നീണ്ടകാലത്തെ കൃത്യമായ ആസൂത്രണത്തോടെ സംഘടിപ്പിക്കുന്ന മറ്റു പരിപാടികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുംഭമേള അതിന്റെ തനതായ പ്രത്യേകതകളുള്ള ഒരു വേറിട്ട പ്രതിഭാസമാണ്. ആസൂത്രിതമായ മറ്റു സംഗമങ്ങളില്‍ നിന്നു വ്യത്യസ്തമായി, കുംഭമേള പന്ത്രണ്ടുവര്‍ഷത്തിലൊരിയ്ക്കല്‍ പ്രകൃത്യാ എന്നപോലെ ഉരുത്തിരിഞ്ഞ് വികസിച്ചുവരുന്നതാണ്. സൂര്യചന്ദ്രന്മാരുടേയും വ്യാഴത്തിന്റേയും ജ്യോതിശ്ശാസ്ത്രപരമായ സ്ഥാനത്തിന്റെ ഒരു പ്രത്യേക വിന്യാസം പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിച്ചുവരുന്നതിനെ അടിസ്ഥാനമാക്കിയാണ് കുംഭമേള ആചരിക്കുന്നതിന്റെ കാലം നിശ്ചയിക്കുന്നത്. പുരാണപ്രഥിതമായ അമൃതമഥനത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഈ മഹാസംഗമം നാലുപുണ്യതീര്‍ത്ഥങ്ങളിലാണ് ക്രമത്തില്‍ ആവര്‍ത്തിക്കുന്നത്. ഗംഗാതീരത്തെ ഹരിദ്വാര്‍, ക്ഷിപ്രാ നദീതീരത്തെ ഉജ്ജയിനി, ഗോദാവരീതീരത്തെ നാസിക്, ഗംഗാ-യമുനാ-സരസ്വതീ നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജ് എന്നിവിടങ്ങളിലായി ഇത് മാറി മാറി വരുന്നു.
പ്രാഥമികമായി ഹിന്ദുസന്യാസിമാരുടേയും ലോകത്തെങ്ങുമുള്ള ആസ്തിക ഹിന്ദുക്കളുടേയും ഒത്തുചേരലായ ഈ സംഗമം ഭാരതീയ സ്വത്വവുമായി വൈവിദ്ധ്യപൂര്‍ണ്ണമായ രീതികളില്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു. ഇതിന് ചരിത്രപരവും സാംസ്‌കാരികവും സാമൂഹികവുമായ പ്രാധാന്യം മാത്രമല്ല, രാഷ്ട്രീയപ്രാധാന്യം പോലും ഉണ്ട്. കുംഭമേളയുടെ മതപരവും ആദ്ധ്യാത്മികവുമായ മാനങ്ങള്‍ പ്രശസ്തങ്ങളാണെങ്കിലും അതിന്റെ മറ്റു പല അര്‍ത്ഥങ്ങളും അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. 2025 ജനുവരി-ഫിബ്രവരി മാസങ്ങളില്‍ പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്നു എന്നതുകൊണ്ടു ഈ അര്‍ത്ഥതലങ്ങളിലേക്ക് ഒരു പര്യാലോചന ചെയ്യുന്നത്, സമുചിതമായിരിക്കും എന്നുതോന്നുന്നു. വിശേഷിച്ചും അതിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് വളരെയേറെ സംഗതമായിരിക്കക്കും.
