കേരളത്തിലെ സാമൂഹ്യ ജീവിതം അതിവേഗം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. നമ്പര്‍ വണ്‍ കേരളം പരിഷ്‌ക്കാരമെന്നും പുരോഗമനമെന്നും പറഞ്ഞുകൊണ്ട് നടപ്പിലാക്കിയ മൂല്യ നിരാസം എല്ലാ മേഖലയിലും പ്രതിപ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ വാര്‍ത്തകള്‍ പ്രതിദിനം വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഭാവി കേരളം എങ്ങിനെയായിരിക്കുമെന്നതിന്റെ എല്ലാ സൂചനകളും തരുന്നുണ്ട്. ജീവിതശൈലിയില്‍ യൂറോപ്യന്‍ നിലവാരത്തിലേക്കെത്താന്‍ പരിശ്രമിച്ച കേരളം എത്തിയത് യൂറോപ്പിന്റെ അരാജക സാമൂഹ്യ ജീവിത ശൈലിയിലേക്കാണ്. മദ്യവും മയക്കുമരുന്നും നിര്‍ബാധം ലഭിക്കാനുള്ള ഒത്താശ ചെയ്യുന്ന ഭരണകൂടം വര്‍ദ്ധിച്ചു വരുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. അമേരിക്കയിലൊക്കെ കൈത്തോക്കുമായി ക്ലാസ്സില്‍ വന്ന് സഹപാഠികളെ വെടിവച്ചു കൊല്ലുന്ന വിദ്യാര്‍ത്ഥികളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറിത്തുടങ്ങിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്‌ക്കൂള്‍ ബസില്‍ വച്ച് സഹപാഠിയെ കഴുത്തില്‍ കുത്തിയ വിദ്യാര്‍ത്ഥി കൈത്തോക്ക് ലഭ്യമല്ലാത്തതു കൊണ്ട് കത്തി ഉപയോഗിച്ചു എന്നേ കരുതാന്‍ പറ്റു. കേരളത്തിലെ സ്‌ക്കൂളുകളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്ന കാലം വിദൂരമല്ല എന്നു വേണം അനുമാനിക്കാന്‍. കൊച്ചിക്കടുത്ത് തിരുവാണിയൂരില്‍ സി.ബി.എസ്.ഇ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങള്‍ അധികമായിട്ടില്ല. സ്‌ക്കൂളില്‍ വച്ച് സഹപാഠികള്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയെ കൊണ്ട് ക്ലോസറ്റ് നക്കിക്കുകയും മുഖം ബലമായി ക്ലോസറ്റില്‍ അമര്‍ത്തിപ്പിടിച്ച് ഫ്‌ളഷ് ചെയ്യുക വരെ ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ത്ഥിയെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊന്ന സഹപാഠികള്‍ ജാമ്യം കിട്ടി പുറത്തുവന്നിട്ട് അധികം കാലമായിട്ടില്ല. മനസ്സില്‍ നിന്ന് മനുഷ്യ സ്‌നേഹം മാത്രമല്ല സഹജീവി സ്‌നേഹം തന്നെ നഷ്ടമായ ഒരു തലമുറ കേരളത്തില്‍ വളര്‍ന്നു വരുന്നു എന്നതിന്റെ സൂചനകളാണ് ഇതൊക്കെ. കാരുണ്യമെന്ന മനുഷ്യ വികാരം അധികപ്പറ്റാണെന്നു കരുതുന്ന തലമുറ ഒരു ക്രിമിനല്‍ ജനറേഷനെ, തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത കാലത്ത് സിനിമ തിയേറ്ററിനെ നിറച്ച സിനിമ ആദ്യം മുതല്‍ അവസാനം വരെ കൊലയെ കലയായവതരിപ്പിച്ച ഒരു കലാഭാസമായിരുന്നു എന്നു വരുന്നിടത്താണ് നമ്മുടെ മൂല്യത്തകര്‍ച്ച സമ്പൂര്‍ണ്ണമാകുന്നത്. ഇത്തരം സിനിമകളും മയക്കുമരുന്നു പോലെ വിദ്യാര്‍ത്ഥികളുടെ തലച്ചോറിനെ വല്ലാതെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗവാസനകള്‍ വളരുംതോറും അവരില്‍ അക്രമവാസനകുറയുകയും മാനുഷിക മൂല്യങ്ങള്‍ വളരുകയും ചെയ്യുമെന്നാണ് എല്ലാ വിദ്യാഭ്യാസ വിചക്ഷണരും വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ന് കേരളത്തിലെ കലോത്സവ വേദികള്‍ കലാപോത്സങ്ങള്‍ ആയി മാറിയിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കലാമത്സരവേദി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ട് തമ്മിലടിയുടെയും ചോര ചൊരിച്ചിലിന്റെയും വേദിയായി മാറി. പരിക്കേറ്റ് നിരവധി വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. സര്‍ഗ്ഗവേദിയില്‍ ഒന്നിലധികം തവണ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു എന്നത് വര്‍ത്തമാന കാല കേരളത്തിന്റെ യുവത്വം ഏത് ദിശയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണ്. സ്‌ക്കൂളുകളിലും കോളേജുകളിലും വ്യാപകമാകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത ചെറുപ്പക്കാരിലെ കുറ്റവാസന വളര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ ഇടയില്‍ പോലും വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് വാര്‍ത്ത പോലുമല്ലാതായിരിക്കുന്നു.
