസന്ധികളെ ഒരു കാരണമായി പറഞ്ഞ് എല്ലാം അവസാനിപ്പിച്ച് മാറിനില്‍ക്കുന്നവര്‍ക്ക് ദീനദയാല്‍ജി നല്‍കുന്ന ആദ്യപാഠമാണ് അദ്ദേഹത്തിന്റെ ബാല്യകാല ജീവിതം. കാണ്‍പൂരിലെ സനാതനധര്‍മ്മ കോളേജില്‍ നിന്നും ബിരുദ പഠനകാലത്താണ് സുന്ദര്‍സിംഗ് ഭണ്ഡാരിയുമായി അടുക്കുന്നത്. ആ സൗഹൃദമാണ് അദ്ദേഹത്തെ ആര്‍. എസ്.എസ്സില്‍ എത്തിച്ചത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായിട്ടുള്ള പൂജനീയ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറുമായി പരിചയപ്പെടുന്നതും സംഘത്തെ അടുത്തറിയുകയും സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനാവുകയും ചെയ്യുന്നു. 1939ല്‍ അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കുകയും ആഗ്രയിലെ സെന്റ് ജോണ്‍സ് കോളേജില്‍ ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നെങ്കിലും ദീനദയാലിന് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മികച്ച വിദ്യാര്‍ത്ഥിയായിരുന്ന ദീനദയാല്‍ജി മാതുലന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രവിശ്യാ സര്‍വ്വീസ് പരീക്ഷ എഴുതുകയും അതില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് അഭിമുഖ പരീക്ഷയും വിജയിച്ചെങ്കിലും പൊതുപ്രവര്‍ത്തകനാവുക എന്ന കടുത്ത ആഗ്രഹം നിമിത്തം സര്‍വ്വീസില്‍ പ്രവേശിക്കാതിരുന്നു.
വിദ്യാഭ്യാസ കാലഘട്ടം മുതല്‍ സംഘവുമായുള്ള ബന്ധം ദീനദയാല്‍ജി തുടര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച അദ്ദേഹം പിന്നീട് സംഘപ്രചാരകനാവുകയും 1942ല്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ജില്ലയുടെ ജില്ലാപ്രചാരകനാവുകയും ചെയ്തു. 1951ല്‍ ഉത്തര്‍പ്രദേശ് സഹപ്രാന്ത പ്രചാരകനായി. ആ കാലഘട്ടത്തിലാണ് എഴുത്തിനോട് ആഭിമുഖ്യമുള്ള ദീനദയാല്‍ജി പാഞ്ചജന്യം, സന്ദേശ് എന്നീ രണ്ട് പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുന്നത്.
കാശ്മീര്‍ ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും നെഹ്‌റുവുമായി അകന്നിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി കോണ്‍ഗ്രസ്സിന് ബദലായി ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ച് ആലോചിക്കുന്നത് ആ കാലത്താണ്. സംഘത്തിന്റെ സര്‍സംഘചാലക് ആയിരുന്ന പരംപൂജനീയ ഗുരുജിയെ ശ്യാമപ്രസാദ് മുഖര്‍ജി നേരില്‍ കാണുകയും ആര്‍.എസ്.എസ് കോണ്‍ഗ്രസ്സിന് ബദലായി ഒരു രാഷ്ട്രീയ പ്രസ്ഥാനം ആകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സംഘത്തിന്റെ ലക്ഷ്യം കേവലം ഭരണം എന്നതല്ല, രാജ്യത്ത് നല്ല വ്യക്തികളെ രൂപപ്പെടുത്തുക, ഭാരതത്തെ പരംവൈഭവത്തിലെത്തിക്കുക എന്നതാണ് എന്ന് ഗുരുജി അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന് ബദലായി ഒരു രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമാണ് എന്ന ചിന്തയില്‍ സംഘത്തിന്റെ അന്നത്തെ പ്രചാരകന്മാരായിരുന്ന ദീനദയാല്‍ ഉപാദ്ധ്യായ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഗുരുജി നിയോഗിച്ചു. 1951ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാദ്ധ്യായ, ബല്‍രാജ് മധോക് തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ്സിന് ബദലായി ദല്‍ഹിയില്‍ വച്ച് ‘ഭാരതീയ ജനസംഘം’ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി. തുടക്കത്തില്‍ തന്നെ ദീനദയാല്‍ജിയുടെ കഴിവ് മനസ്സിലാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി ‘ഇതുപോലെ രണ്ട് ദീനദയാല്‍മാരെ ലഭിച്ചിരുന്നെങ്കില്‍ ഭാരതത്തിന്റെ രാഷ്ട്രീയ മുഖം തന്നെ മാറ്റിയേനേ’ എന്ന് പറഞ്ഞത് കേവലം ഒരു ഭംഗിവാക്കായിരുന്നില്ല എന്ന് ജനസംഘത്തിന്റെ വളരെ പെട്ടെന്നുള്ള വളര്‍ച്ച നമുക്ക് കാണിച്ചുതരുന്നു.