കുംഭമേളയുടെ ചരിത്രം
കുംഭമേള എന്ന കാലാതിവര്‍ത്തിയായ സാംസ്‌കാരിക പ്രതിഭാസം ബിസിഇ 4-ാം നൂറ്റാണ്ടിനും ബിസിഇ ആറാം നൂറ്റാണ്ടിനുമിടക്കു മൗര്യ-ഗുപ്ത കാലഘട്ടങ്ങളില്‍ നടന്നിരുന്നതായി ചരിത്രപരാമര്‍ശങ്ങള്‍ ഉണ്ട്. പിന്നീട് മധ്യകാലഘട്ടത്തില്‍ ഇത് വളര്‍ന്ന് വികസിച്ച് മഹാസംഭവമായി. പ്രത്യേകിച്ചും ദക്ഷിണഭാരതത്തിലെ ചോള-വിജയനഗരരാജാക്കന്മാരുടെ പ്രോത്സാഹനവും പിന്തുണയും സംരക്ഷണവും ഇതിനെ മഹത്തരമാക്കി. ഇതിന്റെ ചരിത്രപരമായ പ്രത്യേകതകളെക്കുറിച്ച് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം, കൊളോണിയല്‍ കാലത്തോടെയാണ് കുംഭമേളകള്‍ പുതിയൊരു മാനം കൈവരിച്ചത്. ഇതിന്റെ വൈപുല്യവും വൈവിദ്ധ്യവും ശ്രദ്ധിച്ച ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ വിശദമായ വിവരണങ്ങള്‍ ഈ മഹാസംഗമത്തിന്റെ വികാസഘട്ടങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചതരുന്നു. ബ്രിട്ടന്റെ കോളണിഭരണാധികാരിയായിരുന്ന ജെയിംസ് പ്രിന്‍സെപ് 19-ാം നൂറ്റാണ്ടിലെ കുംഭമേളയുടെ ചടങ്ങുകളെപ്പറ്റിയും അതിന്റെ രാഷ്ട്രീയ-സാമൂഹ്യ ഗതിവിധികളെക്കുറിച്ചും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുംഭമേളയും സ്വാതന്ത്ര്യസമരവും
കുംഭമേളയുടെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ‘പ്രയാഗ്‌വാല്‍’ സമൂഹം 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതിലും പ്രക്ഷോഭങ്ങള്‍ നയിക്കുന്നതിലും വലിയ പങ്കു വഹിച്ചതായി കൊളോണിയല്‍ രേഖകള്‍ കാണിക്കുന്നു. ”അജ്ഞാനമതക്കാര്‍” എന്ന നിലയില്‍ തീര്‍ത്ഥാടകരെ അവഹേളിച്ച് അവരെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ പാതിരിസംഘങ്ങളെ കൊളോണിയല്‍ ഭരണാധികാരികള്‍ പ്രോത്സാഹിപ്പിച്ചതിനെ പ്രയാഗ്‌വാല്‍ സമൂഹം ശക്തിയുക്തം എതിര്‍ത്തു. മതപരിവര്‍ത്തനത്തെ എതിര്‍ത്ത് അവര്‍ രംഗത്തുവന്നു. സ്വാതന്ത്ര്യസമരകാലത്ത് ‘കേണല്‍ നീല്‍’ ന്റെ നേതൃത്വത്തിലുള്ള സൈന്യം പ്രയാഗ്‌വാല്‍ സമൂഹത്തെ നശിപ്പിക്കാന്‍, അവര്‍ താമസിച്ചിരുന്ന സ്ഥലം ലക്ഷ്യം വെച്ച് ഷെല്‍വര്‍ഷം നടത്തി. അതിക്രൂരമായ അലഹബാദ് അടിച്ചമര്‍ത്തല്‍ എന്നാണ് ചരിത്രകാരനായ മക്ലീന്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഝാന്‍സിയുടെ റാണി ലക്ഷ്മിബായി പ്രയാഗിലെ ഒരു കുടുംബത്തിന്റെ കൂടെ താമസിച്ചാണ് 1857ലെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നിര്‍വ്വഹിച്ചതെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. സമരത്തില്‍ ഒരു ക്രിസ്ത്യന്‍ കോട്‌വാലി പള്ളിയുടെ വലിയ വെങ്കലമണി തകര്‍ത്ത ഒരു പ്രയാഗ്‌രാജ്‌വാസിയെ പിന്നീട് തൂക്കിക്കൊന്നിരുന്നു. ഔദ്യോഗികരേഖകളില്‍ സ്വാതന്ത്ര്യസമരസേനാനികളായ പല പ്രയാഗ്‌രാജ്‌വാസികളുടെയും പേരുണ്ട്. സാമൂഹ്യപ്രതിരോധത്തിന്റെ പ്രതീകമായി മാറിയ മാഘമേളയും കുംഭമേളയും ബ്രിട്ടീഷ് അധികാരികളെ ഭയപ്പെടുത്തിയിരുന്നു.
പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ബ്രിട്ടീഷ് അധികാരികള്‍ പ്രയാഗ്‌രാജ്‌വാസികളെ ക്രൂരശിക്ഷകള്‍ക്ക് വിധേയമാക്കി. പലരേയും വധിച്ചു. തെളിവുകിട്ടാത്തതുകൊണ്ട് മാത്രം വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടവരെയൊക്കെ മറ്റു തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. ഗംഗാ-യമുനാ സംഗമസ്ഥാനത്തുള്ള കുംഭമേള നടക്കുന്ന വലിയ ഒരു ഭൂപ്രദേശം ബ്രിട്ടീഷ് ഗവണ്‍മെന്റ് കയ്യേറി അവിടെ പട്ടാളകേന്ദ്രമാക്കി. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷമുള്ള കുംഭമേളകളില്‍ പ്രയാഗ്‌രാജ്‌വാസികളും തീര്‍ത്ഥയാത്രികരും അവര്‍ നേരിട്ട വംശീയമായ അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമായി യുദ്ധപ്രതീകമായ പതാകകള്‍ വഹിച്ചുകൊണ്ടാണ് എത്തിയത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തീര്‍ത്ഥയാത്രികരെ അക്രമകാരികളെന്നു വിശേഷിപ്പിച്ചത് കുംഭമേളയിലൂടെ സമൂഹമുയര്‍ത്തിയ പ്രതിഷേധ ജ്വാലകളെ ഗവണ്‍മെന്റ് ഭയപ്പെട്ടതിന്റെ തെളിവായിരുന്നു. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ജീവചരിത്രങ്ങളില്‍, 1855ലെ ഹരിദ്വാര്‍ കുംഭമേളയോടനുബന്ധിച്ചു നടത്തിയ പല പരിപാടികളിലൂടെ ഉരുത്തിരിഞ്ഞുവന്ന സ്വാതന്ത്ര്യബോധവും സമരമനഃസ്ഥിതിയും 1857ലെ പ്രത്യക്ഷസമരത്തില്‍ എത്തിച്ചു എന്നതും അതില്‍ അദ്ദേഹം വഹിച്ച പങ്കും വ്യക്തമാക്കുന്നു. ”1857 കേ സ്വാതന്ത്ര്യസംഗ്രാം മേ സ്വാതന്ത്ര്യപ്രവര്‍ത്തക് മഹര്‍ഷി ദയാനന്ദ സരസ്വതി കാ ക്രിയാത്മക് യോഗ്ദാന്‍” എന്ന ഗ്രന്ഥത്തില്‍ (ഗ്രന്ഥകര്‍ത്താ: പിണ്ഡി ദാസ് ജ്ഞാനി) മഹര്‍ഷി സ്വാതന്ത്ര്യ സമരസേനാനികളെ കുംഭമേളാവേളയില്‍ കണ്ടു ചര്‍ച്ചചെയ്ത് സമരാസൂത്രണം നടത്തിയതായി വിശദമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹര്‍ഷിയെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനശില്പി എന്നു വിശേഷിപ്പിക്കുന്നത്.
പ്രധാനമെങ്കിലും അധികം അറിയപ്പെടാത്ത ഒരു കാര്യം കുംഭമേളയെ സംബന്ധിച്ചുള്ളത്, ഗാന്ധിജിയുടെ രാഷ്ട്രീയരംഗപ്രവേശവുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഗാന്ധിജി രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത് ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു. 1915ല്‍ ശാന്തിനികേതന്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു അത്. തന്റെ ആത്മകഥയില്‍ ഹരിദ്വാര്‍ കുംഭമേളിലെ അനുഭവങ്ങള്‍ വിവരിക്കാന്‍ ഗാന്ധിജി ഒരദ്ധ്യായം തന്നെ നീക്കിവച്ചു. ദക്ഷിണാഫ്രിക്കയിലെ തന്റെ പ്രവര്‍ത്തനം ഭാരതത്തിലെ ജനമനസ്സുകളിലുണ്ടാക്കിയ പ്രതിഫലനത്തെപ്പറ്റി അദ്ദേഹത്തിനു മനസ്സിലാക്കാന്‍ സാധിച്ചത് ഇവിടെ വച്ചായിരുന്നു. ”എന്റെ പ്രധാന പ്രവൃത്തി കൂടാരത്തിലിരുന്ന് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം കൊടുക്കുകയും അവരോടു മതപരവും മറ്റുമായ വിഷയങ്ങളില്‍ സംവദിക്കുകയും ആയിരുന്നു. ചില തീര്‍ത്ഥാടകര്‍ എന്നെ സ്‌നാനസമയത്ത് അനുഗമിച്ചു. ചിലര്‍ ഭക്ഷണസമയത്തുപോലും എന്റെ കൂടെക്കൂടി. ഹരിദ്വാറില്‍ വച്ചാണ് ദക്ഷിണാഫ്രിക്കയിലെ എന്റെ എളിയസേവനപ്രവര്‍ത്തനങ്ങള്‍ ഭാരതീയരിലുണ്ടാക്കിയ പ്രതിഫലനത്തെപ്പറ്റി മനസ്സിലായത്.” എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ആത്മകഥയില്‍ ഗാന്ധിജി എഴുതി.
