വടക്കേ മലബാറുകാരുടെ അനുഷ്ഠാനകലയായ തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന തട്ടകത്തില്‍ തെയ്യക്കോലത്തിന്റെ പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) ഒരുക്കി ശ്രദ്ധേയനാവുകയാണ് കെ.എം.രാഗേഷ് എന്ന കലാകാരന്‍. രാഗേഷിന്റെ സര്‍ഗ്ഗനിപുണതയില്‍ ഭക്തിയും കലയും സമന്വയിച്ച്, തെയ്യത്തിന്റെ മുഖത്തെഴുത്തോടെ, തെയ്യപ്പെരുമയോടെ അണിഞ്ഞു നില്‍ക്കുകയാണ് പഴയ ലാംബ്രട്ട ഓട്ടോ! തലശ്ശേരി കടല്‍പ്പാലത്തിലേക്ക് പോകുന്ന വഴിയില്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന തന്റെ കടയുടെ ചുമരില്‍ പഴയ ലാംബ്രട്ട ഓട്ടോയുടെ മുന്‍വശം സ്ഥാപിച്ച്, അക്രലിക്ക് മാധ്യമത്തില്‍ തെയ്യത്തിന്റെ മുഖത്തെഴുത്ത് നടത്തി, ആടയാഭരണങ്ങള്‍ വരച്ചുചേര്‍ത്ത് ഒരുക്കി നിര്‍ത്തിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ കാഴ്ചക്കാരുടെ മനസ്സില്‍ നിറയ്ക്കുന്നതാവട്ടെ തെയ്യക്കാഴ്ചയുടെ പെരുങ്കളിയാട്ടം.

കലയു തൊഴിലും ചാലിച്ചെടുത്ത, സംതൃപ്തിയുടെ വര്‍ണ്ണചാന്താണ് ലാംബ്രട്ട ഓട്ടോയുടെ കടുത്ത ആരാധകന്‍ കൂടിയായ രാഗേഷിന്റെ ജീവിതം. സ്‌കൂള്‍ കാലഘട്ടം മുതല്‍ ചിത്രരചനാ മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള രാഗേഷ്, എസ്.എസ്.എല്‍.സി പാസ്സായെങ്കിലും തുടര്‍പഠനം നടത്താനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റപ്പോള്‍ പഠനം നിര്‍ത്തി അച്ഛന്‍ ജോലിചെയ്യുന്ന വര്‍ക്ക്‌ഷോപ്പില്‍ സഹായിയായി. അതിനിടയില്‍ ചിത്രരചന നിലച്ചെങ്കിലും, സര്‍ഗ്ഗാത്മകതയുടെ ഉറവ വറ്റാതെ ഉള്‍ക്കാമ്പിലെവിടെയോ നിലനിന്നിരുന്നു. കേരള സ്‌കൂ ള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിക്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. വര്‍ക്ക്ഷാപ്പില്‍ നിന്ന് രാഗേഷ് വന്നുപെട്ടത് പഴയ വാഹനങ്ങള്‍ പൊളിച്ച് പാര്‍ട്‌സുകള്‍ വില്‍പ്പന നടത്തുന്ന കടയിലാണ്. പിന്നീട് അവിടെ നിന്ന് ഗള്‍ഫിലേക്ക്. പ്രവാസ ജീവിതത്തിനിടയില്‍ തന്റെ സര്‍ഗ്ഗവാസനകള്‍ക്ക് വര്‍ണ്ണച്ചിറകുകള്‍ വെച്ചു. കൂട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ധാരാളം വരച്ചു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രശസ്ത ചിത്രകാരനായ ശശി കണ്ടോത്തിന്റെ കീഴില്‍ ശിഷ്യപ്പെട്ടു. ചിത്രകല സ്വായത്തമാക്കി. സ്വന്തമായി വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകൂടി തുടങ്ങിയതോടെ, ജോലിയും ചിത്രരചനയും ഒന്നിച്ചുകൊണ്ടുപോയി. ഒഴിവുസമയങ്ങള്‍ പെയിന്റിംഗിനായി നീക്കി വെച്ചു. രാഗേഷിന്റെ കടമുറിയുടെ ഒഴിഞ്ഞ കോണുകളിലും ചുമരുകളിലും അക്രലിക്കിലും, വാട്ടര്‍കളറിലും വരച്ച നയനമനോഹര ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. കടയില്‍ എത്തുന്നവര്‍ രാഗേഷിന്റെ രചനകളെ പ്രശംസിക്കുകയും, പലരും വിലകൊടുത്ത് വാങ്ങിക്കൊണ്ടുപോവുകയും ചെയ്യുന്നു.
ഇതിനകം തന്റെ ചിത്രങ്ങളുടെ ഏകാംഗപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും, ഗ്രൂപ്പ് എക്‌സിബിഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗോവ, പയ്യന്നൂര്‍, കതിരൂര്‍, ധര്‍മ്മടം, തലശ്ശേരി എന്നിവിടങ്ങളിലെ ചിത്രകലാ ക്യാമ്പുകളില്‍ ഭാഗഭാക്കാവുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി തിരുവങ്ങാട് പെരിങ്കളം സ്വദേശിയാണ് രാഗേഷ്. ഭാര്യ രേഷ്മ, മക്കള്‍ വീണ, ഋതുദേവ്.