1952 മുതല്‍ ജനസംഘത്തിന്റെ ജനറല്‍സെക്രട്ടറിയായി തുടര്‍ന്ന ദീനദയാല്‍ ഉപാദ്ധ്യായ 1967ല്‍ അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയില്‍ എത്തുന്നതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനസംഘത്തെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റി. 1952ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിച്ച ജനസംഘം, 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അത് നാലാക്കി ഉയര്‍ത്തി. 1962ല്‍ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ നാല് പതിനാലായി വര്‍ദ്ധിപ്പിച്ചു. പിന്നീട് 1967ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി 35 സീറ്റ് നേടുകയും കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷം കുറക്കുകയും രാജ്യത്ത് കോണ്‍ഗ്രസ്സിന് ബദലായി ഒരു രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. ദല്‍ഹിയില്‍ ഏഴില്‍ ആറ് സീറ്റും നേടി മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെയും ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും ഭരണം പിടിച്ചു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും നിരവധി പ്രമുഖര്‍ നേതൃത്വം നല്‍കുന്നതുമായ കോണ്‍ഗ്രസ്സിനെതിരെ ഭാരതീയ ജനസംഘം നേടിയ തിളക്കമാര്‍ന്ന വിജയങ്ങള്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ മികച്ച സംഘാടനത്തിന്റേയും നേതൃപാടവത്തിന്റേയും ഫലമാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മുന്നോട്ടു പോക്കിന് സോഷ്യലിസമോ-കമ്യൂണിസമോ അല്ല മറിച്ച് ഭാരതത്തിന്റെ മൂല്യങ്ങളും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ഒരു തനതായ ‘ദര്‍ശനമാണ്’ ആവശ്യമുള്ളത് എന്ന ദീനദയാല്‍ജിയുടെ ബോധ്യമാണ് ‘ഏകാത്മമാനവദര്‍ശനം’ എന്ന മഹത്തായ ദര്‍ശനത്തിന്റെ ആവിര്‍ഭാവത്തിന് നിദാനമായത്. സോഷ്യലിസം, കമ്യൂണിസം തുടങ്ങിയ ‘ഇസങ്ങള്‍’ ചിലരുടെ സൃഷ്ടികള്‍ മാത്രമാണ്. അത്തരം ഇസങ്ങള്‍ക്ക് കാലാനുസൃതമായി കൂട്ടിച്ചേര്‍ക്കലുകള്‍ അനിവാര്യമായിവരും. ഇസങ്ങള്‍ സ്ഥായിയായ ഒന്നല്ല, അവ തിരുത്തലുകള്‍ക്ക് വിധേയമാണ്. തിരുത്തലുകള്‍ ആവശ്യമാകുമ്പോള്‍ ലക്ഷ്യം മാറിക്കൊണ്ടിരിക്കാം. പക്ഷെ സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ‘ഇസങ്ങളല്ല’ ആവശ്യം മറിച്ച് ഭാരതത്തിന്റെ ഋഷി പരമ്പര മുന്നോട്ട് വച്ച ‘ദര്‍ശനങ്ങളാണ്’ വേണ്ടത്. ദര്‍ശനം എന്നാല്‍ ‘തത്വം കണ്ടെത്താനുള്ള ഘട്ടം ഘട്ടമായ പരിശ്രമമാണ്’. അതിന്റെ വെളിച്ചത്തില്‍ ഭാരതത്തിലെ സാധാരണ ജനങ്ങളെ പോലും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഏകാത്മമാനവദര്‍ശനം മുന്നോട്ട് വെക്കുന്നത്.