തന്റെ ശാരീരിക പരിമിതികള്‍ക്കിടയിലും ഹാന്‍ഡ് ബോളിലും ബാസ്‌കറ്റ് ബോളിലും തിളങ്ങി നിന്ന മിടുക്കിയായ പെണ്‍കുട്ടിയാണ് തന്റെ ആണ്‍ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി ഇക്കഴിഞ്ഞ ദിവസം അന്തരിച്ചത്. ഇരയെ കൊലപ്പെടുത്തുമ്പോഴും അത് ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാകണമെന്ന് ഇത്തരം യുവ ക്രിമിനലുകള്‍ക്ക് നിര്‍ബന്ധമുണ്ട്. ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്പ് ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട യുവാവ് ഇന്നത്തെ കേരളത്തിലെ അരാജക കാലത്തിന്റെ പ്രതിനിധിയാണ്. വിദ്യാര്‍ത്ഥികളും യുവാക്കളും മാതൃകയാക്കേണ്ട സാമൂഹ്യ രാഷ്ട്രീയ നേതൃത്വം കേരളത്തില്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നുമാത്രമല്ല പലപ്പോഴും കുറ്റവാളികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കൊലയാളികളെ വീരോചിതമായ രീതിയില്‍ ജയിലിലേക്ക് യാത്ര അയക്കുകയും ജയിലില്‍ നിന്നിറങ്ങുമ്പോള്‍ വന്‍ സ്വീകരണമൊരുക്കുകയും ഒക്കെ ചെയ്യുന്നത് കണ്ട് വളരുന്ന പുതുതലമുറ കുറ്റവാളികള്‍ ആയില്ലെങ്കിലേ അതിശയമുളളു. ടി.പി.ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടിന് കൊലപ്പെടുത്തിയ കൊടി സുനിയ്ക്കും സംഘത്തിനും ജയിലിനുള്ളിലും പരോളില്‍ പുറത്തിറങ്ങുമ്പോഴും സി.പി.എം നല്‍കുന്ന രാജോചിത പരിഗണനകള്‍ കേരളത്തില്‍ കുറ്റവാളികള്‍ക്ക് ഭരണകൂടം നല്‍കുന്ന മാന്യതയ്ക്ക് ഉദാഹരണമാണ്. ജീവപര്യന്തം ശിക്ഷ കിട്ടിയ കൊടും കുറ്റവാളികള്‍ക്ക് നീതി നിയമങ്ങളെ കാറ്റില്‍ പറത്തി ശിക്ഷാ ഇളവ് വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം വളര്‍ന്നുവരുന്ന തലമുറയ്ക്ക് കൈമാറുന്ന സന്ദേശം ഒട്ടും നല്ലതല്ല. 2006 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളിലെ കുറ്റവാസനകള്‍ വര്‍ദ്ധിച്ചതായാണ് കണക്ക്. ഗുണ്ടാസംഘങ്ങളുടെ ഭാഗമാകുന്നത് അഭിമാനമായി കരുതുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ യുവാക്കളുടെ ഇടയിലെ സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുന്നതായാണ് കാണുന്നത്. എല്ലാ അര്‍ത്ഥത്തിലും അരാജകാവസ്ഥയുടെ പാരമ്യത്തിലേക്കാണ് കേരളം പോകുന്നത്. മൂല്യാധിഷ്ഠിതമായ ജീവിതക്രമം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടിവരുക തന്നെ ചെയ്യും.