ആശ്ചര്യകരമെന്നു പറയട്ടെ, ഗാന്ധിജിയുടെ ഹരിദ്വാര്‍ സന്ദര്‍ശനവും രാഷ്ട്രീയരംഗപ്രവേശവും ഉണ്ടായതിന്റെ കൂടെ അവിടെ മറ്റൊരു ചരിത്രസംഭവവും നടന്നു – ആള്‍ ഇന്ത്യാ ഹിന്ദു മഹാസഭയുടെ രൂപീകരണം. 1915ല്‍ ഹരിദ്വാര്‍ കുംഭമേളയോടനുബന്ധിച്ച് നടന്ന സര്‍വ്വദേശക് (All India) ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ സ്വാമി ശ്രദ്ധാനന്ദന്‍, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരോടൊപ്പം ഗാന്ധിജിയും പങ്കെടുത്തു.
അതുപോലെ ഓര്‍ക്കേണ്ട വസ്തുതയാണ് 1906ലെ പ്രയാഗ് കുംഭമേളയില്‍ പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. കുംഭമേളക്ക് ഹിന്ദുസമാജത്തിന്മേലുള്ള പ്രചോദനാത്മകമായ സ്വാധീനം മനസ്സിലാക്കി ഗാന്ധിജി 1918ലെ പ്രയാഗ് കുംഭമേളയില്‍ പങ്കെടുക്കുകയും അസംഖ്യം തീര്‍ത്ഥാടകരും സമാജനേതാക്കളുമായി ആശയവിനിമയം ചെയ്യുകയും ചെയ്തു. സംഗമസ്ഥാനത്തെ ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ കുംഭമേളയിലെ സാന്നിദ്ധ്യം (രാഷ്ട്രീയപ്രാധാന്യം കൊണ്ടുതന്നെ ആയിരിക്കണം) ബ്രിട്ടീഷ് ഇന്റലിജന്‍സ് രേഖകള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (Regional State Record Archives).
പിന്നീട് അയോദ്ധ്യാനഗരി സ്ഥിതിചെയ്യുന്ന ഫൈസാബാദില്‍ വച്ച് (1921, ഫെബ്രു.10) നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ ഗാന്ധിജി തന്റെ കുംഭമേളാ സന്ദര്‍ശനത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. താന്‍ മുമ്പേ അയോദ്ധ്യക്കുവരാന്‍ വിചാരിച്ചിരുന്നുവെങ്കിലും പ്രയാഗ് കുംഭത്തിനു പോകാന്‍ ആദ്യമേ നിശ്ചയിച്ചിരുന്നതുകൊണ്ട് അയോദ്ധ്യക്ക് വരാന്‍ അപ്പോള്‍ കഴിഞ്ഞില്ല എന്നായിരുന്നു ആ പരാമര്‍ശം. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ ദേശീയമാനം പരിഗണിച്ചാല്‍ ഈ കുംഭമേള പരാമര്‍ശം ആകസ്മികമായിരുന്നില്ല എന്നുവേണം കരുതാന്‍. ഹിന്ദുദേശീയ വാദികളുടേയും വിപ്ലവകാരികളുടേയും സംഗമസ്ഥാനം എന്ന നിലയ്ക്ക് 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്നതുവരെയും കുംഭമേള ഭാരതസ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രേരകശക്തിയായി തുടര്‍ന്നു. ഈ ഒരു വസ്തുത ബ്രിട്ടീഷുകാരും മനസ്സിലാക്കിയിരുന്നു എന്നത് Director of Central Intelligence, Feb.2, 1920നു അയച്ച ഒരു കത്തിലെ സൂചനയില്‍ നിന്നു മനസ്സിലാക്കാം. മേള സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്കിനെപ്പറ്റി