വ്യക്തിയിലൂടെ കുടുംബവും, കുടുംബത്തിലൂടെ ഗ്രാമവും, ഗ്രാമത്തിലൂടെ ജില്ലയും, ജില്ലയിലൂടെ സംസ്ഥാനവും, സംസ്ഥാനത്തിലൂടെ രാജ്യവും നിര്‍മ്മിക്കപ്പെടുന്നു. ഏകാത്മമാനവദര്‍ശനം അനുസരിച്ച് വ്യക്തികള്‍ ശരീരത്തിന്റെ കോശങ്ങള്‍ പോലെയാണ്. കോശങ്ങള്‍ കൂടിച്ചേര്‍ന്ന് അവയവങ്ങള്‍ ഉണ്ടാകുന്നതുപോലെ മനുഷ്യര്‍ കൂടിച്ചേര്‍ന്ന് സമൂഹത്തിലെ വ്യത്യസ്ത വ്യവസ്ഥിതികള്‍ ഉണ്ടാകുന്നു. കുടുംബം, ഭരണകൂടം, കോടതി മുതലായവ അതില്‍പ്പെടും. ഇതൊക്കെ കൂടിച്ചേര്‍ന്ന് രാഷ്ട്ര ശരീരം നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ശരീരമാണ് രാഷ്ട്രത്തിന്റെ ചോദന അനുസരിച്ച് പ്രവര്‍ത്തിക്കുന്നത്. ആ ചോദനയെ ധര്‍മ്മം എന്ന് വിളിക്കുന്നു. ധര്‍മ്മം എന്നാല്‍ കടമ എന്നാണ് അര്‍ത്ഥം. ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധമാണ് ‘ചിതി’. വ്യക്തി ബോധ ത്തില്‍ നിന്നും രാഷ്ട്രത്തിന്റെ ചിതിയിലേക്ക് പ്രയാണം ചെയ്യുന്നതുപോലെ രാഷ്ട്രങ്ങളുടെ ചിതികള്‍ കൂടിച്ചേര്‍ന്ന് മാനവികതയുടെ ആത്മബോധവും അവ ചേര്‍ന്ന് പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധം ഉള്‍ക്കൊള്ളുന്നവരാണ് ഏകാത്മമാനവര്‍. ഇങ്ങനെയുള്ള ഏകാത്മമാനവരുടെ ദര്‍ശനമാണ് ഏകാത്മമാനവദര്‍ശനം വിഭാവനം ചെയ്യുന്നത്.

ദീനദയാല്‍ജി ക്രോഡീകരിച്ച ഏകാത്മമാനവദര്‍ശനം അദ്ദേഹം നേരിട്ട് എവിടേയും അടിച്ചേല്‍പ്പിക്കുകയോ ഇതാണ് ഇതിന്റെ അവസാന രൂപം എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഇതാണ് മറ്റു സിദ്ധാന്തങ്ങളില്‍ നിന്നും ഏകാത്മമാനവദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം ഇത് ഗ്വാളിയോറില്‍ ചേര്‍ന്ന ജനസംഘത്തിന്റെ അഞ്ഞൂറുപേര്‍ പങ്കെടുത്ത ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചു. മാത്രമല്ല അതില്‍ പങ്കെടുത്ത ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ ആരായുകയും ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി അവ ക്രോഡീകരിച്ച് ജനസംഘത്തിന്റെ ‘തത്വവും നയവും’ തയ്യാറാക്കുകയും ചെയ്തു. പിന്നീട് വിജയവാഡയില്‍ നടന്ന പ്രതിനിധി സഭയില്‍ ഇത് അവതരിപ്പിക്കുകയും അതിലെ ഓരോ വാചകങ്ങളും ഇഴകീറി ചര്‍ച്ചചെയ്യുകയും ഒടുവില്‍ പല വിശദീകരണങ്ങള്‍ക്കുശേഷം സഭ അത് അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല അതിന്റെ പകര്‍പ്പ് രാജ്യത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികള്‍ക്ക് എത്തിച്ച് നല്‍കുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ ഭാരതത്തിന്റെ സനാതനധര്‍മ്മ ചിന്താധാരകളുടെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ദീനദയാല്‍ജി അവതരിപ്പിച്ച സാമ്പത്തിക -സാമൂഹിക ദര്‍ശനമായ ഏകാത്മമാനവ ദര്‍ശനം ജനസംഘത്തിന്റെ തത്വസംഹിതയായി അംഗീകരിച്ചു. ഏകാത്മമാനവദര്‍ശനം മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും പ്രകൃതിയിലെ മുഴുവന്‍ ജൈവ അജൈവ വസ്തുക്കളും തമ്മിലുമുള്ള സംയോജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നത് ദീനദയാല്‍ജി എത്ര സൂക്ഷ്മമായാണ് ഓരോന്നും വിലയിരുത്തിയിരിക്കുന്നത് എന്നതിന്റെ തെളിവാണ്.
