ഹിന്ദുത്വം ബി.ജെ.പിക്കാര്‍ അങ്ങനെ കുത്തകയാക്കി വെക്കണ്ട. കോണ്‍ഗ്രസ് അത് ഏറ്റെടുക്കുകയാണ്. പുളിച്ചു നാറിയ മതേതരത്വം അട്ടത്തു വെച്ച് ചൂടുള്ള ഹിന്ദുത്വ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നു. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ബെലഗാവി സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക പരിപാടിയിലെ പ്രസംഗങ്ങള്‍ കേട്ടാല്‍ ഇതു വ്യക്തമാകും. രാഹുല്‍ ആയിരുന്നു പ്രസംഗിച്ചതെങ്കില്‍ അതു പ്രാന്തു പറച്ചിലാണ് എന്ന് തള്ളിക്കളയാം. പാര്‍ട്ടിയില്‍ അധികാരസ്ഥാനമുള്ള രണ്ടുപേര്‍ പറഞ്ഞാല്‍ തള്ളാന്‍ പറ്റില്ലല്ലോ. ആ രണ്ടു പേരില്‍ ഒരാള്‍ എ.ഐ.സി.സി. പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റയാള്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആണ്. ഗാന്ധിജിയാണ് യഥാര്‍ത്ഥ ഹിന്ദു. മോദിയും അമിത്ഷായും ഗാന്ധിജിയോട് ബഹുമാനം കാണിക്കുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ പൂജിക്കുന്നത് ഗോഡ്‌സെയെയാണ്. ഹിന്ദുത്വ ദേശീയത ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷുകാരോട് പൊരുതിയവരാണ് ഝാന്‍സിറാണിയും കിത്തൂര്‍ റാണി ചെന്നമ്മയും. ഇവര്‍ക്ക് തുല്യയായ ആള്‍ പ്രിയങ്കയാണ് എന്നും ഖാര്‍ഗെ പറഞ്ഞു. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യമാണ് ബെലഗാവി റാലിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതെല്ലാം കൂട്ടിവായിച്ചാല്‍ കിട്ടുന്ന ഉത്തരം കോണ്‍ഗ്രസ് ഹിന്ദുത്വ പാര്‍ട്ടിയാവാന്‍ പോകുന്നു എന്നു തന്നെയാണ്.
അവസാന ശ്വാസത്തില്‍ പോലും ഗാന്ധിജി ‘ഹേ രാം’ എന്നു ഉച്ചരിച്ചു എന്നതില്‍പരം എന്തു തെളിവാണ് അദ്ദേഹം ഹിന്ദുവാണ് എന്നുള്ളതിന് വേണ്ടത് എന്നാണ് സിദ്ധരാമയ്യ ചോദിക്കുന്നത്. ഗാന്ധിജിയുടെ ഹിന്ദുവില്‍ നിന്ന് പുതുരക്തം സ്വീകരിച്ച് റാണിലക്ഷ്മിഭായിയേയും കിത്തൂര്‍ ചെന്നമ്മയേയും പോലെ വാളുമെടുത്ത് പ്രിയങ്ക കുതിരപ്പുറമേറി യുദ്ധം നയിക്കാന്‍ വരുന്നതു കാണാന്‍ കൊതിച്ചിരിക്കയാണ് ഖാര്‍ഗെയും സിദ്ധനും. ഭരണകൂടത്തോട് യുദ്ധം ചെയ്യാനാണല്ലോ രാഹുല്‍ ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്സിന്റെ ആവേശം ഹിന്ദുത്വവും മുദ്രാവാക്യം വന്ദേമാതരവുമായിരുന്നു. അധികാരം കിട്ടിയപ്പോള്‍ അവര്‍ക്ക് അവ രണ്ടും വര്‍ഗ്ഗീയമായി. ഇപ്പോള്‍ ഗാന്ധിജിയിലെ ഹിന്ദുവിനെ തപ്പി ബെലഗാവിലെത്തിയിരിക്കയാണ് ആ പാര്‍ട്ടി. നോക്കണേ, അവരുടെ ഗതികേട്.