അലഹബാദ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ഇത്തരം ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. അവയിലൊന്ന് കുംഭമേളയില്‍ (1918) തീരുമാനിച്ചു തയ്യാറാക്കിയ ഒരു പ്രമേയത്തെക്കുറിച്ചാണ്. അതില്‍ കോണ്‍ഗ്രസ് ലീഗ് സ്‌കീമില്‍ പെട്ട ഭരണ-രാഷ്ട്രീയ പരിഷ്‌കാരത്തെ പിന്തുണച്ചുകൊണ്ട് പരാമര്‍ശിക്കുന്നു. ഉദാഹരണത്തിന് ചിലതു താഴെ:
”എല്ലാ ഗ്രാമങ്ങളിലും അടിയന്തിരമായി പഞ്ചായത്തുകള്‍ സ്ഥാപിക്കണം. 500 ഉറുപ്പികയില്‍ കുറഞ്ഞ സിവില്‍ വ്യവഹാരങ്ങളും ക്രിമിനല്‍ കേസുകളും ഈ പഞ്ചായത്തുകള്‍ തീരുമാനിക്കട്ടെ. കൈമാറ്റം ചെയ്യാവുന്നതും ജന്മവുമായ അവകാശങ്ങള്‍ സ്ഥാപിച്ചുകൊടുക്കണം. വസ്തു – ആദായ-വാടക ഉയര്‍ത്തല്‍ ഇംപീരിയല്‍ കൗണ്‍സില്‍ തീരുമാനിക്കണം (ഭൂവുടമകളുടെ അധികാരം നിയന്ത്രിക്കുകയും വാടക കൊടുക്കാത്തതുകൊണ്ട് കുടിയാനെ ഒഴിപ്പിക്കാന്‍ ജന്മിക്കുള്ള അധികാരങ്ങള്‍ നിയന്ത്രിക്കണം (1918, ഫെബ്രു. 17). ഈ പ്രമേയം 300 അംഗങ്ങളും 2000 സന്ദര്‍ശകരും ഉള്‍പ്പെട്ട സമ്മേളനമാണ് ഇത് അംഗീകരിച്ചത് എന്നും രേഖകളില്‍ പറയുന്നു. കുംഭമേളയോടു ചേര്‍ന്നു നടന്ന ഈ മീറ്റിംഗില്‍ ധാരാളം കര്‍ഷകര്‍ പങ്കെടുത്തു എന്നും രേഖകള്‍ പറയുന്നു. രേഖകളില്‍നിന്ന് സൂചനകിട്ടുന്ന മറ്റൊരു കാര്യം ഈ മീറ്റിംഗില്‍ വച്ച് ഉത്തര്‍പ്രദേശ് കര്‍ഷകസമിതി (UP Peasants Association) രൂപീകരിച്ചതിനെപ്പറ്റിയാണ്. ഭൂവുടമയും കുടിയാനും തമ്മിലുള്ള അസ്വാരസ്യങ്ങളെപ്പറ്റി വ്യാകുലത പ്രകടിപ്പിക്കുന്ന മീറ്റിംഗ് ജന്മി-കുടിയാന്‍ ബന്ധത്തില്‍ വിശ്വാസ്യത കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന ആഹ്വാനവും നല്‍കി. ഈ അസോസിയേഷനുവേണ്ടി ധനസമാഹാരണത്തിനുള്ള അഭ്യര്‍ത്ഥന കല്‍ക്കത്തയില്‍ പോലും എത്തിയതായി ഇന്റലിജന്‍സ് രേഖകള്‍ പറയുന്നു.
ഇന്റലിജന്‍സ് രേഖകളിലൊന്നില്‍ പറയുന്നു ”മദന്‍മോഹന്‍ മാളവ്യയുടെ ഒരു അഭ്യര്‍ത്ഥനയില്‍ പറയുന്നതു പ്രകാരം ഈ അസോസിയേഷന് 450ല്‍ പരം ശാഖകളും 3500ല്‍ പരം അംഗങ്ങളും യുപി, ബീഹാര്‍, പഞ്ചാബ്, ഒറീസ്സ എന്നിവിടങ്ങളില്‍ ഉണ്ട്. 1919 മീറ്റിംഗുകള്‍ നടന്നു. സംഘാടകരുടെ ശക്തിയെപ്പറ്റി സൂചിപ്പിക്കാനാണ് ഇത് എടുത്തുകാണിച്ചത് എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു (സ്വാതന്ത്ര്യസമരത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണകാര്യങ്ങളും തീരുമാനിക്കാന്‍ കുംഭമേള എന്ന ഹൈന്ദവസംഗമം വേദിയായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു).