ഏകാത്മമാനവദര്‍ശനത്തിലൂടെ ദീനദയാല്‍ജി സൂചിപ്പിക്കുന്ന ഏറ്റവും പ്രധാന വിഷയം ‘അന്ത്യോദയ’ എന്നതാണ്. എന്താണ് അന്ത്യോദയ? ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന വ്യക്തിക്കും മുന്നോട്ട് വരാന്‍ സാധിക്കുന്ന കര്‍മ്മപദ്ധതികളായിരിക്കണം ഒരു ഭരണകൂടം തയ്യാറാക്കേണ്ടത്. അതായത് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവിതത്തില്‍ ഇതിനെക്കൊണ്ട് എന്ത് മാറ്റം സൃഷ്ടിക്കാന്‍ കഴിയും എന്ന് ചിന്തിക്കണം. അന്ത്യോദയ എന്നാല്‍ സാമ്പത്തികമായി മുന്നോട്ട് വരുക എന്നത് മാത്രമല്ല സാമൂഹികമായും മാനസികമായും മുന്നോട്ട് വരുക എന്നതാണ്. എല്ലാവരേയും തുല്യരായി കാണാനും അര്‍ഹതപ്പെട്ടവരിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാനും സാധിക്കുന്നതാണ് അന്ത്യോദയ. അവിടെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ വിവേചനങ്ങള്‍ ഇല്ല.
ഏകാത്മമാനവദര്‍ശനത്തിന്റെ തത്വങ്ങള്‍ തന്നെയാണ് ദീനദയാല്‍ജിയുടെ കൂടെ ജനസംഘം രൂപീകരണ വേളയില്‍ സംഘപ്രചാരകനായിരിക്കുകയും പിന്നീട് അദ്ദേഹത്തോടൊപ്പം ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലും കൂടെ ഉണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ചുമതല വഹിച്ചപ്പോള്‍ ആറ് വര്‍ഷത്തെ ഭരണത്തിലും മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ കൃഷി, ഭക്ഷ്യം, പാര്‍പ്പിടം വിദ്യാഭ്യാസം, ശുചിത്വം തൊഴില്‍, ആരോഗ്യം, സമ്പത്ത്, വ്യവസായം, ഗതാഗതം, വിദേശകാര്യം, ഗവേഷണം, മാധ്യമം, ആത്മീയം, രാഷ്ട്രരക്ഷ മുതലായ ഓരോ വിഷയങ്ങള്‍ക്കും അടല്‍ജി സര്‍ക്കാരും, പിന്നീട് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും പ്രാധാന്യംകൊടുത്തു. ദേശീയ ജനാധിപത്യ സഖ്യം നേതൃത്വംകൊടുത്ത സര്‍ക്കാരുകള്‍ അധികാരമേറ്റതു മുതല്‍ മുന്നോട്ട് വെക്കുന്ന ഓരോ കാര്യങ്ങളും ഏകാത്മമാനവദര്‍ശനത്തിന്റെ ചുവട് പിടിച്ച് തന്നെയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും, കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍നിധി, കിസാന്‍ കാര്‍ഡ്, കിസാന്‍ സുവിധ മൊബൈല്‍ ആപ്ലിക്കേഷന്‍, ഫസല്‍ഭീമായോജന, ദേശീയ കാര്‍ഷിക വിപണി, കൃഷി സിഞ്ചായി യോജന, വിള ഇന്‍ഷൂറന്‍സുള്‍പ്പെടെ നിരവധി പദ്ധതികള്‍, എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്ന അന്നയോജന പദ്ധതി, പാര്‍പ്പിടത്തിന് ആവാസ് യോജന (ഗ്രാമം/നഗരം) പദ്ധതി. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ദേശീയ അദ്ധ്യപക അദ്ധ്യായന ദൗത്യം, അടല്‍ ഇന്നോവേഷന്‍ ദൗത്യം, ദേശീയ വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികളും വിദ്യാഭ്യാസ വായ്പകളുടെ ഉദാര നയങ്ങള്‍. സ്വച്ഛഭാരത് മിഷന്‍ പോലുള്ള ശുചിത്വ പദ്ധതികള്‍. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മുദ്രായോജന, ദീനദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന, കൗശല്‍ യോജന തുടങ്ങിയ തൊഴിലധിഷ്ഠിത പദ്ധതികള്‍. വിവിധ ആരോഗ്യ പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമായോജന, സുരക്ഷ ഭീമ യോജന, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന, ആയുഷ്മാന്‍ ഭാരത്, കുറഞ്ഞ ചെലവില്‍ മരുന്ന് നല്‍കാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. ആഭ്യന്തര വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ. സാധാരണക്കാരിലും സമ്പാദ്യ ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ജന്‍ധന്‍ അക്കൗണ്ടുകള്‍’ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ബേട്ടി ബചാവോ ബേട്ടി പഠാവോ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ദേശീയപാത വികസനം, ഗ്രാമീണ സഡക് യോജന, ചതുഷ്‌സ്തംഭങ്ങള്‍, ജലപാതയ്ക്ക് സാഗര്‍ മാലാ പദ്ധതി, റെയില്‍ വികസനത്തിന് അതിവേഗ റെയില്‍, വിദേശ ഭാരതീയരുടെ പ്രശ്‌ന പരിഹാരത്തിന് മദദ് പോര്‍ട്ടല്‍, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം. വിവിധ ബഹിരാകാശ ദൗത്യങ്ങള്‍, തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ കവച് സംവിധാനം, കോവിഡ് വാക്‌സിനുകള്‍ തുടങ്ങി ഗവേഷണ രംഗത്തെ നേട്ടങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യ, നമാമി ഗംഗ, ആത്മീയതയും ടൂറിസവും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതികള്‍, സൈനിക മേഖലയ്ക്കും ആയുധ നവീകരണങ്ങള്‍ക്കും നല്കിയ പ്രാധാന്യം, സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കാന്‍ കൊണ്ടുവന്ന നാരീ വന്ദന്‍ ബില്ല്, പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമത്തിനും, ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും വേണ്ടി കൊണ്ടുവന്ന പദ്ധതികള്‍, വനബന്ധു കല്യാണ്‍ യോജന, മൗലാന ആസാദ് നാഷണല്‍ അക്കാദമി ഫോര്‍ സ്‌കില്‍സ് (മാനസ്), നയിമന്‍സില്‍, ഉസ്ത്താദ് (USTTAD) തുടങ്ങി നാനൂറിലധികം പദ്ധതികള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ അവയില്‍ കാണാന്‍ സാധിക്കുന്നത് ദീനദയാല്‍ജി വിഭാവനം ചെയ്ത ഏകാത്മമാനവദര്‍ശനത്തിന്റെ അംശങ്ങളാണ്.
