മകര സംക്രമസന്ധ്യക്ക് ശബരിമല മാത്രമല്ല നാടാകെ ഭക്തിയുടെ പ്രവാഹത്തില്‍ മുഴുകി നില്‍ക്കുകയായിരുന്നു. അപ്പോഴും സന്നിധാനത്തില്‍ അയ്യപ്പന്റെ തിരു നടയില്‍ ഒരാള്‍ ഇതൊന്നും തനിക്ക് ബാധകമല്ല എന്നു കാട്ടിക്കൂട്ടാനുള്ള വല്ലാത്തൊരു ഭാവപ്രകടനത്തിലായിരുന്നു. മുഖത്ത് നവരസങ്ങള്‍ വിരിയിക്കുന്ന മഹാത്മാക്കളായ നടന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരൊന്നും അഭിനയിച്ച് ഫലിപ്പിക്കാത്ത രസഭാവം മുഖത്തു പ്രകടിപ്പിക്കാന്‍ കഷ്ടപ്പെടുകയിരുന്നു പാവം ഈ സഖാവ്. ചുറ്റും ശരണമന്ത്രഘോഷം മുഴങ്ങുമ്പോള്‍ സ്വാമിയേ ശരണമയ്യപ്പ എന്ന വിളി ഉള്ളില്‍ നിന്നും തേട്ടിവരുന്നു. ശ്രീകോവിലിലേക്ക് ഇടക്കിടെ നോക്കാന്‍ കണ്ണു വെമ്പുന്നു. അതിനെ തടുക്കാനാവാതെ ഏന്തിനോക്കിപ്പോവുന്നു.. അപ്പോള്‍ കൈ രണ്ടും കൂപ്പി നില്‍ക്കാന്‍ ത്രസിക്കുന്നു. വളരെ പണിപ്പെട്ട് അതിനെ തടഞ്ഞു നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മനസ്സില്‍ ധ്യാനിക്കുന്നു. മകരജ്യോതി തെളിയുമ്പോഴും പൊന്നമ്പലമേട്ടില്‍ മകരവിളക്ക് കാണുമ്പോഴും രോമാഞ്ചമുണ്ടാകുന്നു. അത് സന്നിധാനത്തെ സന്ധ്യാവേളയിലെ തണുപ്പു കൊണ്ടു ഉണ്ടാകുന്നതാണ് എന്ന് യുക്തിവാദ കാഴ്ചപ്പാടില്‍ ന്യായം കാണാന്‍ ശ്രമിക്കുന്നു. എന്തൊക്കെയാണ് തന്റെ ഭാവവും പ്രകടനവും എന്ന് ഒപ്പിയെടുക്കാന്‍ ചാനലുകാര്‍ മത്സരിക്കുന്നതു കാണുമ്പോള്‍ ഉള്ളില്‍ ഉറയുന്ന ഭക്തി ആവിയാകുന്നു. സഖാക്കള്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ല എന്ന് സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും ”അയ്യപ്പാ ദര്‍ശനം തന്നതിന് നന്ദി” എന്ന് മനസ്സ് പറയുന്നു. നോക്കണേ ദേവസ്വം മന്ത്രിക്കസേരയിലിരിക്കുന്ന സഖാവിന്റെ മുമ്പിലെ അഗ്‌നിപരീക്ഷണങ്ങള്‍!
സഖാവ് മുസ്ലിമാണെങ്കില്‍ പള്ളിയില്‍ പോകാം; നിസ്‌കരിക്കാം നോമ്പുപിടിക്കാം; ഹജിനും പോകാം അതൊക്കെ പാര്‍ട്ടിയില്‍ അനുവദനീയമാണ്. ക്രിസ്ത്യാനിയാണെങ്കില്‍ പള്ളിയില്‍ പോകാം; ഇടവക കാര്യങ്ങളില്‍ സജീവമാകാം. എന്നാല്‍ ഹിന്ദുവായാല്‍ സഖാവിന് അമ്പലത്തില്‍ പോയാല്‍ പോലും തൊഴാന്‍ പാര്‍ട്ടിയുടെ തിട്ടൂരം കിട്ടണം. ഇത് ലംഘിച്ച് ഗുരുവായൂരില്‍ തൊഴുതതിന് മുന്‍ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയതാണ്. അതുകൊണ്ട് വാസവന്‍ സഖാവ് ശബരിമല തിരുനടയില്‍ നിന്നുകൊണ്ട് തന്റെ നാസ്തിക പ്രത്യയശാസ്ത്ര പ്രതിബദ്ധത കാണിക്കാന്‍ നവരസങ്ങളിലൊന്നും പെടാത്ത പുതിയ രസം മുഖത്ത് പ്രകടിപ്പിക്കുകയായിരുന്നു. സാധാരണ മനുഷ്യനെ സ്വാധീനിക്കുന്ന ഒരു വികാരത്തിന്റെയും ഭാവം മുഖത്ത് കാണിക്കാതെ ഗര്‍വ്വ് മാത്രം സ്ഥായിയായി നിര്‍ത്തുന്ന വിജയന്‍ സഖാവിന്റെ കളരിയില്‍ കച്ചകെട്ടിയിറങ്ങിയ വാസവന് ഈ പുതിയ രസ പ്രകടനത്തിന് ഏ.കെ.ജി. സെന്ററിലെ ട്യൂട്ടര്‍മാര്‍ എത്ര മാര്‍ക്ക് നല്കി എന്ന വിവരം പുറത്തുവരാനിരിക്കുന്നതേയുള്ളു