സ്വതന്ത്രഭാരതത്തില്‍
ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ ഏറ്റവും പവിത്രമായ സംഗമസ്ഥാനം എന്ന പ്രാധാന്യം കുംഭമേള സ്വാതന്ത്ര്യാനന്തരമായ കാലത്തും നിലനിര്‍ത്തി. 1964ലെ ഹരിദ്വാര്‍ കുംഭമേളയിലാണ് വിശ്വഹിന്ദുപരിഷത്ത് സ്ഥാപിതമായത്.
സ്വാതന്ത്ര്യാനന്തരം ജനാധിപത്യഭാരതത്തിലും കുംഭമേള പ്രധാനസ്ഥാനം വഹിച്ചു. ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥക്കെതിരെ കുംഭമേള ഉയര്‍ത്തിയ പ്രതികരണം ഇതില്‍ എടുത്തുപറയേണ്ടതാണ്. 1977ല്‍ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മുമ്പേ നടന്ന പ്രയാഗ് കുംഭമേളയുടെ പ്രതികരണം തിരഞ്ഞെടുപ്പിനെ കൃത്യമായി സ്വാധീനിച്ചു. അടിയന്തരാവസ്ഥയുടെ ദുര്‍ദിനങ്ങളവസാനിപ്പിക്കാന്‍ ആ കുംഭമേളയുടെ ആഹ്വാനം ഭാരതം ഏറ്റെടുത്തു.
ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിന് തിരഞ്ഞെടുപ്പില്‍ ഈ പിന്തുണ ഉറപ്പിച്ചത് 1977ലെ കുംഭമേളയിലെ സാധുസമാജത്തിന്റെ ആശീര്‍വാദം കൂടി ആയിരുന്നു. സാധുക്കളുടെ ധര്‍മ്മസന്‍സദ് (മതപാര്‍ലമെന്റ്) ഇന്ദിരയെ ഭാരതത്തിന്റെ ശത്രു എന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ജനതാപാര്‍ട്ടിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ അടിയുറച്ച പിന്തുണ കിട്ടി.
കുംഭമേളയെപ്പറ്റി വിശദമായ ഡോക്യുമെന്ററികള്‍ തയ്യാറാക്കിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി, 1989-ലെ കുംഭമേളയെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചു. ”ഇത്രയും ശാന്തമായ ഒരു ജനക്കൂട്ടത്തെ ഞാന്‍ കണ്ടിട്ടില്ല. യാതൊരു പരിഭ്രമവും ഇല്ല. വിശ്വാസം കൊടുക്കുന്ന സ്ഥൈര്യം മാത്രമാണെങ്ങും; കൃതകൃത്യതയുടെ, കൃതജ്ഞതയുടെ അവബോധവും അവരില്‍ കാണാം.”
കുംഭമേള ഭാരതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളെ നിര്‍വ്വചിച്ചുദ്‌ഘോഷിച്ചുകൊണ്ടേയിരിക്കുന്നു. മതാചാരങ്ങളുടെ വിളംബരമായ സമ്മേളനമെന്നതിലുപരി ഇതൊരു സാംസ്‌കാരികനാഗരികതയുടെ പ്രതിഭാസമാണ്; ഭാരതത്തിന്റെ ചരിത്രപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സഞ്ചലനപഥം വരച്ചുകാട്ടലാണ്. മറ്റൊരു മഹാകുംഭത്തിന് പ്രയാഗ്‌രാജ് സ്വാഗതമോതുമ്പോള്‍ തെളിയിക്കപ്പെടുന്നത് ഒരു സംസ്‌കൃതിയുടെ ജീവസ്സിന്റെ നൈരന്തര്യമാണ്, കാലാതിവര്‍ത്തിത്വമാണ്. അതോര്‍മ്മിപ്പിക്കുന്നത് രാഷ്ട്രചരിത്രഗതിയിലുള്ള സ്വാധീനവും ആധുനിക ഭാരതത്തെ രൂപപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജവുമാണ്.
(സണ്‍ഡേ ഗാര്‍ഡിയനില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)