ക്രാന്തദര്‍ശിയ ഒരു മഹാമനീഷിയാണ് ദീനദയാല്‍ ഉപാദ്ധ്യായ എന്ന്‌നിസ്സംശയം പറയാം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ കാലം ഇത്ര കഴിഞ്ഞിട്ടും കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ ഏകാത്മമാനവദര്‍ശനം എഐ യുഗത്തില്‍ പോലും പ്രസക്തമാകുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ‘ദീനദയാല്‍’ (‘ദീനേഷു ദയാലു:’- ദു:ഖിതരില്‍ ദയയുള്ളവന്‍) എന്ന് നാമകരണം ചെയ്തപ്പോള്‍ അത് അന്വര്‍ത്ഥമാകണം എന്ന ആത്മാര്‍ത്ഥ പ്രാര്‍ത്ഥന ജഗദീശ്വരന്‍ കേട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.
ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാശ്മീര്‍ ജയിലില്‍ വച്ചുള്ള അവിചാരിത വിയോഗത്തിന് ശേഷം ജനസംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്ന ദീനദയാല്‍ ഉപാദ്ധ്യായ സംഘടനയെ വളരെ ശക്തമായി മുന്നോട്ട് നയിച്ചു. പിന്നീട് കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ സമ്മേളനത്തില്‍ വച്ച് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ ജനസംഘത്തിന്റെ പത്താമത് അദ്ധ്യക്ഷനായി തിരെഞ്ഞെടുത്തിരുന്നു. അതിനുശേഷം ഏകാത്മമാനവദര്‍ശനത്തിന്റെ പ്രായോഗിക പദ്ധതികള്‍ കൂടി തയ്യാറാക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അതിന് വേണ്ട ഒരുക്കങ്ങളും നടത്തിയിരുന്നു. തികച്ചും ഭാരതീയ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഒരു ദര്‍ശനമായതുകൊണ്ട് തന്നെയാണ് ഏകാത്മമാനവദര്‍ശനം ഇന്നും പ്രസക്തമാകുന്നത്. സനാതനധര്‍മ്മത്തെ അധിക്ഷേപിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുന്നു എന്നത് കാലത്തിന്റെ കാവ്യനീതിയാണ്. എന്നിട്ടും അവസരം ലഭിക്കുമ്പോള്‍ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സനാതനധര്‍മ്മത്തെ തന്നെയും അവഹേളിക്കുന്ന നയം അവര്‍ തുടരുകയാണ്. ഭാരതത്തില്‍ സനാതനധര്‍മ്മ മൂല്യങ്ങളോട് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന താത്പര്യം അവരുടെ ആശയപരമായ പരാജയം തന്നെയാണ് സൂചിപ്പിക്കുന്നത്.
ഏകാത്മമാനവദര്‍ശനത്തിലൂടെ ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ച ആശയം ഭാരതത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. കേവലം പത്ത് വര്‍ഷത്തെ ഭരണത്തില്‍ തന്നെ ഈ ആദര്‍ശത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം ഭാരതത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി, പ്രതിരോധരംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ചു, സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വന്നു, പുതിയ സംരംഭങ്ങള്‍ ഭാരതത്തില്‍ ആരംഭിക്കാന്‍ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ തയ്യാറാകുന്നു. രാജ്യത്ത് ഒരൊറ്റ പൗരന്മാര്‍ എന്ന സങ്കല്പം സാധ്യമാകുന്നു. ഈ നേട്ടങ്ങളെല്ലാം ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു എങ്കില്‍ അത് ദീനദയാല്‍ജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ്.
ജനസംഘത്തിന്റെ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് കേവലം രണ്ട് മാസം കഴിഞ്ഞ് 1968 ഫെബ്രുവരി 11ന് ലഖ്‌നൗവില്‍ നിന്നും പാറ്റ്‌നയിലേക്കുള്ള യാത്രയില്‍ മുഗള്‍സാരായ് റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഭാരതം എത്രയോ മുന്‍പ് തന്നെ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ പൊലിഞ്ഞു പോയത് ഭാരതത്തിന്റെ ഭാവി പ്രതീക്ഷയാണ്.
‘മുഹൂര്‍ത്തം ജ്വലിതം ശ്രേയ:
നതു ധൂമായിതം ചിരം’
ദീനദയാല്‍ ഉപാദ്ധ്യായയുടെ സ്മരണങ്ങള്‍ക്ക് മുന്നില്‍ ഒരുപിടി പദ്മദളങ്ങള്‍.